Tuesday, September 24, 2019

[25/09, 06:18] Reghu SANATHANA: വിവേകചൂഡാമണി - 33

   ഈ വീക്ഷണകോണിലൂടെ, തെളിഞ്ഞ ദൃഷ്ടികൊണ്ട്, ജീവിതത്തെ ശരിയായി വീക്ഷിക്കുന്നവൻ, കാലക്രമത്തിൽ, 'യോഗാരൂഢത്വം'* നേടുന്നു. ആഗ്രഹങ്ങളുടെ പ്രേരണയില്ലെങ്കിൽ, സങ്കല്പങ്ങൾ ഓളം വെട്ടുകയില്ല. ചിന്തകൾ ഉദിക്കാത്തിടത്ത് കർമ്മങ്ങൾ നിലയ്ക്കും. സ്വാദ്ധ്യായം, സത്സംഗം, വിവേകവിചാരം എന്നീ ഉപായങ്ങളിലൂടെ, സ്വസ്ഥചിത്തനായി ജീവിതത്തേയും, അനുഭവങ്ങളെയും നേരാംവണ്ണം നിരീക്ഷിക്കാൻ സമർത്ഥനായി ഭവിക്കുമ്പോൾ (സമ്യക് ദർശന നിഷ്ഠയാ) അയാൾ സ്വാഭാവികമായും, യോഗാരൂഢത്വം പ്രാപിക്കുന്നു.

   പല പ്രകാരത്തിലും അനാശാസ്യ പ്രവണതകളുമായുള്ള ചേർച്ചയാൽ, 'യോഗം' എന്ന് കേൾക്കുമ്പോൾ അതിന്റെ ശരിയായ അർത്ഥം സാധാരണക്കാരന്ന് ഗ്രഹിക്കാൻ കഴിഞ്ഞെന്നുവരില്ല. സ്വന്തം വൈകല്യങ്ങളെയും, ദൗർബല്യങ്ങളെയും കുറിച്ച് ബോദ്ധ്യം വരുമ്പോൾ, ബുദ്ധി കാട്ടിക്കൊടുത്ത, കൂടുതൽ ഉത്കൃഷ്ടവും, വിശിഷ്ടവും, മഹത്ത്വപൂർണ്ണവുമായ ആദർശത്തിൽ മനസ്സിനെ ഇണക്കി യോജിപ്പിച്ചു നിർത്തിക്കൊണ്ടുള്ള അവസ്ഥ --സാമ്യാവസ്ഥ-- എന്നാണ് 'യോഗ'ത്തിന്റെ ശരിയായ അർത്ഥം. നികൃഷ്ടവും, നിന്ദ്യവും, നീചവും, ഹീനവുമായ മൂല്യങ്ങളിൽ ആമഗ്നമായിരിക്കുന്ന മനസ്സിനെ, ആ അവസ്ഥയിൽ നിന്നും ഉയർത്തി, ഉത്കൃഷ്ടവും, ശോഭനവും, പാവനവും, ദിവ്യവുമായ സ്ഥിതിയിലേക്ക് നയിക്കുന്ന ജീവിതമൂല്യങ്ങളെ അനുഷ്ഠിക്കാനുള്ള ഏതു ശ്രമവും 'യോഗ'മാണ്. പരമമായ ആദർശത്തെ --  ലക്ഷ്യത്തെ -- കൈവരിക്കുന്നതിന്നുവേണ്ടി, സ്വന്തം ദൗർബ്ബല്യങ്ങളേയും, വൈകല്യങ്ങളേയും തരണം ചെയ്യാനുള്ള ആത്മാർത്ഥ ശ്രമം ശീലമാക്കിത്തീർക്കുക എന്നതാണ് 'യോഗാരൂഢത്വം' നേടുക --- യോഗാവസ്ഥയിൽ സുസ്ഥിതനാവുക --- എന്നതിന്നർത്ഥം.

  * [യോഗാരൂഢനിലയെക്കുറിച്ച് ഗീത vi; 4 വിവരിക്കുന്നുണ്ട് :--- "എപ്പോൾ ഒരാൾ ഇന്ദ്രിയവിഷയങ്ങളിലും, കർമ്മങ്ങളിലും, ആസക്തനായിത്തീരുന്നില്ലയോ, എപ്പോൾ, സകല സങ്കല്പങ്ങളും ത്യജിക്കുന്നുവോ, അപ്പോൾ, അയാളെ യോഗാരൂഢനെന്നു പറയുന്നു."

    യദാ ഹി നേന്ദ്രിയാർത്ഥേഷു
    ന കർമ്മസ്വനുഷജ്ജതേ
    സർവ്വസങ്കല്പസന്യാസീ
    യോഗാരൂഢസ്തദോച്യതെ
                                      (ഗീത vi;4)

   ശബ്ദാദി വിഷയങ്ങളിൽ വ്യാപിക്കാതേയും, വിഷയാഭിലാഷങ്ങളിൽ ആസക്തനാകാതേയും സാമ്യാവസ്ഥയിൽ (യോഗാവസ്ഥയിൽ) മനസ്സ് ഉറപ്പിച്ചിരിക്കുന്നവനെയാണ്   യോഗാരൂഢൻ എന്ന് ഈ ശ്ലോകത്തിൽ  ഭഗവാൻ വിശേഷിപ്പിക്കുന്നത്.]

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[25/09, 06:19] Reghu SANATHANA: അപരോക്ഷാനുഭൂതി - 93

   തത്വജ്ഞാനോദയാദൂർധ്വം
   പ്രാരബ്ധംനൈവവിദ്യതേ
   ദേഹാദീനാമസത്യത്വാ-
   ദ്യഥാ സ്വപ്നഃ പ്രബോധതഃ  (91)

   തത്ത്വജ്ഞാനം ലഭിച്ചു കഴിഞ്ഞാൽ പിന്നെ പ്രാരബ്ധം ഉണ്ടായിരിക്കുന്നില്ല തന്നെ. ദേഹം തുടങ്ങിയ ജഡദൃശ്യങ്ങളെല്ലാം അസത്യമാണെന്നു തെളിയുന്നതു കൊണ്ട്. എപ്രകാരമാണോ ഉണർന്നവനു സ്വപ്നം ഇല്ലാതാകുന്നത് അതുപോലെ.

പ്രാരബ്ധംനൈവവിദ്യതേ

    പിന്നെ പ്രാരബ്ധം ഇല്ലതന്നെ. എപ്പോൾ? തത്ത്വജ്ഞാനം ലഭിച്ചു കഴിഞ്ഞാൽ പിന്നെ. എന്തുകൊണ്ട്? ദേഹം തുടങ്ങിയ എല്ലാ ജഡദൃശ്യങ്ങളും ഇല്ലാത്തവയാണെന്നു തെളിയുന്നതുകൊണ്ട്. ഏതുപോലെ. ഉണർന്നവനു സ്വപ്നം ഇല്ലാത്തതാണെന്നു തെളിയുന്നതു പോലെ. ഇല്ലെങ്കിലും ഉള്ളപോലെ തോന്നുന്നുണ്ടല്ലോ. അതു സാരമില്ല. സ്വപ്നത്തിൽ നിന്നുണർവനും സ്വപ്നത്തിൽ കണ്ട കടുവയെയും മറ്റും ഓർമ്മ വരുന്നുണ്ടല്ലോ. പക്ഷേ ഇല്ലാത്തതാണെന്നു വ്യക്തമായി അറിയാമെന്നുള്ളതുകൊണ്ട് ആ കടുവ ഭയകാരണമായി ഭവിക്കുന്നില്ല. കയറിൽ കണ്ട പാമ്പ് അടുത്തു ചെന്നു നോക്കി ഇല്ലാത്തതാണെന്ന് ബോദ്ധ്യപ്പെട്ടു. എങ്കിലും അല്പം അകന്നു നിന്നു നോക്കുമ്പോൾ ഉള്ളതുപോലെ തോന്നുന്നു. പക്ഷേ ഇല്ലെന്നു പൂർണമായും തെളിഞ്ഞ ആ പാമ്പ് ഉണ്ടെന്നു തോന്നിയാലും അല്പംപോലും ഭയകാരണമായി ഭവിക്കുന്നില്ല. അതുപോലെ ജ്ഞാനം ഉണ്ടായ ശേഷവും ദേഹവും മറ്റും ഉള്ളതായി തോന്നുന്നുണ്ടെങ്കിൽ തോന്നിക്കോട്ടെ. പൂർണ്ണമായും ഇല്ലെന്നു തെളിഞ്ഞ അവ ജ്ഞാനിക്കു ലേശംപോലും ബന്ധകാരണമായി ഭവിക്കുന്നില്ല.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.

No comments: