Sunday, September 29, 2019

നവരാത്രിയിലൂടെ..

ഒന്നാം ദിനം : ശൈലപുത്രി

അമ്മേ നാരായണ...ശൈലപുത്രി ദേവി

നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ഒന്നാമത്തെ ഭാവമാണ് ശൈലപുത്രി. നവരാത്രിയില്‍ ആദ്യ ദിവസമായ പ്രഥമയ്ക്കു ദുര്‍ഗ്ഗാ ദേവിയെ ശൈലപുത്രി ഭാവത്തില്‍ ആരാധിക്കുന്നു.
ഹിമവാന്‍റെ മകളാണ് ശൈലപുത്രി (ശൈലം=പർവ്വതം, ഹിമാലയം). സതി ഭവാനി, പാർവതി മാതാ, ഹൈമവതി മാതാ (ഹിമവാന്‍റെ പുത്രി → ഹൈമവതി ) എന്നീ നാമങ്ങളിലും ശൈലപുത്രീ ദേവി അറിയപ്പെടുന്നു. ധക്ഷ്പ്രജാപതിയുടെ മകളായാണ് ദേവി ആദ്യം അവതരിച്ചത്. സതി (സാത്വികഭാവം ഉണർത്തുന്നവൾ എന്നർത്ഥം) എന്നായിരുന്നു ദേവിയുടെ നാമം.
ദക്ഷയഗഭൂമിയിൽ വെച്ച് ശിവനിന്ദ ശ്രവിക്കാൻ ഇടവന്ന സതി അഗ്നിയിൽ ആത്മത്യാഗം ചെയ്തു. പർവതരാജനായ ഹിമവാന്‍റെ മകളായാണ് ദേവി പിന്നീടവതരിച്ചത്. പർവതരാജന്‍റെ (ഹിമാലയം) മകളായതിനാൽ പാർവതി എന്നും ഹിമവാന്‍റെ (ഹിമാലയം) മകളായതിനാൽ ഹേമവതി എന്നും ദേവിക്ക് നാമങ്ങളുണ്ട്.
നവരാത്രിയിലെ ആദ്യ ദിവസം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി. കാളയാണ് ദേവിയുടെ വാഹനം. ഒരുകയ്യിൽ ശൂലവും മറുകയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു.
ബാലസ്വരൂപണീഭാവത്തില്‍, ശൈലപുത്രിയായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്‍റെ അര്‍ദ്ധാംഗിനിയാണ്.

"വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാര്‍ധകൃതശേഖരാം
വൃഷാരൂഢാം ശൂലധരാം ശൈലപുത്രീ യശസ്വിനീം"
ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും.
"വാഞ്ഛിതാര്‍ത്ഥപ്രദേ ദേവീ
ശൈലപുത്രീ നമോസ്തുതേ"

നവരാത്രി ഇന്ന് മുതൽ ( ഒമ്പതു ദിവസങ്ങളിലും ) ഓരോ നാമങ്ങൾ ചൊല്ലുവാനുള്ളത് ദിവസാടിസ്ഥാനത്തിൽ താഴെ ചേര്ക്കുന്നു.
ഒന്നാമത്തെ ദിവസം -ഓം ഹ്രീം നമഃ
രണ്ടാം ദിവസം -ഓം വേദാത്മികായൈ നമഃ
മൂന്നാം ദിവസം -ഓം ത്രിശക്തൈയ് നമഃ
നാലാം ദിവസം -ഓം സ്വസ്ഥായൈ നമഃ
അഞ്ചം ദിവസം -ഓം ഭുവനേശ്വര്യയ് നമഃ
ആറാം ദിവസം -ഓം മഹായോഗിനിയൈ നമഃ
ഏഴാം ദിവസം -ഓം സമപ്രിയായൈ നമഃ
എട്ടാം ദിവസം -ഓം ത്രികോണസ്ഥായൈ നമഃ
ഒമ്പതാം ദിവസം -ഓം ത്രിപുരാത്മികായൈ നമഃ..
ഈ നാമങ്ങൾ ഓരോ ദിവസം ഓരോന്ന് 108 വീതം ചൊല്ലുക.. ഈ വ്രത നിഷ്ഠയിലൂടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും തീർന്ന് ഐശ്വര്യാഭിവൃദ്ധികൾ വന്നു ഭവിക്കും.. സർവോപരി ദേവീ കടാക്ഷം ഉണ്ടാവും...
സർവേശ്വരി ഏവരെയും അനുഗ്രഹിക്കട്ടെ...

No comments: