Tuesday, September 24, 2019

*വിദ്യാരംഭം*
🙏🌹🌺🌸💐🌹🙏
വിദ്യയുടെ അധിപതിയായ ദേവിക്ക് വിദ്യാരംഭം കുറിക്കുന്നതു പ്രധാനമാണ്.  സെപ്റ്റംബർ 29നാണു  വ്രതം തുടങ്ങേണ്ടത്. അന്നു മുതലുള്ള  രാത്രികൾ നവരാത്രികളായി  ആചരിക്കണം.ഒക്ടോബർ 8 നാണു വിജയദശമി. അതുവരെ വ്രതമെടുക്കണം. 6,  7, 8അഷ്ടമി, നവമി, വിജയദശമി ദിവസങ്ങളിലെങ്കിലും വ്രതമെടുക്കണം. മത്സ്യമാംസാദിഭക്ഷണം ത്യജിക്കുക. രാവിലെയു ഉച്ചയ്ക്കും വൈകുന്നേരവും ദേവീപ്രാർഥന നടത്തിയും നെയ് വിളക്കു കത്തിച്ചും പ്രാർഥിക്കണം. വടക്കേ ഇന്ത്യയിലുള്ളവർ ഈ ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുമ്പോൾ പഴങ്ങൾ മാത്രമാണു കഴിക്കുന്നത്. അത്യാവശ്യമാണെങ്കിൽ ഒരിക്കൽ ആകുകയു ചെയ്യാം. ലഹരി ഉപയോഗം പാടില്ല. ബ്രഹ്മചര്യം നിർബന്ധമാണ്. മനസ്സു കൊണ്ടും വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും ശുദ്ധരായിരിക്കണം.

∙ നവരാത്രിയും പൂജവയ്പും

മഹാലക്ഷ്മി ഐശ്വര്യവും സമൃദ്ധിയും സൗന്ദര്യവും നൽകുന്നു. മനുഷ്യന്റെ വൃക്തിത്വ വികസനത്തിന്റെ കാര്യത്തിൽ വിദ്യയും വിനയവും ഏറ്റവും വലിയ ഘടകമാണ്. വിദ്യയുടെ അധിപതിയായ ദേവിക്കു വിദ്യാരംഭം കുറിക്കുന്നതിനു നവരാത്രി പ്രാധാന്യത്തോടെ എടുത്തിരിക്കുന്നു. നമ്മുടെ അമൃതസ്വരൂപികളായ തിന്മകളെ നശിപ്പിച്ച് നന്മ പ്രദാനം ചെയ്യുന്ന ദിവസമാണു വിജയദശമി. ഈ ദിവസം ഭക്തിയും വിദ്യയും ശക്തമാക്കിത്തരുന്നു.  ഈ സദ്ഗുണങ്ങൾ ഇല്ലായിരുന്നെങ്കിൽ ശത്രുസംഹാര ശേഷിയും ധനസമൃദ്ധിയുമുണ്ടാക്കാൻ പ്രയാസമായിരുന്നു. മാത്രവുമല്ല ഇപ്പോൾ വർഷത്തിൽ മുഴുവൻ ദിവസവും എഴുത്തിനിരുത്തുന്ന സ്ഥലങ്ങളുമുണ്ട്. നവരാത്രി ദിവസങ്ങളിൽ‌ അഷ്ടമി, നവമി, ദശമിക്കാണു കൂടുതൽ‌ പ്രാധാന്യം. അഷ്ടമി തിഥി സന്ധ്യാവേളയിൽ ഉള്ള സമയത്താണു പൂജവയ്ക്കേണ്ടത്. ഈ വർഷം ഒക്ടോബർ ഒൻപതിനാണു പുസ്തകങ്ങളും ഗ്രന്ഥങ്ങളും പൂജയ്ക്കു വയ്ക്കേണ്ടത്. നിത്യകർ‌മാനുഷ്ഠാനങ്ങൾക്കു ശേഷം സന്ധ്യാസമയത്ത് പ്രത്യേക സ്ഥാനത്തു പൂജ നടത്തി ഗ്രന്ഥങ്ങൾ വയ്ക്കണം. നവമിനാളിൽ പണി ആയുധങ്ങളും ദേവിക്കു സമർപ്പിച്ചു പ്രാർഥിക്കണം. ദശമി ദിവസം രാവിലെ വിദ്യാദേവതയായ സരസ്വതിയെയും വിഘ്നേശ്വരനായ ഗണപതിയെയും ദക്ഷിണാമൂർത്തിയെയും നവഗ്രഹങ്ങളെയും ശ്രീകൃഷ്ണനെയും പൂജിക്കണം. കാരണം ബുദ്ധിയുടെ അധിപനായ ബുധനും ഗുരുവും കൃഷ്ണനാണ്.

∙ നവരാത്രിക്കല്ലാതെ ആദ്യാക്ഷരം കുറിക്കാമോ?

ശുഭമുഹൂർത്തം കുറിച്ച് ഏതു ദിവസമായാലും എഴുത്തിനിരുത്താം. വിജയദശമി നല്ലതാണെന്നു മാത്രം. ഭൂരിഭാഗം ആൾക്കാരും കുട്ടികളെ എഴുത്തിനിരുത്തുന്നത് ഈ ദിവസമാണ്. മൂന്നു വയസ്സായാലേ എഴുത്തിനിരുത്താവൂ. കന്നിമാസത്തിലോ തുലാത്തിലോ ആണു സാധാരണ വിജയദശമി വരുന്നത്. പിന്നെ ചന്ദ്രൻ ശനിക്ഷേത്രത്തിൽ തിരുവോണം നക്ഷത്രത്തിലാണു വരുന്നത്. ഒരു ജാതകം പരിശോധിക്കുമ്പോൾ  ആദിത്യനും വ്യാഴനും ചന്ദ്രനും ബുധനും നല്ല സ്ഥാനത്താണെങ്കിലേ നല്ല  വിദ്യാഭ്യാസമുണ്ടാകൂ. അതുപോലെ വിദ്യാരംഭ മുഹൂർത്തത്തിലും ഗ്രഹങ്ങൾ നല്ല സ്ഥാനത്തായിരിക്കണം. അതിനാൽ മേടത്തിൽ ആദിത്യൻ ഉച്ചനായി വരുന്ന സമയം നല്ലതാണ്.

മുഹൂർത്തമനുസരിച്ച് അപ്പോഴും വിദ്യാരംഭം കുറിക്കാം. ഒരു ജാതകത്തിന്റെ 4, 11, 12 ഭാവങ്ങളെക്കൊണ്ടു വിദ്യാഭ്യാസ പുരോഗതിയും വസ്തുഗ്രഹലാഭവും ചിന്തിക്കണം. 4, 9, 11 വിദ്യാഭ്യാസവും താമസസ്ഥലമാറ്റവും ചിന്തിക്കാം. 3, 8, 5 ഭാവങ്ങളെക്കൊണ്ടു വിദ്യാഭ്യാസം മതിയാക്കുന്നതും ചിന്തിക്കേണ്ടതാണ്.

∙ആരാണ് ആദ്യാക്ഷരം കുറിപ്പിക്കേണ്ടത്

മുത്തച്ഛൻ, മുത്തശ്ശി, മാതാപിതാക്കൾ, ബന്ധുക്കൾ, ആത്മീയാചാര്യന്മാർ, മാതൃകാപരമായും സദാചാരപരമായും ധാർമികമായും യോഗ്യരായവരെക്കൊണ്ട് എഴുത്തിനിരുത്തിക്കുന്നത് ഐശ്വര്യപ്രദമാണ്. സന്യാസിശ്രേഷ്ഠന്മാർക്കും ചെയ്യാം. കുട്ടിയുടെ നക്ഷത്രവുമായി എഴുത്തിനിരിക്കുന്ന ആചാര്യൻ നല്ലതാണോ എന്നു ശ്രദ്ധിക്കണം. കൈരാശി ഉള്ളവരെക്കൊണ്ടു മാത്രമേ തുടങ്ങിക്കാവൂ.

ജീവിതത്തിന് അടിത്തറ പാകുന്നതിനു വിദ്യാരംഭം പ്രധാന പങ്കാണു വഹിക്കുന്നത്. അതിനാൽ ഉത്തമവ്യക്തികളെക്കൊണ്ടു മാത്രമേ തുടങ്ങിക്കാവൂ.  ഒരാളുടെ അരിയിൽ മറ്റൊരാൾ എഴുതാൻ പാടില്ല. എഴുതിയ അരി ആ കുട്ടിയുടെ രക്ഷിതാക്കൾക്കു തന്നെ കൊടുത്ത് കുട്ടിക്കു  പാകം ചെയ്തു കൊടുക്കേണ്ടതാണ്. നാവിൽ സ്വർണം കൊണ്ട് എഴുതണം. ചെവിയിലൂടെ മന്ത്രം ചൊല്ലിക്കൊടുക്കണം.              🙏🌹🌺🌸💐🌹🙏

No comments: