Thursday, September 26, 2019


ശ്രീമഹാഭാഗവതകഥകൾ: രാസക്രീഡ; 
                          കഥ തുടരുന്നു......
^^^^^^^^^^^^^^^^^^^^!!!!!^^^^^^^^^^^^^^^^^^^^^
    
       ഗോപസ്ത്രീകൾ പലവിധക്കാരായിരുന്നു. രാധ മുതലായവർ ഭഗവാൻ അവതരിക്കുന്നതിന് വളരെക്കാലം മുമ്പുതന്നെ ജനിച്ചവരാണ്. ചിലർ ഭഗവാനെ സേവിച്ചു മുക്തിയടയുവാൻ വേണ്ടി ജന്മമെടുത്തവരാണ്. ചിലർ ഭഗവാൻറെ കളകോമളചിന്മയരൂപം കണ്ട് ആനന്ദിച്ച് സായൂജ്യമടയുവാൻ വേണ്ടി ജനിച്ചവരാണ്. ശ്രീരാമാവതാരകാലത്ത് ദണ്ഡകാരണ്യത്തിലെ മുനികൾ രാമഭദ്രൻറെ ദിവ്യസൗന്ദര്യാതിരേകം കണ്ട് വിഭ്രമിച്ച് ആ തിരുമെയ്യാകെയൊന്ന് സ്പർശിച്ചാനന്ദമടയുവാൻ വേണ്ടി, സ്ത്രീരൂപത്തിൽ പിറന്നവരാണ് ചില ഗോപികമാർ. കൃഷ്ണൻറെ വേണുഗാന ശ്രവണത്തിലും സാമീപ്യത്തിലും അവർക്കുണ്ടായ അവാച്യമായ ആനന്ദാനുഭൂതിക്ക് കാരണമതായിരുന്നു. ഏഴുവയസ്സു പ്രായമുള്ള കൃഷ്നുമായി രതിസുഖം അവർ ആരും ആഗ്രഹിച്ചില്ല. പക്ഷേ, പ്രേമഭക്തിയാലുള്ള രതിസുഖം അവർ ആഗ്രഹിക്കുകയും ചെയ്തിരുന്നു. അവർ അതിൽ മോഹവിവശരായും ഭവിച്ചിരുന്നു. ഭഗവാന്റെ പ്രായമോ തരമോ ഗണിക്കാതെ അദ്ദേഹവുമായി രമിക്കാനാഗ്രഹിച്ചതും അതുകൊണ്ടുതന്നെയാണ്. 

       ആയതിനാൽ ഏതു രൂപത്തിൽ തൻറെ ഭക്തകളെ ആനന്ദിപ്പിക്കണമോ ആവിധത്തിൽ രൂപമണിഞ്ഞാണ്അദ്ദേഹം അവരെ രസിപ്പിച്ചത്. എന്നാൽ ആസമയം സാക്ഷാൽ യോഗീശ്വരനായ കൃഷ്ണൻ അതിൽ നിന്നെല്ലാം നിവൃത്തനും നിസ്സംഗനുമായി മാറിനിന്നിരുന്നു. ഭഗവാന്റെ ആ അത്ഭുത മായാലീലകൾ കണ്ടു ദേവമാമുനികൾ പുഷ്പവർഷം പൊഴിച്ചു. 

      കൃഷ്ണൻ തന്നോടുകൂടി മാത്രമാണ് രമിക്കുന്നത് എന്നുളള ചിന്തമൂലം ഓരോ ഗോപിക്കും ഗർവ്വമുണ്ടായപ്പോൾ, അഹങ്കാരവൈരിയായ ആ മായാമയൻ പെട്ടെന്ന് അവരുടെ സന്നിധിയിൽ നിന്നും തിരോധാനം ചെയ്തു. ഗോപികൾ തങ്ങളുടെ മനോരമണൻറെ വേർപാടിൽ ദുഃഖിതരായി കാളിന്ദീപുളിനത്തിലും സമീപ വനസങ്കേതങ്ങളിലും വിരണ്ടുനടന്നന്വേഷിക്കാൻ തുടങ്ങി. മനസ്സിൻറെ വിഭ്രാന്തികളാൽ,അചേതനങ്ങളായ വൃക്ഷങ്ങളോടും, വല്ലികളോടുംകൂടി, അളിവർണ്ണനെക്കണ്ടോ? --- ഞങ്ങളുടെ കണ്ണനെയുണ്ടോ കണ്ടൂ " ---- എന്നു ചോദിച്ചുകൊണ്ട് അവിടമെല്ലാം അലഞ്ഞന്വേഷിച്ചു നടന്നു. അവർ അങ്ങോട്ടുമിങ്ങോട്ടും "  സഖീ! നീ എൻറെ കണ്ണനെ എങ്ങാനും കണ്ടോ?" എന്നു വിരഹവേദനയോടെ വിവശതയിൽ മുങ്ങി ചോദിച്ചു. എല്ലാവരും തുല്യദുഃഖിതരായിരുന്നു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
   Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ് 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
അവർ കൂട്ടംകൂടി വൃന്ദാവനത്തിലെ ഓരോ മരച്ചുവട്ടിലും വല്ലിക്കാട്ടിലും കൃഷ്ണൻറെ അപദാനങ്ങളെ വർണ്ണിച്ചുകൊണ്ട് ചുറ്റിനടന്നു. ഒടുവിൽ നിരാശയാൽ നിഗളിതചിത്തരായി അവർ കാളിന്ദീതീരത്ത് വന്നിരുന്നുകൊണ്ട്, തങ്ങൾ ഓരോരുത്തരുടേയും അനുഭവങ്ങൾ വർണ്ണിച്ചുകൊണ്ട് കണ്ണുനീർ വാർത്തു.

         ആ സമയം ശ്യാമസുന്ദരൻ വൃന്ദാവനത്തിലെ ഒഴിഞ്ഞ മൂലയിലുള്ള ഒരു നികുഞ്ജത്തിൽ , ഏകാകിനിയായി പരിതപിച്ചുകൊണ്ടിരുന്ന രാധയെ കണ്ടുമുട്ടി, അവളുമായി വിനോദം പറഞ്ഞു വിഹരിച്ച് അവളെ സന്തോഷിപ്പിക്കുകയായിരുന്നു. ഗോപസ്ത്രീകളിൽ ഏറ്റവുമധികം കൃഷ്ണഭക്തിയുള്ളവൾ രാധയായിരുന്നു. അവൾ ഭഗവാനെ തൻറെ ആത്മരമണനായി കരുതി അദ്ദേഹത്തിന്റെ മഞ്ജുളരൂപം മനസ്സിൽ പ്രതിഷ്ഠിച്ച്, അദ്ദഹവുമായി ഭക്തിപൂർവ്വം രമിച്ചുകൊണ്ടിരുന്നവളാണ്. അവളുടെ ആത്മാരാമനായിരുന്നു കൃഷ്ണൻ. 

      അങ്ങനെയുള്ള രാധയെ, ആ ഏകാന്തനികുഞ്ജത്തിൽ വച്ച് ഭഗവാൻ രമിപ്പിച്ചത് ഭക്തിമാർഗ്ഗത്തിൽക്കൂടിയായിരുന്നു. പക്ഷേ, മദനാർത്തി പിടിപെട്ടിരുന്ന അവൾക്കത് അരോചകമായിത്തോന്നി, അവൾ ഭഗവാനെ പ്രേമശൃംഖലയാൽ വരിഞ്ഞുമുറുക്കി തൻറെ ഒരു ദാസനാക്കാൻ ശ്രമിച്ചു. മറ്റുള്ള ഗോപികളെയെല്ലാം വെടിഞ്ഞു ഭഗവാൻ തൻറെയടുക്കൽ മാത്രമായി വന്നിരിക്കുന്നല്ലോ എന്നുളള ചിന്തയാലുണ്ടായ അഹങ്കാരമാണ് അവളെ അതിന് പ്രരിപ്പിച്ചത്. അതോടുകൂടി ആ മായാരൂപി അവൾക്കും അപ്രത്യക്ഷനായി. കൃഷ്ണനെ തേടി അവളും അലയാൻ തുടങ്ങി. കാളിന്ദീതീരത്തുവച്ച് അവൾ മറ്റുള്ള ഗോപനാരികളെ കണ്ടു. തുല്യദുഃഖിതരായി അവരെല്ലാവരും കൂടി കൃഷ്ണൻറെ വേർപാടിനെക്കുറിച്ച് പറഞ്ഞു വിലപിച്ചു. (തുടരും)
*********************************************
ചോദ്യം:-- ഗോപികമാരിൽ നിന്നും കൃഷ്ണൻ അപ്രത്യക്ഷനാകാൻ കാരണമെന്തായിരുന്നു?
*********************************************
വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം 
********************************************
ഭഗവൽഭക്തിയാൽ അഹങ്കാരം വർദ്ധിച്ചതുകൊണ്ടാകാം ഭാഗവതകഥകൾ വായിച്ചുകൊണ്ടിരുന്ന പലരും  വായിക്കാതെയായത് എന്നു തോന്നുന്നു. 
ഭഗവൽക്കഥകൾ വായിക്കാനും ഭഗവൽനാമസങ്കീർത്തനങ്ങൾ പാടാനും എല്ലാവർക്കും മനസ്സുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. സർവ്വ ദുഃഖത്തിൽ നിന്നും എല്ലാവരെയും ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ!
                                       ഹരിഓം.

No comments: