Thursday, September 26, 2019

കഥപറയും കരമന
തലസ്ഥാന നഗരത്തിന്റെ ജീവനാഡിയായിരുന്നു ഒരുകാലത്ത് കരമനയാർ. കരമനയിലൂടെ ഒഴുകിയിരുന്നതിനാലാണ് 67 കിലോമീറ്ററോളം നീളം വരുന്ന ജലപ്രവാഹത്തിന് കരമനയാർ എന്ന പേര് കൈവന്നത്. സഹ്യനിരകളിലെ ചെമ്മുഞ്ഞിമലയിൽനിന്ന് ഉദ്ഭവിച്ച് കാവിയാർ, അട്ടയാർ, വായപ്പാടിയാർ, തോട്ടയാർ എന്നീ അരുവികളായി ഒഴുകിയിറങ്ങി ഒന്നുചേർന്ന രൂപമാണ് കരമനയാർ.


കേരളത്തിലെ 64 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ നീറമൺകരയ്ക്കു തൊട്ടടുത്തായതിനാൽ കരമനയും പണ്ടേ പ്രസിദ്ധമായിരുന്നു. ആറ്റിന്റെ കരയിൽ ഒരു നമ്പൂതിരിമന ഉണ്ടായിരുന്നു. കരയിലുള്ള മന പിന്നീട് കരമന എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പിൽക്കാലത്ത് പ്രദേശത്തിനു മുഴുവനും ഈ പേര് സിദ്ധിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

തമിഴ് ബ്രഹ്മണർ ഏറെയുള്ള സ്ഥലമാണ് ഇന്ന് കരമന. ശിവൻകോവിൽ തെരുവ്, കിണറ്റുംകര തെരുവ്, കീഴേത്തെരുവ്, ആറ്റിൻകര തെരുവ്, ദീക്ഷൺ ഭാഗവതർ തെരുവ്, ഇരട്ടത്തെരുവ് എന്നിങ്ങനെ വിവിധ ബ്രാഹ്മണത്തെരുവുകളും കരമനയ്ക്കുചുറ്റുമുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെയും മറ്റും ആചാരാനുഷ്ഠാനങ്ങൾക്കായി മൂന്ന് നൂറ്റാണ്ട് മുമ്പ് തിരുവിതാംകൂറിലെ രാജാക്കൻമാർ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽനിന്നും തഞ്ചാവൂരിൽനിന്നും ബ്രഹ്മണരെ ഇവിടേക്ക് കൊണ്ടുവന്നിരുന്നു. അവരുടെ വാസസ്ഥലം പിന്നീട് കരമനയാകുകയായിരുന്നു.

മാർത്താണ്ഡവർമയുടെ കാലത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി കാഞ്ചിപുരത്തുനിന്ന് ധാരാളം ശില്പികളെയും ആശാരിപ്പണിക്കാരെയും കൊണ്ടുവന്നിരുന്നു. ഇവർ കാൽനടയായാണ് എത്തിയതെന്നും കരമനയിൽ ആറ്റു തീരത്ത് താമസമാക്കുകയായിരുന്നെന്നും ചില ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവർ തൊട്ടടുത്തായുണ്ടായിരുന്ന ആൽമരത്തിന്റെ ചോട്ടിൽ മാടനെയും ഇശക്കിയമ്മനെയും പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്നു. ഇവിടമാണ് പിന്നീട് കാഞ്ചീപുരം തോപ്പ് എന്നറിയപ്പെടുന്നത്. കരമനയിലെ സത്യവാഗീശ്വര ക്ഷേത്രവും ഏറെ പ്രസിദ്ധമാണ് .


കരമന പാലവും പണ്ടുകാലത്തേ ഏറെ കേൾവികേട്ടിരുന്നു. ദിവാൻ രാജാ കേശവദാസന്റെ കാലത്താണ് കരമനയിലെ കരിങ്കൽപ്പാലം പണിതത്. മതിലകം രേഖകളിലും കരമനപ്പാലത്തിനെക്കുറിച്ച് പരാമർശമുണ്ട്. സ്വാതിതിരുനാളിന്റെ കാലത്ത് പാലം നവീകരിച്ചതായും നവീകരണത്തിന് കല്ലിട്ടത് അദ്ദേഹം തന്നെയായിരുന്നെന്നും 'തിരുവിതാംകൂറിന്റെ ചരിത്ര'ത്തിൽ പി. ശങ്കുണ്ണിമേനോൻ പറയുന്നുണ്ട്. ലെഫ്റ്റനന്റ് ഹോസ്ലിക്കായിരുന്നു നിർമാണച്ചുമതല. (തിരുവിതംകൂറിലെ ആദ്യ സിവിൽ എൻജിനീയറായിരുന്നു ഹോസ്ലി.) 1854 ഡിസംബർ 17 ന് പുറത്തിറങ്ങിയ ലണ്ടൻടൈംസിൽ പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ വർണസ്കെച്ച് പ്രസിദ്ധീകരിച്ചിരുന്നു. 1900ത്തോടെയാണ് പാലത്തിന് ഇപ്പോഴത്തെ മോടി കൈവന്നത്.

സ്വതിതിരുനാളിന്റെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു കരമനയാരിന്റെ തീരമെന്ന് തിരുവിതാംകൂറിലെ ചില രേഖകളിൽ പറയുന്നുണ്ട്. 1931ൽ സ്വാതിതിരുനാൾ കരമനയാറിന്റെ സൗന്ദര്യം കരമന പദ്മനാഭശാസ്ത്രിയുടെ വീട്ടിലിരുന്ന് ആസ്വദിച്ചതായും സന്തുഷ്ടനായ രാജാവ് ശാസ്ത്രിക്കും കുടുംബത്തിനും പട്ടുവസ്ത്രങ്ങൾ സമ്മാനിച്ചതായും കാണുന്നു. പിന്നീട് തിരുവിതാംകൂർ രാജവംശം ഇതിനടുത്തായി ഒരു ബംഗ്ളാവും കുളിപ്പുരയും നിർമിച്ചു.

ഇരയിമ്മൻതമ്പിക്കും കരമനയുമായി ബന്ധമുണ്ടായിരുന്നു. ഇവിടെയുള്ള പുതുമന അമ്മവീട് കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. സംഗീതജ്ഞനും നർത്തകനുമായിരുന്ന വടിവേലുവും കർണാടക സംഗീതത്തിലെ മേളകർത്താവായ നീലകണ്ഠശിവന്റെ ഭാര്യയും കരമനക്കാരായിരുന്നു. വിവാഹാനന്തരം ദീർഘനാൾ അദ്ദേഹം കരമനയിലായിരുന്നു താമസം. പദ്മനാഭ ഭാഗവതർ, ശേഷ ഭാഗവതർ തുടങ്ങിയ സംഗീതവിദുഷികളുടെ വാസസ്ഥാനം കൂടിയായിരുന്നു കരമന. കേരളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയും കരമനയുടെ സമ്മാനമാണ്.

No comments: