Friday, September 27, 2019

*ഉപനിഷത്തുകള്‍*

ദക്ഷിണാമൂർത്ത്യുപനിഷത്ത്

ശിവതത്ത്വപ്രതിപാദകമായ ഉപനിഷത്താണ് ദക്ഷിണാമൂർത്ത്യുപനിഷത്ത്. ശിവമൂർത്തി ഭേദമായ ദക്ഷിണാമൂർത്തിയെയാണ് ഇതിൽ ജ്ഞാന-യോഗ സാധനയുടെ ആധാരമായി സ്വീകരിച്ചിരിക്കുന്നത്.

മാർക്കണ്ഡേയമുനിയുടെ ഉപദേശം

ചിരഞ്ജീവിയായ മാർക്കണ്ഡേയമുനി ശൗനകാദിമഹർഷിമാർക്ക് ഉപദേശിക്കുന്നതാണ് ദക്ഷിണാമൂർത്ത്യുപനിഷത്ത്. പരമരഹസ്യമായ ശിവതത്ത്വജ്ഞാനമാണ് തന്റെ ചിരഞ്ജീവിഭാവത്തിനു കാരണമെന്ന് ഇദ്ദേഹം അറിയിക്കുന്നു. ശിവജ്ഞാനലബ്ധിക്ക് ആരാധ്യനായ ദേവൻ ദക്ഷിണാമൂർത്തിയാണെന്നു നിർദ്ദേശിച്ചിട്ട് ആരാധനാക്രമവും ഛന്ദസ്സ്, ന്യാസം, ധ്യാനം തുടങ്ങിയ യോഗചര്യകളും വിശദീകരിക്കുന്നു. ദക്ഷിണാമൂർത്തിസ്തുതിപരമായ കൃതികൾക്ക് ഈ ഉപനിഷത്തിലെ മന്ത്രങ്ങളും ധ്യാനങ്ങളും പ്രചോദകങ്ങളായതായി കരുതാം. ഒരു മന്ത്രവും ധ്യാനവും ഇതാണ്:

ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തയേ മഹ്യം പ്രജ്ഞാം പ്രയച്ഛസ്വ സ്വാഹാ.

ഈ മേധാദക്ഷിണാമൂർത്തി മന്ത്രത്തിന്റെ ഋഷി ബ്രഹ്മാവും ഛന്ദസ്സ് ഗായത്രിയും ദേവൻ ദക്ഷിണാമുഖനുമാണ്.

സ്ഫടികരജതവർണം, മൌക്തികീമക്ഷമാലാം
അമൃതകലശവിദ്യാം ജ്ഞാനമുദ്രാം കരാഗ്രേ
ദധതമുരഗകക്ഷം, ചന്ദ്രചൂഡം ത്രിനേത്രം
വിധൃതവിവിധഭൂഷം ദക്ഷിണാമൂർത്തിമീഡേ

എന്നതാണ് ഈ മന്ത്രത്തോടുചേർന്ന ധ്യാനം. (സ്ഫടികമണി പോലെയും വെള്ളിപോലെയും ധവളവർണത്തോടുകൂടിയവനും മുത്തുചേർന്ന അക്ഷമാലയും കരാഗ്രത്തിൽ അമൃതകലശവിദ്യയാകുന്ന ജ്ഞാനമുദ്രയും ധരിക്കുന്നവനും ഉരഗം, ചന്ദ്രക്കല, മൂന്നാംതൃക്കണ്ണ് എന്നിവയോടുകുടിയവനും വിവിധതരം ആഭരണങ്ങൾ ധരിച്ചിട്ടുള്ളവനുമായ ദക്ഷിണാമൂർത്തിയെ ഞാൻ സ്തുതിക്കുന്നു.)

ഓം സഹനാവവതു, സഹനൌ ഭുനക്തു
സഹവീര്യം കരവാവഹൈ, തേജസ്വി
നാവധീതമസ്തു, മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

(പരബ്രഹ്മസ്വരൂപനായ ഈശ്വരൻ ഗുരുശിഷ്യന്മാരായ നമ്മെ രണ്ടുപേരെയും രക്ഷിക്കട്ടെ. നമുക്കു രണ്ടുപേർക്കും ഉപജീവനത്തിനുള്ള സന്ദർഭമുണ്ടാക്കട്ടെ. നാം രണ്ടുപേരും ഒന്നിച്ച് സാമർഥ്യം ആർജിക്കട്ടെ. നമ്മുടെ അധ്യയനം തേജോമയമായിരിക്കട്ടെ. നമുക്ക് പരസ്പരം വിദ്വേഷം ഉണ്ടാകാതിരിക്കട്ടെ) എന്ന ശാന്തിപാഠത്തോടെയാണ് ഉപനിഷത്ത് ആരംഭിക്കുന്നത്. ബ്രഹ്മാവർത്തത്തിൽ മഹാഭാണ്ഡീരം എന്ന ആൽവൃക്ഷത്തിന്റെ ചുവട്ടിൽ ദീർഘകാലം നീണ്ടുനില്ക്കുന്ന മഹായജ്ഞം നടത്തുന്നതിനെത്തിയതായിരുന്നു ശൌനകാദിമുനിമാർ. അവിടെ ചിരഞ്ജീവിയായ മാർക്കണ്ഡേയനെ കണ്ട മുനിമാർ തത്ത്വജിജ്ഞാസുക്കളായി അദ്ദേഹത്തെ സമീപിച്ച് അല്ലയോ മഹർഷേ അങ്ങ് ആനന്ദം മാത്രമനുഭവിച്ചുകൊണ്ട് ചിരഞ്ജീവിയായിരിക്കുന്നതിന്റെ രഹസ്യം ഞങ്ങൾക്കുപദേശിക്കണം എന്നഭ്യർഥിച്ചു. പരമമായ ശിവതത്ത്വജ്ഞാനമാണ് തന്റെ ചിരഞ്ജീവിതത്തിനും ആനന്ദാനുഭവത്തിനും കാരണമെന്നു പറഞ്ഞ മുനി ആ ശിവതത്ത്വം മഹർഷിമാർക്ക് ഉപദേശിക്കുന്നു. ദക്ഷിണാമൂർത്തിയായി സച്ചിദാനന്ദസ്വരൂപനായി വർത്തിക്കുന്ന ആ ശിവനെ പ്രത്യക്ഷനാക്കുന്നതിന് അറിഞ്ഞിരിക്കേണ്ട മന്ത്രങ്ങളും ആ മന്ത്രങ്ങളുടെ ഋഷി, ദേവത, ന്യാസവിശേഷങ്ങൾ തുടങ്ങിയവയും മാർക്കണ്ഡേയമുനി ഉപദേശിക്കുന്നു.

 ശ്രീമേധാദക്ഷിണാമൂർത്തി മന്ത്രം

ആദ്യം ഉപദേശിക്കുന്ന ശ്രീമേധാദക്ഷിണാമൂർത്തി മന്ത്രത്തിന്റെ ഋഷി ബ്രഹ്മാവും ഛന്ദസ്സ് ഗായത്രിയും ദേവത ദക്ഷിണാസ്യനുമാണ്.

ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛസ്വാഹാ

എന്ന ചതുർവിംശാക്ഷര (24 അക്ഷരം) മനുമന്ത്രമാണിത്. ഈ മന്ത്രോച്ചാരണത്തോടൊപ്പം ചൊല്ലേണ്ട ദക്ഷിണാമൂർത്തി ധ്യാനവുമുണ്ട്. തുടർന്ന്

ഓം അഃ ദക്ഷിണാമൂർത്ത്യന്തരഃ ഓം

എന്ന മന്ത്രവും

മുദ്രാം ഭദ്രാർഥദാത്രീം

എന്നാരംഭിക്കുന്ന ധ്യാനവും അടുത്തതായി

ഓം ബ്രൂം നമഃ ഹ്രീം ഐം ദക്ഷിണാമൂർത്തയേ ജ്ഞാനം ദേഹി സ്വാഹാ

എന്ന മന്ത്രവും

ഭസ്മവ്യാപാണ്ഡുരാംഗഃ

എന്ന് ആരംഭിക്കുന്ന ധ്യാനവും പിന്നീട്

ഓം ഹ്രീം ശ്രീം സാംബശിവായതുഭ്യം സ്വാഹാ

എന്ന മന്ത്രവും

വീണാം കരൈഃ പുസ്തകമക്ഷമാലാം

എന്ന് ആരംഭിക്കുന്ന ധ്യാനവും അവസാനമായി
ഓം നമോ ഭഗവതേതുഭ്യം വടമൂലവാസിനേ പ്രജ്ഞാമേധാദിസിദ്ധിദായിനേ, മായിനേ നമഃ വാഗീശായ മഹാജ്ഞാനസ്വാഹാ

എന്ന മന്ത്രവും മുദ്രാപുസ്തക വഹ്നിനാഗവിലസദ്ബാഹും എന്ന് ആരംഭിക്കുന്ന ധ്യാനവും ഉപദേശിക്കുന്നു. അവസാനം ഉപദേശിച്ച മന്ത്രത്തിന്റെ ഋഷി വിഷ്ണുവും ഛന്ദസ്സ് അനുഷ്ടുപ്പും ദേവത ദക്ഷിണാമുഖനുമാണ്. മൗനമുദ്രയോടുകൂടി, ശിവതത്ത്വവും തന്റെ ജീവാത്മാവും ഏകമാണെന്ന ബോധത്തോടെ വൈരാഗ്യഭക്തിസമന്വിതമായി നിഷ്ഠയോടെയുള്ള ധ്യാനമനനനിദിധ്യാസങ്ങളാൽ മോഹാന്ധകാരമകന്ന് ജ്ഞാനാനന്ദ സ്വരൂപമായ ശിവതത്ത്വം ഉദയം ചെയ്യുന്നതായി മാർക്കണ്ഡേയമുനി മഹർഷിമാർക്ക് ഉപദേശം നൽകുന്നു. തത്ത്വജ്ഞാനരൂപവും ബ്രഹ്മപ്രകാശകവുമായ ബുദ്ധിതന്നെയാണ് ദക്ഷിണ എന്ന പദത്താൽ വിവക്ഷിതമായിരിക്കുന്നത്. ശിവതത്ത്വ സാക്ഷാത്കാരത്തിനഭിമുഖമായ ബുദ്ധിയെ പ്രദാനം ചെയ്യുന്ന ഈ ശിവമൂർത്തിയാണ് ദക്ഷിണാമുഖൻ എന്നു പ്രകീർത്തിക്കപ്പെടുന്നത്.

ശേമുഷീ ദക്ഷിണാപ്രോക്താ സാ യസ്യാഭീക്ഷണേമുഖം
ദക്ഷിണാഭിമുഖഃ പ്രോക്തഃ ശിവോസൌ ബ്രഹ്മവാദിഭിഃ

സൃഷ്ടികർമത്തിനു തയ്യാറായ ബ്രഹ്മാവ് ദക്ഷിണാമൂർത്തിയുടെ ഉപാസനയാലാണ് അതിനുള്ള ശക്തി നേടിയത് എന്നും പരമ രഹസ്യമായ ശിവതത്ത്വവിദ്യയെ അധ്യയനം ചെയ്യുന്നവർ സർവപാപങ്ങളിൽനിന്നു മുക്തരായിത്തീരുമെന്നും കൈവല്യപദം നേടുമെന്നുമുള്ള മന്ത്രസിദ്ധിയുടെ മഹത്ത്വപ്രസ്താവനയോടെയാണ് ഉപനിഷത്ത് അവസാനിക്കുന്നത്.

No comments: