Saturday, September 28, 2019


ശ്രീമഹാഭാഗവതകഥകൾ: രാസക്രീഡ;
                            കഥ തുടരുന്നു......
^^^^^^^^^^^^^^^^^^^^^^!!!^^^^^^^^^^^^^^^^^^^^
      വൃന്ദാവനവിഹാരിയായ കൃഷ്ണനെ കാണാഞ്ഞ്, ആ വേർപാടിനെക്കുറിച്ച് പറഞ്ഞു വിലപിച്ചുകൊണ്ടിരുന്ന ഗോപികമാരുടെ മുമ്പിൽ അല്പം കഴിഞ്ഞപ്പോൾ, മന്ദഹാസാഞ്ചിതവദനനായി ആ തൂനിലാവിൽ, നന്ദനന്ദനൻ ഓടക്കുഴലും വിളിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടു. കാണാനുള്ള ഭാഗ്യം സിദ്ധിക്കുമോ എന്നു സംശയിച്ചുകൊണ്ടിരുന്ന ആ ഗോപവരാംഗനകൾ കൃഷ്ണനെ വീണ്ടും കണ്ടപ്പോൾ പരമാനന്ദപാരാവാരത്തിൽ ആമഗ്നരായി ചോദിച്ചു:--
       
         " കൃഷ്ണാ! ഞങ്ങളുടെ സർവ്വസ്വവുമായ കണ്ണാ! ഞങ്ങളെ എരിതീയിലെറിഞ്ഞിട്ട് അങ്ങ് എവിടെ പോയിരുന്നു? "

       ചിരിച്ചകൊണ്ട് ചിന്മയൻ പറഞ്ഞു:--
            ' നിങ്ങളുടെ സ്നേഹവും ഭക്തിയും വിരഹപാരവശ്യവും കാണുവാനുള്ള കൗതുകം കൊണ്ട് ഞാനിവിടെത്തന്നെ മറഞ്ഞുനിൽപ്പുണ്ടായിരുന്നു '.

              ' കൃഷ്ണാ! ഇനിയും ഞങ്ങളെ വലയ്ക്കല്ലേ.....!
       ഭഗവാൻ ആ ഭക്തകളെ സന്തോഷിപ്പിക്കുവാനായി തൻറെ അവതാരത്തിൽ ഏറ്റവും ശ്രേഷ്ഠമായ രാസക്രീഡ്യ്ക്കായി ഒരുങ്ങി. ആകാശത്തിൽ ' ജയ ജയ കൃഷ്ണാ; കൃഷ്ണാ! ജയ ജയ ഗോപികാരമണാ! ' എന്നുള്ള ദേവസ്തുതികൾ കേൾക്കപ്പെട്ടു. 

      കൃഷ്ണൻ തൻറെ പീലിത്തിരുമുടി മുറുക്കിക്കെട്ടി, പീതാംബരം അഴിച്ചു വീണ്ടും വരിഞ്ഞുമുറുക്കിയുടുത്തു, കൈവളകളും കാൽച്ചിലമ്പുകളും ക്രീഡാവേളയിൽ ഊരിവീഴാത്തവണ്ണം ഉറപ്പിച്ചു. മെയ്യാഭരണങ്ങളും യഥാസ്ഥാനങ്ങളിൽ അണിഞ്ഞു. ഓടക്കുഴൽ അരക്കെട്ടിൽ കാഞ്ചിയുടെ ഇടയിൽ തിരുകി. മുഗ്ദ്ധാംഗികളായ ഗോപകാമിനികളും ആസമയം തങ്ങളുടെ വസ്ത്രാഭരണാദികളാൽ ശരീരം ഭംഗിയായി അലങ്കരിച്ചു. 

      വൃന്ദാവനത്തിലെ സുന്ദരകാളിന്ദീ സൈകതത്തിൽ----- പാലൊളിപ്പൂച്ചന്ദ്രികയിൽ  --- ഒരു ഗോപസുന്ദരിയ്ക്ക് ഒരു സുന്ദരകൃഷ്ണൻ എന്നവിധം വട്ടത്തിൽ ഈരണ്ടുപേരായി നിന്നുകൊണ്ട് നൃത്തഗീതങ്ങളോടൂകൂടി രാസക്രീഡ ആരംഭിച്ചു. എത്ര ഗോപികളുണ്ടോ അത്രയും കൃഷ്ണനും അവിടെ കാണപ്പെട്ടു. സർവ്വേന്ദ്രിയങ്ങളേയും ആനന്ദിപ്പിക്കുന്ന ആ രാസക്രീഡ, നഭോവീഥിയിൽ നിന്നുകൊണ്ട് അമരന്മാരും അമരനാരികളും നാരദാദിദേവമാമുനിവൃന്ദങ്ങളും വീക്ഷിച്ചു പരമാശ്ചര്യസ്തബ്ധരായി.  
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
   Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ് 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!°°°°°°!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
      നടുക്ക് ആത്മാരാമനായി സാക്ഷാൽ കൃഷ്ണൻ ഒന്നിലും ബന്ധമില്ലാതെ അദൃശ്യനായി അതിനു സാക്ഷ്യം വഹിച്ചുകൊണ്ട് നിന്നു, ഗോപികൾ പാടുമ്പോൾ, ഗോപകുമാരൻ അവരുടെ ഗാനങ്ങൾക്കനുസരിച്ച് വേണുവിൽ ശ്രുതിമുഴക്കിക്കൊണ്ടിരുന്നു. 

      എത്ര കൃഷ്ണനവിടെയുണ്ടോ  ----അത്ര വേണുനാദങ്ങളും അവിടെ മുഴങ്ങി. സംഗീതം അവസാനിച്ചപ്പോൾ നൃത്തം ആരംഭിച്ചു .ഓരോ ഗോപിയും ഓരോ കൃഷ്ണുമായി ബഹുവിധങ്ങളായ നൃത്തങ്ങൾ ബാഹുക്കൾ കോർത്തുപിടിച്ചുകൊണ്ട് ഉല്ലാസസല്ലീലമായി നടിച്ചു. ആസമയം, ചേലകളും മുലക്കച്ചകളും തലമുടിക്കെട്ടുകളും ഉലഞ്ഞഴിഞ്ഞത് അവർ അറിഞ്ഞില്ല. 

      പരസ്പരം ചുംബിച്ചും ആശ്ലേഷിച്ചും, കൈകൾ കോർത്ത് തിരിഞ്ഞുമറിഞ്ഞ് ആടിക്കളിച്ചും , താളത്തിനൊത്ത് കിങ്കിണികൾ മുഴക്കിച്ചവിട്ടിയും, നൃത്തം ചെയ്യുന്ന അവസരത്തിൽ, അതൊന്നും അവർ ഗൗനിച്ചില്ല. ഉടുതുണി അഴിഞ്ഞാലും മുലക്കച്ച പോയാലും, അവരുടെ ആത്മരമണൻറെ മുമ്പിലല്ലേ നഗ്നകളായി നിൽക്കുന്നത്? കാളിന്ദീതീരത്തു വച്ച്  വസ്ത്രാപഹരണവേളയിൽ അവരുടെ നഗ്നത കണ്ടവനല്ലേ കാർമുകിൽവർണ്ണൻ. അവർ ആടുന്നു, പാടുന്നു, ചുംബിക്കുന്നു, ആശ്ലേഷിക്കുന്നു !!!!!

       ഭഗവാന്റെ രാസക്രീഡ ദർശിച്ച് അംബരാന്തഗോളങ്ങൾ പോലും ചലിക്കാതെ സ്തംഭിച്ചു നിന്നുപോയി. പാലാഴിയിൽ പള്ളികൊള്ളുന്ന സാക്ഷാൽ താമരസാക്ഷൻപോലും ഞെട്ടിയുണർന്നു. തന്നിൽത്തനെയുള്ള കൃഷ്ണമായയുടെ വൈഭവം; എന്ന് അദ്ദേഹം ഉള്ളിൽ നിനച്ചു വീണ്ടും പള്ളിക്കുറുപ്പു തുടർന്നു. 

      രാസക്രീഡ കഴിഞ്ഞു വിയർപ്പുകൾ നിറഞ്ഞ ശരീരത്തോടുകൂടി എല്ലാവരും കാളിന്ദിയിൽ ഇറങ്ങി കുളിച്ചു ദേഹശുദ്ധിവരുത്തി. പിന്നീട് ജലക്രീഡകളാൽ ജലജാക്ഷൻ ആ ലലനാമണികളെ പലവിധത്തിലും ആനന്ദിപ്പിച്ചു. ഭക്തകളായ അവരുടെ അഭിലാഷം ഭഗവാൻ അങ്ങനെ സാധിതമാക്കിത്തീർത്തു. ഓരോ ഗോപസ്ത്രീയ്ക്കും അവളുടെ കൂടെ രാസക്രീഡയാടുന്ന കൃഷ്ണനെയല്ലാതെ, മറ്റൊരു ഗോപിയുടെകൂടെ വൃത്തം ചെയ്യുന്ന കൃഷ്ണനെ കാണാൻ കഴിഞ്ഞിരുന്നില്ല. കൃഷ്ണൻ തന്നോടുകൂടിമാത്രമേ രാസക്രീഡ ആടിയിട്ടുള്ളൂ; എന്ന് ഓരോ ഗോപനാരിയും വിചാരിച്ച്, ആത്മാനന്ദ നിർവൃതിസുഖം നേടി. അതുതന്നെയാണ് ഭക്തിയുടെ പരമമായ ലക്ഷ്യം. 

      അമ്പിളി അസ്തമിക്കുന്നതിനുമുമ്പ്, ആയർകുലമടവാർമണികൾ ആമോദത്തോടെ അവരവരുടെ വസതികളിലേക്ക് തിരിച്ചുപോയി.( തുടരും)
***********************************************
ചോദ്യം:- രാസക്രീഡയിൽ മുഴുകിയിരുന്ന ഓരോ ഗോപിക്കും തൻറെകൂടെയല്ലാതെ, മറ്റൊരു ഗോപിയുടെ കൂടെ നൃത്തംചെയ്യുന്ന കൃഷ്ണനെ കാണാൻ കഴിഞ്ഞിരുന്നില്ല. എന്തുകൊണ്ട്?
*************************************************
വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം 
*************************************************

No comments: