Monday, September 30, 2019


ശ്രീമഹാഭാഗവതകഥകൾ: ശംഖചൂഡവധം:
(ദശമസ്ക്കന്ധം: 34 -> അദ്ധ്യായം)
*********************************************
    പ്രേമാനന്ദഭക്തിയോടുകൂടി രാസക്രീഡ നടക്കുന്ന കാലത്ത് ഒരുദിവസം രാത്രിയിൽ, രാജീവനേത്രൻ ബലരാമനുമൊരുമിച്ച് വൃന്ദാവനത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ, വൈശ്രവണൻറെ അനുചരനായ ശംഖചൂഡൻ എന്ന ഒരു യക്ഷൻ അവിടെവന്നു പുതുങ്ങിനിന്നു.  ഓടക്കുഴലിൻറെ ശ്രവണമധുരമായ ശ്രുതി അനുസരിച്ച് പാടി നൃത്തംചെയ്തുകൊണ്ടിരുന്ന ഗോപസുന്ദരികളെക്കണ്ട് വ്യാമോഹിതനായ അവൻ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് അവരിൽ ഏതാനും പെൺമണികളെ തോളിൽ എടുത്തുകൊണ്ടു ഓടി വിപിനാന്തരത്തിൽ മറഞ്ഞു. 

        കാട്ടുമൃഗങ്ങളുടെ വായിലകപ്പെട്ട പശുക്കളെപ്പോലെ രാമാ, കൃഷ്ണാ എന്ന് അലമുറയിട്ടുകൊണ്ട് കരയുന്ന ഗോപികമാരെ രക്ഷിക്കാനായി രാമകൃഷ്ണന്മാർ പുറകെ പാഞ്ഞു. " ഗോപികമാരേ, നിങ്ങൾ ഭയപ്പെടാതിരിക്കൂ , ഞങ്ങൾ നിങ്ങളെ രക്ഷിക്കുന്നതാണ് എന്നുപറഞ്ഞുകൊണ്ട് അവർ ഓരോ പനമരങ്ങളും പറിച്ചെടുത്തുകൊണ്ട് ശംഖചൂഡനെ വധിക്കാനായി പാഞ്ഞു ചെന്നു. കാലമൃത്യുവിനെപ്പോലെ പാഞ്ഞുവരുന്ന രാമകൃഷ്ണന്മാരെക്കണ്ട് ഭയപ്പെട്ട് യക്ഷൻ സ്ത്രീകളെ ഉപേക്ഷിച്ചു പ്രാണരക്ഷാർത്ഥം വ്യോമവീഥിയിലേക്കുയർന്നു. 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
   Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ് 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
         അങ്ങനെ ആ അഹങ്കാരിയെ വിടാൻ പാടില്ലെന്നു പറഞ്ഞ് പീതാംബരനും അവൻറെ പിന്നാലെ അംബരവീഥിയിലേക്ക് കുതിച്ചുചാടി. ഈ സമയത്ത് ബലരാമൻ ഗോപസ്ത്രീകളെ കാത്തുകൊണ്ടിരുന്നു. ആകാശത്തിൽ വച്ച് കൃഷ്ണൻ അവനെ വധിച്ച് അവൻറെ ശിരസ്സിലിരുന്ന ചൂഡാരത്നം പറിച്ചെടുത്തു ജ്യേഷ്ഠനു കൊണ്ടുവന്നു കൊടുത്തു. 

        ഗോപവനിതകൾ രാത്രികാലങ്ങളിൽ അവരവരുടെ ഗൃഹം വെടിഞ്ഞ് ലീലാസങ്കേതങ്ങളിലേക്ക് പോയ്ക്കൊണ്ടിരുന്നത് അവരുടെ വീട്ടുകാർ ആരും അറിഞ്ഞിരുന്നില്ല. കൃഷ്ണമായയാൽ അവർ ആ സമയം ഗാഢനിദ്രയിലായിരിക്കും. ഭക്തകളായ ഗോപയോഷാമണികൾക്ക് ഭഗവാൻ നൽകിയ ഒരു അനുഗ്രഹമായിരുന്നു അത്.   (തുടരും)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ചോദ്യം:-- 1.    ആരായിരുന്നു ശംഖചൂഡൻ?

    2.   നിങ്ങൾ വായിച്ചിട്ടുള്ള ഭാഗവതഗ്രന്ഥം
           ഇതിൽ ഏതാണ്?

              1)  ഭാഗവതം കിളിപ്പാട്ട്

               2) സംസ്കൃത മൂലം 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
        വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം 
•••••••••••••••••••••••••••••••••••••••••••••••••••••••••••
    നാളെ  -----!!!  സുദർശനശാപമോചനം  !!!!

************************************************

1 comment:

സന്തോഷ്‌ said...

ഇത്രയും നല്ല ലേഖനങ്ങൾ ഉള്ള ഒരു blog ന് പകരം വയ്ക്കാൻ മറ്റൊന്നില്ല.. നമ്മുടെ പുരണങ്ങളെ പറ്റിയുള്ള അറിവ് സാധാരണക്കാർക്ക് വിരളമാണ്.ആയതിനാൽ ഈ ഉദ്യമം നിരന്തരം തുടരുക.. ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു.