Saturday, October 19, 2019

ബ്രഹ്മഗുണങ്ങളുടെ വ്യാഖ്യാനം

Saturday 19 October 2019 2:55 am IST
മൂന്നാം അദ്ധ്യായം മൂന്നാം പാദം
കാമാദ്യധികരണം
ഈ അധികരണത്തില്‍ ഒരു സൂത്രമേ ഉള്ളൂ.
ബ്രഹ്മഗുണങ്ങളെ ശ്രുതി വാക്യങ്ങളില്‍ ഇല്ലാത്തിടത്തും മറ്റും അദ്ധ്യാഹരിച്ച് ചേര്‍ത്ത് പറയേണ്ടതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നു.

സൂത്രം-  കാമാദീതരത്ര തത്ര 
ചായതനാദിഭ്യഃ  

ഛാന്ദോഗ്യോപനിഷത്തിലെ സത്യകാമം  മുതലായവ ബൃഹദാരണ്യകത്തിലും അതിലുള്ള വശിത്വം മുതലായവ ഛാന്ദോഗ്യത്തിലും ചേര്‍ക്കണം. ഹൃദയം മുതലായ സ്ഥാനങ്ങള്‍ രണ്ടിലും തുല്യമായിരിക്കുന്നതിനാലാണിത്.
സത്യ കാമത്വവും സത്യസങ്കല്പത്വം മുതലായ ധര്‍മ്മങ്ങള്‍ അധ്യാഹരിച്ച് ചേര്‍ക്കണമെന്ന് പറയുന്നത് ബ്രഹ്മധര്‍മ്മങ്ങള്‍ എല്ലായിടത്തും ഒരുപോലെ ബാധകമാണ് എന്നുള്ളതിനാലാണ്.
ഛാന്ദോഗ്യത്തിലും ബൃഹദാരണ്യകത്തിലും ആത്മാവിനെപ്പറ്റി വ്യത്യസ്തമായ വിവരണം വരുന്നത് വസ്തുഭേദം കൊണ്ടാണോ എന്നാണ് സംശയം. രണ്ട് ആത്മാക്കളും വേറിട്ടതാണോ എന്നതും സംശയമാണ്. ഇങ്ങനെ സംശയം വരുമ്പോള്‍ വിദൈ്യക്യത്തെ ഉറപ്പിച്ച് പറയുന്നു.
ഛാന്ദോഗ്യത്തില്‍ ആത്മാവിനെ പാപമില്ലാത്തവനും ജരയില്ലാത്തവനും ദാഹമില്ലാത്തവനും സത്യകാമനും സത്യസങ്കല്പനുമായി പറയുന്നു.
എന്നാല്‍ ബൃഹദാരണ്യകത്തില്‍ അജനും മഹാനും ഹൃദയാകാശത്തിനുള്ളില്‍ വസിക്കുന്നവനും എല്ലാറ്റിനേയും അധീനത്തിലാക്കിയവനുമായി പറയുന്നു. ഈ വ്യത്യസ്ത വിവരണഞ്ഞെ കാണുമ്പോഴാണ് സംശയം.
സൂത്രത്തില്‍ കാമാദി എന്ന് പറഞ്ഞത് സത്യകാമന്‍ മുതലായത് എന്ന അര്‍ത്ഥത്തിലാണ്. ദേവദത്തനെ ദത്തന്‍ എന്നും സത്യഭാമയെ ഭാമ എന്നും പറയുന്നതുപോലെ സത്യകാമനെ കാമന്‍ എന്ന് വിളിക്കുന്നു. ഛാന്ദോഗ്യത്തിലെ ഗുണങ്ങള്‍ ബൃഹദാരണ്യകത്തിലും നേരെ തിരിച്ചും ബന്ധപ്പെടുത്തി പറയണം. ആത്മാവിന്റെ സ്ഥാനം ഹൃദയാകാശത്തിനകത്തെന്ന് രണ്ടിലും കാണാം. ഛാന്ദോഗ്യത്തില്‍ സഗുണ ബ്രഹ്മോപദേശം ഉപാസനാ  സൗകര്യത്തിന് പറയുമ്പോള്‍ ബൃഹദാരണ്യകത്തില്‍ നിര്‍ഗുണ ബ്രഹ്മോപദേശം കാണാം എന്നതാണ് ആകെയുള്ള വ്യത്യാസം.
വശിത്യം മുതലായ ഗുണങ്ങള്‍ പറയുന്നത് ബ്രഹ്മസ്തുതിക്ക് വേണ്ടിയാണ് എന്നറിയണം.
സഗുണ ബ്രഹ്മമെന്നത് നിര്‍ഗുണത്തിന്റെ തന്നെ മഹിമയല്ലാതെ മറ്റൊരു ബ്രഹ്മമല്ല എന്ന് കാണിക്കാനാണ് സത്യ കാമം മുതലായവയെ ചേര്‍ത്ത് പറയണമെന്ന് പറയുന്നത്.
നിര്‍വിശേഷ വര്‍ണന സ്ഥാനങ്ങളില്‍ സവിശേഷ ധര്‍മ്മങ്ങളെ ചേര്‍ക്കണം. ഉപനിഷത്തുകളില്‍ ചില വിശേഷധര്‍മ്മങ്ങള്‍ പ്രകാശിപ്പിച്ച് കാണാം. ശ്രുതി വര്‍ണനകളില്‍ ബ്രഹ്മം സവിശേഷവും നിര്‍വിശേഷവുമാകുന്ന രണ്ട് വിധ ധര്‍മ്മങ്ങളോട് കൂടിയതാണെന്ന് കാണാം. അതിനാല്‍ സത്യസങ്കല്പാദി ഗുണങ്ങള്‍ ബ്രഹ്മത്തിന് സ്വാഭാവികമായി ഉള്ളതാണ്. ഏതെങ്കിലും സ്ഥലത്ത് ഈ ഗുണങ്ങളുടെ വര്‍ണനയില്ലെങ്കില്‍ അത് കൂട്ടിച്ചേര്‍ക്കേണ്ടതാണ്.

No comments: