Tuesday, October 22, 2019

പലപ്പോഴും പ്രശ്നങ്ങള്‍ കണ്ടെത്താറുണ്ടെങ്കിലും അവ പരിഹരിക്കുന്നിടത്ത് നമുക്ക് അബദ്ധം പറ്റാറുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണം കുടുംബത്തില്‍ ഉണ്ടാകുന്ന ദോഷങ്ങള്‍ക്ക് കാരണം കണ്ടെത്തി പരിഹരിക്കുന്ന വിഷയത്തിലാണ്. വളരെ കാലം പൂജ ചെയ്തുകൊണ്ടിരുന്നിട്ട് ഇന്നിപ്പോള്‍ അവഗണിക്കപ്പെട്ട നിലയിലായ ആരാധനാ കേന്ദ്രങ്ങള്‍! അവയാണ് കുടുംബത്തില്‍ അനര്‍ത്ഥങ്ങള്‍ വരുത്തുന്നതെന്ന് പ്രശ്നവശാല്‍ കണ്ടെത്തി എന്നു കരുതുക. അപ്പോള്‍ നാം എന്താ പരിഹാരമായി ചെയ്യേണ്ടത്? അവിടെ പണം പിരിച്ച് വലിയ കെട്ടിടം വച്ച് തുടര്‍ന്നും ആരാധന നടത്തുകയാണോ വേണ്ടത്. അതോ ദോഷം വരാത്ത രീതിയില്‍ എന്നെന്നേയ്ക്കുമായി അത് ഒഴിവാക്കുവാനുള്ള വഴി നോക്കുകയാണോ വേണ്ടത്? വരും തലമുറകള്‍ക്കും അതാകും നല്ലത്.
ഇവിടെ സ്വാഭാവികമായും നമുക്ക് ഉണ്ടാകേണ്ടുന്ന ഒരു ചിന്ത ഇതാണ്- വളരെക്കാലം വച്ചാരാധന നടത്തിക്കൊണ്ടിരുന്നപ്പോള്‍ കുടുംബത്തില്‍ ഗുണങ്ങള്‍ ഉണ്ടായി. എന്നാല്‍ അത് മുടങ്ങിയപ്പോള്‍ ദോഷങ്ങള്‍ ഉണ്ടാകുന്നു! അങ്ങനെയാണെങ്കില്‍ അത് മാനുഷിക ഭാവങ്ങളുള്ള മൂര്‍ത്തികളല്ലേ? മനുഷ്യനാണല്ലോ സ്നേഹവും വിദ്വേഷവും മാറിമാറി വരുന്നത്. ഈശ്വരന്‍ നിത്യാനന്ദസ്വരൂപനാണല്ലോ! നിത്യാനന്ദം എന്നതിനാല്‍ അവിടെ കോപം വരുന്നില്ലല്ലോ! നാം ആരാധിക്കേണ്ടതും ആ നിത്യാനന്ദസ്വരൂപത്തെയല്ലേ? അവിടെ നമുക്കും നമ്മുടെ തലമുറകള്‍ക്കും സ്വാതന്ത്ര്യം ഉണ്ട്, അഭയം ഉണ്ട്, ആനന്ദമുണ്ട്. മറ്റെല്ലാം അതാതിന്‍റെ വിധിപ്രകാരം വിട്ടൊഴിയുന്നതാണ് വിവേകം. നമുക്കുമതെ, വരും തലമുറയ്ക്കുമതെ. ഈശ്വരന്‍ ആര്‍ക്കും ദോഷത്തെ ചെയ്യുന്നില്ല! നാം എന്തിനെ ആരാധിക്കുന്നുവോ അതിലുള്ള ഗുണവും ദോഷവുമാണ് നാം അനുഭവിക്കുക. നിത്യാനന്ദസ്വരൂപനില്‍ നിന്നും ആനന്ദമല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ലല്ലോ!
ഓം.
krishnakumar kp

No comments: