Saturday, October 19, 2019

വൈദികത്തിന്റെ വിവിധ വശങ്ങള്‍

Wednesday 21 March 2018 2:12 am IST
യാജ്ഞികപ്രക്രിയ- വേദബന്ധു തുടരുന്നു: വേദപ്രതിപാദിതമായ യജ്ഞം സൃഷ്ടിയജ്ഞം ആണെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. അതിന്റെ ആരോപാത്മകമായ അനുകരണമാണ് ലോകത്തില്‍ അനുഷ്ഠിച്ച യജ്ഞത്തിന്റെ ശുദ്ധരൂപം. ശ്രൗതയജ്ഞം സൃഷ്ടിയജ്ഞത്തിന്റെ പകര്‍പ്പാണെന്ന് ശതപഥബ്രാഹ്മണം വിസ്തരിച്ചു ശാസിക്കുന്നുണ്ട്.
എല്ലാ ശ്രൗതയജ്ഞത്തിന്റെയും പ്രധാനമായ അംഗം ആണ് അഗ്നിചയനം. ആരംഭത്തില്‍ ചയനം ഒരു സ്വതന്ത്രവും സ്വത:പൂര്‍ണ്ണവുമായകര്‍മ്മം ആയിരുന്നിരിക്കാം. കാലാന്തരത്തില്‍ അത് സോമയജ്ഞങ്ങളുടെ ഭാഗമായി വന്നു. ശതപഥബ്രാഹ്മണത്തിന്റെ ആകെയുള്ള പതിനാലു ഖണ്ഡങ്ങള്‍ അഞ്ച് ചയനത്തെ സംബന്ധിച്ചതാണ്. സൃഷ്ടിവിജ്ഞാനത്തിന്റെ രഹസ്യം ചയനവിധിയില്‍ മുറയ്ക്കു വിസ്തരിക്കയാണെന്ന് ശതപഥത്തിലെ പ്രസ്തുതഭാഗം ശ്രദ്ധിച്ചു പഠിച്ചാല്‍ വിദിതം ആകുമെന്ന് പാശ്ചാത്യപണ്ഡിതന്മാര്‍ തന്നെയും സമ്മതിക്കുന്നുണ്ട് (പ്രൊ. എഗ്ഗര്‍ലിങ്ങ്, ശതപഥബ്രാഹ്മണ ഇന്‍ട്രൊഡക്ഷന്‍).
ശ്രൗതയജ്ഞത്തില്‍ സൃഷ്ടിയജ്ഞത്തിന്റെ ആരോപം അഭീഷ്ടം ആണെന്നു കാണിപ്പാനായി അഗ്ന്യ ധാനത്തിന്റെയും, അഗ്നിചയനത്തിന്റെയും സംയുക്തമായ പ്രക്രിയയും സൃഷ്ടിപ്രക്രിയയും ചുരുക്കി ഇപ്പോള്‍ നിര്‍ദ്ദേശിക്കാം. ആദിമമായ യജ്ഞകല്‍പ്പനയില്‍ രണ്ടിന്റേയും അന്യോന്യാരോപണത്തിലൂടെ യജ്ഞകര്‍മ്മം ബാഹ്യേന്ദ്രിയവിഷയം ആക്കിയിരുന്നു എന്ന് വ്യക്തമാക്കുവാന്‍ അതു പര്യാപ്തം ആയിരിക്കും.
ഒന്നാമത് യജ്ഞത്തിനു യോഗ്യമായ സ്ഥാനം നിശ്ചയിച്ചിട്ട് അവിടെ വേദി നിര്‍മ്മിക്കണം. തെരഞ്ഞെടുത്ത സ്ഥലത്ത് വേദിക്കു നിശ്ചയിച്ചതായ സ്ഥാനം കിളച്ച് ഇളക്കി മേല്‍ഭാഗത്തെ മണ്ണ് നീക്കണം. ശുദ്ധമല്ലാത്ത മണ്ണും പുല്ലും മറ്റും ദൂരീകരിച്ചതില്‍ പിന്നെ ക്രിയ തുടങ്ങണം. ഓരോ ക്രിയക്കും വേദപ്രതിപാദിതമായ സൃഷ്ടിക്രിയയുടെ ചെറിയ പ്രാതിനിധ്യം ഉണ്ടായിരിക്കും. 
ക്രിയാഭാഗത്തില്‍ തെരഞ്ഞെടുത്ത് ശുദ്ധമാക്കിയ സ്ഥാനത്ത് ജലം തളിക്കുകയാണ് ഒന്നാമതു ചെയ്യുക. ആരംഭത്തില്‍ പൃഥ്വി സലിലമയി ആയിരുന്നു എന്നു കാണിപ്പാന്‍ ആണ് ഇങ്ങനെ സിഞ്ചനം ചെയ്തത്. അടുത്തതായി വരാഹനിഹതമായ മണ്ണ് അവിടെ വിരിക്കുന്നു. വരാഹനിഹതം എന്നാല്‍ ലൗകികഭാഷയില്‍ പന്നി തോണ്ടിയിടുന്ന മണ്ണ് എന്നാണ് അര്‍ത്ഥം. വിഷ്ണു വരാഹാവതാരം എടുത്ത് ജലത്തില്‍ നിന്നും ഭൂമിയെ പൊക്കിക്കൊണ്ടുവന്നു എന്നു പുരാണങ്ങള്‍ പറയുന്നു. വേദത്തില്‍ സൂര്യന്റെ പേരാണ് വിഷ്ണു. സൂര്യന്റെ അംഗിരസ്സ് എന്ന കിരണങ്ങളാണ് വരാഹം. സര്‍വത്ര നിന്ന് ഉദകം തപിപ്പിക്കുന്ന രശ്മികളായി ഇവയെ വേദത്തില്‍ പറയുന്നു.
അഗ്നിയുടെ സംയോഗം കൊണ്ട് സലിലത്തില്‍ ഫേനം (നുര) ഉണ്ടാകുന്നു. പാലു കാച്ചുമ്പോള്‍ എന്ന പോലെ. ആ നുര വായുവിന്റെ സംയോഗം നിമിത്തം ഘനീഭവിക്കുന്നു. പാലിലെ നുര വായുവിന്റെ സംയോഗം കൊണ്ടു പാലാടയായി മാറുമ്പോലെ. മൃദുല്‍പ്പത്തിയില്‍ സൂര്യകിരണങ്ങള്‍ക്കു വലുതായ പങ്കുണ്ട്. ആ അവസ്ഥയില്‍ പൃഥ്വിയുടെ രൂപം പന്നിയുടെ പോലെ ചെറുതായിരിക്കും. അതിനാലാണ് വരാഹനിഹതമായ മണ്ണ് (പന്നി തോണ്ടിയിട്ട മണ്ണ്) വേദിക്കു നിശ്ചയിച്ച സ്ഥാനത്ത് നിരത്തണം എന്നു പറഞ്ഞത്. ആ നിരത്തിയ മണ്ണ് പൃഥ്വിയുടെ വരാഹമുഖസദൃശമായ ആദിമരൂപത്തെ പ്രതിനിധാനം ചെയ്യുന്നു.
അനന്തരം ചിതല്‍പുറ്റിലെ മണ്ണ് അതിന്മേല്‍ നിരത്തുന്നു. സൂര്യകിരണങ്ങള്‍ ഏറ്റ് ഉണങ്ങിയ മണ്ണിന്റെ സംജ്ഞ ആണ് ശുഷ്‌കാപം (ഏതൊന്നിന്റെ ജലാംശം ഉണങ്ങിക്കഴിഞ്ഞുവോ അത്). ചിതല്‍പ്പുറ്റിലെ മണ്ണ് തിരുമ്മിയാല്‍ തരികള്‍ ആയിത്തീരും. ചിതല്‍ ഭൂമിക്കുള്ളില്‍ നിന്നും നനഞ്ഞ മണ്ണു കൊണ്ടുവരുന്നു. അതിന്മേല്‍ കാറ്റും ചൂടും തട്ടുമ്പോള്‍ ഉണങ്ങി നനവില്ലാതാകുന്നു.
 പിന്നീട് അതിന്മേല്‍ ഊഷരമണ്ണ് വിരിക്കുന്നു. ശുഷ്‌കാപമെന്ന മണ്ണ് സൂര്യന്റെ പ്രഖരകിരണങ്ങളേറ്റ് പഴുത്ത് ക്ഷാരത്വം വരിക്കുന്നു. അതില്‍പിന്നെ അതിന്മേല്‍ സികത (മണല്‍ത്തരി) വിരിക്കുന്നു. ക്ഷാരത്വം പ്രാപിച്ച മണ്ണ് വീണ്ടും സൂര്യകിരണങ്ങള്‍ മൂലം ഭൂമിക്ക് അകത്തുള്ള അഗ്നി കൊണ്ടു തപ്തമായി സികതയായിത്തീരുന്നു. സികത മരുഭൂമികളില്‍ മുകളിലും ചില ഉറയ്ക്കാത്ത മലകളില്‍ ഭൂഗര്‍ഭത്തിലും ഉണ്ട്. ചില കല്ലു തല്ലിപ്പൊട്ടിച്ചാല്‍ മണല്‍ത്തരികളായും മാറാറുണ്ടല്ലോ. 
 പിന്നീട് അതിന്മേല്‍ ശര്‍ക്കര (ചരല്‍) നിരത്തുന്നു. ഭൂഗര്‍ഭത്തില്‍ ശര്‍ക്കര ഉണ്ടാകയാല്‍ ഭൂമി ദൃഢമാകുന്നു. ശര്‍ക്കര ചെറിയ ഉരുണ്ട കല്‍ക്കഷണങ്ങള്‍ ആകുന്നു. ഭൂമിക്കുള്ളില്‍ ശര്‍ക്കര ഉണ്ടായിട്ട് ഭൂമി ദൃഢമാകുന്നു എന്ന് മൈത്രായണീസംഹിത വ്യക്തമാക്കുന്നുമുണ്ട്.
ഇപ്പോള്‍ ഇഷ്ടിക നിരത്തിത്തുടങ്ങുന്നു. പരത്തിക്കഴിഞ്ഞ ശര്‍ക്കര അന്തസ്താപം മൂലം തപ്തമായിട്ട് പാഷാണരൂപം ധരിക്കുന്നു എന്നു കാണിക്കാനാണ് ഇഷ്ടിക നിരത്തുന്നത്. ചയനം എന്ന യാഗത്തില്‍ വേദിയില്‍ പാഷാണത്തിന്റെ പ്രതിനിധിയാണ് ഇഷ്ടിക. നിയതമായ ശ്യേനാകാരത്തിലുള്ള വേദിയില്‍ വേറെവേറെ ആകാരത്തിലുള്ളതായ ഇഷ്ടികകള്‍ നിരത്താറുകപതിവാണ്. വിഭിന്നമായ അഭീഷ്ടാകാരത്തില്‍ പാഷാണം ഒരുക്കുക കഷ്ടസാധ്യം ആകയാല്‍ പകരം ഇഷ്ടിക വാര്‍ത്തെടുത്തു നിരത്തുന്നു.
അടുത്തതായി സ്വര്‍ണ്ണം വെക്കണമെന്നു നിര്‍ദ്ദേശിക്കുന്നു. പാഷാണം ഭൂഗര്‍ഭസ്ഥമായ അഗ്നി കൊണ്ടു തപ്തമായിട്ട് ഇരുമ്പു തൊട്ടു സുവര്‍ണ്ണം വരെയുള്ള ധാതുക്കളായി മാറുന്നു. അശ്മനോ ലോഹസമുത്ഥിതം എന്നു മഹാഭാരതം ഉദ്യോഗപര്‍വം. രസാര്‍ണ്ണവതന്ത്രത്തില്‍ (8-99) ലോഹസങ്കരജം ആയ സുവര്‍ണ്ണം (പൈറിറ്റിക് ഗോള്‍ഡ്) വിവരിക്കുന്നു. ധാതൂല്‍പ്പത്തികാലത്തെ ഭൂമിയുടെ സ്ഥിതി കാണിപ്പാനായി ചയനയാഗത്തില്‍ ഹിരണ്യം നിധായ ചേതവ്യം (ശബരഭാഷ്യത്തില്‍ ഉദ്ധൃതമായ ശ്രുതി) എന്നു വിധിക്കുന്നു. രുക്മം ഉപദധാതി എന്നു മൈത്രായണി സംഹിതയിലുമുണ്ട്.
 ഭൂഗര്‍ഭത്തില്‍ അയോഹിരണ്യപര്യന്തം നിര്‍മ്മിതമാകും വരെ  പൃഥ്വിയുടെ മേല്‍ഭാഗം കൂര്‍മ്മപൃഷ്ഠം (ആമയുടെ ഓട്ടി) പോലെ രോമരഹിതം ആയിരിക്കും. പിന്നീട് പൃഥ്വിയില്‍ ഓഷധിയും വനസ്പതിയും മറ്റും മുളയ്ക്കുന്നു. അതിനാല്‍ വേദിയില്‍ ഹിരണ്യം വെച്ചിട്ട് സമിധ അടുക്കുന്നു. അഥവാ ആരണ്യോപല (കാട്ടുകരി) കൂട്ടുന്നു. മഹാവനങ്ങളില്‍ വൃക്ഷശാഖകള്‍ തമ്മില്‍ ഉരുമ്മിയിട്ട് ദാവാഗ്നി ഉണ്ടാകാറുണ്ടല്ലോ. അത് അണഞ്ഞാല്‍ കരി ശേഷിക്കുന്നു. അങ്ങനെയാണ് അഗ്നി വെളിപ്പെടുന്നത് എന്നു കാണിപ്പാനായി രണ്ട് അശ്വത്ഥകാഷ്ഠങ്ങള്‍ (അരണികള്‍) തമ്മിലുരച്ച് അഗ്നി ഉണ്ടാക്കുന്നു. പൃഥ്വിയുടെ മുകള്‍ഭാഗത്ത് അഗ്നി ഒന്നാമത് എങ്ങനെ ഉണ്ടായി എന്നു കാണിപ്പാനായി അരണിയില്‍ നിന്ന് അഗ്നി ഉണ്ടാക്കി.
janmabhumi

No comments: