Saturday, October 19, 2019

നാലു വേദവും ആറു ശാസ്ത്രവും ..!
പത്തു തലയുള്ള രാവണന് നാലു വേദവും ആറുശാസ്ത്രവും അറിയാമായിരുന്നു എന്നും അത് സൂചിപ്പിക്കുന്നതാണ്
പത്തു തല എന്ന് പറയുന്നത് എന്നും നമ്മള്‍ കേട്ടിട്ടുണ്ട് ..!
നാലു വേദം നമുക്കറിയാം ..! ആറു ശാസ്ത്രങ്ങള്‍ ഏതൊക്കെയാണ് ..?
അതിനുള്ള ഒരു ലഘു വിവരണം ആണ് ഇത് ..!
ഷഡാംഗം എന്ന് അറിയപ്പെടുന്ന ഈ ആറു ശാസ്ത്രങ്ങള്‍ പഠിച്ചതിനുശേഷം വേണം വേദം അധ്യയനംചെയ്യേണ്ടത് എന്നാണു വിധി ..!! ശിക്ഷ ,കല്പം ,വ്യാകരണം ,നിരുക്തം ,ഛന്ദസ് ,ജ്യോതിഷം എന്നിവയാണ് ഈ ആറു ശാസ്ത്രങ്ങള്‍ ..! വേദം ശരിയായി ചൊല്ലുന്നതിനു സഹായിക്കുന്നതാണ് ഛന്ദസ്സും ,വ്യാകരണവും ,നിരുക്തവും ,ശിക്ഷയും ..!
അതിന്റെ വൈദിക വിധിയും ,അനുഷ്ട്ടാന കാലവും സൂചിപ്പിക്കുന്നതാണ് കല്പ്പവും ,ജ്യോതിഷവും ..!
വേദത്തെ ഒരു ശരീരമായി (വേദ പുരുഷന്‍ ) സങ്കല്‍പ്പിച്ചാല്‍ ഛന്ദസ് പാദവും,കല്പം കൈകളും ,,ജ്യോതിഷം കണ്ണും ,നിരുക്തം കേഴ്വിയും ,ശിക്ഷ ഘ്രാണവും,,വ്യാകരണം
മുഖവും ആണെന്ന് അമരകോശം പറയുന്നു ..!
ശിക്ഷ ----:തൈത്തീരിയോപനിഷത്തില്‍ ആണ് ഇത് ആദ്യം സൂചിപ്പിക്കുന്നത് ..! ഉപദേശം എന്നാണു വാക്കിന്റെ അര്‍ഥം ..! വേദം പഠിക്കുമ്പോള്‍ ഉച്ചാരണത്തിന്റെ സ്ഥാനം ,സ്വര വ്യഞ്ജനങ്ങള്‍ ,ഉദാത്തം ,അനുദാത്തം,സ്വരിതം ,മുതലായ ശബ്ദ ഭേദങ്ങള്‍ മുതലായവയാണ് ശിക്ഷയിലൂടെ പറയുന്നത് ..! യാജ്ഞവല്‍ക്യ ,പാണിനീയ ,മാണ്‍ഡൂക്യ,നാരദീയ ,ശിക്ഷാ സംഗ്രഹം ഇതില്‍ പെടുന്നു ..! ഇതിനെ പ്രാതിശാഖ്യം എന്ന് പറയുന്നു..! വേദമന്ത്രങ്ങള്‍ക്ക് പാഠഭേദം വരാതിരിക്കാനുള്ള നിയമങ്ങളാണ് ഇത് ..!
കല്‍പ്പം-----:യാഗങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളാണ് കല്‍പ്പം ..! ദക്ഷിണം ,ഗാര്‍ഹപത്യം ,ആഹവനീയം എന്നീ മൂന്നു യാഗാഗ്നികളുടെയും ആരാധനാ ക്രമങ്ങള്‍ ,സോമയാഗം ,അഗ്നിഹോത്രം ,വാജപേയം ,രാജസൂയം ,അശ്വമേധം ,പുരുഷമേധം തുടങ്ങി അനേകം വിധികളിലുള്ള യാഗങ്ങളുടെയും ,അതിന്റെ അനുഷ്ട്ടാനങ്ങളുടെയും പ്രയോഗ വിധികളാണ് ഇതിന്റെ ഉള്ളടക്കം ..!
വ്യാകരണം ------: വേദം പ്രയോഗിക്കുന്ന സമയത്ത് ഏതു
വാക്ക് ഏത് അർത്ഥത്തിൽ എവിടെ പ്രയോഗിക്കണം
എന്ന് വ്യാകരണം സൂചിപ്പിക്കുന്നു..!
പാണിനി ,കാത്യായന്‍,പതഞ്‌ജലി മുതലായ മഹര്‍ഷിമാര്‍ പ്രാതിശാഖ്യത്തിലൂടെ ഇത് വ്യക്തമാക്കിയിട്ടുണ്ട് ..!
പാണിനീയ ത്തി ന്റെ വ്യാഖ്യാനമായ പതഞ്ജലിയുടെ മഹാഭാഷ്യം ഇതില്‍ പെടും ..! ഇവരെ വൈയാകരണന്മാര്‍
എന്ന് പറയുന്നതും ഇതുകൊണ്ടാണ് ..!
നിരുക്തം -------;നിഘണ്ടു എന്ന് തത്വത്തില്‍ പറയാം ..!വേദത്തിലെ ഒരേ പദത്തിനുള്ള അനേകമനേകം അര്‍ത്ഥങ്ങള്‍,അവയുടെ വിവിധ ഫലങ്ങള്‍ ,അവയുടെ പര്യായങ്ങള്‍ ഇതെല്ലാം നിരുക്തത്തില്‍ പെടും ..! ഉദാഹരണത്തിന് :"സാരംഗം "എന്ന പദത്തിന് മുപ്പത്തിയാറ് അര്‍ത്ഥം പറയുന്നു ..! അതില്‍ ശംഖ് ,അരയന്നം എന്നീ അര്‍ത്ഥങ്ങളും ഉണ്ട് ..! ക്ഷേത്ര വാദ്യത്തില്‍ സാരംഗം കയ്യില്‍ എടുത്ത്‌ ഊതുക എന്ന് പറഞ്ഞാല്‍ അരയന്നം എന്ന് മാത്രം അറിയുന്നവന്‍ എന്ത് ചെയ്യും ..? (അത്തരത്തിലാണ് ഇന്ന് കാര്യങ്ങള്‍ സംഭവിക്കുന്നത് എന്നത് സത്യം ) യാസ്ഖ്യ മഹര്‍ഷിയാണ് നിരുക്തത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്‌ ..! നിരുക്ത സഹായം ഇല്ലാതെ മന്ത്രങ്ങളുടെ പാദ പാഠവും അര്‍ത്ഥ ജ്ഞാനവും നിര്‍ണ്ണയിക്കാന്‍ കഴിയില്ല ..!
ഛന്ദസ്---------: ആഹ്ലാദിപ്പിക്കുന്നത് എന്ന് സംസ്കൃത അര്‍ഥം ..! വേദ മന്ത്രങ്ങള്‍ കേട്ടാല്‍ ഒരു ഇമ്പം നമുക്ക് തോന്നും ,അതായത് അതിന്റെ ട്യൂണ്‍ ..! പദ്യത്തില്‍ , കാകളി ,കേക ,മഞ്ജരി തുടങ്ങിയ വൃത്തങ്ങള്‍ നാം പഠിച്ചിട്ടുണ്ട് ..! അതേപോലെ വേദത്തിനും ഉണ്ട് ..! അതിനെ വൈദിക വൃത്തങ്ങള്‍ എന്ന് പറയും ..! മാത്ര അനുസരിച്ചും ,മൂന്ന്‍ അക്ഷരം വീതമുള്ള ഗണങ്ങള്‍ അനുസരിച്ചും ഇത് തരംതിരിക്കുന്നു ..! ത്രിഷ്ട്ടുപ്പ്‌ ,അനുഷ്ട്ടുപ് ,ഗായത്രി ,മുതലായ അനേകം ഛന്ദസ്സുകള്‍ ഉണ്ട് ..! ദുര്‍ഗ്ഗാചാര്യര്‍,പിംഗളാചാര്യര്‍ മുതലായവരുടെ പ്രാമാണിക ഗ്രന്ഥങ്ങള്‍ ഇതിനുണ്ട് ..! ഇത് പഠിക്കാതെ വേദം ചൊല്ലിയിട്ടു യാതൊരു ഫലവുമില്ല ..!
ജ്യോതിഷം -----: വൈദിക അനുഷ്ട്ടാനങ്ങള്‍ നടത്താന്‍ സമയം നിശ്ചയിക്കുക ,അതിനായി സൂര്യ ചന്ദ്രന്‍ മാരുടെയും ,നക്ഷത്രങ്ങളുടെയും ,സ്ഥാനം നിര്‍ണ്ണയിക്കുക ഇതെല്ലാമാണ് ജ്യോതിഷം കൊണ്ട് അര്‍ത്ഥം ആക്കുന്നത് ..! ദേവപ്രശ്നം ,ജാതകം ,തുടങ്ങി ഇന്ന് നമ്മുടെ നാട്ടില്‍ പ്രയോഗിക്കുന്ന ജ്യോതിഷം ഈ വേദാംഗം തന്നെയാണ് ..! പക്ഷെ ഇങ്ങനെ പ്രയോഗിക്കാന്‍ വേദം അനുവാദം തരുന്നുണ്ടോ എന്നത് ചിന്തനീയം ..! ഈ വിഷയത്തിന്റെ (ജ്യോതിഷത്തിന്റെ ) വ്യാപ്തി അറിയാമല്ലോ .? ഈ ആറെണ്ണ ത്തില്‍ ഏറ്റവും എളുപ്പം പഠിക്കാന്‍ പറ്റുന്നത് ജ്യോതിഷം മാത്രമാണ് എന്ന് പറയുമ്പോള്‍ മറ്റുള്ളവയുടെ സങ്കീര്‍ണ്ണത എത്ര മാത്രം ഉണ്ടാകും എന്ന് മനസിലാക്കുക ..!
അടിക്കുറിപ്പ് ------ഇതൊന്നുമറിയാതെ ,തന്റെ മതവും മത ഗ്രന്ഥവും ആണ് ശ്രേഷ്ട്ടം എന്ന് വരുത്തുവാന്‍ ..വേദത്തിലെ ചില വാക്കുകളെ അര്‍ത്ഥം അറിയാതെ ,പ്രയോഗം അറിയാതെ എടുത്ത്‌ ..അതാണ്‌ ..ഇതാണ് എന്നൊക്കെ പറഞ്ഞു വ്യാഖ്യാനിക്കുന്നവരുടെ വിഡ്ഢിത്വം കാണുമ്പോള്‍ ഡോക്റ്റര്‍ ഗോപാലകൃഷ്ണനെ പോലെ അറിവുള്ളവര്‍ പൊട്ടിപൊട്ടിപൊട്ടി ചിരിച്ചു പോകുന്നതും അതുകൊണ്ടാണ് ..!!
 — with AG Anil KumarAshokan EravankaraSanJeev K Nair and 15 others.

No comments: