വൈദികത്തിന്റെ വിവിധ വശങ്ങള്‍
Monday 19 March 2018 2:35 am IST
ദേവതകളുടെ നിര്‍മ്മാണകാര്യമാണ് ദേവനൃത്യം. ദേവതകളുടെ യജ്ഞത്തിന്റെ ആരംഭമാണിത്. ഇപ്പോള്‍ പരമാണുക്കള്‍ ഉയര്‍ന്നു. ഈ തീവ്രരേണുക്കള്‍ ജഡാംശമാണല്ലോ. അവ പിണ്ഡീഭൂതമായി ഉറച്ചപ്പോള്‍, സലിലരൂപം ഇല്ലാതായപ്പോള്‍, ദേവതകളുടെ നൃത്യഗതിക്ക് വിഘാതം നേരിട്ടു. അങ്ങനെ ദേവതകള്‍ അതാതന്റെ നിശ്ചിതസ്ഥാനത്ത് പ്രതിഷ്ഠിതരായി.
സ്വധയില്‍ വ്യാപിച്ചിരിക്കുന്ന ബ്രഹ്മം തപസ്സു തുടങ്ങുന്നു. സ്വധ അംഭസ്സായി മാറി മഹത്ത്വത്തില്‍ പരിണമിക്കുന്നു. സലിലത്തില്‍ ബീജമെന്ന നിലയാണിത്. ഋതവും സത്യവും രൂപം കൊള്ളുന്നു. ഋതത്തില്‍ സത്യം വ്യാപിക്കുന്നു എന്നു താല്‍പ്പര്യം. അപ്പോള്‍ ബ്രഹ്മം ഹിരണ്യഗര്‍ഭനായും പ്രജാപതിയായും ജ്ഞാതമാകുന്നു. സപ്തവ്യാഹൃതിയില്‍ ഈ അവസ്ഥ ഭൂ ആകുന്നു. ഭൂ എന്നു പേരു വരാന്‍ കാരണം ഇപ്പോഴാണ് സത്തയുടെ ബോധം ആരംഭിക്കുന്നത്. ഋഗ്വേദത്തിലെ ഭാഷയില്‍ ഇപ്പോള്‍ ഭാവവൃത്തം തുടങ്ങുന്നു. ഇതിന് വിരാട് സ്വരൂപം എന്നാണ് സംജ്ഞ. വിരാടിന് മാര്‍ത്താണ്ഡം എന്നും നാമാന്തരമുണ്ട്. മൃതമായ അണ്ഡത്തില്‍ പ്രകടമായതിനാല്‍ ഹിരണ്യഗര്‍ഭന് മാര്‍ത്താണ്ഡം എന്ന പേരുണ്ടായി.
ഈ വൃത്താന്തം ഉപാഖ്യാനരൂപത്തില്‍ വര്‍ണ്ണിതമാണ്- കശ്യപനെന്ന പേര് ബ്രഹ്മത്തിന്റേതാണ്. അതില്‍ അദിതി വെളിപ്പെട്ടു. ദോ അഖണ്ഡനേ എന്ന ധാതുവില്‍ നിന്ന് അദിതിശബ്ദം നിഷ്പന്നമായി. അഖണ്ഡിതമായതാണ് അദിതി. അദിതി (സ്വധാ) യ്ക്ക് എട്ട് പുത്രന്മാരുണ്ടായി. അവരിലൊരുവനാണ് ദക്ഷന്‍ അഥവാ മാര്‍ത്താണ്ഡന്‍. മാര്‍ത്താണ്ഡം ശക്തിയുടെ അക്ഷയ്യമായ ഭണ്ഡാരമാണ്. എങ്കിലും ആ ശക്തി ഗുപ്ത (ലേറ്റന്റ്) ആകുന്നു. അതിനാലാണ് ഹൈമാണ്ഡത്തിന് മാര്‍ത്താണ്ഡം എന്ന പേരുണ്ടായത്.
ഗുപ്തശക്തിയുടെ കാര്യസിദ്ധിക്കായി വേറെ ഏഴു പുത്രന്മാര്‍ ഉണ്ടാകുന്നു. അഗ്നി, സോമന്‍, മിത്രാവരുണന്മാര്‍, സവിതാ, ബൃഹസ്പതി, ഇന്ദ്രന്‍, വിശ്വേദേവന്മാര്‍ ഇവരാണ് ഏഴു പുത്രന്മാര്‍. ഈ ഏഴു ശക്തികളേയും സൃഷ്ടിച്ച ശേഷം അദിതി (വ്യാപ്തമായ ബ്രഹ്മം) ലേറ്റന്റ് ശക്തികളുടെ പരമസ്രോതമായ മാര്‍ത്താണ്ഡത്തെ ബ്രഹ്മാണ്ഡത്തിന്റെ നടുക്കു വെച്ചിട്ട്, തന്റെ ഏഴു പുത്രന്മാരുടേയും സഹായത്താല്‍ വിശ്വനിര്‍മ്മാണത്തിന് ഏര്‍പ്പാടു ചെയ്തു. ശക്തിയുടെ ഏഴു രൂപത്തിന് ദേവതയെന്നു പേരിട്ടു.
ദേവതകളുടെ നിര്‍മ്മാണകാര്യമാണ് ദേവനൃത്യം. ദേവതകളുടെ യജ്ഞത്തിന്റെ ആരംഭമാണിത്. ഇപ്പോള്‍ പരമാണുക്കള്‍ ഉയര്‍ന്നു. ഈ തീവ്രരേണുക്കള്‍ ജഡാംശമാണല്ലോ. അവ പിണ്ഡീഭൂതമായി ഉറച്ചപ്പോള്‍, സലിലരൂപം ഇല്ലാതായപ്പോള്‍, ദേവതകളുടെ നൃത്യഗതിക്ക് വിഘാതം നേരിട്ടു. അങ്ങനെ ദേവതകള്‍ അതാതന്റെ നിശ്ചിതസ്ഥാനത്ത് പ്രതിഷ്ഠിതരായി.
പ്രാജാപത്യയജ്ഞം- ഹിരണ്യഗര്‍ഭനും, വിരാടും, പുരുഷനും, പ്രജാപതിയും എല്ലാം യജ്ഞരൂപിയായ സ്രഷ്ടാവിന്റെ പേരാണ്. വിരാട്പുരുഷന്റെ വിശ്വസര്‍ജനകര്‍മ്മത്തിന്റെ പേരാണ് പ്രാജാപത്യം. ആദിമമായ യജ്ഞം അതാകുന്നു. ഋഗ്വേദം പത്താം മണ്ഡലം നൂറ്റിമുപ്പതാം സൂക്തം പ്രാജാപത്യയജ്ഞത്തിന്റെ വര്‍ണ്ണനയാണ്. അതില്‍ പരപ്പേറിയ വസ്ത്രത്തെ രൂപകം ആക്കിക്കൊണ്ട് വിശ്വസൃഷ്ടി വിവരിക്കുന്നു.
ആ വസ്ത്രത്തിന്റെ കുറുക്കും, നെടുക്കുമുള്ള നൂലുകള്‍ നാലുചുറ്റും നിന്ന് നെയ്തു ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. അസംഖ്യം ദിവ്യദ്രവ്യങ്ങള്‍ കൊണ്ട് നെയ്തുചേര്‍ത്ത് പരത്തിയതാണിത്. അതിവിസ്തൃതമായ ഈ യജ്ഞത്തിന്മേല്‍ സര്‍ജനശക്തികള്‍ വന്നിരുന്നിട്ട് നെയ്യുവിന്‍ അഴിക്കുവിന്‍ എന്ന് ആജ്ഞാപിച്ചുകൊണ്ടിരിക്കുന്നു. ഈ ഋക്കില്‍ ദൃശ്യസൃഷ്ടിയേയും സൃഷ്ടിരചനയേയും, രണ്ടിനേയും, യജ്ഞം എന്നു പറയുന്നു.
അടുത്ത ഋക്ക് തുടരുന്നു- പുരുഷന്‍ (പ്രജാപതി) ഇതിനെ (യജ്ഞരൂപമായ വസ്ത്രത്തെ) പരത്തുന്നു, ചുരുട്ടുന്നു. പുരുഷന്‍ (കര്‍മ്മഫലം തരുന്നതായ) ഈ ലോകത്തില്‍ അതു പരത്തി. ഈ (സൃഷ്ടിനിയമമാകുന്ന) കിരണങ്ങള്‍ ദേവയജനമാകുന്നതിലിരിക്കുന്നു. അവയ്ക്കു നെയ്യാന്‍ വേണ്ടി സാമമന്ത്രങ്ങളാകുന്ന നാളങ്ങള്‍ ഉണ്ടാക്കി. പ്രഥമമായ ഈ യജ്ഞം പ്രജാപതി തന്നെ ചെയ്തു.
ദേവതകളെ സൃഷ്ടിക്കും മുമ്പ് അവ്യക്തമായിരുന്ന പ്രകൃതിതത്വത്തെ, കൊല്ലന്‍ പച്ചിരുമ്പ് തീയില്‍ കാച്ചി, അടിച്ചുപരത്തി പദാര്‍ത്ഥങ്ങള്‍ ആക്കുംപോലെ, വിരാട്പുരുഷന്‍ തപസ്സില്‍ തപിപ്പിച്ച് വ്യക്തരൂപം ഉണ്ടാക്കി. ദേവതകള്‍ രൂപമെടുത്തു തുടങ്ങിയ കാലത്ത് ഒന്നാമത് വ്യക്തതയില്‍ നിന്നും ദിശകള്‍ ഉണ്ടായി. ദിക്കുകള്‍ ഉണ്ടായതോടെ രൂപത്തിന് അതിരുകള്‍ കിട്ടി. അനന്തരം തുടര്‍ന്ന് ഉന്നതപദം (നഭസ്സ്) ഉണ്ടായി. അതില്‍നിന്നു ഭൂമിയും അതിന്റെ ദിശകളും പ്രകടമായി. അതിനു ശേഷം അഖണ്ഡബ്രഹ്മാണ്ഡവും, ബ്രഹ്മാണ്ഡവ്യാപിയായ ദക്ഷപ്രജാപതി (ബലയുക്തനായ വിരാട്പുരുഷന്‍) ജ്ഞാനവിഷയമായി.
ദക്ഷപ്രജാപതിയുടെ സന്തതിയായ അദിതിയില്‍ നിന്നു ദേവതകള്‍ ഉടലെടുത്തു. ഇങ്ങനെ പ്രജാപതി സ്വയം തന്നില്‍ത്തന്നെ ചെയ്ത യജ്ഞഫലമായി ദേവതകള്‍ സൃഷ്ടിക്കപ്പെട്ടു. ഈ ദേവതകള്‍ നിത്യനായ വിരാട്പുരുഷന്റെ അംഗം പോലെ ബന്ധിക്കപ്പെട്ടവയാകുന്നു. ഇങ്ങനെ സൃഷ്ടിയജ്ഞത്തിലേര്‍പ്പെട്ട ബ്രഹ്മം തന്നില്‍ എല്ലാറ്റിനേയും, എല്ലാറ്റിലും തന്നെയും ഹോമിച്ചുകൊണ്ട് വിശ്വരൂപം പൂണ്ടു. വിരാട്പുരുഷന്റെ സര്‍വമേധയജ്ഞം നിമിത്തം വിശ്വം ഉണ്ടായെന്നും, വിശ്വത്തില്‍ പുരുഷന്‍ നിറഞ്ഞിരിക്കുന്നു എന്നും അറിഞ്ഞു കഴിഞ്ഞാല്‍ പ്രാജാപത്യയജ്ഞമെന്ന പ്രഥമയജ്ഞത്തിന്റെ രഹസ്യം ഗ്രഹിച്ചു കഴിയും.
ദേവതകളുടെ യജ്ഞം- ഋഗ്വേദം പത്താം മണ്ഡലം തൊണ്ണൂറാം സൂക്തം വിരാട്പുരുഷന്റെ വിശ്വരൂപാത്മകത്വസര്‍ജനമെന്ന പുരുഷമേധയജ്ഞം വര്‍ണ്ണിക്കുന്നു. യജ്ഞശബ്ദം സൃഷ്ടികര്‍മ്മവും, സൃഷ്ടിക്കുന്നവനും, സൃഷ്ടിയും എന്ന മൂന്ന് അര്‍ത്ഥത്തിലും പ്രയുക്തമാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. സൃഷ്ടി എന്ന വിശ്വത്തെ പുരുഷനായി സങ്കല്‍പ്പിച്ചിട്ട്, പുരുഷന്റെ (പ്രജാപതിയുടെ) മനസ്സില്‍ നിന്നു ചന്ദ്രനും നേത്രത്തില്‍ നിന്നും സൂര്യനും മുഖത്തു നിന്ന് ഇന്ദ്രനും അഗ്നിയും പ്രാണനില്‍ നിന്നും വായുവും ഉണ്ടായെന്നു സങ്കല്‍പ്പിക്കുന്നു. അതായത് വിശ്വരൂപിയായ പ്രജാപതിയുടെ അംഗങ്ങളായി ഇവയെ സങ്കല്‍പ്പിക്കുന്നു.
പ്രജാപതിയുടെ അംഗങ്ങളാണ് ദേവതകള്‍ എന്ന് സങ്കല്‍പ്പിച്ചതുപോലെ, ലോകങ്ങളേയും അംഗങ്ങളായി സങ്കല്‍പ്പിക്കുന്നു. നാഭി അന്തരീക്ഷലോകവും ശിരസ്സ് ദ്യുര്‍ലോകവും പാദങ്ങള്‍ ഭൂലോകവും ശ്രോത്രങ്ങള്‍ ദിശകളും എന്നു കല്‍പ്പിതമായി. വിരാട്പുരുഷന്റെ ഓരോ അംഗവും ഇപ്പറഞ്ഞവ ആണെന്നതാണ് താല്‍പ്പര്യം. ഇവ ഉണ്ടായെന്നു പറഞ്ഞത് യജ്ഞമെന്ന സര്‍ജനകര്‍മ്മത്തെ മനസ്സില്‍ വെച്ചുകൊണ്ട്, യജ്ഞത്തിന്റെ പരിണാമമായി വിശ്വപുരുഷന്റെ മഹിമാരൂപമായ അംഗങ്ങള്‍ വെളിപ്പെട്ടു എന്നു വ്യക്തമാക്കാനാകുന്നു.
പ്രജാപതിയുടെ അംഗങ്ങളായ ദേവതകള്‍ പ്രജാപതിയുടെ യജ്ഞം തുടരുന്നു. വിരാട് ആകുന്ന ഹവിസ്സു കൊണ്ട് ദേവതകള്‍ യജ്ഞം പരത്തിയപ്പോള്‍ ഇതിന്റെ ആജ്യം വസന്തഋതുവും ഇന്ധനം ഗ്രീഷ്മഋതുവും ഹവിസ്സ് ശരദ് ഋതുവുമായി. ആദിയില്‍ പ്രകടമായ വിരാടിനെ ദേവതകള്‍ അന്തരീക്ഷത്തില്‍ മഴ കൊണ്ട് പ്രോക്ഷിച്ചു. വസന്തം ആജ്യവും ഗ്രീഷ്മം ഇന്ധനവും ശരത് ഹവിസ്സുമായ യജ്ഞത്തിന്റെ ഹവ്യപദാര്‍ത്ഥങ്ങളെ വൃഷ്ടിയിലൂടെ അന്തരീക്ഷത്തില്‍ പ്രോക്ഷണം ചെയ്തു എന്നാണ് അതിനര്‍ത്ഥം. ആ ഹവ്യം കൊണ്ട് മുന്‍കല്‍പ്പത്തിലെ യജ്ഞം നിര്‍വഹിച്ചവരായ സാധ്യദേവതകളും ദിവ്യദേവതകളും ദിവ്യരശ്മികളും യജ്ഞം ചെയ്തു.
janmabhumi
No comments:
Post a Comment