Saturday, October 19, 2019

സര്‍വം ശിവമയം

Saturday 19 October 2019 2:48 am IST
മന്ത്രരാജാവാണ് നമഃശിവായ എന്ന പഞ്ചാക്ഷരി. സര്‍വകാമങ്ങളും മുക്തി ഭുക്തികളും പ്രദാനം ചെയ്യുന്ന മന്ത്രം. ബ്രഹ്മലോകത്തില്‍ ബ്രഹ്മനന്ദനനായ തണ്ഡി, സഹസ്രനാമത്താല്‍ ശ്രീപരമേശ്വരനെ പൂജിച്ചു. ദിവ്യാവതാര പുരുഷന്മാരും ദിവ്യന്മാരും ഋഷികളും രാജാക്കന്മാരും എന്നു വേണ്ട, സമസ്തരും ശിവനെ ആരാധിച്ച് പൂജിക്കുന്നു. 
മഹാവിഷ്ണു വസുദേവപുത്രനായി അവതരിച്ചപ്പോള്‍ ശിവനെ പൂജിക്കുകയും അദ്ദേഹത്തിന്റെ പ്രീതിക്ക് പാത്രമാവുകയും ചെയ്തു. മഹാദേവപ്രീതിയാല്‍ ശ്രീകൃഷ്ണന് സാംബന്‍ എന്ന പുത്രന്‍ ജനിച്ചു. ശ്രീരാമന്‍  ശിവനെ തപസ്സു ചെയ്ത് വില്ലും ജ്ഞാനവും  കരസ്ഥമാക്കുകയും ചെയ്തു. സമുദ്രത്തില്‍ ചിറകെട്ടാനും ലങ്കയില്‍ ചെന്ന് രാവണനെ വധിച്ച്  സീതയെ വീണ്ടെടുക്കാനും അവതാര പുരുഷനായ ശ്രീരാമചന്ദ്രന് സാധിച്ചത് മഹാദേവ കാരുണ്യത്തിലാണ്. 
ഇന്ദ്രന്റെ ശാപമേറ്റ ദേവലന്‍ എന്ന മുനി വിശ്വാസപൂര്‍വം ലിംഗാര്‍ച്ചന ചെയ്തപ്പോള്‍ കാമങ്ങളെല്ലാം സാധിച്ചു. വസിഷ്ഠശാപത്താല്‍ മാനായി തീര്‍ന്ന മനുപുത്രന് ശിവസ്മരണയുടെ ഫലമായി മാന്‍മുഖം നീങ്ങുകയും ശിവഗണമായി തീരുകയും ചെയ്തു. ഗര്‍ഗ മഹര്‍ഷിക്ക് ആയിരം പുത്രന്മാരെ നല്‍കി അനുഗ്രഹിച്ചു. പരാശരമഹര്‍ഷിയില്‍ സംപ്രീതനായ ഭഗവാന്‍ അദ്ദേഹത്തിന് ജരാമരണങ്ങളില്ലാത്ത വേദവ്യാസനെന്ന പുത്രനെ നല്‍കി അനുഗ്രഹിച്ചു
ശിവമൂര്‍ത്തി തന്നെയാണ് ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍ എന്നീ നാമധേയങ്ങളില്‍ അറിയപ്പെടുന്നത്. സര്‍വേശ്വരനായ മഹേശ്വരന്‍ സൃഷ്ടി കര്‍മങ്ങള്‍ക്കായി ബ്രഹ്മാവിനേയും ലോകപാലനത്തിനായി വിഷ്ണുവിനേയും സൃഷ്ടിച്ച് നിയോഗിച്ചു. ആസുരശക്തികള്‍ കൊടികുത്തി വാഴുമ്പോള്‍ അവരുടെ ഉന്മൂലനാശം വരുത്തുവാന്‍ പല അവതാരങ്ങളും സ്വീകരിച്ച് ലോകപാലനം നിര്‍വഹിക്കേണ്ട ചുമതലയും വിഷ്ണുവിനാണ് നല്‍കിയത്. സംഹാരത്തിന്റെ കാര്യം ശിവഭഗവാന്‍ രുദ്രന്‍ എന്ന നാമധേയം സ്വീകരിച്ച് സ്വയം നിര്‍വഹിക്കുന്നു. 
ദേവദാനവമാനവരെല്ലാം പരമാത്മാവായ ജഗദീശ്വരന്റെ അധീനതയിലാണ്. ശിവമായ സര്‍വത്ര വ്യാപിച്ചിരിക്കുന്നു. നാലുവേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍, ധര്‍മശാസ്ത്രം, ധനുര്‍വേദം, ഗാന്ധര്‍വം, അര്‍ഥശാസ്ത്രം, ആയുര്‍വേദം തുടങ്ങി പതിനെട്ടു വിദ്യകള്‍ക്കും ഗുരുവാണ് ശിവഭഗവാന്‍. അഷ്ടമൂര്‍ത്തി സ്വരൂപനാണ് ശിവഭഗവാന്‍. സൂര്യന്‍, ചന്ദ്രന്‍, ആത്മാവ്, ഭൂമി, ജലം, വായു, ആകാശം, അഗ്നി എന്നീ രൂപങ്ങളോട് കൂടിയ ശിവഭഗവാനെ പ്രപഞ്ചത്തില്‍ എല്ലായിടത്തും നമുക്ക് ദര്‍ശിക്കാന്‍ കഴിയും. അതു കൊണ്ട് ഭഗവാന്‍ സര്‍വത്ര നിറഞ്ഞു നില്‍ക്കുന്നു. 
നിര്‍ഗുണനായ പരമാത്മ ചൈതന്യത്തില്‍ നിന്ന് ആദ്യം 'ശിവന്‍'  ഉണ്ടായി. ആ ശിവനില്‍ നിന്ന് 'പുരുഷനും' 'പ്രകൃതി' യും ഉണ്ടായി. പുരുഷനും പ്രകൃതിയും സര്‍വത്ര വ്യാപിച്ചു കിടക്കുന്ന ജലത്തില്‍ തപസ്സ് ചെയ്ത് പുരുഷന്‍ 'നാരായണന്‍'  എന്നും പ്രകൃതി 'നാരായണി' അഥവാ 'മായ'  എന്നും അറിയപ്പെടുന്നു. 

No comments: