Monday, October 21, 2019

ഒരു വര്‍ഷം തുടര്‍ച്ചയായി കഞ്ചാവു വലിച്ചു കഴിയുമ്പോള്‍ അടുത്ത വര്‍ഷം അതിന്റെ ഇരട്ടി വലിക്കണം. എങ്കിലേ ആദ്യം ലഭിച്ചതുപോലുള്ള സന്തോഷം കിട്ടുകയുള്ളൂ. നാലഞ്ചു വര്‍ഷംകൂടി കഴിയുമ്പോള്‍ എത്ര വലിച്ചാലും ഒന്നുമാവില്ല. പിന്നെ വികൃതരൂപമായി, വിറയലായി. അവസാനം തളര്‍ന്നുവീഴും. അവരെ ശുശ്രൂഷിക്കാന്‍ വേറെ ആളു വേണം. കുത്തിവച്ച് സംതൃപ്തി നേടുന്നവരുണ്ട്. ആദ്യത്തേതുപോലുള്ള സംതൃപ്തി കിട്ടുവാന്‍ ഓരോ വര്‍ഷം കഴിയുന്തോറും കുത്തിവെയ്പിന്റെ എണ്ണം വര്‍ധിപ്പിക്കണം. അവസാനം എത്ര എടുത്താലും ഫലമില്ല, എത്ര കുത്തിവച്ചാലും ശരീരത്തിലേല്‍ക്കാതെയാവും. കൂടാതെ തലയ്ക്ക് സ്ഥിരമില്ലാതാവുകയും ചെയ്യും. ഈ വസ്തുക്കളൊക്കെയായിരുന്നു ആനന്ദം തന്നിരുന്നതെങ്കില്‍ കഞ്ചാവുകൊണ്ടോ ഒരു ഇഞ്ചക്ഷന്‍കൊണ്ടോ, എപ്പോഴും ആനന്ദം ലഭിക്കേണ്ടതല്ലേ? അതില്ല. എന്നാല്‍, ഈ മരുന്നുകള്‍ ശരീരത്തില്‍ ചെന്നിട്ട് എന്താണ് ചെയ്യുന്നത്? തലയിലെ ഞരമ്പുകളെ മരവിപ്പിക്കുന്നതിലൂടെ ഏതോ ഒരു ലോകത്തിലേക്ക് പോകുന്നതായി തോന്നുന്നു. അപ്പോള്‍ തോന്നും അത് ആനന്ദമാണ്. എല്ലാം മറക്കുവാന്‍ കഴിയുന്നു എന്ന്. അവസാനം നൂറു വയസ്സുവരെ ജീവിക്കേണ്ടവന്‍ ഇരുപത്തഞ്ചാം വയസ്സില്‍ മരിക്കുന്നു. അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നു. ഇങ്ങനെ ജീവിക്കുന്നതുകൊണ്ട് ലോകത്തിനെന്തെങ്കിലും പ്രയോജനമുണ്ടോ? ദ്രോഹം മാത്രമേയുള്ളൂ. അവരെ ഓര്‍ത്ത് മാതാപിതാക്കള്‍ ദുഃഖിക്കുന്നു. കുടുംബം കണ്ണുനീരില്‍ ജീവിക്കുന്നു. ലഹരിക്കടിമപ്പെട്ട് നാട്ടില്‍ ബഹളം വയ്ക്കുന്നവര്‍ക്ക് അതില്‍നിന്നൊക്കെ ആനന്ദം കിട്ടുന്നുവെങ്കിലോ, സ്വന്തം സുഖമെങ്കിലും ലഭിക്കുന്നുവെങ്കിലോ പ്രശ്‌നമില്ല. പക്ഷേ, അവരും സ്വയം നശിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പ്രവൃത്തികളും ദ്രോഹമാകുന്നു. മാതാപിതാക്കള്‍ക്ക് ദുഃഖം. സമൂഹത്തിനും ദുഃഖം. ഇതാണ് ഇന്നത്തെ മിക്ക യുവാക്കളും സമൂഹത്തിനുവേണ്ടി ചെയ്യുന്നത്!
Amma

No comments: