Friday, October 25, 2019

പൗരാണിക ഭാരതത്തിന്റെ അടിസ്ഥാനശിലകള്‍

Friday 25 October 2019 2:57 am IST

ഹൈന്ദവസമൂഹം കാലങ്ങളായി നേരിടുന്ന ചില പ്രശ്‌നങ്ങള്‍ വ്യവഛേദിച്ച് അറിയേണ്ടത് വര്‍ത്തമാന സാഹചര്യങ്ങളില്‍ അനിവാര്യമാണ്. ചരിത്രവുമായി താരതമ്യപ്പടുത്തുമ്പോഴാണ് അതിന്റെ പ്രസക്തി ബോധ്യമാകുന്നത്. 
മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിലപാടുകളോട് വിയോജിപ്പുകള്‍ ഏറെയുണ്ടെന്നത് യാഥാര്‍ഥ്യം. എങ്കിലും ഇന്ത്യയെ കണ്ടെത്തല്‍  എന്ന ഗ്രന്ഥത്തിലെ ചരിത്ര വസ്തുതകള്‍ ഭാരതീയരെല്ലാം വായിച്ചിരിക്കേണ്ടതാണ്. നാലോ അഞ്ചോ വാചകങ്ങളിലായി അത് ഇങ്ങനെ സംഗ്രഹിക്കാം. 
 1. ചരിത്രാതീത കാലം തൊട്ടേ ഭാരതം, പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ പ്രദേശങ്ങള്‍ നിരന്തര വൈദേശികാക്രമണങ്ങള്‍ക്ക് വിധേമായിട്ടുണ്ട്. അത്തരം ആക്രമണങ്ങളാല്‍ ശിഥിലമാക്കപ്പെട്ടിരുന്നു ഹിന്ദുരാജഭരണങ്ങളെല്ലാം. 
2. ഈ ആക്രമണങ്ങളുണ്ടാക്കിയ അസ്ഥിരത മുഗള്‍സാമ്രാജ്യസ്ഥാപനം വരെ തുടര്‍ന്നു പോന്നു. 
 3. പിന്നീട് രണ്ടു ഹിന്ദു രാഷ്ട്രങ്ങള്‍ 
(വിജയനഗര സാമ്രാജ്യവും ശിവജിയുടെ മറാത്തയും)  ഈ  കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുകയും ക്രമേണ ശത്രുക്കളാല്‍ നശിപ്പിക്കപ്പെട്ട് ചരിത്രത്തില്‍ നിന്ന് അവ അപ്രത്യക്ഷമാകുകയും ചെയ്തു. 
 4. പശ്ചിമഘട്ടത്തിന്റെ പ്രകൃതിദത്ത കവചമുണ്ടായിരുന്നതിനാല്‍ സാമൂതിരിപ്പാടും കൊച്ചി, തിരുവിതാംകൂര്‍ രാജാക്കന്മാരും ഭാഗിക സ്വതന്ത്രരായി അവശേഷിച്ചു. 
 5. ഈ സാഹചര്യത്തിലാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രംഗപ്രവേശം. 
(വാസ്‌കോഡ ഗാമ അതിനും എത്രയോ മുമ്പു തന്നെ ഇവിടെയെത്തിയിരുന്നു). തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിക്കുന്നതു വരെ തുടര്‍ന്നു. 
തുടര്‍ന്നുള്ള ചരിത്രം നമുക്ക് ഏതാണ്ടൊക്കെ പരിചിതമാണ്. പൂര്‍ണമായി തുടച്ചു മാറ്റാനാകാതെ ഇന്നും തുടരുന്ന ജാതിവ്യവസ്ഥയ്ക്ക് ഭാരതത്തെ കളങ്കിതമാക്കിയതില്‍ നിര്‍ണായക പങ്കുണ്ട്. അതിത്രയും സങ്കീര്‍ണമായത് ശരിയായ രീതിയില്‍ മനസ്സിലാക്കാതെപോയതുകൊണ്ടാണ്. പൗരാണിക ഭാരതത്തില്‍ അന്നത്തെ സാമൂഹിക ഘടനയില്‍ സ്ഥാനങ്ങള്‍ക്ക്  അനുസൃതമായ വളര്‍ച്ചയ്ക്കായി ചിട്ടപ്പെടുത്തിയ ശാസ്ത്രീയ പദ്ധതിയായിരുന്നു ചാതുര്‍വര്‍ണ്യം. 
വിദേശങ്ങളിലേതു പോലെ നിറമോ, തൊഴിലോ മാത്രം അടിസ്ഥാനമാക്കിയായിരുന്നില്ല ആ വിഭജനം. ഓരോ മനുഷ്യന്റെയും മാനസിക ഗുണത്തിന് അനുസരിച്ച് സ്വയം രൂപപ്പെടുന്നതില്‍ നിന്നുള്ള വ്യത്യസ്ഥതയായിരുന്നു അത്. കാലക്രമേണ അത് കുടുംബവഴക്കമായി മാറി. അതിന് നൈസര്‍ഗികത നഷ്ടമായി. മനുഷ്യകുലത്തിന്റെ   വളര്‍ച്ചയ്ക്കു വേണ്ടി, സങ്കല്‍പ്പിക്കപ്പെട്ട ചാതുര്‍വര്‍ണ്യ വ്യവസ്ഥ ദുര്‍വ്യാഖ്യാനവും  ദുരുപയോഗവും മൂലം അധഃപതിച്ചു. അങ്ങനെയൊരു കാലത്തെക്കുറിച്ചു മാത്രമേ നമ്മള്‍ അറിഞ്ഞിട്ടുള്ളൂ. എന്നാല്‍ യാഥാര്‍ഥ്യം അതായിരുന്നില്ല. നിരന്തര യുദ്ധങ്ങളെ തുടര്‍ന്ന് രാജഭരണങ്ങള്‍ ശിഥിലമാകുകയും കൂട്ടപലായനങ്ങളും അസ്ഥിരതയും അരങ്ങുവാഴുകയും ചെയ്യുമ്പോള്‍ അന്നുവരെ ഉയര്‍ന്ന സ്ഥാനം കിട്ടിയിരുന്നവര്‍
പോലും സ്ഥാനം നിലനിര്‍ത്താന്‍ പാടുപെടുന്ന അവസ്ഥയായിരുന്നു. ഈയൊരു സാഹചര്യത്തില്‍ എങ്ങനെയാണ് അതുവരെ മുഖ്യധാരയിലെത്താതെ പോയ അടിസ്ഥാന ഗോത്രങ്ങളുടെ വളര്‍ച്ച സാധ്യമാകുക? അതായത് ഭാരതത്തിലെ അടിസ്ഥാന ഗോത്രങ്ങളുടെ വളര്‍ച്ച നിലച്ചിട്ട്  നൂറ്റാണ്ടുകളായെന്ന് അര്‍ഥം.  
അതിനു കാരണം ഹിന്ദുധര്‍മശാസ്ത്രങ്ങളല്ല. മറിച്ച് വൈദേശികാക്രമണങ്ങളാല്‍ ഹൈന്ദവശാസ്ത്ര പാരമ്പര്യങ്ങള്‍ക്കു പറ്റിയ തകര്‍ച്ചയാണ്. ഈയൊരു  ചരിത്രം മനസ്സിലാക്കാതെ പോയതോടെയാണ് അടിസ്ഥാന വര്‍ഗ വികസനം ക്രിയാത്മകമായി സാധ്യമാക്കുന്നതില്‍ വീഴ്ച പറ്റിയത്. സ്വാതന്ത്ര്യാനന്തരം, ഇടതുപക്ഷക്കാരും സോഷ്യലിസ്റ്റുകളും തങ്ങളുടെ ഇസങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിച്ച് വിഷയത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ അപ്രസക്തമാക്കി. ഭാരതത്തിലെ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരുമെല്ലാം ഇവിടെത്തന്നെയുള്ള ഗോത്രങ്ങളില്‍ നിന്നുള്ളവരും ക്രിസ്തുമതവും ഇസ്ലാംമതവുമെല്ലാം ഇവിടെ എത്തുന്നതിനു മുമ്പ് ഇവിടെയെത്തിയ വിദേശഗോത്രങ്ങളില്‍ നിന്നുള്ളവരും കൂടിചേര്‍ന്നുള്ളതാണ്. 
ഈ വസ്തുത ഉള്‍ക്കൊണ്ടെങ്കിലേ ജാതിപ്രശ്‌നത്തിന്റെ അടിത്തറ എന്തെന്ന് ബോധ്യപ്പെടൂ. കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതി വിശകലനം ചെയ്താല്‍ ഇത് കൂടുതല്‍ വ്യക്തമാകും. ഇവിടെയുള്ള ബ്രാഹ്മണരും വൈശ്യരും നായരും  ശൂദ്രരുമെല്ലാം ഇവിടെത്തന്നെയുള്ള മുക്കുവര്‍, പറയര്‍, 
പാണര്‍, ഈഴവര്‍, മണ്ണാന്‍, വേലന്‍, പരമശാലിയന്‍, പുലയന്‍, കണക്കന്‍, കള്ളാടി, കുറിച്യര്‍ തുടങ്ങിയ നിരവധി ഗോത്രങ്ങളില്‍ നിന്നുള്ളവരും പുറത്തുനിന്നു വന്ന ഗോത്രങ്ങളിലുള്ളവരും കൂടിച്ചേര്‍ന്നവരാണെന്ന് മനസ്സിലാക്കാം. ചില മേല്‍ത്തട്ടു ജാതിക്കാര്‍ക്ക് ഇത് മനഃചാഞ്ചല്യമുണ്ടായേക്കാം. എന്നാല്‍ അടിസ്ഥാനവര്‍ഗങ്ങളില്‍ ഇത് ആത്മവിശ്വാസമുണ്ടാക്കും. ജാതിക്കറയകറ്റാന്‍ സഹായിക്കും. 

No comments: