ഞാൻ, എന്റെ, എന്നെ, എന്നോട്, എനിയ്ക്കുവേണ്ടി, എന്നെക്കൊണ്ട്, എന്നിലൂടെ... ഇതിനെ ചുറ്റിപ്പറ്റിയാണ് ഞാൻ സഞ്ചരിക്കുന്നത്, അതിനോടു ചേർന്നു നിൽക്കുന്നൊരു ലോകത്തെ ഞാൻ ഉണ്ടാക്കി, അതിൽ കിടന്നു ഞാൻ കളിച്ചുകൊണ്ടിരിക്കുകയാണ്.
കുറച്ചു വർഷങ്ങൾ ഞാനൊരു വാടകവീട്ടിൽ താമസിച്ചു; അത്രയും വർഷം ആ വീട് മാറാല പിടിച്ചും പൊട്ടിയും പൊളിഞ്ഞും കിടന്നപ്പോൾ എനിയ്ക്കു പ്രത്യേകിച്ചൊരു വിഷമവുമുണ്ടായില്ല. എന്നാൽ ഒരു മാസം മുമ്പ് ഞാനാ വീട് പണം കൊടുത്തു വാങ്ങി എന്റെ പേരിൽ രജിസ്റ്റർ ചെയ്തു, പിന്നെ ഞാൻ മാറാല തൂത്തു വൃത്തിയാക്കുകയും പുതിയ ടൈലിടുകയും പെയ്ന്റടിക്കുകയുമൊക്കെ ചെയ്തു. എന്തു പറ്റി... ഇപ്പൊ ആ വീട് എന്റേതാണ്, അപ്പൊ അതിനോട് പ്രത്യേക ഒരു പ്രിയം.
എന്റെ ഇഷ്ടത്തിനനുസരിച്ചു നടന്നുകൊണ്ടിരിക്കുന്ന എല്ലാറ്റിനോടും എനിയ്ക്കു പ്രിയം, ഇഷ്ടത്തിനനുസരിച്ചു നടക്കാത്തതിനോട് വിരോധം.
എനിയ്ക്കു സന്തോഷത്തിനിടവരുമെന്നു കരുതുന്ന കാര്യത്തിനായി ഞാൻ കർമ്മം ചെയ്യുന്നു, എനിയ്ക്കു ദുഃഖം വരുത്തുമെന്നു കരുതുന്ന കാര്യങ്ങളിൽ നിന്നും ഞാൻ വിട്ടുനിൽക്കാനും ശ്രമിക്കുന്നു.
''രാഗദ്വേഷ കർതൃഭോക്തൃ രൂപം ജഗത്ത്'' എന്ന് ആചാര്യസ്വാമികൾ എത്ര ഭംഗിയായിട്ടാണ് വളരെ ചുരുക്കി വർണ്ണിച്ചിരിക്കുന്നത്.
sudha bharat
No comments:
Post a Comment