ആഹാരം അഗ്നിഹോത്ര സങ്കല്‍പത്തോടെ
Sunday 20 October 2019 3:06 am IST
ആദരാധികരണം
ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്. പ്രാണാഹുതിയെപ്പറ്റി ചര്‍ച്ച ചെയ്യുന്നു.
സൂത്രം- ആദരാത്
ആദരം കാണിച്ചിട്ടുള്ളതിനാല്‍ അഗ്നിഹോത്രത്തിന് ലോപം സംഭവിക്കുകയില്ല.
ശ്രുതിയ്ക്ക് പ്രണാഹുതിയോടുള്ള ആദരവിനെയാണ് ഇവിടെ കാണിക്കുന്നത്.
ഈ അധികരണത്തില്‍ പ്രാണാഹുതിയെ അഗ്നിഹോത്രവുമായി ബന്ധപ്പെടുത്തിയാണ് വിചാരം ചെയ്യുന്നത്. ഛാന്ദോഗ്യോപനിഷത്തില്‍ വൈശ്വാനര വിദ്യയില്‍ നാം ആദ്യം കഴിക്കുന്ന ഭക്ഷണം 'പ്രാണായ സ്വാഹ ' എന്ന് പറഞ്ഞ് കഴിക്കണമെന്ന് പറയുന്നു.
പിന്നെ അപാനന്‍ തുടങ്ങിയ പ്രാണങ്ങള്‍ക്കും സ്വാഹാ എന്ന് പറഞ്ഞ് ഹോമിക്കണം. അതിനെയാണ് പ്രാണഹുതിയെന്ന് പറയുന്നത്.
ഈ പ്രാണാഗ്നിഹോത്രത്തിന് ഭോജനം ഇല്ലെങ്കില്‍ ലോപം വരുമോ എന്നാണ് സംശയം. വൈശ്വാനര വിദ്യയില്‍ തന്നെ ജാബാലശ്രുതിയില്‍ ' പൂര്‍വ്വമതിഥിഭ്യോ/ശ്‌നീയാല്‍ യഥാ ഹ വൈ സ്വയം ഹുതാഗ്‌നി ഹോത്രം പരസ്യ ജുഹുയാദേവം തത്'അതിഥികള്‍ക്ക് മുമ്പു തന്നെ ഭക്ഷണം കഴിക്കണം. അല്ലെങ്കില്‍ താന്‍ അഗ്നിഹോത്രം ചെയ്യാതെ മറ്റുള്ളവര്‍ക്ക് അഗ്നിഹോത്രം ചെയ്യുന്നതു പോലെയാണ്.
ഉള്ളിലെ വൈശ്വാനരാഗ്നിയാണ് ആദ്യത്തെ അതിഥി. അതിനെ തൃപ്തിപ്പെടുത്താതെ പ്രാകൃതനായ അതിഥിയെ സല്‍ക്കരിക്കുന്നത് വിഹിതമല്ലെന്ന് പ്രാണാഹുതിയെ പറ്റി ശ്രുതി പറയുന്നു.
ഇതിന് സാധാരണ അഗ്നിഹോത്രത്തിനുള്ള ഉപകരണങ്ങളൊന്നും വേണ്ടതില്ല. മുഴുവന്‍ കഴിക്കണമെന്നും ഇല്ല. പാല്‍ മുതലായ ഹോമദ്രവ്യങ്ങളും ഇവിടെ ഹോമ സാധനമായി ഉപയോഗിക്കാം.
സൂത്രം- ഉപസ്ഥിതേളതസ്തദ്വവചനാത്
അടുത്തുള്ളപ്പോള്‍ അതു കൊണ്ട് ഹോമിക്കണം. അങ്ങനെ ശ്രുതി പറയുന്നുണ്ട്.
കഴിക്കാനുള്ള സമയമാകുമ്പോള്‍ ആദ്യം മുന്നില്‍ വന്നിട്ടുള്ളതില്‍ നിന്ന് എടുത്ത് പ്രാണാഹുതി ചെയ്യണം എന്ന് ശ്രുതി പറയുന്നു.
ഛാന്ദോഗ്യത്തില്‍ ' ആദ്യം യാതൊരു ഭക്ഷണമാണോ വരുന്നത് അതാണ് ഹോമ യോഗ്യമായത്' എന്ന് പറയുന്നു. അതിനാല്‍ പ്രാണാഹുതിയ്ക്ക് ലോപം ഉണ്ടാകില്ല. പ്രാണാഗ്നിഹോത്രത്തിനോട് ശ്രുതിയ്ക്കുള്ള ആദരവിനെയാണ് കാണിക്കുന്നത്.
നമ്മള്‍ കഴിക്കുന്ന ആഹാരം അഗ്നി ഹോത്ര സങ്കല്പത്തോടെ വേണമെന്നാണ് ശ്രുതി ഇവിടെ വ്യക്തമാക്കുന്നത്. നമ്മുടെ ഉള്ളിലെ വൈശ്വാനരാഗ്നിയില്‍ നാം കഴിക്കുന്നതിനെ ഹോമിക്കുകയാണ് എന്ന
സങ്കല്പം ഭക്ഷണത്തേയും കഴിക്കുന്നതിനേയും സാധനയാക്കി മാറ്റും. ദിവസവും അഗ്നിഹോത്ര യാഗം ചെയ്യുന്നതിന്റെ ഫലം ഉണ്ടാകും.
No comments:
Post a Comment