വൈദികത്തിന്റെ വിവിധ വശങ്ങള്‍
Friday 16 March 2018 2:45 am IST
അതിരാത്ര ക്രിയകളില്‍ ഒന്നാം ദിവസം വായവ്യം പശു എന്ന ചടങ്ങ് അഗ്നിക്ക് ചൈതന്യം നല്‍കുവാന്‍ അഗ്നിയുടെ മിത്രവും എല്ലാറ്റിനും വേം നല്‍കുന്നവനുമായ വായുദേവനെ പ്രീതിപ്പെടുത്താനാണ്. യാഗപശുവിനെ കെട്ടിയിടാനുള്ള യൂപം (പ്‌ളാശിന്റെ തണ്ട്, തൂണ് അഥവാ കുറ്റി) മന്ത്രസഹിതം സ്ഥാപിക്കും. കൊമ്പില്ലാത്ത മുട്ടനാടിനെ (തൂപരമാലഭത) കൊന്ന് വപ (ശരീരത്തിനുള്ളില്‍ പൊക്കിളിന്റെ അടുത്തു താഴെയായി ഏകദേശം ഒരു മുഴം നീളമുള്ളതും ഒരു കോണകത്തോളം വീതിയുള്ളതുമായ നെയ്മാലയാകുന്നു വപ എന്ന് വാചസ്പതി പരമേശ്വരന്‍ മൂസത്, പാരമേശ്വരീ, അമരകോശം, മനുഷ്യവര്‍ഗം) യും മൃഗത്തിന്റെ ഹൃദയം മുതലായ അവയവങ്ങളും മറ്റും ഹോമിക്കുന്നതാണ് ചടങ്ങ്. അതുപോലെ പത്താം ദിനം സവനീയ പശു എന്ന ചടങ്ങില്‍ പതിനൊന്ന് ആടിനു പകരം പതിനൊന്ന് അട നിരത്തി വെക്കുമത്രേ. അഗ്നി, സരസ്വതി, സോമന്‍, പൂഷന്‍, ബൃഹസ്പതി, വിശ്വേദേവകള്‍, ഇന്ദ്രന്‍, മരുത്തുക്കള്‍, ഇന്ദ്രാഗ്നി, സവിതാവ്, വരുണന്‍ എന്നീ പതിനൊന്ന് ദേവകള്‍ക്ക് ആണിവ. പതിനൊന്ന്, പന്ത്രണ്ട് എന്നീ ദിവസങ്ങളിലും പശുബലി പറഞ്ഞുകാണുന്നു. കൊല്ലുന്ന ആളിനെ ശമിതാവ് എന്നാണ് വിളിക്കുന്നത്. ഇതിനു നിയുക്തരായ ഒരു വിഭാഗം തന്നെ ബ്രാഹ്മണരുടെ ഇടയില്‍ ഉണ്ടായിരുന്നു എന്ന് പാലേലി നാരായണന്‍ നമ്പൂതിരി പറഞ്ഞിട്ടുണ്ട്. ജന്തുഹിംസയിലുള്ള എതിര്‍പ്പുകാരണം പാഞ്ഞാളിലെ യാഗത്തില്‍ (1975) ജീവനുള്ള ആടിനു പകരം ഉണക്കലരിയുടെ മാവ് ഇലയില്‍ പൊതിഞ്ഞ് ചുട്ടെടുത്ത അടയെ വപയായി സങ്കല്‍പ്പിച്ചും മൃഗാവയവങ്ങള്‍ക്കു പകരം ഹവിസ്സും ഉപയോഗിച്ചാണ് ഈ വായവ്യം പശുഹോമം നടത്തിയതെന്നും കൈതപ്രം പരാമര്‍ശിക്കുന്നു.
ഇത്തരം ജന്തുഹിംസകള്‍ വേദവിഹിതമായതിനാല്‍, വേദവാണി ഒരിക്കലും തെറ്റാത്തവ ആയതിനാല്‍, അനുസരിക്കേണ്ടതും ആയതിനാല്‍ ചെയ്യേണ്ടതു തന്നെ ആണെന്നും തന്‍മൂലം പാപഫലം ഉണ്ടാകില്ലെന്നും ആണ് പാരമ്പര്യവൈദികരുടെ നിലപാട്. എന്നാല്‍ ദയാനന്ദസരസ്വതിയും കൂട്ടരും ഇത്തരം പ്രാണിഹിംസകളെ നഖശിഖാന്തം എതിര്‍ക്കുന്നു. ഈ വക ചടങ്ങുകള്‍ പില്‍ക്കാലത്ത് വേദസംഹിത, ബ്രാഹ്മണങ്ങള്‍ തുടങ്ങിയവയെ തെറ്റായി വ്യാഖ്യാനിച്ച് പില്‍ക്കാല യാജ്ഞികര്‍ യാഗച്ചടങ്ങുകളുടെ ഭാഗമാക്കിയതാണെന്നും അവര്‍ യുക്തികള്‍ നിരത്തി സ്ഥാപിക്കുന്നു. യാഥാസ്ഥിതികരായ വൈദികരുടെ പാരമ്പര്യം ശരിയായ പാരമ്പര്യമല്ലെന്നും ശുദ്ധമായ വേദപാരമ്പര്യം ദയാനന്ദസരസ്വതി വീണ്ടെടുത്തതാണെന്നുമാണ് ആര്യസമാജ പ്രവര്‍ത്തകരുടെ നിലപാട്. വേദബന്ധുവിന്റെ ഋഗ്വേദപ്രവേശികയില്‍ ഈ വിഷയം വിശദമാക്കുന്നുണ്ട്.
അതുപോലെ ശ്യേനചിതിയുടെ അടിത്തറയില്‍ ചിതി പടുക്കും മുമ്പ് ചില വസ്തുക്കള്‍ അവിടെ നിക്ഷേപിക്കേണ്ടതുണ്ട്. വളരെ സങ്കീര്‍ണ്ണമായ ചടങ്ങാണ് ഇത്. അവ ദര്‍ഭ, കറുകപ്പുല്ല്, പാല്‍, നെയ്യ്, തേനും തൈരും ചേര്‍ത്തത്, പന്ത്രണ്ട് ചെറു പാത്രങ്ങള്‍ (ആറ് കുംഭ (പുരുഷന്‍) നും, ആറു കുംഭി (സ്ത്രീ) യും), ബൃഹസ്പതിക്കുള്ള ഹവിസ്സ്, പതിമൂന്നു കഷണം സ്വര്‍ണ്ണം, ഒരു ജലപാത്രം, ഒരു താമരയില, യജമാനന്‍ ആദ്യം കഴുത്തിലിട്ട രുക്മം (ഇരുപത്തിയൊന്നു പുളകമുള്ള സ്വര്‍ണ്ണ നാണയം), രണ്ടു ജുഹു, ആമ (പണ്ട് ജീവനുള്ളത്, ഇപ്പോള്‍ മരത്തിന്റേത്. പഞ്ചശിരസ്സുകള്‍ സ്ഥാപിക്കുമ്പോള്‍ ശ്മശാനമെന്ന അവസ്ഥ വരും. അതില്ലാതാക്കാനാണത്രേ ജീവനുള്ള ആമയെ നിക്ഷേപിക്കുന്നത്), ഉരല്‍, ഉലക്ക, സര്‍വൗഷധം (ധാന്യമിശ്രിതം), മൂന്ന് ഉഖകള്‍, പഞ്ചശിരസ്സ് ( കുതിര, കാള, പുരുഷന്‍, ബസ്തന്‍ -വെളുത്ത ആണ്‍ആട്, വൃഷ്ണി-ചുവന്ന ആട് ഇവയുടെ തല) എന്നിവയാണ്.
ഒന്‍പതാം ദിവസത്തെ വാജപ്രസവീയം എന്ന ചടങ്ങില്‍ ഹോമിക്കാന്‍ വെളുത്ത കിടാവുള്ള കറുത്ത പശുവിന്റെ പാലാണത്രേ വേണ്ടത്. അതുകഴിഞ്ഞുള്ള രാഷ്ട്രഭൃത് എന്ന ചടങ്ങില്‍ അത്തിമരം കൊണ്ടുണ്ടാക്കിയ ഒരു ചെറിയ രഥം ഉപയോഗിക്കുന്നു. കറുത്ത കുതിരയെ രാത്രിയായും വെളുത്ത കുതിരയെ പകലായും സങ്കല്‍പ്പിക്കുന്നു. യജമാനനും പത്‌നിക്കും ദേഹം ചൊറിയണമെന്നു തോന്നിയാല്‍ കൈകൊണ്ടു പാടില്ലത്രേ. യജമാനന്‍ കൃഷ്ണമൃഗത്തിന്റെ കൊമ്പും പത്‌നി അത്തിമരം കൊണ്ടുണ്ടാക്കിയ ശങ്കുവും അതിന് ഉപയോഗിക്കണം. ദീക്ഷിതരായിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ യാഗം കഴിയും വരെ വാക്കിലും കര്‍മ്മത്തിലും സംയമം പുലര്‍ത്തണം. ദീക്ഷാസമയത്ത് പ്രൈഷം ചൊല്ലല്‍ എന്ന ചടങ്ങിലൂടെ ഇവരിരുവരും പാലിക്കേണ്ട നിയമങ്ങള്‍ അധ്വര്യു നിര്‍ദ്ദേശിക്കുന്നു.
നാടകീയത നിറഞ്ഞ ചില ചടങ്ങുകളും യാഗത്തിന്റെ ഭാഗമായിട്ടുണ്ട്. കൈതപ്രം അവ വിവരിക്കുന്നുണ്ട്. സോമലത വിലപേശി വാങ്ങുന്ന ചടങ്ങ് അത്തരത്തിലൊന്നാണ്. അവസാനം ആട്, വസ്ത്രം, സ്വര്‍ണ്ണം എന്നിവ കൊടുത്ത് സോമലത യജമാനന്‍ വാങ്ങുന്നു. മറ്റൊന്ന് പത്താം ദിവസം നടത്തുന്ന വാജിനേഷ്ടി എന്ന ചടങ്ങിനിടയിലുള്ളതാണ്. ഋത്വിക്കുകളില്‍ ഒരാളായ അച്ഛാവാകന്‍ ചടങ്ങുകള്‍ക്കിടയില്‍ കൂട്ടം തെറ്റിപ്പോകുകയും പിന്നെ തിരിച്ചു വരികയും ചെയ്യുന്നു. അതിനായി ഒരു ഹോമം ചെയ്യുന്നു. പിന്നെ ഇദ്ദേഹത്തെ എന്തു ചെയ്യണമെന്ന് എല്ലാവരും കൂടി ചര്‍ച്ച ചെയ്യുന്നു. തീരുമാനം ആവാതെ വന്നപ്പോള്‍ ഈ ഋത്വിക്കിന്റെ ഗണമായ ഹോതൃഗണത്തിന്റെ പ്രധാനിയായ ഹോതന്റെ അഭിപ്രായം തേടുന്നു. തിരിച്ചെടുക്കാന്‍ തീരുമാനമാകുന്നു. ഇനി മറ്റൊന്ന് ഒന്‍പതാം ദിവസം അഗ്നീഷോമപ്രണയനം എന്ന ചടങ്ങിലാണ്. ദേവകള്‍ക്ക് സോമ അനുഭവിക്കാന്‍ ധൃതിയായി. അവര്‍ ക്രുദ്ധരായി യജമാനനെ തിരയുന്നു എന്നു സങ്കല്പിക്കുന്നു. അവരുടെ കണ്ണില്‍ പെടാതിരിക്കാന്‍ യജമാനന്‍ ആള്‍മാറാട്ടം നടത്തുന്നതായും സങ്കല്‍പ്പിക്കുന്നു.
യാഗത്തിന്റെ നാലാം ദിവസം മുതല്‍ ആറു ദിവസങ്ങളെ ഉപസദ്ദിനങ്ങള്‍ എന്നു പറയുന്നു. യജമാനനും പത്‌നിയും സുബ്രഹ്മണ്യനെന്ന ഋത്വിക്കിന്റെ കൂടെ പുറത്തുപോകുന്നു. അവരെ നോക്കി സുബ്രഹ്മണ്യന്‍ സ്തുതി ചൊല്ലുന്നു. പത്‌നി മറക്കുടയുമായി പിന്നില്‍ നില്‍ക്കും. ഇതും ആറു ദിവസവും വേണം. സോമ പിഴിഞ്ഞുതരാന്‍ ഇന്ദ്രനോടുള്ള പ്രാര്‍ത്ഥനയാണിത്. ഇന്ദ്രന്റെ വീരചരിതം ഓര്‍മ്മിപ്പിക്കുന്ന മന്ത്രങ്ങള്‍ ഇതിലുണ്ട്. കൂട്ടത്തില്‍ അഹല്യയുടെ ജാര! എന്നും വിളിക്കുന്നുണ്ട്. അപ്പോള്‍ യജമാനപത്‌നി തല കുനിച്ചുപിടിക്കുമത്രേ.
സമയവും മുറയും ഒട്ടും തെറ്റാതെ നടത്തേണ്ട നിരവധി ചെറുതും വലുതുമായ ക്രിയകള്‍ അടങ്ങുന്ന ഈ യാഗപ്രക്രിയ മേല്‍പ്പറഞ്ഞ പുസ്തകങ്ങള്‍ മനസ്സിരുത്തി വായിച്ചാലേ ഗ്രഹിക്കാന്‍ കഴിയൂ. അതിന്റെ അന്തസ്സത്ത പൂര്‍ണ്ണമായും ഉള്‍ക്കൊള്ളണമെങ്കില്‍ ആദ്യന്തം അതില്‍ പങ്കുകൊള്ളുക തന്നെ വേണം.
janmabhumi
No comments:
Post a Comment