ഗ്രന്ഥങ്ങളെ വേദങ്ങൾ, ഇതിഹാസങ്ങൾ പുരാണങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം എന്നിവയാണ് ചതുർവേദങ്ങൾ. വേദങ്ങൾ അനാദിയാണ്; അവ എത്രനാൾ മുൻപ് രചിക്കപ്പെട്ടു എന്ന് ആർക്കും അറിയില്ല. വേദങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് മാനവരാശിയ്ക്കു ആവശ്യമായ ശാശ്വതമൂല്യങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങളാണ്. അതിൽ വിവരണങ്ങളോ കഥകളോ ഇല്ല, പാപപുണ്യങ്ങളെക്കുറിച്ചോ ശരിതെറ്റുകളെക്കുറിച്ചോ പ്രത്യക്ഷമായ പരാമർശങ്ങളില്ല. വേദങ്ങൾ മുഴുവൻ അറിവുകളാണ്. ഏറ്റവും അറിവും വിവേകവുമുള്ളവർക്ക് അവ അപഗ്രഥിച്ച് അവയിൽ നിന്ന് ജ്ഞാനം ആർജ്ജിക്കാം. അതിനാലാണത്രേ വേദങ്ങൾ ബ്രാഹ്മണർക്കേ പഠിക്കാവൂ എന്ന് പറയുന്നത്. ബ്രാഹ്മണനെന്നാൽ മാതാപിതാക്കൾ ബ്രാഹ്മണരായവരല്ല; അറിവിലും വിവേകത്തിലും അത്രയും ഉന്നതതലത്തിലെത്തിയവരാണ്, അവർ കർമ്മത്തിലൂടെയാണ് ആ സ്ഥാനത്തിലെത്തുന്നത് അല്ലാതെ ജനനത്തിലൂടെയല്ല. വേദങ്ങളെഴുതിയതുതന്നെ വിശ്വാമിത്രകുലത്തിൽപ്പെട്ട അബ്രാഹ്മണരായ ഋഷിമാരാണ്. ഋഗ്വേദത്തിന് ആധികാരികത ലഭിച്ച ഭാഷ്യം രചിച്ച ഐതരേയൻ മൺപാത്രനിർമ്മാണം നടത്തുന്ന കുലാലവംശത്തിൽ പിറന്ന ആളാണ്. വേദങ്ങൾ ക്രോഡീകരിച്ച വേദവ്യാസൻ മുക്കുവവംശത്തിലാണ് പിറന്നത്. അതായത്, ബ്രാഹ്മണർക്കേ പഠിക്കാവൂ എന്നല്ല; പഠിച്ചാലേ ബ്രാഹ്മണരാകൂ എന്നാതാണ് ശാസ്ത്രം - 'ബ്രഹ്മജ്ഞാനേന ഏവ ബ്രാഹ്മണഃ'. വളരെ ശാസ്ത്രീയമായാണ് വേദരചന നിർവ്വഹിച്ചിരിക്കുന്നത്. ഉച്ചാരണത്തിൽ പോലും കൃത്യത പാലിച്ചാലേ അതിന്റെ ശരിയായ ആശയം ഗ്രഹിക്കാനാകൂ. ഉദാത്തം, അനുദാത്തം, സ്വരിതം, രേഭം, ഹ്രസ്വം, പ്രചേയം, അനുനാസികം, കമ്പം, ദീർഘകമ്പം, പ്ല്തം എന്നിങ്ങനെ പത്ത് ശ്രുതികളിലാണ് വേദമന്ത്രങ്ങൾ ഉച്ചരിക്കുന്നത്. അതിനാൽ വേദങ്ങൾ ഗുരുമുഖത്തുനിന്നു തന്നെ പഠിക്കണം.
puranapetty
puranapetty
No comments:
Post a Comment