Tuesday, October 22, 2019

നാം ശാന്തമായിരിക്കണം. അത് നമ്മുടെ തന്നെ ആവശ്യമാണ്. ദേഷ്യമാകട്ടെ ദുഃഖമാകട്ടെ അസൂയയാകട്ടെ നിരാശയാകട്ടെ പകയാകട്ടെ ഭയമാകട്ടെ ആശങ്കയാകട്ടെ നമ്മെ ബാധിക്കുന്ന ഏതൊരു വികാരവും നമ്മുടെതന്നെ ആരോഗ്യസ്ഥിതിയെയാണ് ആദ്യം ദോഷകരമായി ബാധിക്കുക. നല്ലൊരു ഹോമിയോ ഡോക്ടറോട് നമ്മുടെ മാനസ്സികാവസ്ഥയും സ്വഭാവവും പറഞ്ഞാല്‍ അതു കേട്ടശേഷം അദ്ദേഹം നമുക്ക് ഉള്ള അസുഖങ്ങള്‍ ഇങ്ങോട്ട് പറയും. നമ്മുടെ അസുഖങ്ങളെകുറിച്ചാണ് അങ്ങോട്ട് പറയുന്നതെങ്കില്‍ നമ്മുടെ മാനസ്സികാവസ്ഥയും സ്വഭാവവും ഇങ്ങോട്ട് പറഞ്ഞുതരും. ഇവയ്ക്ക് പരസ്പരം ബന്ധമുണ്ട്. മനസ്സ് ശാന്തമായിരിക്കുക എന്നത് അവനവന്‍റെ അസുഖസ്ഥിതിയില്‍ അത്യാവശ്യം വേണ്ടുന്ന പരിഹാരമാണ്!
മുന്നോട്ടുള്ള വഴിയില്‍ തടസ്സങ്ങള്‍ കണ്ടാല്‍ ഒന്നിനോടും കലഹിക്കാനും ഒന്നിനെയും തകര്‍ക്കാനും നില്‍ക്കണ്ട. അതു നമ്മുടെ ശാന്തി കെടുത്തും. അവയില്‍ ചെന്നുവീഴാതെ ഒഴിഞ്ഞുപോകാനുള്ള വിവേകം നമുക്ക് ഉണ്ടാകണം. വഴിയില്‍ ചെളിനിറഞ്ഞു കിടപ്പുള്ളതു കണ്ടാല്‍ അതില്‍ ചവിട്ടി അശുദ്ധി വരുത്തുന്നതും പിന്നെയാ അഴുക്കു കളയുന്നതും പാഴ് വേലയാണ്. ഒഴിഞ്ഞുപോകുന്നതാണ് വിവേകം. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ നാം നമ്മെത്തന്നെയാണ് ദ്രോഹിക്കുന്നത്.
ജ്യോതിഷത്തില്‍ ഓരോ ദശാകാലഘട്ടത്തിലും വരാവുന്ന അസുഖങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഓരോ ഗ്രഹങ്ങള്‍ ഏതു മാനസ്സികാവസ്ഥയെ ചൂണ്ടിക്കാട്ടുന്നു എന്നും പറയുന്നുണ്ട്. നിരീക്ഷിക്കുന്നതായാല്‍ ജാതകന്‍റെ അപ്പോഴുള്ള രോഗാവസ്ഥ രൂപപ്പെടാനുള്ള കാരണങ്ങളില്‍ എപ്രകാരമാണ് മാനസ്സികാവസ്ഥയും സ്വഭാവവും സ്വാധീനിക്കുന്നതെന്ന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയും. ഇതൊന്നും അറിയാതെ, മാനസ്സികാവസ്ഥയെ പരിഗണിക്കാതെ നാം ചില അസുഖങ്ങള്‍ക്ക് അനാവശ്യമായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നു. ആദ്യം മാനസ്സികമായ പ്രശ്നങ്ങള്‍ പരിഹരിച്ച് സ്വയം ശാന്തി കണ്ടെത്തിനോക്കൂ. പിന്നെ അവശേഷിക്കുന്ന അസുഖങ്ങള്‍ക്ക് മാത്രം ചികിത്സ തേടിയാല്‍ മതിയല്ലോ എന്നൊരു സാദ്ധ്യത നമുക്ക് ഉണ്ട് എന്ന് സാരം.
ചുരുക്കിപ്പറഞ്ഞാല്‍ ജീവിതത്തില്‍ നമ്മെ ആരൊക്കെ എങ്ങനെയൊക്കെ ദ്രോഹിച്ചാലും മനസ്സില്‍ അവര്‍ക്ക് നന്മവരുവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് സ്വന്തം പ്രശ്നം ആദ്യം പരിഹരിക്കണം. ചിന്തകൊണ്ടുപോലും ആരെയും ഹിംസിക്കാതിരിക്കുന്നവര്‍ ശാന്തിയനുഭവിക്കുന്നു.
ഓം
krishnakumar kp

No comments: