Saturday, October 19, 2019

വൈദികത്തിന്റെ വിവിധ വശങ്ങള്‍

Saturday 24 March 2018 2:59 am IST
എന്‍. വി. കൃഷ്ണവാരിയര്‍ തുടരുന്നു- പില്‍ക്കാലത്ത് പാശ്ചാത്യ ഭാഷാശാസ്ത്രജ്ഞരാണ് ഇതില്‍ നിന്ന് അല്‍പം വ്യത്യസ്തമായ ഒരു സമീപനം വേദവ്യാഖ്യാന വിഷയത്തില്‍ അവലംബിച്ചത്. ഈറാനിയരുടെ സെന്ദ് അവെസ്ത എന്ന വേദഗ്രന്ഥത്തോട് താരതമ്യപ്പെടുത്തിയാല്‍, സാമ്പ്രദായിക (ഭാരതീയ) വ്യാഖ്യാതാക്കള്‍ നല്‍കുന്ന അര്‍ത്ഥത്തില്‍ നിന്ന് വ്യത്യസ്തമായ വല്ല അര്‍ത്ഥവും വേദമന്ത്രങ്ങള്‍ ചുരത്തിത്തരുമോ എന്ന് അവര്‍ പരീക്ഷിച്ചുനോക്കി. ഗ്രീക്ക്, ലത്തീന്‍ മുതലായ പ്രാചീന ഇന്തോ-യൂറോപ്യന്‍ ഭാഷകളിലെ സമാനപദങ്ങളുമായി വൈദികപദങ്ങളെ താരതമ്യപ്പെടുത്തുയായിരുന്നു മറ്റൊരു തന്ത്രം. ഭാരതീയേതര പ്രാചീന ജനതകളുടെ പുരാണേതിഹാസദേവകഥകള്‍ (മിത്തുകള്‍), മതവിശ്വാസങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ മുതലായവയില്‍ നിന്നുകിട്ടുന്ന വെളിച്ചവും വേദമന്ത്രങ്ങളുടെ ശരിയായ താല്‍പ്പര്യം മനസ്സിലാക്കുന്നതിനായി ഉപയോഗപ്പെടുത്തപ്പെട്ടു. 
പക്ഷേ, ആധുനികഭാഷാശാസ്ത്രജ്ഞരുടെ ഈ പരിശ്രമങ്ങള്‍ക്കെല്ലാം പരിമിതമായ പ്രയോജനമേ ഉണ്ടായുള്ളൂ. വേദാര്‍ത്ഥ ഗ്രഹണത്തിന് ഭാരതീയ വ്യാഖ്യാതാക്കളെ, പ്രത്യേകിച്ച്, താരതമ്യേന, ആധുനികനായ സായണാചാര്യരെത്തന്നെ സര്‍വാത്മനാ ആശ്രയിക്കണം എന്നതാണ് ഇന്നത്തെ നില. സായണന്‍ രചിച്ച വ്യാഖ്യാന സൗധത്തില്‍ അങ്ങിങ്ങ് ചില ചെറിയ അലങ്കാരവേലകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനു മാത്രമേ ഇന്ത്യയുടെ പുറമേ നിന്നു സംഭരിച്ച സാമഗ്രികള്‍ ഉപകരിക്കുകയുള്ളൂ എന്ന് ഇപ്പോള്‍ പൊതുവേ ബോധ്യം ആയിരിക്കുന്നു. 
 ദയാനന്ദസരസ്വതിയുടെ പക്ഷക്കാര്‍ യാഗത്തിലെ ജന്തുബലിയെ മാത്രമല്ല വൈദികശ്രാദ്ധം (പിതൃബലി), വിഗ്രഹാരാധന മുതലായ മറ്റു ഹിന്ദുവിശ്വാസപദ്ധതികളെ ഒന്നും തന്നെ പരിഗണിക്കുന്നില്ല; നിരാകരിക്കുകയും ചെയ്യുന്നു.  നരേന്ദ്രഭൂഷണ്‍ എഴുതുന്നു- ബ്രഹ്മര്‍ഷി മുതല്‍ ജൈമിനി വരെയുള്ള ഋഷിമാരുടെ മാത്രം ഗ്രന്ഥങ്ങളെ പ്രാമാണികമായി അംഗീകരിക്കുന്നതു നിമിത്തവും, ഹിന്ദുമതത്തിലെ പൗരോഹിത്യം, പൂജ, ശ്രാദ്ധം തുടങ്ങിയവയെ നിശിതമായി എതിര്‍ത്തതുകൊണ്ടും, സാമൂഹിക രാഷ്ട്രീയരംഗങ്ങളില്‍ പുരോഗമനപരമായി ചിന്തിച്ചതു കൊണ്ടും ഇദ്ദേഹത്തിന്റെ വേദഭാഷ്യത്തെ അംഗീകരിക്കാനുള്ള സൗമനസ്യം യാഥാസ്ഥിതികരായവരിലും സ്വാര്‍ത്ഥമതികളിലും ഉണ്ടാകാന്‍ വഴിയില്ല (ഋഗ്വേദഭാഷാഭാഷ്യ അവതാരിക). ഈ ആര്യസമാജപക്ഷത്തിന് സായണവ്യാഖ്യാനത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേദവ്യാഖ്യാനവും ആചാരാനുഷ്ഠാനപദ്ധതിയും ഉണ്ട്്. ഇതിനെ നമുക്ക് നവീനവൈദികമതം എന്നു പറയാം.            
വേദസംഹിതകളും ബ്രാഹ്മണങ്ങളും നിരുക്തം മുതലായ വേദാംഗങ്ങളും മീമാംസാദര്‍ശനവും മേല്‍ക്കണ്ട പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും യാഗച്ചടങ്ങുകളും അതോടൊപ്പം ആര്‍ക്കിയോളജിയും മറ്റും നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഹിന്ദുസമൂഹത്തിന്റെ ചരിത്രവും ചേര്‍ത്തു പഠിക്കുമ്പോള്‍ നമുക്ക് ഈ വൈദികവിശ്വാസപദ്ധതിയെക്കുറിച്ച് ഒരു ഏകദേശധാരണ ലഭിക്കും. 
സിന്ധു-സരസ്വതി-കീഴടി നാഗരികത തൊട്ടുള്ള ഹിന്ദുജനജീവിതം വന-ഗ്രാമ-പുര തലങ്ങളിലേക്കു വ്യാപിച്ചതായി നമുക്ക് കാണാം. ഈ മൂന്നു തലങ്ങളിലും മായി ഈ ഉപഭൂഖണ്ഡത്തില്‍ ആയിരക്കണക്കിനു കുടുംബ-കുല-ഗോത്രസമൂഹങ്ങളായി ഇവിടുത്തെ ജനജീവിതം തലമുറകളിലുടെ അഭംഗുരം മുന്നോട്ടൊഴുകി. കാളിദാസന്റെ മേഘസന്ദേശം, കേരളീയ മണിപ്രവാളസന്ദേശകാവ്യങ്ങള്‍, ഏര്‍ക്കര ആമ്‌നായമഥനത്തില്‍ എടുത്തുകൊടുത്ത വെങ്കടാധ്വരിയുടെ വിശ്വഗുണാദര്‍ശം ചമ്പു കാവ്യം മുതലായവ വായിച്ചു പരിചയിച്ചവര്‍ക്ക് ആ വിദൂരഭൂതകാലത്തെ ആസേതുഹിമാചലപര്യന്തയായ ഈ ഭാരതവര്‍ഷത്തിലൂടെ കാല്‍പ്പനികമായ ഒരു ആകാശഗമനം നടത്താന്‍ എളുപ്പമാണ്. അപ്പോള്‍ നമുക്ക് ഈ വിശാലദേശത്തെ അനന്തവൈവിധ്യമാര്‍ന്ന കാടുംമേടും ഗിരികൂടങ്ങളും സമതലങ്ങളും പുഴകളും സസ്യപക്ഷിമൃഗാദികളും അവയ്ക്കിടയിലായി മേല്‍പ്പറഞ്ഞതരത്തിലും തലത്തിലും കഴിയുന്ന നമ്മുടെ പൂര്‍വികരേയും കാണാറാകും.
വ്യത്യസ്തങ്ങളായ ഭൂപ്രകൃതി, കാലാവസ്ഥ, ജീവജാലങ്ങള്‍ എന്നിവയുമായി പൊരുത്തപ്പെടാന്‍ ഉതകുംവിധത്തില്‍ വിവിധങ്ങളാണ് ഓരോ പ്രദേശത്തെയും ജനജീവിതം. വേഷഭൂഷകള്‍, ഭാഷകള്‍, കുടുംബ-സാമൂഹ്യവ്യവസ്ഥകള്‍ തുടങ്ങിയവയില്‍ എല്ലാം ഈ വൈവിധ്യം പ്രകടമാണ്. ഒരേ ഭൂപ്രദേശത്തുതന്നെ ഗോത്രങ്ങള്‍ക്കിടയിലും മറ്റും ജീവിതത്തിന്റെ ലക്ഷ്യം, ചുറ്റുപാടുമായി ഉള്ള മനുഷ്യന്റെ ബന്ധം, നേരിട്ടും ഊഹിച്ചും അറിയാന്‍ കഴിയാത്ത ജീവിതരഹസ്യങ്ങളുടെ പൊരുള്‍, മരണാനന്തരജീവിതം മുതലായവയെ സംബന്ധിച്ച് വ്യത്യസ്ത കാഴ്ച്ചപ്പാടുകളും അവയ്ക്കനുസൃതമായ ജീവിതപദ്ധതികളും ആചാരാനുഷ്ഠാനങ്ങളും നടപ്പിലുള്ളതും നമുക്കു മനസ്സിലാകും.     
   ഇവയില്‍ ചില ഗോത്രങ്ങളിലെ ചിന്താശീലര്‍ മാറിമാറി വരുന്ന ദിനരാത്രങ്ങള്‍, ഋതുഭേദങ്ങള്‍, സസ്യജന്തുജാലങ്ങളുടെ പ്രജനനമുറ മുതലായവയെ നിരീക്ഷിക്കുന്നതില്‍ ഉത്സുകരായിരുന്നു. അങ്ങിനെ ഈ കാണപ്പെട്ട പ്രപഞ്ചത്തിലെ എല്ലാറ്റിനും ഒരു ആവര്‍ത്തനസ്വഭാവം, ഒരു ചാക്രികത ഉണ്ടെന്നു കണ്ട ആ വൈദികഋഷിമാര്‍ പുറമേയ്ക്കു കാണുന്ന ഈ കൃത്യമായ തനിയാവര്‍ത്തനത്തിനു പിന്നില്‍ ഒരു നിയമം ഉണ്ടെന്നും കണ്ടെത്തി. ഋതം എന്നതിനവര്‍ പേരിട്ടു. (ഋ ധാതുവിന് കറങ്ങിക്കറങ്ങി ഗമിക്കുക- സൈക്‌ളിക് മോഷന്‍ എന്നാകുന്നു. വേദത്തിലും ലൗകിക സംസ്‌കൃതത്തിലും ഋതു, ഋതം, ഋഷി, ഋ+ഗുണം- അര, അരഘട്ട, അരിത്രം, അരണി മതലായ ശബ്ദങ്ങളെല്ലാം കറങ്ങിനീങ്ങുന്നവയുടെ പേരാണ്- വേദബന്ധു). 
ഈ ഋതം ആണ് പിന്നീട് ധര്‍മ്മം, പുനര്‍ജ്ജന്മം മുതലായ കല്‍പ്പനകള്‍ക്ക് അടിസ്ഥാനമായത് എന്ന് ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ഈ പ്രപഞ്ച സംഘടന (സിസ്റ്റം) യിലെ ഓരോ ഘടകവും വിലപ്പെട്ടതാണ്. ഒന്നു കുറഞ്ഞാല്‍ മതി, ഒന്നു തെറ്റിയാല്‍ മതി,  എല്ലാം അവതാളത്തിലാകും. തന്മൂലം മണ്ഡൂകവും യൂപവും സൂര്യനും, അഗ്നിയും, ഇന്ദ്രനും, എന്നുവേണ്ട, സചേതനവും അചേതനവും ആയ എല്ലാറ്റിനേയും, അവര്‍ ദേവതകളായിക്കണ്ടു.
ഈ ചാക്രികവ്യവസ്ഥയുമായി എത്രത്തോളം സമരസത, താദാത്മ്യം കൈവരിക്കാമോ അത്രത്തോളം വ്യക്തി, കുടുംബ, സാമൂഹ്യ ജീവിത തലങ്ങളില്‍ സ്വസ്ഥത കൈവരിക്കാമെന്നും അവര്‍ കണ്ടെത്തി. വ്യഷ്ടി- സമഷ്ടിയുടെ ഒരു ചെറിയ പതിപ്പാണ് എന്ന് മനസ്സിലാക്കിയ അവര്‍ ഇതിനു കണ്ടെത്തിയ ഉപായം ആണ്, സാധനാപദ്ധതി ആണ്, ഷോഡശ സംസ്‌കാരങ്ങളും, ഹവിര്‍യജ്ഞങ്ങളും, സോമയാഗങ്ങളും എല്ലാം. 
ഭൂതലത്തില്‍ നിന്നും വെള്ളം ചൂടുപിടിച്ച് നീരാവി ആയി അന്തരീക്ഷത്തില്‍ എത്തുകയും മേഘമാലകളായി പരിണമിച്ച് മഴയായ് തിരികെ ഭൂമിയില്‍ എത്തുകയും അതുവഴി സമൃദ്ധിയും സൗഖ്യവും ഉണ്ടാകുകയും ചെയ്യുന്ന ചാക്രിക പ്രക്രിയയെ അവര്‍ തിരിച്ചറിഞ്ഞു. ആ നേരറിവാണ് യാഗപ്രക്രിയക്ക് അടിസ്ഥാനം എന്നു കാണാം. 
വിധിപ്രകാരം തെളിച്ച അഗ്നിയില്‍, സങ്കല്‍പ്പപൂര്‍വം, വൈകാരികത മുറ്റുന്ന പ്രത്യേക ഈണത്തില്‍ ഋക്കുകള്‍ ചൊല്ലി, നിശ്ചിതദ്രവ്യങ്ങള്‍ ആഹുതി ചെയ്യുമ്പോള്‍ അഗ്നി അവയെ ബാഷ്പരൂപത്തില്‍ ആക്കി എല്ലായിടത്തും, എല്ലാ സൂക്ഷ്മശക്തികളിലും, എത്തിക്കുന്നു എന്ന് അവര്‍ കരുതി. അതു വഴി, യാഗത്തെ, പ്രപഞ്ചപ്രക്രിയയുടെ നേര്‍അനുകരണം അല്ലെങ്കില്‍ ആ ചാക്രിക പ്രപഞ്ചപ്രക്രിയ തന്നെ എന്ന നിലയ്ക്ക് ആ പൂര്‍വികര്‍ കണ്ടു.
janmabhumi

No comments: