Saturday, October 19, 2019


ശ്രീമഹാഭാഗവതകഥകൾ:മഥുരാപുരിഗമനം 
*******************************************
      കണ്ണൻറെ തേർച്ചക്രങ്ങൾ ഉരുണ്ടുരുണ്ട് അകലുന്നത് കണ്ണെത്തുന്നതുവരെ നോക്കിനിന്നു കണ്ടതിനുശേഷം, കണ്ണുനീർവാർത്തു നെടുവീർപ്പുകൾ വിട്ടുകൊണ്ട്, ആ ഗോപവനിതകൾ ജീവനില്ലാതെ ചലിക്കുന്ന പ്രതിമകളെന്നപോലെ, അവിടെനിന്നും സ്വഗൃഹങ്ങളിലേക്ക് തിരിച്ചുപോയി. 

       രഥം വനസ്ഥലം കടന്നു കാളിന്ദീതടത്തിലെത്തിയപ്പോൾ, അതു നിർത്തി രാമകൃഷ്ണന്മാർ നദിയിലിറങ്ങി ദേഹശുദ്ധിവരുത്തി ജലപാനവും ചെയ്തു തിരിച്ചു തേരിൽ വന്ന് ഇരുന്നു. ആ സമയം രഥം ഒരു വൃക്ഷഛായയിൽ നിർത്തിയിട്ട്, ഗാന്ദിനീനന്ദനനനും ഗാത്രശുദ്ധി വരുത്തുവാനായി വാഹിനിയിൽ വന്നിറങ്ങി വെള്ളത്തിൽ മുങ്ങി. അപ്പോൾ ആ ജലാന്തർഭാഗത്ത് രാമകൃഷ്ണന്മാർ നിൽക്കുന്നതായി കണ്ട് വിഭ്രമചിത്തനായി അക്രൂരൻ വെള്ളത്തിൽ നിന്നും പൊങ്ങി രഥത്തിലേക്ക് നോക്കി. രാമകൃഷ്ണന്മാർ ആ തേരിൽത്തന്നെ ഇരിക്കുന്നു! അത്ഭുതം!

       വീണ്ടും ആ ഭക്തൻ ജലത്തിൽ മുങ്ങി. അപ്പോൾ കൃഷ്ണൻ മാത്രമായി ജലത്തിൽ നിൽക്കുന്നതായി അദ്ദേഹം കണ്ടു. നിമിഷം കൊണ്ട് ആ ദൃശ്യം മറഞ്ഞു, തൽസ്ഥാനത്ത് വിരാട്പുരുഷനായി വിഷ്ണുവിൻറെ പൂർണ്ണമായ വിശ്വരൂപം പ്രത്യക്ഷപ്പെട്ടു. 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
   Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ് 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

       ആയിരം ഫണങ്ങളുള്ള അനന്തതല്പത്തിൽ ഭഗവാപള്ളികൊള്ളുന്നതും, ബ്രഹ്മാമഹേശ്വരന്മാർ ആ വിഗ്രഹത്തിൽ വന്നു വിലയംപ്രാപിച്ച് ഒന്നയിത്തീരുന്നതും, പിന്നെ മൂന്നായി പിരിയുന്നതും, ലക്ഷ്മീദേവിയും ഭൂമീദേവിയും അനന്തപര്യങ്കത്തിൽ ഭഗവൽപാദങ്ങളെ തടവിക്കൊണ്ടിരിക്കുന്നതും, ശംഖുചക്രഗദാപത്മങ്ങളും, രത്നകിരീടാദി ദിവ്യാഭരണങ്ങളുമണിഞ്ഞ് മേചകകാന്തി കലർന്ന കമനീയകായത്തെ, സനകനാരദാദികൾ വന്നുവണങ്ങുന്നതും, എല്ലാം കണ്ടു ഭക്തിവിവശനായി അക്രൂരൻ കണ്ണടച്ചുതുറന്നപ്പോൾ, തൽസ്ഥാനത്ത് വീണ്ടും രാമകൃഷ്ണന്മാർ നിൽക്കുന്നു. 

      അക്രൂരൻ മുങ്ങി നിവർന്നെഴുന്നേറ്റ് സാവധാനം കരയ്ക്കുകയറി, വേപഥുഗാത്രനായി രോമാഞ്ചമണിഞ്ഞ്, ഭക്തിയിൽ മുഴുകി, പരിഭ്രമത്തോടെ രഥത്തിൽ വന്നിരുന്നു  കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു:--

      ' തണുപ്പുള്ള വെള്ളത്തിൽ കുളിച്ചിട്ട് എന്താണിങ്ങനെ കുത്തിക്കുത്തി വിയർക്കുന്നത്? അതിനിടയിൽ കോൾമയിർക്കൊള്ളുകയും ചെയ്യുന്നു, എന്താണിതിനു കാരണം! വിയർപ്പും തണുപ്പും ഒരേ സമയത്ത് ' .

    ആ ഭക്തൻ കൈകൾ കൂപ്പിക്കൊണ്ടുണർത്തിച്ചു:--- ' നിന്തിരുവടിയുടെ ലീലാവിലാസങ്ങൾ വെള്ളത്തിൽ കണ്ട് ഞാൻ പരിഭ്രാന്തനായിപ്പോയി. അതിൻറെ വിഷമങ്ങളാണ് ഈ ശരീരത്തിൽ കാണുന്നത് മറ്റൊന്നമല്ല, ഉഷ്ണവും പുകച്ചിലും കുളിരും തണുപ്പും ഒരേ സമയത്ത് '.

        അതുകേട്ട് ആ ജ്യേഷ്ഠാനുജന്മാർ പരസ്പരം ഒന്നു മന്ദഹസിച്ചു. 

      അന്ന് മദ്ധ്യാഹ്നം കഴിഞ്ഞപ്പോൾ, രഥം മഥുരാപുരിയുടെ പുരോഭാഗത്ത് ഉദ്യാനത്തിൽ എത്തി. അക്രൂരൻറെ തേര് കാളിന്ദീനദീതീരത്ത് കുറേനേരം താമസിച്ചുപോയതുകൊണ്ട് , ഗോപന്മാരുടെ വണ്ടികൾ നേരത്തെതന്നെ അവിടെ എത്തിക്കഴിഞ്ഞിരുന്നു. 

       പിതാവിനെ വന്ദിച്ചതിനുശേഷം, പീതാംബരൻ ഗാന്ദിനീസൂനുവിനോടു പറഞ്ഞു:--- ' മാതുലാ! വേഗംതന്നെ പോയി ഞങ്ങളുടെ ആഗമനം കംസമാതുലനെ അറിയിക്കുക '.

     അക്രൂരൻ:-- കൃഷ്ണാ! ഭഗവാനേ! ഇന്നത്തെ രാത്രി എൻറെ ഗൃഹത്തിൽ താമസിക്കുവാൻ അങ്ങേയ്ക്ക് ദയവുണ്ടാകണം. ആ പാവന പാദരേണുക്കളാൽ എൻറെ ഗൃഹം സംശുദ്ധമായിത്തീരട്ടെ. 

    കൃഷ്ണൻ:--- വേണ്ട. ഉച്ചതിരിഞ്ഞതേയുള്ളൂ. കംസകാര്യാർത്ഥമായി വന്ന സ്ഥിതിക്ക് കംസനെ കാണാതെ മറ്റൊരു ഗൃഹത്തിലേക്കു പോകുന്നത് ശരിയല്ല. അതുമൂലം അങ്ങയെക്കുറിച്ചും കംസന് തെറ്റിദ്ധാരണയുണ്ടാകും. 

      കൃഷ്ണൻ അരുളിയത് ശരിയാണെന്നുള്ള ബോദ്ധ്യത്തോടെ, അക്രൂരൻ കംസസന്നിധിയിൽ ചെന്ന് ചെന്താമരാക്ഷൻറെ ആഗമന വൃത്താന്തമറിയിച്ചതിനുശേഷം, സ്വവസതിയിലേക്കുപോയി.    (തുടരും)
****************************************
ചോദ്യം:- നദിയിലിറങ്ങി മുങ്ങിയ അക്രൂരനുണ്ടായ അനുഭവമെന്തായിരുന്നു?
******************************************
വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം 
*******************************************

No comments: