Friday, October 25, 2019

അക്ഷരോപാസനയും സാമോപാസനയും

Friday 25 October 2019 2:22 am IST
മൂന്നാം അദ്ധ്യായം മൂന്നാം    പാദം
അംഗാവബദ്ധാധികരണം
ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്.
സൂത്രം-  അംഗാവബദ്ധാസ്തു ന ശാഖാസു  പ്രതിവേദം
ഓരോ വേദശാഖകളില്‍ ക്രിയാംഗങ്ങളായി വിധിച്ചിരിക്കുന്നവ ആ ശാഖകളില്‍ മാത്രം അനുസരിക്കേണ്ടവയല്ല. എന്തെന്നാല്‍ വേദങ്ങളില്‍ എല്ലായിടത്തും അനുസരിക്കേണ്ടവയാണ്.
 വേദശാഖകളില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അവിടെ മാത്രം അനുസരിച്ചാല്‍ മതിയോ എന്ന സംശയത്തിനെ തീര്‍ക്കുകയാണ് ഈ സൂത്രത്തില്‍.
ഛാന്ദോഗ്യത്തില്‍ 'ഓമിത്യേതദക്ഷരമുദ്ഗീഥമു
പാസീത' ഓം എന്ന ഉദ്ഗീഥാവയവമായ ഈ അക്ഷരത്തെ ഉപാസിക്കണം എന്ന് പറയുന്നു. 'ലോകേഷു പഞ്ചവിധം സാമോപാസീത' ലോകങ്ങളി ല്‍ അഞ്ചുതരത്തിലുള്ള സാമത്തെ ഉപാസിക്കണം എന്നും പറയുന്നു. ഇത്തരത്തിലുള്ള വിധികള്‍ ആശയക്കാര്‍ക്ക് മാത്രം ബാധകമാണോ അതോ എല്ലാവരും അനുസരിക്കണമോ എന്നതാണ് ചോദ്യം. ഓരോ ശാഖകളിലും സ്വരം മുതലായ ഭേദങ്ങളുള്ളതിനാല്‍ ഇവ ഓരോ ശാഖകള്‍ക്കും പ്രത്യേകമാണെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.
എന്നാല്‍ ഇത് ശരിയല്ലെന്ന് സൂത്രം വ്യക്തമാക്കുന്നു. ഓരോ ശാഖക്കാര്‍ക്ക് മാത്രമെന്ന് ശ്രുതിയില്‍ പറയുന്നില്ല. ആ വിധികള്‍ എല്ലാവര്‍ക്കും ബാധകമാണ്. അതിനാല്‍ ഉദ്ഗീഥം മുതലായവിധികള്‍ പൊതുവായി എല്ലാ ശാഖക്കാര്‍ക്കും സ്വീകരിക്കാവുന്നതാണ്.
സൂത്രം-  മന്ത്രാവിദ്  വാ/ വിരോധഃ
അല്ലെങ്കില്‍ മന്ത്രം മുതലായവയെപ്പോലെ വിരോധമില്ലെന്ന് വ രാം. ഒരു ശാഖയിലെ മന്ത്രങ്ങളും കര്‍മ്മങ്ങളും ഗുണങ്ങളും മറ്റ് ശാഖക്കാര്‍ ഉപയോഗിച്ച് കാണാറുണ്ട്. അതു പോലെ ഉദ്ഗീഥം മുതലായ ഉപാസനകള്‍ മറ്റ് ശാഖക്കാര്‍ക്കും സ്വീകാര്യമാണ്. വേദത്തിന്റെ പ്രതിപാദ്യം ഒന്നായതിനാല്‍ ഓരോ ശാഖയിലുമുള്ള പ്രത്യേകതകള്‍ക്ക് വിരോധമില്ല.
ഭൂമജ്യായസ്ത്വാധികരണം
ഇതില്‍ ഒരു സൂത്രം മാത്രം.
സൂത്രം  ക്രതുവത് ജ്യായസ്ത്വം തഥാ ഹി ദര്‍ശയതി
അംഗോപാംഗങ്ങളോടുകൂടി യ യജ്ഞത്തിനെന്ന പോലെ പൂര്‍ണ്ണമായ ഉപാസനയ്ക്ക് കൂടുതല്‍ ശ്രേഷ്ഠതയുണ്ട്. എന്തെന്നാല്‍ അപ്രകാരം ശ്രുതി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഛാന്ദോഗ്യത്തിലെ വൈശ്വാനര വിദ്യയില്‍ ഓരോ അംഗത്തിന്റെയും ഉപാസനം ചെയ്യാ
നുള്ള  പ്രത്യേകവര്‍ണനകളുണ്ട്. അതില്‍ ഓരോ അംഗത്തേയും പ്രത്യേകം ഉപാസിക്കുന്നതോ എല്ലാ അംഗങ്ങളുമടങ്ങിയ പൂര്‍ണത്തെ ഉപാസിക്കുന്നതോ കൂടുതല്‍ ശ്രേഷ്ഠം എന്ന സംശയത്തിന്നുള്ള മറുപടിയാണ് ഈ സൂത്രം. ഛാന്ദോഗ്യം അഞ്ചാം ഖണ്ഡത്തില്‍ വൈശ്വാനരന്റെ ഓരോ അവയവത്തേയും വേറെ ഉപാസിക്കാന്‍ പറയുന്നു. അതിന് ഫല ഭേദവും ഉണ്ട്.
ഇക്കാരണങ്ങളാല്‍ ഓരോ അംഗത്തേയും പ്രത്യേകമായി ഉപാസിക്കണമെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.
അവയവങ്ങള്‍ ഒന്നിച്ചു ചേര്‍ത്തുള്ള വൈശ്വാനരോപാസനയാണ് ഇവിടെ പറഞ്ഞത്. അവയവങ്ങളുടെ പ്രത്യേക ഉപാസനയല്ല. ക്രതുവാണ് ഇതിന് ഉദാഹരണം. ദര്‍ശ പൂര്‍ണമാസം മുതലായ യാഗങ്ങളില്‍ അംഗങ്ങളെയെല്ലാം ഒരുമിച്ച് ചേര്‍ത്ത ഒരുമിച്ചുള്ള ഒരു യാഗത്തെയാണ് പറഞ്ഞിരിക്കുന്നത്. ഒരു അംഗത്തേയും പ്രത്യേകമായി എടുത്ത് പറഞ്ഞിട്ടില്ല. അതിനാല്‍ പൂര്‍ണോപാസനയാണ് ശ്രേഷ്ഠം.
ഛാന്ദോഗ്യത്തിലെ രാജാ അശ്വപതിയുടേയും ആറ് ഋഷിമാരുടേയും ചരിതം പ്രത്യേക ഉപാസനയെ നിന്ദിക്കുകയും നിഷേധിക്കുകയും ചെയ്യുന്നു. അതിനാല്‍ വൈശ്വാനരോ
പാസനയില്‍ പൂര്‍ണ ഉപാസനയെ തന്നെയാണ് പറഞ്ഞിട്ടുള്ളത്. സൂത്രത്തില്‍ ശ്രേഷ്ഠതരം എന്ന് പറഞ്ഞത് മറ്റ് അംഗങ്ങളെ ഉപാസിക്കുന്നത് സൂത്ര കാരന് സമ്മതമാണ് എന്ന് പറഞ്ഞാല്‍ ശരിയല്ല. ശ്രേഷ്ഠതരമെന്ന് പറഞ്ഞത് അതിന് മാത്രം ശ്രേഷ്ഠതയും സ്വീകാര്യതയും പ്രമാണവും എന്ന് കാണിക്കാനാണ്.

No comments: