Sunday, October 20, 2019

ശ്യാമളാ അഥവാ കറുത്തവള്‍

Sunday 20 October 2019 3:26 am IST
ശ്യാമളാ എന്നാല്‍ കാളികാ അഥവാ കറുത്തവള്‍ എന്നു സാരം.  വികസ്വരോന്മുഖമായ പ്രപഞ്ചത്തിന്റെ  എഴുപതു ശതമാനം ഇരുണ്ട ഊര്‍ജ്ജവും ബാക്കി ഇരുപത്തഞ്ച് ശതമാനം ഇരുണ്ട ദ്രവ്യവുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ശ്യാമോര്‍ജ്ജത്തിന്റെയും ശ്യാമപിണ്ഡത്തിന്റെയും പിന്നാലെയുള്ള ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിനുവേണ്ടിയുള്ള ഒരു അത്ഭുത സന്നാഹമാണ് ജനീവയിലെ സേണില്‍ ഒരുക്കിയ ഭൗമാന്തരഗുഹയില്‍  സജ്ജമാക്കിയ ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡര്‍. പ്രപഞ്ചോല്‍പ്പത്തിക്കു നിദാനമായ ആദ്യ സന്ദര്‍ഭത്തെ സൃഷ്ടിച്ചുള്ള പരീക്ഷണമാണ്  നടക്കുന്നത്.  ശ്യാമദ്രവ്യത്തിന്റെ കാരണഭൂതമായ കണികകള്‍ ഏതെന്ന കണ്ടെത്തലാണ് പ്രധാന ലക്ഷ്യം. (ഈ കേന്ദ്രത്തിന്റെ പ്രധാന കവാടത്തില്‍ നടരാജമൂര്‍ത്തിയുടെ ഒരു വിഗ്രഹം സ്ഥാപിച്ചിരിക്കുന്നു).
ഗുരുത്വാകര്‍ഷണങ്ങളെ മറികടക്കുന്ന ദുര്‍ജ്ഞേയമായ ഒരു ഊര്‍ജ്ജം പ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവണം.  അനുമാനങ്ങള്‍ക്കുമങ്ങേപ്പുറം അതിവേഗത്തില്‍ ഗാലക്‌സികളെ -താരാപഥങ്ങളെ- വലിച്ച് ദൂരേക്കെത്തിക്കുന്നതും എന്നാല്‍ പ്രവേഗത്താല്‍ തെറിച്ചുപോകാതെ അടുക്കി നിര്‍ത്തുന്നതും വികാസത്വരകവുമായ ഏതോ ഒരു ഊര്‍ജ്ജം പ്രവര്‍ത്തിക്കുന്നുണ്ടാകണം എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.  അത് ഗാലക്‌സികള്‍ക്കു ചുറ്റും ശക്തിയേറിയ ഒരു ഗുരുത്വാകര്‍ഷണ സ്രോതസ്സായി ഉണ്ടായിരിക്കണം. അത് ആ ഇരുണ്ട ദ്രവ്യത്തിന്റെ ഗുരുത്വാകര്‍ഷണമാണ് എന്നാണ് കരുതപ്പെടുന്നത്.  
കൂടാതെ ശ്യാമമായ ഊര്‍ജ്ജത്തെ പിന്തള്ളുന്ന ഒരു ശ്യാമമായ പിണ്ഡവും വര്‍ത്തിക്കുന്നുണ്ടാകണം.  ഇവ രണ്ടിന്റെയും സ്രോതസ്സായാണ് നാം കാളിയെ കാണുന്നത്.  അത് ശക്തിസ്വരൂപിണിയായ ആ കറുത്തവള്‍ കാട്ടുന്ന പ്രതിഭാസമാണോ!!  അമേയ വൈഭവത്വത്തിലെ അവാച്യതയാണ് കാളിയുടെ സ്വഭാവം എന്നു മായാതത്ത്വവാദം പറയുന്നു.
പുരുഷന്‍
മായയെ അഥവാ പ്രകൃതിയെക്കുറിച്ച് പറയുന്നിടത്തുനിന്ന് പുരുഷനെ മാറ്റിനിര്‍ത്താനാകില്ല.  ശ്വേതാശ്വതരോപനിഷത്തില്‍ ഉപ്രകാരം പറയുന്നു - 
വേദാഹമേതം പുരുഷം 
മഹാന്തം
ആദിത്യവര്‍ണം 
തമസഃ പരസ്താദ്
''അജ്ഞാനാന്ധകാരത്തിനുമപ്പുറമുള്ളവനും  സൂര്യനെപ്പോലെ സ്വയം ജ്യോതിസ് വര്‍ഷിക്കുന്നവനും പ്രപഞ്ചത്തേക്കാള്‍ മഹത്തമനുമായ പരമപുരുഷനെ ഞാന്‍ അറിഞ്ഞിരിക്കുന്നു''. (സാരം: സ്വാമി രംഗനാഥാനന്ദജി). തമസ്സ് എന്ന കാളികയ്ക്കപ്പുറത്ത് പ്രകാശവാനായ പുരുഷന്‍ നില്‍പ്പുണ്ട്. ''പുരുഷവിശേഷഃ ഏകവിശേഷഃ'' ഏകന്‍ പുരുഷനാണ്. പുരത്തില്‍ ശയിക്കുന്നവന്‍ പുരുഷന്‍.  പുരമായ ശരീരം എന്നത് വ്യഷ്ടിഗത പിണ്ഡത്തില്‍നിന്നു വിരാട്പുരുഷ പിണ്ഡാണ്ഡസഞ്ചയംവരെയും വ്യാപ്തമായ ജഡത്തെ ഉദ്ദേശിച്ചാണ് പറയപ്പെട്ടിട്ടുള്ളത്.  ഗീതയില്‍ ഇതിനെ ക്ഷേത്രം എന്ന് ഭഗവാന്‍ വിശേഷിപ്പിച്ചിരിക്കുന്നു.  ക്ഷേത്രമാകുന്ന പുരത്തില്‍ ശയിക്കുന്നവനാണ് ക്ഷേത്രജ്ഞന്‍. വ്യഷ്ടിപര ജഡത്തില്‍ കടന്നുകൂടിയ ജീവാത്മാവും വിരാട്പുരുഷനായ പരമാത്മാവും ക്ഷേത്രജ്ഞന്മാരാണ്. വിരാഡ്രൂപനായ ആ ക്ഷേത്രജ്ഞനാണ് ഏകവിശേഷവാനായ പുരുഷന്‍.  
''അനാദിമത് (സര്‍വത്തിനും മീതെയായ) പരംബ്രഹ്മ''മായിരുന്ന മൂലപ്രകൃതിയില്‍ ക്ഷോഭമുണ്ടായപ്പോള്‍ സംജാതമായ മായയോടൊപ്പം പുരുഷന്‍ ഭാവമാളുകയും മായയുടെ സൃഷ്ടിപ്രക്രിയമേല്‍ ഈക്ഷണവിക്ഷേപം നടത്തിക്കൊണ്ട് സാക്ഷിയായി നില്‍ക്കുകയും ചെയ്തുവെന്ന് ദര്‍ശനങ്ങള്‍ പറയുന്നതായി മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലൊ.  ഈ സാക്ഷി വിരാട്ഭാവത്തിലുള്ളതും ത്രിപുട്യംഗവുമായ ദൃക്കാകുന്നു.

No comments: