Tuesday, October 22, 2019

വൃശ്ചികത്തിന്റെ

മണ്ഡലമാസത്തോട് അനുബന്ധിച്ച് മദ്ധ്യതിരുവിതാകൂറില്‍ നടത്തപ്പെടുന്ന അനുഷ്ഠാനമാണ് ആഴിപൂജയും ശരണം വിളിയും. പൗരാണിക ഗോത്രസംസ്‌കാരത്തിന്റെ അവശേഷിപ്പായി ആഴിപൂജ നിലനില്‍ക്കുന്നു. നൂറ്റാണ്ടുകളായി വനവാസിയായി കഴിഞ്ഞ ആദിമ മനുഷ്യന്റെ ഉറവും ഉണര്‍വും ഈ അനുഷ്ഠാനത്തില്‍ കാണാം. ശാസ്താവിന്റെ അവതാരമായ അയ്യപ്പകഥയാണ് ഇതിന്റെ ഇതിവൃത്തം. എല്ലാവരും ഒന്നെന്ന സത്യത്തെ തിരച്ചറിയിക്കാന്‍ പഠിപ്പിച്ച അയ്യപ്പസങ്കല്‍പം നാടന്‍ ശീലുകളില്‍ പാടിപതിഞ്ഞു വന്ന അയ്യപ്പ സങ്കല്‍പത്തെ അടയാളപ്പെടുത്തുന്നതാണ് ആഴിപൂജയുടെ ഓരോ ചടങ്ങുകളും. കഠിനമായ വ്രതനിഷ്ഠയില്‍ അഗ്നിശുദ്ധിവരുത്തി പരമമായ സത്യം തിരിച്ചറിയാന്‍ ശ്രമിക്കുന്ന വൈദിക പാരമ്പര്യവും ഇതില്‍കാണാം. വൃശ്ചികം പന്ത്രണ്ട് കഴിഞ്ഞാല്‍ മകരവിളക്ക് വരെയുള്ള കാലത്താണ് ഈ അനുഷ്ഠാനം നടത്തപ്പെടുന്നത്.പുലര്‍ച്ചെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ തുടങ്ങുന്ന ചടങ്ങുകള്‍ രാവേറെയാകുമ്പോഴാണ് അവസാനിക്കുന്നത്. വിശ്വാസത്തിന്റെ അതിരുകള്‍ക്കോ യുക്തിയുടെ ശാസ്ത്ര നിപുണതക്കോ അപ്പുറമായ ആത്മസാക്ഷാത്കാരത്തിന്റെ അനുഭൂതിയാണ് ഓരോ ഭക്തനും ആഴിപൂജ. പ്രധാന ചടങ്ങുകള്‍ വീടുകളിലും, ക്ഷേത്രങ്ങളിലും, കാവുകളിലുമാണ് ആഴിപൂജ നടത്തി വരുന്നത്. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഗണപതി ഹോമത്തോടു കൂടി ചടങ്ങുകള്‍ ആരംഭിക്കും. പിന്നീട് ക്ഷിപ്രപ്രസാദിയായ മഹാഗണപതിക്കും ദേശദേവനും ആചാര വിധിപ്രകാരം ഒരുക്ക് വെച്ച് പ്രീതിപ്പെടുത്തുന്നു. പ്രദേശത്തെ ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. ഇതില്‍ത്തന്നെ ചില പ്രാദേശിക ഭേദങ്ങളും കണ്ടുവരുന്നു. കിഴക്ക് ദര്‍ശനമായി മുല്ലപ്പന്തല്‍ (ആഴിപ്പന്തല്‍) നിര്‍മ്മിക്കാനുള്ള ചടങ്ങുകള്‍ക്ക് തുടക്കമാകും. വാഴപിണ്ടി, കുരുത്തോല, കവുങ്ങ്്, വിവിധ അലങ്കാരങ്ങള്‍ തുടങ്ങിയവയാണ് മുല്ലപ്പന്തലിന്റെ സവിശേഷതകള്‍. കന്നിമൂലക്കുള്ള പാദ പ്രതിഷ്ഠ (കാല്‍നാട്ട് കര്‍മ്മം) ചടങ്ങുകളോടെയാണ് പന്തല്‍ നിര്‍മ്മാണം ആരംഭിക്കുന്നത്. പന്തലിന്റെ നാല് തൂണ് ചതുര്‍വേദങ്ങളേയും ഇടത്തൂണുകള്‍ അഷ്ടദിക്കുകളെയും പ്രതിനിധാനം ചെയ്യുന്നു. പൂജയോട് അനുബന്ധിച്ച് ഏതെങ്കിലും ജീവജാലങ്ങള്‍ക്ക് ജീവനാശമുണ്ടായിട്ടുണ്ടങ്കില്‍ അവക്ക് മോക്ഷം ലഭിക്കാന്‍ കൂട്ടായി പ്രാര്‍ത്ഥിച്ച് പ്രായശ്ചിത്തമായി ദക്ഷിണ പാദപ്രതിഷ്ഠ നടത്തപ്പെടുന്ന കുഴിയില്‍ ഇറക്കി അക്ഷതം അര്‍പ്പിക്കുന്നു.പിന്നീട് ഗണപതിക്ക് വിളക്ക് തെളിച്ച് നിവേദ്യം സമര്‍പ്പിക്കുന്നു. കൂട്ടായ്മയുടെ ഗ്രാമീണ അനുഷ്ഠാനമായതിനാല്‍ എല്ലാ ചടങ്ങുകളിലും അത് അനുഭവിച്ചറിയാം. കുഴിക്ക് മൂന്നു പ്രദക്ഷിണം വെച്ച് പ്രഥമ വേദസ്വരൂപമായ കന്നി തൂണ് സ്ഥാപിക്കുന്നു. ഇതേ അനുഷ്ഠാനങ്ങളോടെയാണ് മറ്റ് മൂന്ന് തൂണുകളും തുല്യഅളവില്‍ ചതുരാകൃതിയില്‍ സ്ഥാപിക്കുന്നത്. അതിനുശേഷം പന്തലിനു മുകളില്‍ ഓലമേയുന്നു. കുരുത്തോല കൊണ്ട് വിവിധ അലങ്കാരപ്പണികള്‍ നടത്തി അഷ്ടദിക്പാലകരെ പ്രതിനിധാനം ചെയ്യുന്ന ഇടത്തൂണുകളും സ്ഥാപിക്കുന്നു. ചാണകം മെഴുകി ശുദ്ധമാക്കിയ തറയില്‍ ഒരുക്കുകള്‍ നിരത്തുന്നു. 11 ഒരുക്കുകളാണ് പതിവ്. സൂര്യാസ്തമനത്തിന് മുമ്പ് മുല്ലപ്പന്തലിന്റെ പണികള്‍ തീര്‍ക്കുന്നു. മുന്‍ഭാഗത്തെ തൂണുകളില്‍ നിന്ന് ഒമ്പത് അടിയോ അതിന്റെ ഗുണിതങ്ങളൊ അളവ് കണ്ട് ആഴി കത്തിക്കാനുള്ള സ്ഥാനം നിര്‍ണയിക്കുന്നു.പുലിപ്പുറത്തേറി നായാട്ടിന് പോകുന്ന അയ്യപ്പന്റെ ഛായാചിത്രം പ്രാധാന പീഠത്തില്‍ സ്ഥാപിച്ച് ചൂരല്‍, ചുരിക തുടങ്ങിയ ആയുധങ്ങള്‍ സമര്‍പ്പിക്കുന്നു. കന്നിമൂലയോട് ചേര്‍ന്ന് ഗണപതിക്കും അയ്യപ്പന് വലത് ഭാഗത്ത് മാളികപ്പുറത്തിന് വിളക്ക് വെച്ച് ഒരുക്ക് വെക്കുന്നു. ആവണി പലകയില്‍ അക്ഷതം അര്‍പ്പിച്ച് അതിന് മുകളില്‍ അലക്കിയ വസ്ത്രം അരി എന്നിവക്ക് മുകളില്‍ നാളികേരം വെച്ച് പൂക്കുല തൂകി ദേവതാ സങ്കല്‍പം ആവാഹിച്ച് വിളക്ക് വെയ്ക്കുന്നു. ഇതിന് മുമ്പില്‍ അവല്‍ ,മലര്‍,ശര്‍ക്കര,കല്‍ക്കണ്ടം,മുന്തിരി,കരിക്ക്,പഴം,വറപൊടി എന്നിവ തൂശനിലയില്‍ നിവേദ്യമായി വെക്കുന്നു. ഇവയാണ് ഒരുക്ക്. പിന്നീട് മാളികപ്പുറത്തിന് അഭിമുഖമായി രണ്ട് ഒരുക്കുകള്‍, നാഗരാജാവ് ,നാഗയക്ഷി എന്നിവര്‍ക്കും ഗണപതിക്ക് അഭിമുഖമായി കറുപ്പസ്വാമി,കറുപ്പായി അമ്മ തുടങ്ങിയ മൂര്‍ത്തികള്‍ക്കും ഒരുക്ക് വെയ്ക്കുന്നു. പന്തലിന് പുറത്ത് വലത് ഭാഗത്ത് തലപ്പാറ വില്ലന്‍, വാവരുസ്വാമി, എന്നിവര്‍ക്കും ഇടത് ഭാഗത്ത് നവഗ്രഹങ്ങള്‍, മലമൂര്‍ത്തികള്‍ എന്നിവര്‍ക്കും ഒരുക്ക് വെയ്ക്കുന്നു.പിന്നീട് അടുത്തുള്ള ദേവസങ്കേതത്തില്‍ നിന്ന് ദീപാരാധനക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പന്തലില്‍ എത്തിക്കുന്നു. തുടര്‍ന്ന് പന്തലിലെ ഒരുക്കുകളെ പ്രതിനിധീകരിക്കുന്ന ദേവതാസങ്കല്‍പ്പങ്ങളിലേക്ക് ദീപം കൊളുത്തുന്നു. ഇതേസമയം നിവേദ്യമായ തിരളി (അട)ക്ക് തീകൊളുത്തുന്നു.പിന്നീട് അയ്യപ്പചരിതം പാടുന്ന കഥാഭാഗങ്ങള്‍ കീര്‍ത്തനങ്ങളിലൂടെ ചൊല്ലിത്തീര്‍ത്ത് ജനനം പാടി പൂര്‍ത്തിയാക്കുമ്പോള്‍ ആഴിക്ക് തീ കൊളുത്തുന്നു. പൂവം, തെങ്ങിന്‍ കുറ്റി, ചിരട്ട തുടങ്ങിയവയാണ് ആഴി കത്തിക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന് ശേഷം പന്തലില്‍ ദീപാരാധന നടക്കും. അയ്യപ്പന്റെ ബാലലീലകളും പുലിപ്പാലിന് യാത്രയാകുന്നതും കഴിയുമ്പോള്‍ ആഴി കത്തിജ്വലിക്കുന്നു ഈ സമയത്താണ് തെള്ളിപ്പൊടി എറിഞ്ഞ് ആഴിയില്‍ നിന്ന് ദുര്‍ദേവതയായ ചുടല ദേവതയെ ആവാഹിച്ച് മാറ്റുന്നു. ആഴിക്ക് പൂജ നല്‍കി അഗ്നി പ്രവേശനത്തിനായി ആഗ്നി ദേവനെ പ്രീതിപെടുത്തുന്നു. പിന്നീട് കാനയാത്രകളും മഹിഷി നിഗ്രഹവും കീര്‍ത്തനങ്ങളും ചൊല്ലുന്നു. പിന്നീട് പാണ്ഡിയന്‍ പെരുന്തേവി, ആഴിക്ക് അനുഗ്രഹിക്ക എന്നുതുടങ്ങുന്ന കീര്‍ത്തനവും ചൊല്ലുന്നു. ഈ സമയമാണ് പുലിയെ ബന്ധിച്ച്് ശബരിമല ധര്‍മ്മശാസ്താവായി മാറുന്ന അയ്യപ്പന്റെ നായാട്ട് ഭാഗം ചൊല്ലുന്നത്. ഈ സമയത്ത് മേളവും ശരണം വിളിയും വായ്കുരവയും ഉച്ചസ്ഥായിയിലെത്തും. അപ്പോള്‍ അനുഗ്രഹം ലഭിക്കുന്ന ഭക്തര്‍ അഗ്നി പ്രവേശം ചെയ്ത് ആഴിവാരുന്നു.  

No comments: