Monday, October 21, 2019

ദേവി തത്ത്വം-33

ആ ശക്തി ശിവനെ പകുതി പകുത്തെടുത്തിരിക്കുന്നു. ബാക്കി പകുതി കൂടെ വിഴുങ്ങാനുള്ള വ്യഗ്രതയാണ് പ്രപഞ്ച നാടകം എന്നാണ് ആചാര്യ സ്വാമികൾ സൗന്ദര്യ ലഹരിയിൽ പറയുന്നത്. സ്ത്രീ പുരുഷൻ എന്നുള്ളത് പ്രപഞ്ചത്തിൽ മനുഷ്യനെ ബന്ധിക്കാൻ കാരണമാകുന്നു. എന്നാൽ അതിന്റെ തത്ത്വമറിഞ്ഞാൽ മുക്തിക്ക് വഴി തെളിയും. ഇതറിഞ്ഞു കൊണ്ടാണ് ശിവനെന്നും ശക്തിയെന്നും ജഗത്തിന്റെ മാതാപിതാക്കളായി സങ്കൽപ്പിച്ചു കൊണ്ട് നമ്മുടെ പരമ്പര നിലനിൽക്കുന്നത്. നമ്മളിതൊക്കെ കളഞ്ഞു കുളിച്ചിട്ടാണ് ഇപ്പോൾ നിൽക്കുന്നത്.

പണ്ടൊക്കെ കല്ല്യാണം കഴിഞ്ഞ് വധൂവരൻമാർ വീട്ടിൽ വരുമ്പോൾ മുത്തശ്ശിമാർ പറയും പാർവ്വതി പരമേശ്വരനെ പോലെയുണ്ട് അല്ലെങ്കിൽ ലക്ഷ്മീ നാരായണൻമാരെ പോലെയുണ്ട് എന്നൊക്കെ. ആ ആരോപണം തന്നെ ദിവ്യമാണ്. അവിടെ ലൗകികമായ ഒരു ദൃഷ്ടിയില്ല.

 സ്വാമി രാമതീർത്ഥൻ പതി പത്നി എന്നൊക്കെ പറയുമ്പോൾ തമാശയായിട്ട് ഒരു കഥ പറയും. ഒരിക്കൽ ഒരാൾ കള്ള് കുടിച്ച് കൈയ്യിലൊരു കുപ്പിയുമായി നടക്കുമ്പോൾ വഴിയിൽ ഒരു മുല്ലയെ ( മുസ്ലിം priest)കണ്ടുവത്രേ. അപ്പോൾ തമാശയായി അയാൾ മുല്ലയോട് ചോദിച്ചു. നിങ്ങൾ നരഗം നരഗം എന്ന് പറയുന്നല്ലോ അതിലേയ്ക്കുള്ള വഴി ഏതാ? മുല്ല പറഞ്ഞു അത് ഞാൻ പറഞ്ഞ് തരികയൊന്നും വേണ്ട. നിന്റെ കൈയ്യിലുള്ളത് തന്നെ നിന്നെ കൂട്ടി കൊണ്ട് പൊയ്ക്കോളും. അതേ പോലെ ഈ ലോകത്തിൽ സ്ത്രീ പുരുഷ ബന്ധം തത്ത്വമറിയാത്തവന് നരഗത്തിന് കാരണമായി തീരും. ജീവിതത്തിൽ ദുരിതത്തിന് കാരണമായി തീരും. തത്ത്വമറിഞ്ഞവന് ഇത് തന്നെ മുക്തിക്ക് കാരണമായി തീരും.

ദേവീ മാഹാത്മ്യത്തിൽ ഒരു പുരുഷൻ പത്നിക്കായി പ്രാർത്ഥിക്കയാണ്. ആ പത്നി എങ്ങനെ ആയിരിക്കണമെന്നാൽ പത്നീം മനോരമാം ദേഹി മനോ വൃത്താനുസാരണിം താരിണിം ദുർഗ്ഗ സംസാര സാഗരസ്യ കുലോത്ഭവാം. എനിക്കൊരു പത്നിയെ തരൂ എന്ന് പ്രാർത്ഥിക്കയാണ്. ആ പത്നി എങ്ങനെയുള്ളവളാകണം മനോരമാം ദേഹി എന്റെ മനസ്സിനിണങ്ങിയവളും, മനോവൃത്താനുസാരിണി എന്റെ ഇംഗിതമറിഞ്ഞ് പ്രവർത്തിക്കുന്നവളും, താരിണിം ദുർഗ്ഗ സംസാര സാഗരസ്യ ഈ സംസാര സാഗരത്തിൽ എന്നെ പിടിച്ച് തള്ളിയിടുന്നതിന് പകരം എനിക്കത് തരണം ചെയ്യാൻ വഴി കാണിച്ച് തരുന്നവളും, എനിക്ക് തുണയായിട്ട് നിൽക്കുന്നവളുമായ ഒരു സ്ത്രീ രത്നത്തിനെ തരൂ എന്ന് ചോദിക്കയാണ്.

കാളിദാസൻ പാർവ്വതിയുടെ പരമേശ്വരനെ പ്രാപിക്കാനുള്ള തപസ്സിനെ ഒരുപാട് വർണ്ണിച്ചിരിക്കുന്നു. പാർവ്വതി ബാഹ്യ സൗന്ദര്യം കൊണ്ടല്ല തപസ്സ് കൊണ്ടാണ് പരമേശ്വരനെ വരിക്കുന്നത്. ഈശ്വരനും തപസ്സ് ചെയ്തു കാളിദാസൻ പറയുന്നു. മുമ്പിൽ അഗ്നിയെ ആധാനം ചെയ്തിട്ട് ശിവൻ ഗംഗാ തീരത്ത് പത്മാസനത്തിലിരിക്കുന്ന ചിത്രം കാളിദാസൻ കുമാരസംഭവത്തിൽ വരച്ചിട്ടുള്ള ഏറ്റവും നല്ല ചിത്രമാണ് .

Nochurji🙏🙏

No comments: