Sunday, November 17, 2019

*ശ്രീമദ് ഭാഗവതം 338*
ദത്താത്രേയ ഭഗവാൻ തന്റെ ഓരോ ഗുരുക്കന്മാരെ ആയിട്ട് എടുത്ത് പറഞ്ഞ് ഇവരിൽ ഓരോരുത്തരിൽ നിന്നും താൻ എന്താണ് പഠിച്ചത് എന്ന് യദുമഹാരാജാവിനോട് പറയാണ്.

ആദ്യമായിട്ട് പഞ്ചഭൂതങ്ങൾ.
 *ഭൂമി, ജലം, അഗ്നി, വായു, ആകാശം.*

 *ഭൂമിയിൽ നിന്നും ക്ഷമ*
ഭൂമിയ്ക്ക് പര്യായപദം തന്നെ ക്ഷമാ എന്നാണ്.   ക്ഷമാ എന്നും ക്ഷ്മാ എന്നും ഭൂമിയ്ക്ക് പേര് ണ്ട്. ആദ്ധ്യാത്മജ്ഞാനത്തിന് പ്രത്യേകിച്ച് വേണ്ടതായ ഒരു ഗുണം ണ്ട്. തിതിക്ഷാ എന്ന് പറയും. തിതിക്ഷാ എന്നാൽ സഹിക്കാനുള്ള ശക്തി.

സഹനം സർവ്വദു:ഖാനാം അപ്രതീകാരപൂർവ്വകം ചിന്താവിലാപരഹിതം സാ തിതിക്ഷാ നിഗദ്യതേ.

 *എന്തൊക്കെ ദു:ഖം വരാണെങ്കിലും* *പ്രതികാരബുദ്ധി* *ഇല്ലാതെ* എനിക്ക് ഇങ്ങനെ വന്നുവല്ലോ എന്ന് വിലപിക്കാതെ, *സഹിക്കാ* എന്നാണ്. യാതൊരു വിഷമവും ഇല്ലാതെ. വാത്മീകി രാമായണത്തിൽ ശ്രീരാമഭഗവാനെ കുറിച്ച് പറയണത്,
ക്ഷമയാ പൃഥിവീ സമ:
ക്ഷമയ്ക്ക് ഭഗവാൻ ഭൂമിയെപ്പോലെ.
ക്ഷമിക്കൽ ദൗർബല്യം കൊണ്ടല്ലാ. ചിത്തവിക്ഷേപം ണ്ടാവാതെ ഇരിക്കണത് നമ്മളുടേയും കൂടെ ഗുണമാണ്. നമുക്കത് ആവശ്യമാണെന്നുള്ള അറിവ് കൊണ്ടുള്ള ക്ഷമയാണ്.

ഭൂമിയെ എന്തൊക്കെ ചെയ്യുന്നു. പൂർവ്വകാലങ്ങളിൽ കിണറ് പോലുമില്യ. നദിയിലുള്ള ജലം മാത്രേള്ളൂ. പിന്നീട് കിണറ് കുഴിക്കാൻ തുടങ്ങി. പിന്നെ ബോർവെൽ ആയി. ഇപ്പൊ ഭൂമിയുടെ അന്തരംഗരഹസ്യങ്ങളൊക്കെ കണ്ടുപിടിക്കാൻ അനേകം കിലോമീറ്റർ ആഴത്തിൽ ഭൂമിയുടെ ഉള്ളില് കുഴിക്കണണ്ട്. ന്യൂക്ലിയർ ആറ്റോമിക് പവർ experiments ഒക്കെ ഭൂമിയുടെ ഉള്ളിൽ വെച്ചാണ് നടത്തണത്. ഇത്രയൊക്കെ ആയിട്ടും ഭൂമി കഴിയുന്നതും ക്ഷമിക്കുന്നു. ഇതൊക്കെ ഒന്ന് ഇളകിയാൽ കഴിഞ്ഞു. ല്ലേ. അതിന്റെ ഫലം നമ്മള് കണ്ടതാണ്. അപ്പോ ക്ഷമിക്കുന്ന ആൾക്ക് ശക്തി കൂടുതലാണ്.

ഏകനാഥസ്വാമിയെ കുറിച്ച് പറയും. *ഏകനാഥസ്വാമികൾക്ക് കോപമേ വരില്യാത്രേ.* അദ്ദേഹത്തെ കോപിപ്പിക്കാനായിട്ട് പലരും ശ്രമിച്ചിട്ടുണ്ട്. ഒരു ഉദാഹരണം ണ്ട്.  ഒരു ദരിദ്രബ്രാഹ്മണൻ അദ്ദേഹത്തിന്റെ പുത്രന് യജ്ഞോപവീതധാരണം, പൂണൂല് ഇടണം. അതിന് കാശില്യ. വളരെ വിഷമത്തിലാണ്. നാട്ടിലുള്ളവരോട് സഹായം ചോദിച്ചപ്പോ അവിടെയുള്ള പിള്ളേര് പറഞ്ഞു.

ഏകനാഥസ്വാമിയെ എങ്ങനെയെങ്കിലുമൊക്കെ ഒന്ന് കോപിപ്പിക്കാണെങ്കിൽ ഞങ്ങളതിനുവേണ്ട പണം തരാം. ദാരിദ്ര്യം കൊണ്ട് ഇയാള് ഏകനാഥസ്വാമിയുടെ വീട്ടിലേക്ക് വന്നു സ്വാമിയെ കുറേ ചീത്ത വിളിച്ചു.
സ്വാമി പൂജയിലാണ്.
കേട്ടു കൊണ്ടേ ഇരുന്നു.
അതുകഴിഞ്ഞിട്ട് ഒരു ചെമ്പില് പാലും എടുത്തു കൊണ്ടുവന്ന് പറഞ്ഞു. എത്ര നേരായി ഇവിടെ നിന്ന് ഇങ്ങനെ ശബ്ദബ്രഹ്മം പുറപ്പെടുവിക്കുന്നു! ആ ശബ്ദത്തിന് അർത്ഥമേ കൊടുത്തില്യ അദ്ദേഹം. *ഇവിടുന്നു വരുന്നതൊക്കെ ശബ്ദബ്രഹ്മം!*

സ്വാമി പാല് കൊടുത്ത്  അദ്ദേഹത്തിനെ ഊണ് കഴിക്കാൻ വിളിച്ചു. അപ്പോ ഈ ബ്രാഹ്മണൻ കൂട്ടാക്കിയില്യ. പിന്നെ ഏകനാഥ്സ്വാമികളുടെ കൂടെ ഊണ് കഴിക്കാനിരുന്നു.
ഊണ് കഴിച്ചപ്പഴും പല വിധത്തിൽ അസഭ്യം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
അദ്ദേഹം സന്തോഷമായിട്ട് കേട്ടു കൊണ്ടിരുന്നു.

 *സ്വാമികളുടെ ഗൃഹസ്ഥാശ്രമം എല്ലാം* *കൊണ്ടും ആദർശമായിരുന്നു.*
 *ഗൃഹസ്ഥനായിരുന്നു.*
 *ജീവന്മുക്തനുമായിരുന്നു!*
അദ്ദേഹത്തിന്റെ ഏകനാഥീഭാഗവതം(ഭാഗവതത്തിന്റെ വ്യാഖ്യാനം) വായിച്ചാലറിയാം.
 *ആത്മനിഷ്ഠനായ ജ്ഞാനി ആയിരുന്നു* അദ്ദേഹം.
ഏകനാഥ്സ്വാമികൾ ഒരു തരത്തിലും ദേഷ്യപ്പെടണില്യാന്ന് കണ്ടപ്പോ ഇയാള്
സ്വാമികളുടെ പത്നി ഊണ് വിളമ്പിയപ്പോ ആ അമ്മയുടെ മുതുകത്ത് കയറി ഇരുന്നു! ദേഷ്യപ്പെടുത്താനായിട്ട്.

അപ്പോ ഏകനാഥ്സ്വാമി പറഞ്ഞു.

അയാള് മുതുകത്തിരിക്കണു.
വയസ്സായ ആളാണ്.
പെട്ടെന്ന് എഴുന്നേല്ക്കരുത്.
അയാള് വീഴും.

അപ്പൊ ആ അമ്മ പറഞ്ഞുത്രേ.

എനിക്കറിയില്ലേ എങ്ങനെയാ എണീക്കേണ്ടതെന്ന്!!!
ഹരി എത്ര പ്രാവശ്യം എന്റെ മുതുകത്ത് ഇരുന്നണ്ട്(.ഏകനാഥ്സ്വാമികളുടെ മകൻ ഹരി)
അദ്ദേഹം വീഴാതെ ഞാൻ  നോക്കിക്കൊള്ളാംന്ന് പറഞ്ഞു.

അവസാനം ഈ ബ്രാഹ്മണന് പൂണൂലിന് വേണ്ടതൊക്കെ ഏകനാഥ് സ്വാമി തന്നെ കൊടുത്തു.
ഇതിനായിരുന്നുവെങ്കിൽ മുമ്പ് തന്നെ എന്നോട് പറഞ്ഞാൽ മതിയായിരുന്നുവല്ലോ. എന്തുവേണമെങ്കിലും ഞാൻ ചെയ്തു തരുമായിരുന്നവല്ലോ!!!
ശ്രീനൊച്ചൂർജി
 *തുടരും. ...*
Lakshmi prasad 

No comments: