ഒരു കാര്യം മാത്രം ചിന്തിച്ചുകൊണ്ടിരുന്നാല്‍ അത് എന്തായാലും നമുക്ക് എത്രയുംവേഗം സാധിക്കുകതന്നെ ചെയ്യും. ഒരേസമയം പലകാര്യങ്ങളില്‍ മോഹമുള്ളതിനാലാണ് ആഗ്രഹിക്കുന്ന ഒരു കാര്യവും നേരെ സാധിക്കാതെ പോകുന്നത്. ഒരാള്‍ ക്ഷേത്രത്തില്‍ എത്തി ദേവനോട് തന്‍റെ അര്‍ത്ഥനകള്‍ പറയുന്നു. തുടര്‍ന്ന് പുറത്ത് ഇറങ്ങിയിട്ട് എന്താ ചിന്തിക്കുക? അതാണ് ശരിക്കും അയാളുടെ പ്രാര്‍ത്ഥന! നമ്മുടെ നിയന്ത്രണത്തിലില്ലാതെ സ്വാഭാവികമായി നമ്മുടെ മനസ്സിലേയ്ക്ക് കടന്നുവരുന്ന വികാരവിചാരങ്ങളുണ്ടല്ലോ? അത് എന്തു വിഷയത്തെ ലക്ഷ്യമാക്കുന്നുവോ അതാണ് ഒരാളുടെ അനുഭവത്തെ സൃഷ്ടിക്കുന്നത്. എന്നതിനാല്‍ അതുതന്നെയാണ് ഒരാളുടെ പ്രാര്‍ത്ഥന! ഉദാഹരണത്തിന് മദ്യപിക്കുന്ന ഒരാള്‍ ഒരിക്കലും ക്ഷേത്രത്തില്‍ ചെന്ന് മദ്യം കിട്ടുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കില്ലല്ലോ? തന്‍റെ ശരീരസുഖത്തിനോ മറ്റു ജീവിതപ്രശ്നങ്ങള്‍ക്കോ വേണ്ടിയാകും പ്രാര്‍ത്ഥിക്കുക. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങുമ്പോഴോ? മദ്യം സംഘടിപ്പിക്കുന്നതിനെ കുറിച്ചാകും ചിന്ത! അയാളുടെ ഉള്ളില്‍നിന്ന് സ്വാഭാവികമായിവരുന്ന ആ ചിന്തയ്ക്ക് ശക്തിയുണ്ട്. അത് എത്രയും വേഗം ഫലം കാണുകയും ചെയ്യും.
നാം എത്രയും ശക്തമായി എന്താണോ ഏതു നേരവും ആഗ്രഹിക്കുന്നത് അത് നമ്മുടെ വാസനയാല്‍ പ്രേരിതമായി സംഭവിക്കുന്നതാണ്. അത്തരം വിഷയങ്ങളില്‍ മനസ്സ് വളരെവേഗം ഏകാഗ്രമാകും എന്നതിനാല്‍ ഫലസിദ്ധിയും വേഗം ഉണ്ടാകുന്നു. നാദസ്വരൂപിണി ഉള്ളില്‍ വാണരുളുന്നുണ്ട്. ഒരാള്‍ എത്രയും തീവ്രമായി എന്താഗ്രഹിക്കുന്നുവോ അത് സിദ്ധിക്കുന്നു. ലൗകികമോ ആദ്ധ്യാത്മികമോ ആയ എന്തിനു വേണ്ടി തപസ്സ് അനുഷ്ഠിച്ചാലും നിയമം ഇതാണ്- എന്താണോ വേണ്ടത് അതിനെത്തന്നെ നിരന്തരം ചിന്തിക്കുന്ന ഏകാഗ്രത!
അതുകൊണ്ട് ആചാര്യന്മാര്‍ ഉപദേശിക്കുന്നത് ഇതാണ്- ''എപ്രകാരമാണോ ലൗകിക വിഷയങ്ങളില്‍ ഒരാള്‍ക്ക് തീവ്രമായ ആഗ്രഹം തോന്നുന്നത് അതേ ആഗ്രഹം ഈശ്വരനോട് തോന്നിയാല്‍ പിന്നെ സാക്ഷാല്‍ക്കാരത്തിന് അധികം താമസം ഉണ്ടാകില്ല.''
krishnakumar kp
No comments:
Post a Comment