Saturday, November 16, 2019

ത്രിമൂർത്തി ചരിത്രങ്ങൾ
[ഇത് ഒരു വലിയ ലേഖനമായതിനാൽ കുറച്ചു ഭാഗങ്ങളായി ഓരോദിവസവുംപോസ്റ്റ് ചെയ്യുന്നതായിരിക്കും.]
( തുടർച്ച)
(ഭാഗം 3)
സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം, തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മമായ ആദിനാരായണൻ തന്നെയാണ് നിർവഹിക്കുന്നത്. അതായത്‌ എല്ലാറ്റിന്റെയും ആദിയും, അന്ത്യവും സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണുവിൽ തന്നെയാണെന്ന്‌ പുരാണങ്ങളിൽ പറയുന്നു. അവ്യക്തമായ കാരണപ്രപഞ്ചത്തിനും വ്യക്തമായ കാര്യപ്രപഞ്ചത്തിനും മൂലസ്വരൂപം അല്ലെങ്കിൽ ആദികാരണമായിട്ടിരിക്കുന്നത് ഭഗവാൻ ആദിനാരായണൻ അഥവാ മഹാവിഷ്ണു എന്ന പരബ്രഹ്മമാകുന്നു.
ശിവപുരാണമനുസരിച്ച്‌ ഒരിക്കൽ തങ്ങളെ സൃഷ്ടിച്ചത് ആരെന്ന സംശയം മഹാവിഷ്‌ണുവിലും, ബ്രഹ്‌മാവിലും ഉടലെടുക്കുന്നു. രണ്ടു പേരും പരസ്പരം ആ സംശയം ആവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ അവർക്കുമുന്നിൽ അഗ്‌നി രൂപത്തിൽ ശിവലിംഗം പ്രത്യക്ഷമാവുന്നു. ആ ശിവലിംഗത്തിന്റെ വലത് ഭാഗം പുരുഷരൂപമായ ശിവനും ഇടതു ഭാഗം ആദിപരാശക്തിയുമായിരുന്നു.
ശിവശക്തികൾ മഹാലിംഗരൂപത്തിൽ പ്രത്യക്ഷമായി ബ്രഹ്മാവിനോടും, മഹാവിഷ്ണുവിനോടും ശിവലിംഗത്തിന്റെ അഗ്രം കണ്ടെത്താൻ ആവശ്യപ്പെടുന്നു. ബ്രഹ്മ്മാവ് ശിവലിംഗത്തിന്റെ മുകൾ ഭാഗം അന്വേഷിച്ചും, വിഷ്ണു ശിവലിംഗത്തിന്റെ പാദം തേടി താഴേക്കും യാത്രയായി . ഭഗവാൻ മഹാവിഷ്ണു ശിവലിംഗത്തിന്റെ അഗ്രം കാണാതെ മടങ്ങി എത്തുന്നു.
ബ്രഹ്മദേവനും ശിവലിംഗത്തിന്റെ അഗ്രം കാണാതെ തിരിച്ചെത്തുന്നു. വിഷ്ണു താൻ അഗ്രം കണ്ടില്ല എന്നുള്ള സത്യാവസ്ഥ അറിയിക്കുന്നു. എന്നാൽ ബ്രഹ്മാവ് താൻ സമർത്ഥൻ എന്ന് കാണിക്കാൻ വേണ്ടി താൻ ശിവലിംഗത്തിന്റെ മുകളിലെ അഗ്രം കണ്ടു എന്ന് കള്ളം പറയുന്നു. ആ സമയം മഹാദേവൻ ആദിശക്തിയുമായി അവിടെ ശിവശക്തി ഭാവത്തിൽ പ്രത്യക്ഷ മാവുന്നു. കള്ളം പറഞ്ഞ ബ്രഹ്മാവിന്റെ അഞ്ച് മുഖങ്ങളിൽ ഒന്ന് പിഴുതു കളയുന്നു. താൻ ചെയ്ത തെറ്റിന് ബ്രഹ്മാവ് മാപ്പു ചോദിക്കുന്നു 'ബ്രഹ്മാവിന് മാപ്പ് നൽകി മഹാദേവൻ
സൃഷ്ടി കർമ്മം ബ്രഹ്മാവിനെ ഏൽപ്പിക്കുന്നു ബ്രഹ്മാവിന്റെ ശക്തിയായി മഹാസരസ്വതിയെയും നല്കുന്നു. പരിപാലന കർമ്മം മഹാവിഷ്ണുവിനെ ഏൽപ്പിക്കുന്നു ശക്തിയായി മഹാലഷ്മിയെയും നൽകുന്നു. സംഹാര കർമ്മം നിർവ്വഹിക്കാൻ ശിവൻ തന്റെ തന്നെ സംഹാര ഭാവമായ മഹാരുദ്രൻ (മഹാകാലേശ്വരൻ) നെ സൃഷ്‌ടിച്ചു ശക്തിയായി മഹാകാളിയെയും നൽകുന്നു.
ശിവ, സ്കന്ദ, കൂർമ്മ, ദേവി ഭാഗവതങ്ങളിലും ഇതര പുരാണങ്ങളിലും ഈ കഥ വിശദമായി പരാമർശിക്കുന്നുണ്ട്.
( തുടരും)
പി.എം.എൻ.നമ്പൂതിരി.

No comments: