Wednesday, January 08, 2020

[09/01, 09:15] Bhattathiry: വിവേകചൂഡാമണി -- 139

     ഉത്കൃഷ്ടയോനികളിലോ, നികൃഷ്ടയോനികളിലോ ജീവന് ജന്മമെടുക്കാനുള്ള സാധ്യതയെ വേദാന്തത്തിൽ പ്രതിപാദിക്കുന്നുണ്ട്.
വിശിഷ്ടഭോജ്യങ്ങൾ ചിരകാലം ഭുജിക്കാൻ പറ്റിയ സൗകര്യമുള്ള
ദിവ്യശരീരം നേടി സുകൃതികൾ സ്വർഗ്ഗത്തിൽ സുഖിക്കും. ഇതാണ്
"ഊർദ്ധ്വലോകപ്രാപ്തി-ഉത്കൃഷ്ടയോനികളിലെ ജന്മം. ഇതിന് വിപരീതമായി പക്ഷിമൃഗാദികളായോ, വൃക്ഷലതാദികളായോ ജനിക്കാനും സാദ്ധ്യതയുണ്ട്. ഇതത്രെ "അധോലോകപ്രാപ്തി' -- നികൃഷ്ടയോനികളിലെ ജന്മം. വിവേകശക്തിയില്ലാത്തതിനാലും പ്രജ്ഞാമാന്ദ്യത്താലും ഈ ജാഡ്യാവസ്ഥയിൽ "ഘനീഭവിച്ച ദുഃഖം' (നരകം) മാത്രമാണ് ജീവന്റെ അനുഭവം. ജീവന്നനുഭവിക്കേണ്ടിവരുന്ന
പുനർജ്ജന്മങ്ങളുടെ സ്വഭാവം ഈ രണ്ടുവിധത്തിലാവാമെന്നാണ്
'മേലോട്ടും കീഴോട്ടും നയിക്കപ്പെടുന്നു' (ആയാന്തി നിര്യാന്ത്യധ ഊർദ്ധ്വമുച്ഛഃ) എന്ന പ്രസ്താവനയിലൂടെ സൂചിപ്പിക്കുന്നത്.

ഈ രണ്ടുമല്ലാത്ത ഒരവസ്ഥകൂടിയുണ്ട്. ഉത്കൃഷ്ടവും ദിവ്യവുമായ സ്വർഗ്ഗീയസുഖങ്ങൾ നേടാനോ, നികൃഷ്ടവും ജഡവുമായ
നരകദുഃഖങ്ങളനുഭവിക്കാനോ ഇടയാക്കുന്ന കർമ്മങ്ങളല്ല ഇവയ്ക്ക് രണ്ടിനും ഇടത്തരത്തിലുള്ള കർമ്മങ്ങളാണ് ഒരാൾ ചെയ്യുന്നതെങ്കിൽ, ധർമ്മാധർമ്മങ്ങളുടെ സമ്മിശ്രമായ അത്തരം കർമ്മങ്ങളുടെ ഫലമായി അയാൾ മനുഷ്യനായിത്തന്നെ പിറക്കും. ചിരിക്കാനും കരയാനും, സുഖിക്കാനും ദുഃഖിക്കാനുമുള്ള അവസരങ്ങൾ ജീവിതത്തിലെല്ലാവർക്കുമുണ്ട്. അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ ജീവിച്ചു കൊണ്ടുതന്നെ നിത്യാനിത്യങ്ങളെ വിവേചിച്ചറിയാൻ മനുഷ്യന് കഴിയും. അതിനുതകുന്ന വിവേകബുദ്ധി മനുഷ്യന് ലഭിച്ചിട്ടുണ്ട്. ഈ ലോകത്തിൽ നിത്യസുഖികളോ, നിത്യദുഃഖികളോ അല്ല നാമാരും. ബോധപൂർവ്വം മേലോട്ടുയരുകയോ കീഴോട്ട് പതിക്കുകയോ രണ്ടുമാവാം. കൂടാതെ, സർവ്വത്രന്തസ്വതന്ത്രമായ ഈശ്വരീയഭാവം -- ആത്മസാക്ഷാത്കാരം -- നേടാനുള്ള പ്രയത്നം ചെയ്യാൻ സൌകര്യവും ഇവിടെയുണ്ട്. ഇതരയോനികളിൽ -- ദേവയോനികളിലോ തിര്യക്യോനികളിലോ (സ്വർഗ്ഗത്തിലോ നരകത്തിലോ) -- ആദ്ധ്യാത്മികസാധന ചെയ്യാനുള്ള സാദ്ധ്യതകളില്ല. ഉദ്ദേശ്യങ്ങൾക്കും, സങ്കല്പങ്ങൾക്കും, ആഗ്രഹങ്ങൾക്കും
അനുസൃതമായി ഓരോ വ്യക്തിയും അർഹിക്കുന്ന പരിതഃസ്ഥിതികളിലെത്തിച്ചേരുന്നു. ഭൂതകാലത്തിന്റെ തുടർച്ചയാണ് വർത്തമാനകാലം. ഭൂതകാലത്തെ കർമ്മങ്ങൾ അവയുടേതായ ചില സംസ്കാര വിശേഷങ്ങൾ നമ്മിലുളവാക്കിയിട്ടുണ്ട്. അവയാൽ പ്രേരിതരായി നാം
എത്തേണ്ടിടത്തെത്തുന്നു. ആ പ്രേരകശക്തിയെ -- വാസനയെയാണ് 'സ്വകർമ്മദൂതൻ' എന്ന് ഈ ശ്ലോകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പൂർവകർമ്മങ്ങൾമൂലം ഉള്ളിലൂറിക്കൂടിയ സംസ്കാരം
തണുത്തുറച്ചു കിടക്കുകയായിരുന്നു. കാലം വന്നപ്പോൾ അത് ഉരുകാൻ തുടങ്ങി. അതത്രെ വർത്തമാനകാലത്തെ അനുഭവം.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[09/01, 09:15] Bhattathiry: ഹരിനാമകീർത്തനം വ്യാഖ്യാനം-58

പലരും സത്യാന്വേഷണവും ഈശ്വരഭജനവും അത്യന്തം ക്ലേശകരമാണെന്നു കരുതാറുണ്ട്. ശരീരത്തെ പല തരത്തിലും ക്ലേശിപ്പിച്ചും വളരെയധികം പണം ചെലവഴിച്ചും ചിലർ ഈശ്വരഭജനം നടത്താറുണ്ട്. ഭജനത്തിന്റെ രഹസ്യമറിയുന്നവർക്ക് ഈ ക്ലേശത്തിന്റെയൊന്നും കാര്യമില്ല.
ചിത്തശുദ്ധിയാണ് ഈശ്വരഭജനത്തിന്റെ പ്രധാന പ്രയോജനം. ഭഗവന്നാമങ്ങൾ സ്മരിക്കുകയും കീർത്തിക്കുകയും ചെയ്യുന്നതു കൊണ്ട് അനായാസമായി അതു നേടാമെന്നിരിക്കെ ജനങ്ങൾ എന്തുകൊണ്ട് ലളിതമായ ഈ വഴി പിന്തുടരുന്നില്ല എന്നാണ് ആചാര്യൻ അടുത്ത ശ്ലോകത്തിൽ സംശയിച്ചിരിക്കുന്നത്.

    ഊരിന്നു വേണ്ട ചില ഭാരങ്ങൾ
    വേണ്ടതിനു
    നീരിന്നു വേണ്ട നിജദാരങ്ങൾ
    വേണ്ടതിനു
    നാരായണാച്യുതഹരേ-
    യെന്നതിന്നൊരുവർ
    നാവൊന്നേ വേണ്ടു 
    ഹരിനാരായണായ നമഃ

ഭഗവന്നാമം സ്മരിക്കുന്നതിനും കീർത്തിക്കുന്നതിനും ഇപ്പോൾ ഉചിതമായ ദേശം വേണ്ട; ചമത, അഗ്നികുണ്ഡം, ധൂപദീപങ്ങൾ, നൈവേദ്യങ്ങൾ തുടങ്ങിയ സംഭാരങ്ങൾ ഒന്നും വേണ്ട; അതിനായി കുളിക്കാനും അഭിഷേകത്തിനും വെള്ളം തേടി നടക്കേണ്ട; യജ്ഞാദികർമ്മങ്ങൾക്കെന്നെ
പോലെ ധർമ്മപത്നി അരികിൽ വേണമെന്നു നിയമമില്ല; നാരായണ, അച്യുത, ഹരേ എന്നിങ്ങനെ ഭഗവന്നാമങ്ങൾ ജപിക്കുന്നതിനു നാവു
മാത്രമേ ആവശ്യമുള്ളു. ഹരിനാരായണനു നമസ്കാരം.

നാമജപസാധന അത്യന്തലളിതം

      ഈശ്വരഭജനം വസ്തുസ്ഥിതി ധരിച്ചാൽ അത്യന്തം ലളിതമാണ്.
സഗുണദേവനെയായാലും നിർഗുണമായ ആത്മാവിനെയായാലും ഏകാഗ്ര
ബുദ്ധിക്കേ സാക്ഷാത്കരിക്കാൻ പറ്റൂ. പ്രസാദപൂർണമായ സത്വഗുണം കൊണ്ടു നിറച്ച് ചിത്തം ശുദ്ധീകരിച്ചാലല്ലാതെ ധ്യാനവേളയിൽ ഏകാഗ്രത
കിട്ടുന്നതല്ല. രജോഗുണത്തിന്റേതായ മദമാത്സര്യാദികൾ ഒഴിവാക്കിയാലേ
സത്വഗുണം പെരുകി ഹൃദയം ശുദ്ധിയാവൂ. ആരാധനാരൂപത്തിൽപ്പോലും
കോലാഹലമയമായ കർമ്മപരിപാടികളൊന്നും അനുഷ്ഠിച്ചതുകൊണ്ട് ഈ
ചിത്തശുദ്ധി കൈവരിക്കാവുന്നതല്ല. നേരേമറിച്ച് മദമാത്സര്യാദികൾ ഹൃദയത്തെ മലിനപ്പെടുത്താൻ തുടങ്ങുമ്പോഴൊക്കെ മനസ്സിൽ ഭഗവന്നാമമുച്ചരിക്കുകയും ഭഗവാനെ സ്മരിച്ച് ഈ ജഗത്ത് ഭഗവാന്റെ വെറും ഒരു ലീല
മാത്രമാണെന്ന് അറിയുകയും ചെയ്യുമെങ്കിൽ അസുരവാസനകൾ അചിരേണ മാറിക്കിട്ടും. അതിരുകവിഞ്ഞ ദേഹപ്രയത്നമോ മറ്റൊരാളുടെ സഹായമോ ആവശ്യമില്ല. ഈ നാമജപസാധന ശീഘ്രഫലദായിയായിരിക്കെ ജനങ്ങൾ നിരന്തരം ശീലിക്കുന്നില്ലല്ലോ എന്നതാണ് ആചാര്യന്റെ കുണ്ഠിതം.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.

No comments: