Wednesday, January 08, 2020

വിവേകചൂഡാമണി - 29
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

ഗുരുവിന്റെ കരുണയാകുന്ന അമൃതവർഷം

ദുര്‍വാരസംസാരദവാഗ്‌നി തപ്തം ദോധൂയമാനം ദുരദൃഷ്ടവാതൈ:
ഭീതം പ്രപന്നം പരിപാഹിമൃത്യോഃ ശരണ്യമന്യത്  യദഹം ന ജാനേ

തടുക്കാനാവാത്ത സംസാരക്കാട്ടുതീയില്‍ പെട്ട് എരിയുകയാണ് ഞാന്‍.  അത്യാര്‍ത്തിയുടെയും നിര്‍ഭാഗ്യത്തിന്റെയും കൊടുങ്കാറ്റാഞ്ഞുവീശുന്നു. അതില്‍ പെട്ടുഴലുന്ന ഞാന്‍ ഭയന്നു വിറച്ച് അങ്ങയെ ശരണം പ്രാപിക്കുന്നു. മരണത്തില്‍ നിന്ന് രക്ഷിക്കണേ. അങ്ങല്ലാതെ എനിക്ക് മറ്റൊരാശ്രയമില്ല.

ഗുരുവിനെ ആശ്രയിക്കുന്ന ശിഷ്യന്റെ വളരെ ദയനീയമായ വിലാപമാണിത്. ശിഷ്യന്റെ തീവ്ര മുമുക്ഷുത്വവും ഇതില്‍ കാണാം. സംസാരത്തിലെ ദുരിതങ്ങളെ കാട്ടുതീ പോലെ തടുക്കാനാവാത്തതെന്നാണ് വിശേഷിപ്പിക്കുന്നത്. ആ സംസാരാഗ്‌നിയുടെ ചൂടില്‍ വലയുകയാണ്, ജീവിതയാര്‍ത്ഥ്യങ്ങള്‍ കാട്ടുതീ പോലെ പൊള്ളിക്കുന്നവയുമാണ്. തീയിനോടൊപ്പം കാറ്റും കൂടി ചേര്‍ന്നാല്‍ അത് ആളിപ്പടരും. 

ആദ്യത്തെ വരി സാധകന്റെ ബാഹ്യലോകത്തിലെ ഭയാനകങ്ങളായ വിപത്തുകളെ കാണിക്കുന്നു. രണ്ടാം വരിയില്‍ ആന്തരികവും ബാഹ്യവുമായ വീര്‍പ്പുമുട്ടലുകളേയും അസഹനീയമായ അവസ്ഥയേയും വ്യക്തമാക്കുന്നു.

സംസാരത്തില്‍ എവിടെയും ചുട്ടുപൊള്ളിക്കുന്ന തീ പോലെയുള്ള ദു:ഖങ്ങളായതിനാലാണ് അതിനെ കാട്ടുതീയിനോട് ഉപമിച്ചത്. മുന്‍ജന്മങ്ങളിലെ പാപങ്ങള്‍ ഓരോ തരത്തില്‍ കാറ്റായ് ആഞ്ഞുവീശി ഈ കാട്ടുതീയിന്റെ വീര്യത്തെ കൂട്ടുകയാണ്. ഗുരുവിന്റെ കരുണ കൂടാതെ ഇതില്‍ നിന്നും രക്ഷപ്പെടാനാവില്ല. ഗുരുവിന്റെ കരുണയാകുന്ന അമൃതവര്‍ഷം കൊണ്ട് മാത്രമേ ഈ തീ കെടുകയുള്ളൂ.  പേടിച്ചരണ്ട് ആശ്രയമടഞ്ഞിരിക്കുന്ന തന്നെ മരണത്തില്‍ നിന്നും രക്ഷിക്കണേയെന്ന പ്രാര്‍ത്ഥന ശിഷ്യന്റെ മുമുക്ഷുത്വത്തിന്റെ തീവ്രതയെ കാണിക്കുന്നു. ഗുരുവിന് ഒരു തരത്തിലും തന്നെ ഉപേക്ഷിക്കാനാവില്ല.

ജീവിതത്തിന്റെ ദൗര്‍ബല്യങ്ങളും ശോചനീയാവസ്ഥയും ശരിക്കും മനസ്സിലാക്കായ ഒരാള്‍ക്ക് മാത്രമേ അതില്‍ നിന്ന് കരകയറണമെന്ന ആഗ്രഹമുണ്ടാകൂ.  ഭൗതികമായ സുഖ സൗകര്യങ്ങളുടെ കുറവുകളെക്കുറിച്ച് വ്യാകുലപ്പെടുന്ന സാധാരണക്കാരന് ഇത് പെട്ടെന്ന് മനസ്സിലായി കൊള്ളണമെന്നില്ല.  അങ്ങനെയുള്ളയാള്‍ക്ക് അതുവരെ കിട്ടാത്തതിനെ നേടിയെടുക്കാനും കിട്ടിയത് സംരക്ഷിക്കാനുമുള്ള ഓട്ടത്തിലുമാകും. ഇതിനിടെ വരുന്ന കയ്പ്പുനീര്‍ ചിലപ്പോള്‍ അറിയില്ലായിരിക്കും. അറിഞ്ഞാലും അതേക്കുറിച്ച് ആലോചിക്കുക പോലുമില്ല.  എന്നാല്‍ വിവേകിയായ ഒരാള്‍ തന്റെ സുഖഭോഗങ്ങളുടെ ക്ഷണികത്വവും അവയുണ്ടാക്കുന്ന കൊടും ചൂടും സഹിനാവാതെ എരിപൊരി കൊള്ളും.  അതില്‍ നിന്ന് പുറത്ത് കടക്കണമെന്ന വെമ്പലാണ് അയാളെ ഗുരുവിനടുത്ത് എത്തിക്കുന്നത്.

ഇവിടെ മരണം എന്ന് വിശേഷിപ്പിച്ചത് നമ്മുടെ ജീവിതത്തിലെ ഓരോ അനുഭവങ്ങളുടേയും മരണമാണ്. ഓരോ അവസ്ഥയും മരിച്ച് അടുത്തത് വരുന്നു. ഈ ജീവിതത്തില്‍ തന്നെ നാം ജനന-മരണ ചക്രത്തിലാണ്. ഒരനുഭവം മരിച്ച് മറ്റൊന്ന് ജന്മമെടുക്കുന്നു. പലതും കാട്ടുതീ പോലെ ചുട്ടുപൊള്ളിക്കുന്നതാണ്. അതില്‍നിന്നു കൂടിയുള്ള മുക്തിയാണ് ഓരോരുത്തര്‍ക്കും വേണ്ടത്. ശിഷ്യന്റെ ഉള്ളില്‍ തട്ടിയുള്ള ഈ പ്രാര്‍ത്ഥന തന്റെ ഗുരുവിനോട് താന്‍ എത്ര കണ്ട് താദാത്മ്യപ്പെട്ടു എന്നതിനേയും സമ്പൂര്‍ണ്ണമായ സമര്‍പ്പണത്തേയും കാണിക്കുന്നു.

No comments: