Monday, January 20, 2020

വിവേകചൂഡാമണി - 40
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

സ്വപ്രയത്നത്തിന്റെ മഹിമ

ശ്ലോകം 51
ഋണ മോചന കര്‍ത്താരഃ പിതുഃ സന്തി സുതാദയഃ
ബന്ധമോചന കര്‍ത്താ തുസ്വസ്മാദന്യേ ന കശ്ചന

അച്ഛന്റെ കടം വീട്ടാന്‍ മക്കളും മറ്റുള്ളവരുമൊക്കെയുണ്ട്; എന്നാല്‍ അജ്ഞാന ബന്ധനത്തില്‍നിന്നും തന്നെ മോചിപ്പിക്കാന്‍ താനല്ലാതെ വേറെയാരുമില്ല.

ഒരാള്‍ക്ക് പിതൃക്കളോടുള്ള കടമോ ലോകജീവിതത്തിനിടയില്‍ വന്ന സാമ്പത്തിക ബാധ്യതകളോ ഒക്കെ വീട്ടാന്‍ മക്കളോ,  മരുമക്കളോ ബന്ധുക്കളോ വിചാരിച്ചാല്‍ കഴിഞ്ഞേക്കും. എന്നാല്‍ അജ്ഞാനം മൂലം വന്നു പെട്ട ബന്ധനത്തില്‍നിന്ന് മോചിതനാകണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം. സ്വപ്രയത്‌നം കൂടിയേ തീരൂ.  ഭൗതിക ജീവിതത്തിലും അറിവില്ലായ്മ മൂലം പല അനര്‍ത്ഥങ്ങളിലും ചെന്ന് ചാടാം.    അറിയേണ്ടതായ കാര്യങ്ങളെ സ്വയം അറിയുക എന്നതാണ് പോംവഴി.

ശ്ലോകം 52
മസ്തക ന്യസ്ത ഭാരാദേര്‍ ദുഃഖമനൈയ്ര്‍ നിവാര്യതേ
ക്ഷുധാദികൃത ദുഃഖം തു വിനാ സ്വേന ന കേനചിത്

തലയില്‍ ചുമടോ മറ്റ് ഭാരമോ ഏറ്റുന്നതുമൂലമുണ്ടാകുന്ന ദു:ഖം തീര്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയും. എന്നാല്‍ വിശപ്പ്,  ദാഹം എന്നിവ കൊണ്ടുള്ള ദു:ഖം താന്‍ തന്നെ തീര്‍ക്കണം, വേറെ ആര്‍ക്കും ആവില്ല.  തലച്ചുമടായി പല സാധനങ്ങളും കൊണ്ടു പോകുമ്പോള്‍ അത് ഏറ്റി നടക്കുന്ന ആള്‍ക്കുണ്ടാവുന്ന തളര്‍ച്ചയും ക്ഷീണവുമൊക്കെ തീര്‍ക്കാന്‍ മറ്റുള്ളവര്‍ വിചാരിച്ചാല്‍ സാധിക്കും. അവര്‍ക്ക് ആ ചുമട് ഇറക്കിവയ്ക്കാനോ പങ്കിട്ട് ഭാരം കുറയ്ക്കാനോ ഒക്കെ. എന്നാല്‍ അയാള്‍ക്ക് വിശപ്പും ദാഹവും വന്നാല്‍ അയാള്‍ തന്നെ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും വേണം. മറ്റൊരാള്‍ കഴിച്ചതുകൊണ്ടോ കുടിച്ചതുകൊണ്ടോ അയാള്‍ക്ക് പ്രയോജനമില്ല.

ശ്ലോകം 53
പഥ്യമൗഷധസേവാ ച ക്രിയതേ യേന രോഗിണാ
ആരോഗ്യ സിദ്ധിര്‍ ദൃഷ്ടാസ്യ നാന്യാനുഷ്ഠിത

കര്‍മ്മണാപഥ്യം ആചരിക്കുകയും ഔഷധം സേവിക്കുകയും ചെയ്യുന്നതിലൂടെ രോഗിയായ ഒരാളുടെ അസുഖം ഭേദമായി ആരോഗ്യം വീണ്ടെടുക്കുന്നു. എന്നാല്‍ രോഗിയ്ക്കു വേണ്ടി മറ്റൊരാള്‍ മരുന്ന് കഴിച്ചതുകൊണ്ടൊന്നും ഒരു ഫലവുമില്ല.

അവനവന്റെ രോഗശാന്തിയ്ക്കായി അവനവന്‍ തന്നെ ഉത്സാഹിക്കണമെന്ന് വ്യക്തമാക്കുന്നു. വേണ്ടപോലെ പഥ്യം നോക്കിയും മരുന്ന് വേണ്ട സമയത്ത് ആവശ്യമായ അളവില്‍ കഴിച്ചും മതിയായ വിശ്രമമെടുത്തുമൊക്കെ രോഗിയായ ഒരാള്‍ നല്ല കരുതലോടെയിരിക്കണം. എങ്കില്‍ മാത്രമേ അസുഖം മാറൂ. വേറെ ആരെങ്കിലും രോഗിക്കുവേണ്ടി ഇതൊക്കെ ചെയ്യുന്നത് മണ്ടത്തരമായിരിക്കും.

ഈ മൂന്ന് ശ്ലോകങ്ങളും സ്വപ്രയത്‌നത്തിന്റെ മഹിമയെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്.  സാധാരണ ലോകത്തില്‍ സംഭവിക്കുന്ന മൂന്ന് വ്യത്യസ്ത ഉദാഹരണങ്ങളെയാണ് ഇവിടെ നിരത്തിയത്. മൂന്നിലും വ്യക്തമായത് സ്വയം ചെയ്യേണ്ട കാര്യം ചെയ്യുക തന്നെ വേണമെന്നാണ്. പകരം മറ്റൊരാള്‍ ചെയ്തതുകൊണ്ട്  ഒരു ഗുണവുമില്ല.  ഭൗതികമായ കാര്യത്തില്‍ ഇങ്ങനെയെങ്കില്‍ ആദ്ധ്യാത്മിക വിഷയത്തില്‍ ഓരോ വ്യക്തിയുടേയുടേയും സ്വപ്രയത്‌നത്തിന് എത്രയോ അധികമായിരിക്കും വില.

എത്ര കേമനായ ഗുരുവായാലും പകര്‍ന്നു കിട്ടിയ അറിവിനെ അനുഭവമാക്കി സാക്ഷാത്കാരം നേടേണ്ടത് ശിഷ്യന്റെ കര്‍ത്തവ്യമാണ്. അവസാന ഉദാഹരണത്തില്‍ പറഞ്ഞ പഥ്യം, ഔഷധസേവ എന്നിങ്ങനെയുള്ള രണ്ട് കാര്യങ്ങള്‍ നല്ല ഉറച്ച സാധനാചതുഷ്ടയ സമ്പത്തിയേയും വേദാന്ത ശ്രവണത്തേയും കുറിക്കുന്നു. ജ്ഞാനസമ്പാദനത്തിന് ഇവ വളരെ പ്രധാനമാണ്.
Sudha Bharath 

No comments: