Saturday, January 04, 2020


പ്രഹ്ലാദന്റെ ചെറുമകനായ മഹാബലി ഉള്ളില്‍ ഈശ്വരഭക്തനായിരുന്നു. മറ്റു നിരവധി ധര്‍മ്മാത്മാക്കളൊത്ത് അദ്ദേഹം വരുണ സഭയില്‍പ്പോലും ശോഭിച്ചിരുന്നതായി 'മഹാഭാരതം', സഭാപര്‍വ്വം, 9-ാം അദ്ധ്യായത്തിലെ 12-ാം പദ്യം വ്യക്തമാക്കുന്നു. പക്ഷേ അതേ ബലിയുടെതന്നെ കഥ 'യോഗവാസിഷ്ഠം' തുടങ്ങിയ ഗ്രന്ഥങ്ങളില്‍ അനാസക്തിയെപ്പറ്റി ചര്‍ച്ച ചെയ്യുന്നിടത്ത് ദൃഷ്ടാന്തരൂപത്തില്‍ക്കൊടുത്തിട്ട് ധാര്‍മികനായിരുന്ന ബലിപോലും ശുക്രാചാര്യ സംസര്‍ഗത്താല്‍ അധാര്‍മ്മികനും നിപതിതനുമായിത്തീര്‍ന്നത് വ്യക്തമായിരിക്കുന്നു! ഇവിടേയും ശുക്രാചാര്യര്‍ തന്റെ അസദ്ഗുണം വ്യക്തമാക്കി. പക്ഷേ ബലി അചഞ്ചല ചിത്തനായി നിന്നു. ധര്‍മ്മപത്‌നിയായ വിന്ധ്യാവലി ഭൂദാനം നടത്താനുള്ള ദ്രവ്യങ്ങള്‍ എത്തിച്ചു. വാമനന്‍ ഉടനെ 'ത്രിവിക്രമനാ'യി, വിശ്വരൂപധാരിയാവുകയും, രണ്ടുപാദങ്ങള്‍കൊണ്ട് മൂന്നു ലോകങ്ങളും അളക്കുകയും ചെയ്തു. ബ്രഹ്മാദിദേവകള്‍ ഭഗവാനെ സ്തുതിച്ചു. പാദപൂജ നടത്തി, മഹാബലിയുടെ സൈനികരില്‍ ചിലര്‍ വാമനനെ ആക്രമിക്കാനെത്തി. അവരെ വിലക്കിക്കൊണ്ട് ബലി തന്നെ ആജ്ഞാപിച്ചു.
''യോ നോ ഭവായ പ്രാഗാസീ 
ഭവായ ദിവൗകസാം
സ ഏവ ഭവാനദ്യ വര്‍ത്തതേ 
തദ്വിപര്യയം.'' (ഭാ: 8:21:21)
''മുന്നമേതൊരു ദേവന്‍ 
നമുക്കുത്കര്‍ഷത്തിനും
വിണ്ണോര്‍തന്‍ നാശത്തിനും 
സങ്കല്‍പ്പിച്ചിരുന്നുവോ
ആ ദേവന്‍ തന്നെയിപ്പോള്‍ 
നമുക്ക് നാശത്തിനും 
വൃന്ദാരകോന്നതിക്കുമുല്‍-
സാഹിച്ചിടുന്നിതേ.'' (മുഴങ്ങോട്ടുവിള)
മുമ്പ് ദേവകള്‍ക്ക് നാശവും നമുക്ക് വിജയവും പ്രദാനം ചെയ്ത ദേവന്‍തന്നെ നമ്മുടെ കര്‍മങ്ങള്‍ മോശമായതിനാല്‍ ഇന്നതു തിരിച്ചുചെയ്തിരിക്കുന്നുവെന്നേയുള്ളൂ. എല്ലാവരും ശാന്തരായിരിക്കുവിന്‍-എന്ന് ബലി തന്നെ പറഞ്ഞിരിക്കേ ഈ സംഭവിച്ച കാര്യത്തില്‍ വഞ്ചനയോ, അസ്വാഭാവികതയോ ഒക്കെ ആരോപിക്കേണ്ട കാര്യമെന്ത്? സാക്ഷാല്‍ മഹാബലിക്കില്ലാത്ത മനഃപ്രയാസവും വെപ്രാളവും ബലിക്കുവേണ്ടി സംസാരിക്കുന്നുവെന്നു പറയുന്നവര്‍ കാണിക്കേണ്ടതുണ്ടോ? 
തുടര്‍ന്ന് ഗരുഡനാല്‍ ബന്ധിതനായ ബലിയോട് തന്റെ മൂന്നാം പദം വെയ്ക്കുവാന്‍ ഭഗവാന്‍ ഇടം ചോദിച്ചു. ബലി പറഞ്ഞു-
''യദ്യുത്തമശ്ലോക! ഭവാന്‍ മമേരിതം
വചോ വൃളീകം സുരവര്യ! മന്യതേ''
''കരോമൃതം തന്നഭവേദ് പ്രലംഭനം
പദം തൃതീയം
കുരു ശീര്‍ഷ്ണി മേ നിജം.''
(ഭാ: 8:22:2)
''സത്യമാക്കുന്നേനതു, 
വഞ്ചനയല്ലെന്റെയീ
യുത്തമാംഗത്തില്‍ ഭവാന്‍ 
വെച്ചാലും മൂന്നാം പദം.''
ഇങ്ങനെ പറഞ്ഞുകൊണ്ട് ബലി നമ്രശീര്‍ഷനായി മുട്ടുകാലില്‍ ഇരുന്നു. ആ സമയത്ത് പ്രഹ്ലാദനും അവിടെയത്തിച്ചേര്‍ന്നു. പ്രഹ്ലാദനെ കണ്ടപ്പോള്‍ ശ്രീ ഭഗവാന്‍ അത്യന്തം സന്തുഷ്ടനായി.
പ്രഹ്ലാദന്‍ ഭഗവാനെ തൊഴുതുകൊണ്ടു പറഞ്ഞു-
''ത്വയൈവ ദത്തം പദമൈന്ദ്രമുര്‍ജ്ജിതം
ഹൃതം തദേവാദ്യ തഥൈവ ശോഭനം
മന്യേ മഹാനസ്യ കൃതോഹ്യനുഗ്രഹോ
വിഭ്രംശിതോയച്ഛ്രിയ ആത്മമോഹനാത്.''
(ഭാ.8:22:16)
''സമൃദ്ധമൈന്ദ്രംപദമങ്ങി
വന്നേകീട്ടതി-
സ്സമയം തിരിച്ചെടുത്തെന്നതു
ശോഭനം താന്‍
ഇവന്നകൃത്യമൊരു 
മഹാനുഗ്രഹമായി-
ബ്ഭവിച്ചിട്ടുണ്ടെന്നുതാന്‍ 
വിചാരിച്ചിടുന്നു ഞാന്‍''
(മുഴങ്ങോട്ടുവിള)
എന്റെ ചെറുമകനായ ബലി ദേവലോകം ആക്രമിച്ചു സര്‍വ്വനാശം വരുത്തുക വഴി അകൃത്യമാണ് ചെയ്തതെങ്കിലും അത് അവിടുത്തെ ദിവ്യദര്‍ശനത്തിനു ഹേതുവായിത്തീര്‍ന്നതിനാല്‍ ഒരു മഹാനുഗ്രഹമായിരിക്കുന്നു. ഇവനില്‍നിന്ന് ഇന്ദ്രപട്ടം തിരിച്ചെടുക്കുന്നതും ശോഭനമായ കാര്യംതന്നെ! കായികശേഷി, ധനമദം, ദുഷ്‌പ്രേരണ തുടങ്ങിയവയാല്‍ ഇവന്‍ ചെയ്ത സകല അരുതായ്മകളും പൊറുത്ത് മോക്ഷമേകണേയെന്ന് പ്രഹ്ലാദന്‍ ബലിക്കുവേണ്ടി ഭഗവാനോടു പ്രാര്‍ത്ഥിച്ചു. കാരുണ്യപൂര്‍വ്വം ഭഗവാന്‍ പറഞ്ഞു-
''ഏഷ മേ പ്രാപിതഃ സ്ഥാനം 
ദുഷ്പ്രാപ്യമമരൈരപി
സാവര്‍ണ്ണോരന്തരസ്യായം 
ഭവിതേന്ദ്രോ മദ്രാശയഃ
താവത്സുതലമദ്ധ്യാസ്താം 
വിശ്വകര്‍മ്മവിനിര്‍മ്മിതം
യന്നാധയോ വ്യാധയശ്ച 
ക്ലമസ്തന്ദ്രാ പരാഭവഃ
നോപസര്‍ഗ്ഗാ നിവസതാം 
സംഭവന്തി മമേക്ഷയാ.''
(ഭാ:8:22-31,32)
''ഞാനിവന്നമര്‍ത്ത്യരാല്‍
പോലുമപ്രാപ്യമാകും
സ്ഥാനമേകീടിനേനെന്നെവ-
ലംബനത്തോടും
സാവര്‍ണ്ണിമന്വന്തര 
കാലത്തു സത്യവാക്കാ-
മീവിശിഷ്ടനു 
വാഴാമന്ദ്രിനായാത്മഭുവേ.''
(മുഴങ്ങോട്ടുവിള)
''ദേവകള്‍ക്കുപോലും അപ്രാപ്യമായ ഔന്നത്യം ബലിക്കു നല്‍കുന്നതാണ്'' ഭഗവാന്‍ അരുളിച്ചെയ്തു! ഭാവിയില്‍ സാവര്‍ണ്ണി മനുവിന്റെ കാലത്ത് ബലിക്ക് ഇന്ദ്രപ്പട്ടവും നല്‍കാമെന്നുറപ്പു നല്‍കി. അതുവരെ വിശ്വകര്‍മ്മ നിര്‍മ്മിതമായ 'സുതല'ത്തില്‍ സമസ്ത സുഖഭോഗങ്ങളോടെയും ജീവിച്ചുകൊള്ളുവാനുള്ള അനുഗ്രഹവും നല്‍കി.
''രക്ഷിഷ്യേ സര്‍വ്വതോളഹം ത്വാം 
സാനുഗം സപരിച്ഛദം
സദാ സന്നിഹിതം വീര! 
തത്ര മാം ദ്രക്ഷ്യതേ ഭവാന്‍''
''അനുചരന്മാരോടും പരിച്ഛദങ്ങളോടു-
മനിശം രക്ഷിച്ചുകൊണ്ടീടുവന്‍ ഭവാനെ ഞാന്‍
കെല്‍പ്പെഴും വീരാ തത്ര 
സര്‍വ്വദാ വാഴുമെന്നെയെപ്പോഴും 
സന്ദര്‍ശിക്കാ-
മങ്ങേക്കു മഹാരാജന്‍''
ബലിയുടെ സമസ്ത പരിവാരങ്ങളെയും രക്ഷിച്ചുകൊള്ളാമെന്ന് ഭഗവാന്‍ ഉറപ്പു നല്‍കി. ഏതു സമയത്തും ഭഗവാനെ ദര്‍ശിക്കാനുള്ള മഹാനുഗ്രഹവും നല്‍കി. സപ്തര്‍ഷികള്‍ക്കുപോലും ലഭിക്കാത്ത ആ വരം പോലും ഭഗവാന്‍ കാരുണ്യപൂര്‍വ്വം ബലിക്കു നല്‍കി! ദോഷൈകദൃക്കുകള്‍ എന്തേ ഇക്കാര്യം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു? ജനങ്ങളോടു പറയുന്നില്ല? കിളിപ്പാട്ടില്‍ എഴുത്തച്ഛന്‍ പറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക-
''മാനസേ ചെറുതൊരു 
സംഭ്രമുണ്ടായീല
ദാനവനതി 
ശുദ്ധമാനസനായാനിപ്പോള്‍
കേവലമിനി മമലോകം 
പ്രാപിക്കുമിവന്‍
സൗവര്‍ണ്ണിമനുവിങ്ക-
ലിന്ദ്രനാകുകയും ചെയ്യും
അത്രകാലവും 
സുതലത്തിങ്കലിരിക്കപോ-
യത്യന്തം മമഭക്തിപൂണ്ടനുദിനം,
മുക്തനായ് വരിക''
ഇങ്ങനെ അനുഗൃഹീതനായ മഹാബലി നിറകണ്ണുകളോടെ ഭഗവാനെ സ്തുതിക്കുന്ന ഭാഗം അത്യന്തം ഹൃദയസ്പര്‍ശിയാണ്.
''അഹോ പ്രണാമായ കൃതഃ സമുദ്യമഃ
പ്രപന്ന ഭക്താര്‍ത്ഥവിധൗ സമാഹിതഃ
യല്ലോകപാലൈസ്ത്വദനു ഗ്രഹോളമരൈ-
രലബ്ധപൂര്‍വ്വോളപ സദേളസുരേളര്‍പ്പിതഃ''
(ഭാ: 8:23:2)
''ശ്രദ്ധിപ്പൂഭവാന്‍ 
നൂന,മിന്നീച, ന്നമര്‍ത്ത്യര്‍ക്കു-
മെത്താത്തോരനു-ഗ്രഹമല്ലയോ 
തന്നതിപ്പോള്‍.''
''നാരായണീയം'', ദശകം 30, 31കളിലെ 20 ശ്ലോകങ്ങളിലായിട്ടാണ് 'ശ്രീമദ്ഭാഗവതം' അഷ്ടമസ്‌കന്ധത്തിലെ 15 മുതല്‍ 23 വരെ അദ്ധ്യായങ്ങളിലുള്ള 335 ശ്ലോകങ്ങളിലായി വിശദീകരിച്ചിരിക്കുന്ന വാമനാവതാരം ഭട്ടതിരിപ്പാട് സംഗ്രഹിച്ചിരിക്കുന്നത്. ദശകം-30, ഒന്നാം ശ്ലോകത്തില്‍ ശുക്രമഹര്‍ഷിയുടെ യാഗശക്തികൊണ്ട് മഹാപരാക്രമിയായിത്തീര്‍ന്ന മഹാബലി സ്വര്‍ഗ്ഗാദി ത്രിലോകങ്ങളും പിടിച്ചടക്കി ദേവേന്ദ്രനെപ്പോലും നിഷ്‌കാസിതനാക്കിയെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. ദശകം-31, 2-ാം ശ്ലോകത്തില്‍ മൂന്നടി ഭൂമി ചോദിച്ചതും, 3-ാം ശ്ലോകത്തില്‍ മഹാബലിയുടെ അഹങ്കാരം നിറഞ്ഞ മറുപടിയും വിശദീകരിച്ചിരിക്കുന്നു. 5-ാം ശ്ലോകത്തില്‍- ''ആ വിഷ്ണുഭഗവാനാണ് യാചിക്കുന്നതെങ്കില്‍ ഞാന്‍ പൂര്‍ണ്ണകാമനാണ്. ഞാന്‍ ദാനം കൊടുക്കുക തന്നെ ചെയ്യും''- എന്നുപറഞ്ഞ് പരമസന്തുഷ്ടനാകുന്ന ബലിയുടെ ഭാവവും വിശദീകരിച്ചിരിക്കുന്നു. 10-ാം ശ്ലോകത്തില്‍.
''ദര്‍പ്പോച്ഛിത്തൈ്യ വിഹിതമഖിലം
ദൈത്യസിദ്ധോളസിപുണൈ്യര്‍-
ല്ലോകസ്‌തേസ്തു ത്രിദിവ
വിജയീ, വാസവത്വം ച പശ്ചാത്
മത് സായുജ്യം ഭജ ച 
പുനരിത്യന്വഗൃഹ്ണാ
ബലിം തം 
വിപ്രൈഃ സന്താനിതമഖവരഃ
പാഹി വാതാലയേശ''
ഹേ സുരശ്രേഷ്ഠ (ബലി) ഞാന്‍ ചെയ്തതെല്ലാം നിന്റെ അഹങ്കാരം നീക്കാന്‍ വേണ്ടിയാണ്. പുണ്യങ്ങള്‍ നിമിത്തം നീ സകല സിദ്ധികളും നേടിയിരിക്കുന്നു. സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമായ ലോകവും പിന്നീട് ഇന്ദ്രപട്ടവും നിനക്ക് ലഭിക്കട്ടെ! അതിനുശേഷം എന്റെ സായുജ്യവും പ്രാപിക്കുക എന്നിങ്ങനെ മഹാബലിയെ ഭഗവാന്‍ അനുഗ്രഹിച്ചു. ഭാവിയില്‍ എട്ടാമത്തേതായ 'സാവര്‍ണിമന്വന്തര'ത്തില്‍ ഇന്ദ്രനായി നീ ഭവിക്കുക. അത്രകാലവും സുതലത്തില്‍ എന്നോടൊപ്പം പരമസന്തുഷ്ടനായി നീ വസിക്കുക- എന്ന് അനുഗ്രഹിച്ചിട്ട് ബലിയെ കൊണ്ടുപോയി സംരക്ഷിച്ച പരമകാരുണികനായ ശ്രീഹരിവിഷ്ണുവിന്റെ ചിത്രമാണ് നാരായണീയത്തിലും കാണുന്നത്. മഹാബലിയെ വാമനമൂര്‍ത്തി ചവിട്ടിത്താഴ്ത്തിയെന്ന് നാരായണീയത്തിലും പറഞ്ഞിട്ടില്ല.
Janmabhumi 

No comments: