എന്താണ് സാംഖ്യ ശാസ്ത്രം.
****************************
ശ്രീകൃഷ്ണ പരമാത്മനേ,
നമ:
വേദാന്ത ശാസ്ത്രമാകുന്ന ഉപനിഷത്തുകളിൽ, പ്രസിദ്ധമായ ദശോപനിഷത്തുകളിലെ തത്വങ്ങളെ, സാധാരണക്കാർക്കു മനസ്സിലാകുന്ന രീതിയിൽ രുപപ്പെടുത്തിയിട്ടുള്ളതിനെ ദർശനങ്ങൾ എന്നു പറയുന്നു. മീമാംസ, ന്യായം, വൈശേഷികം, സാംഖ്യം, യോഗം, ജ്ഞാനം എന്നിവയാണ് ഷൾ ഭർശനങ്ങളെന്നറിയപ്പെടുന്നവ. ഭൂമിയേയും, ജീവനേയും, (സൃഷ്ടികൾ) ഇവയെ നിയന്ത്രിയക്കുന്ന ഈശ്വരനേയും കുറിച്ചുള്ള നിരൂപണങ്ങളും, സിദ്ധാന്തങ്ങളുമെല്ലാമാണ് ഇതിലെ ഉള്ളടക്കം. ഈ ആറെണ്ണത്തിലും പ്രതിപാതന രീതിയിൽ വ്യത്യാസം ഉണ്ടെങ്കിലും, ലക്ഷ്യം ഒന്നുതന്നെയാണ്. ഇതിൽ ഒന്നാമതായി നിൽക്കുന്നത് "സാംഖ്യ" ദർശനം ആണെന്നു കാണുന്നു.
ശ്രീമദ്ഭാഗവതത്തെ കുറിച്ച് ഭാഗം (7) എന്നത്, ഭഗവാനെ (ബ്രഹ്മത്തെ) കുറിച്ച് കുറച്ച് മനസ്സിലാക്കാൻ വേണ്ടിയാണ് ഇതിനു മുൻപ് കൊടുത്തത്.
ഭഗവതവതാരമായ ശ്രീ കപിലവാസുദേവ മുനിയാണ് സാംഖ്യ ദർശന (ശാസ്ത്ര) ത്തിന്റെ ഉപജ്ഞാതാവെന്ന് പറയുന്നു. ഈ അവതാരത്തിന്റെ പ്രധാന ഉദ്ദേശം തന്നെ സാംഖ്യ ശാസ്ത്രത്തിന്റെ പ്രചാരണമായിരുന്നു എന്നു കാണുന്നു.
ദു:ഖ നിവൃത്തിയും, സുഖ പ്രാപ്തിയും എല്ലാവരും ആഗ്രഹിയ്ക്കുന്നു. എന്നാൽ എന്തു ചെയ്താൽ വന്നു ചേർന്ന ദുഃഖം നശിയ്ക്കുമെന്നോ, കിട്ടിയിട്ടില്ലാത്ത ശാശ്വത സുഖം കിട്ടുമെന്നോ സാധാരണ ആർക്കും അറിഞ്ഞുകൂടാ. അതിനാൽ ഓരോരുത്തരും അവരവരുടെ അറിവും, സംസ്കാരവും അനുസരിച്ച് ഓരോന്നിൽ വിശ്വസിയ്ക്കുകയും, പ്രവർത്തിയ്ക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള വിശ്വാസ പ്രവർത്തനങ്ങളിൽക്കൂടി ആർക്കും വേണ്ടതായ ഫലം കിട്ടാനുമില്ല. എന്നാൽ ശാസ്ത്രങ്ങൾ മനുഷ്യനെ തന്റെ പരമലക്ഷ്യമായ ശാശ്വതസുഖത്തിലേയ്ക്ക് വഴികാട്ടിയാവുന്നു. ശാസ്ത്രത്തെ അവഗണിച്ചു കൊണ്ടുള്ള പോക്ക് സാധാരണ ലക്ഷ്യത്തിലെത്താറുമില്ല.
പരമമായ തത്വത്തെ (ബ്രഹ്മത്തെ) പ്രകൃതിയെന്നും, പുരുഷനെന്നും രണ്ടായി തിരിച്ച് ഈ ഭൂമിയിൽ, പ്രകൃതിയിലുള്ള എല്ലാ വസ്തുക്കളുടേയും സൃഷ്ടിസ്ഥിതിലയങ്ങളെ വിശദീകരിയ്ക്കലാണ് സാംഖ്യാശാസ്ത്രം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. മറ്റു ദർശനങ്ങളും ഈ പ്രക്രിയ ചെയ്തിട്ടുണ്ടെങ്കിലും, സാംഖ്യാശാസ്ത്രത്തെപ്പോലെ ഫലപ്രദമല്ല എന്നതിനാൽ, മറ്റു ദർശനങ്ങളേക്കാൾ സാംഖ്യാശാസ്ത്രം വളരെ മുന്നിട്ടു നിൽക്കുന്നതായി പറയുന്നു. അതു കൊണ്ടു തന്നെ വേദാന്ത വിദ്യാർത്ഥികൾക്ക് മറ്റു ശാസ്ത്രങ്ങളേക്കാൾ സാംഖ്യ ശാസ്ത്രം പ്രയോജനപ്പെടുന്നു. ശരിയായ രീതിയിൽ സാംഖ്യ ശാസ്ത്രം മനസ്സിലാക്കിയാൽ വളരെ വേഗം ചിത്തശുദ്ധിയുണ്ടാകും. ചിത്തശുദ്ധിയുണ്ടായാൽ തത്വബോധവും ഉണ്ടാകും.
പുരുഷന്റെ ദു:ഖകാരണം പ്രകൃതിയോടുള്ള ചേർച്ചയാണ്. ഈ പുരുഷൻ തന്നെയാണ്, - ഞാൻ ശരീരമാണെന്നും, ഈ ശരീരമാണ് എല്ലാ പ്രവൃത്തിയും ചെയ്യുന്നതെന്നും, ഈ ശരീരമാണ് സുഖദുഃഖങ്ങൾ അനുഭവിയ്ക്കുന്നതെന്നും, അനുഭവിയ്ക്കേണ്ടതെന്നും, ഉള്ള ചിന്താധാരണകൾ നിമിത്തം "ജീവനായി" തീരുന്നത്. ഇങ്ങനെയുള്ള ചിന്തകൾക്കും, വിശ്വാസങ്ങൾക്കും കാരണം അവിവേകമാണ്. വിവേകം കൊണ്ട് പ്രകൃതി സംബന്ധം വിട്ട് ദു:ഖകാരണങ്ങളെ നശിപ്പിച്ച് സുഖസ്വരൂപസ്ഥനായിത്തീരും. അതു തന്നെ മോക്ഷം. ഈ മോക്ഷമാണ് ഓരോ ജീവന്റെയും ജീവിത ലക്ഷ്യവും, പരമപുരുഷ സമ്പാദനവും എന്നാണ് സാംഖ്യ ശാസ്ത്രം സിദ്ധാന്തിയ്ക്കുന്നത്.
(ഞാൻ ശരീരമാണെന്നും, ഈ ശരീരമാണ് എല്ലാ പ്രവൃത്തിയും ചെയ്യുന്നതെന്നും, ഈശരീരമാണ് സുഖദു:ഖങ്ങൾ അനുഭവിയ്ക്കുന്നതെന്നും, മറ്റും മുകളിൽ ചേർത്തിരിയ്ക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം. കാരണം എല്ലാവരും വിശ്വസിയ്ക്കുന്നത് അങ്ങനെയൊക്കെ ആണല്ലോ. എന്നാൽ സത്യത്തിൽ അങ്ങനെയാണോ.? അല്ലയെന്നാണ് എനിയ്ക്ക് തോന്നുന്നത്. ഈ ശരീരം പഞ്ചഭൂതങ്ങളുടെ സ്ഥൂല പിണ്ഡമാണ്. ഈ ശരീരത്തിന് ഇതിനൊന്നിനുമുള്ള കഴിവില്ല. അഥവ ശരീരത്തിനു കഴിവുണ്ടെങ്കിൽ മരണമെന്ന ആഒരു പ്രക്രിയ കഴിഞ്ഞും ശരി രമുണ്ടല്ലോ, അപ്പോഴും ഇതൊക്കെ സംഭവിയ്ക്കണ്ടെ? അപ്പോൾ ഇതൊന്നും ശരീരത്തിന്റെ കഴിവല്ല. ഈ ശരീരത്തെ പ്രവർത്തിപ്പിയ്ക്കുന്ന ആത്മാവിന്റെ (ജീവന്റെ) കഴിവാണ് യെന്ന് മനസ്സിലാക്കാം. ആ ജീവൻ തന്നെയാണ് ഞാനെന്ന് അവകാശപ്പെടുന്നതും, ഈ ശരീരത്തെ പ്രവർത്തിപ്പിയ്ക്കുന്നതും, സുഖദു:ഖങ്ങൾ അനുഭവിയ്ക്കുന്നതും എല്ലാം യെല്ലാം)
നമസ്ക്കാരം :-
അത്മാനന്ദാചാര്യ.
സത്യംവച ധർമ്മംചര. തുടരും -----
No comments:
Post a Comment