Friday, January 17, 2020

വേദം വിവേകാനന്ദം...

Friday 17 January 2020 4:00 am IST
വേദമെന്നത് കേവലം ഒരു വാക്കല്ല, വിവേകാനന്ദസ്വാമികളെ സംബന്ധിച്ചിടത്തോളം അതൊരു ജീവിതപശ്ചാത്തലമാണ്. വിവേകാനന്ദ ജീവിതത്തിലൂടെയും വിവേകാനന്ദ സാഹിത്യത്തിലൂടെയും കടന്നുപോകുമ്പോള്‍ അത്ഭുതാവഹമായ വൈദികപശ്ചാത്തലം നമുക്കു ദൃശ്യമാകും. വിവേകാനന്ദന്റെ ജീവിതപശ്ചാത്തലം രൂപപ്പെടുന്നതില്‍ വേദങ്ങള്‍ക്കുണ്ടായ സ്വാധീനം, വിവേകാനന്ദന്റെ വേദങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങള്‍, വേദത്തെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍, പ്രാഥമികമായ വിചാരങ്ങള്‍, വേദമഹത്ത്വം എന്നിവയെക്കുറിച്ചെല്ലാം നാം വിശ്ലേഷണം ചെയ്യേണ്ടിയിരിക്കുന്നു.
ഒരു ഗ്രന്ഥപഠനമെന്ന നിലയില്‍ വിവേകാനന്ദന്റെ വേദശിക്ഷണം നടന്നത് ഗുജറാത്തിലാണെന്നു പലര്‍ക്കുമറിയാത്ത കാര്യമാണ്. പോര്‍ബന്ദറില്‍ സുദാമ്പൂര്‍ ഗവര്‍ണറായിരുന്ന ശങ്കര്‍പാണ്ഡുരംഗിന്റെ അതിഥിയായി സ്വാമി വിവേകാനന്ദന്‍ താമസിച്ചിരുന്നു. ഭാരതത്തിലുടനീളം സഞ്ചരിച്ച തനിക്ക് പാണ്ഡുരംഗിനെപ്പോലൊരു വേദപണ്ഡിതനെ കാണാന്‍ കഴിഞ്ഞില്ലെന്നു രേഖപ്പെടുത്തുന്നുണ്ട്. ഇന്നു ലഭ്യമല്ലാത്ത അഥര്‍വവേദഭാഷ്യവും പാണ്ഡുരംഗ് നിര്‍വഹിച്ചിരുന്നു. ഈ വേദഭാഷ്യത്തിന് ഏറ്റവുമധികം സഹായം ചെയ്തത് വിവേകാനന്ദനായിരുന്നു. കഠിനമായി മാസങ്ങളോളം വിവേകാനന്ദനും പാണ്ഡുരംഗും പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു ഈ വേദവിവര്‍ത്തനം.  
വേദങ്ങളിലൂടെ ആഴത്തില്‍ പ്രവേശിച്ചതോടെ പ്രാചീന ഋഷീശ്വരന്മാരുടെ തത്ത്വശാസ്ത്രങ്ങളുടെ കനല്‍ക്കട്ടകള്‍ വിവേകാനന്ദന്‍ തിരിച്ചറിഞ്ഞു. മതങ്ങളുടെ അമ്മയും സംസ്‌കാരത്തിന്റെ കളിത്തൊട്ടിലും ഭാരതമാണെന്ന് വിവേകാനന്ദന്‍ കണ്ടെത്തി. ഈ മഹത്ത്വമെല്ലാം ഇന്ന് അജ്ഞതയുടെ അന്ധകാരത്തില്‍ കുഴിച്ചുമൂടപ്പെട്ടുവെന്ന് അദ്ദേഹം മനസ്സിലാക്കി. നൂറ്റാണ്ടുകളായി നടന്ന വിദേശാക്രമണങ്ങളും പണ്ഡിതന്മാരുടെ വ്യാകരണപ്രസംഗങ്ങളും എല്ലാം ചേര്‍ന്നപ്പോള്‍ അവശേഷിച്ചത് അര്‍ത്ഥമറിയാത്ത കുറേ വാചകങ്ങളാണ്.
പിന്നീട് അമേരിക്കയിലുള്ളപ്പോള്‍ സ്വാമി ശാരദാനന്ദയെ സഹായത്തിനു വിളിക്കുകയും അഭേദാനന്ദസ്വാമികളോട് ഇങ്ങനെ ആവശ്യപ്പെടുകയും ചെയ്തു: 'ഈ കത്തു കിട്ടിയ ഉടനെ അഭേദാനന്ദസ്വാമികളെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കുക. അദ്ദേഹത്തിന്റെ കൈവശം ചില പുസ്തകങ്ങളും കൊടുത്തയയ്ക്കണം. ഞാന്‍ ഋഗ്വേദസംഹിത മാത്രമേ കൂടെ കൊണ്ടുവന്നുള്ളു. അഭേദാനന്ദസ്വാമികളോട് യജുര്‍വേദം, സാമവേദം, അഥര്‍വവ്വേദം, ശതപഥം തുടങ്ങിയ ബ്രാഹ്മണങ്ങള്‍, സൂത്ര ഗ്രന്ഥങ്ങള്‍, യാസ്‌കന്റെ നിരുക്തം എന്നിവ കൂടെ കൊണ്ടുവരാന്‍ പറയണം.'
ജീവിതത്തിലുടനീളം വേദപഠനം അനിവാര്യമായ ഒന്നാണെന്ന് സ്വാമിജി ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.  ഒരിക്കല്‍ പോലും സ്വാമിജി വേദപഠനത്തില്‍നിന്നു മാറിനിന്നില്ല. അദ്ദേഹം ഓരോ തവണയും ശിഷ്യരെ അത് അഭ്യസിപ്പിച്ചതിന്റെ അനേകം ഉദാഹരണങ്ങള്‍ എടുത്തുപറയുന്നുണ്ട്.
വിവേകാനന്ദന് വേദവ്യാഖ്യാനങ്ങളിലുള്ള ഉള്‍ക്കാഴ്ച വെളിവാക്കുന്ന മറ്റൊരു സംഭവംകൂടി എഴുതാം:
'സ്വാമിജിയുടെ അടുക്കല്‍ ശിഷ്യന്‍ സായണഭാഷ്യത്തോടുകൂടി ഋഗ്വേദം പഠിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് പത്തു ദിവസമായി. സ്വാമിജി ബാഗ്ബസാറില്‍ ബലറാംബോസിന്റെ ഗൃഹത്തില്‍ വസിക്കുന്നു. മാക്‌സ് മുള്ളര്‍ അനേക സമ്പുടങ്ങളില്‍ സമ്പൂര്‍ണമായി അച്ചടിപ്പിച്ചിട്ടുള്ള ഋഗ്വേദ ഗ്രന്ഥങ്ങള്‍ ഏതോ വലിയ ആളുടെ വീട്ടില്‍ നിന്നും കൊണ്ടുവന്നിട്ടുണ്ട്. പുതിയ പുസ്തകം പോരെങ്കില്‍ വൈദികഭാഷ, വായിക്കുന്നതിനിടയ്ക്ക് ശിഷ്യന് പലപ്പോഴും തടസ്സം വന്നിരുന്നു. ഇതുകണ്ട് സ്വാമിജി സ്‌നേഹപൂര്‍വ്വം 'ബംഗാളന്‍' എന്നു കളിയാക്കിക്കൊണ്ട് ഉച്ചാരണവും ഘടനയും പറഞ്ഞുതന്നു. വേദത്തിന്റെ അനാദിത്വം സ്ഥാപിക്കുവാന്‍ വേണ്ടി സായണന്‍ പ്രദര്‍ശിപ്പിച്ച അത്ഭുതയുക്തികൗശലത്തെ സ്വാമിജി ചിലപ്പോള്‍ അത്യധികം പ്രശംസിച്ചു; മറ്റു ചിലപ്പോള്‍ സിദ്ധാന്തസ്ഥാപനത്തില്‍ ചില പദങ്ങളുടെ രഹസ്യാര്‍ത്ഥത്തെ സംബന്ധിച്ച്, സ്വയം ഭിന്നാഭിപ്രായം പ്രകാശിപ്പിച്ച് സായണനെ തിരുത്തി.'
ഇങ്ങനെ സ്വാമിജിയുടെ ജീവിതത്തിലേക്ക് കടന്നാല്‍ തന്റേതായ ധ്യാനമൂശയില്‍ ഏതൊരു ഋഷിയെപ്പോലെയും വിഭിന്നങ്ങളും ചിന്തോദ്ദീപകങ്ങളുമായ അര്‍ത്ഥതലങ്ങള്‍ അദ്ദേഹം കണ്ടെത്തി വ്യാഖ്യാനിച്ചു. ഒരിക്കലും നടക്കാതെപോയ സ്വാമിജിയുടെ അവസാന ആഗ്രഹം കല്‍ക്കത്തയില്‍ ഒരു വേദവിദ്യാലയം സ്ഥാപിക്കുക എന്നതായിരുന്നു. (പിന്നീട് 1993ലാണ് മഠത്തില്‍ വേദ വിദ്യാലയം തുടങ്ങുന്നത്)
1901ല്‍ കല്‍ക്കത്തയില്‍ നടന്ന ദേശീയ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ എത്തി. സുപ്രസിദ്ധനായ സ്വാമി വിവേകാനന്ദന്റെ ആശ്രമവും അദ്ദേഹത്തെയും സന്ദര്‍ശിക്കാനുള്ള എളുപ്പമാര്‍ഗമായി പലരും ഇതിനെ കണ്ടു. ആര്യസംസ്‌കൃതിയും സംസ്‌കൃതപഠനവും തിരിച്ചു കൊണ്ടുവന്ന് പ്രമുഖരായ അധ്യാപകരെ സൃഷ്ടിക്കുന്ന ഒരു വേദസ്ഥാപനമുണ്ടാക്കണമെന്ന് സ്വാമിജി ആവശ്യപ്പെട്ടു. എല്ലാവരും ഏകകണ്ഠമായിത്തന്നെ അദ്ദേഹവുമായി യോജിച്ചു. സ്വാമികളുടെ ജീവചരിത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയതു നമുക്കു വായിക്കാം:
അദ്ദേഹത്തിന്റെ അവസാന ആഗ്രഹം കല്‍ക്കത്തയില്‍ ഒരു വേദസ്ഥാപനം സ്ഥാപിക്കണമെന്നതായിരുന്നു. സമാധിക്കു തൊട്ടു മുന്‍പ്, ക്രിസ്തുമസ് അവധിക്കാലത്ത്, കല്‍ക്കത്തയില്‍ ദേശീയ കോണ്‍ഗ്രസ് നടക്കുന്ന സമയം, വിവിധ നവോത്ഥാനനായകന്‍മാരും പ്രൊഫസര്‍മാരുമെല്ലാം ബേലൂര്‍ മഠത്തിലെത്തി സ്വാമിജിയുമായി സംസാരിച്ചു. സാമൂഹികവും രാഷ്ട്രീയവും മതപരവുമായ കാര്യങ്ങളെല്ലാം അതില്‍ കടന്നുവന്നു. യഥാര്‍ത്ഥത്തില്‍ ഈ സമ്മേളനം മറ്റൊരു കോണ്‍ഗ്രസ് ഉണ്ടാക്കി. കോണ്‍ഗ്രസ്സിന്റെ യഥാര്‍ത്ഥ സെഷന്‍സിലേക്കാള്‍ ഗാംഭീര്യമുള്ള ഒരു സെഷനായിരുന്നു അത്. ഒരു വൈകുന്നേരം കല്‍ക്കത്തയില്‍ ഒരു വൈദിക കോളേജ് സ്ഥാപിക്കാന്‍ തീരുമാനമായി. കൂടിയവരെല്ലാം തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നു സ്വാമിജിയ്ക്ക് ഉറപ്പു കൊടുത്തു.
സ്വാമിജി, സമാധിയാകുന്ന അന്ന് 1902 ജൂലായ് 4ന്, ധ്യാനമന്ദിരത്തില്‍ പോയിരുന്ന് മണിക്കൂറുകളോളം ധ്യാനിച്ചു. കുറച്ചുദിവസം മുന്‍പ് സ്വാമി ബ്രഹ്മാനന്ദനോട് സ്വാമിജി പറഞ്ഞിരുന്നു:'ഇപ്രാവശ്യം ഞാനെന്തെങ്കിലുമൊന്നു ചെയ്യും. ഒന്നുകില്‍ എന്റെ ആരോഗ്യം ധ്യാനത്തിലൂടെയും ജപത്തിലൂടെയും ഞാന്‍ വീണ്ടെടുത്ത് എല്ലാ ശക്തിയോടെയും പ്രവര്‍ത്തിക്കും. അല്ലെങ്കില്‍ ഞാനിത് ഉപേക്ഷിക്കും.'
സ്വാമി പ്രേമാനന്ദന്റെ ചില വരികള്‍ കൂടി ഉദ്ധരിക്കുന്നതോടെ വിവേകാനന്ദന്‍ തന്റെ അവസാനശ്വാസത്തില്‍പോലും വേദത്തിനു നല്‍കിയ പ്രാധാന്യം വ്യക്തമാകും: 'ചില സമയങ്ങളില്‍ വേദപഠനത്തിന് ഒരു സ്ഥാപനം തുറക്കണമെന്ന അതിയായ ആഗ്രഹം സ്വാമിജിക്കുണ്ടായിരുന്നു. അവസാനദിവസംപോലും പൂണെ, ബോംബെ എന്നിവിടങ്ങളിലേക്ക് ചില വേദഗ്രന്ഥങ്ങള്‍ക്കുവേണ്ടി സ്വാമിജി കത്തയച്ചിരുന്നു. ആ ദിവസം വേദഗുരുകുലത്തെക്കുറിച്ച് ഏറെസമയം എന്നോടു സംസാരിച്ചു. വേദപഠനംകൊണ്ട് എന്തു ഗുണമാണ് ഉണ്ടാകുക എന്നു ഞാന്‍ ചോദിച്ചപ്പോള്‍ എല്ലാ അന്ധവിശ്വാസങ്ങള്‍ക്കും അറുതി വരുമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. നടക്കുന്നതിനിടയില്‍ വേദപഠനത്തെക്കുറിച്ചുതന്നെ പറഞ്ഞുകൊണ്ടിരുന്നു.'
മദ്രാസിലെ അനുമോദനപത്രികയ്ക്കുള്ള മറുപടിയില്‍ സ്വാമിജി ശക്തമായിത്തന്നെ പറഞ്ഞു: 'വേദങ്ങള്‍ മാത്രമാണ് പാരമാര്‍ത്ഥികനായ ഈശ്വരനെ ഉപദേശിക്കുന്ന മത ഗ്രന്ഥങ്ങള്‍. ഈശ്വരനെപ്പറ്റിയുള്ള മറ്റാശയങ്ങളെല്ലാം മേല്‍ച്ചൊന്ന തനി സൂര്യനെ പരിമിതമായും ഇടുങ്ങിയ മട്ടിലും കണ്ടിട്ടുണ്ടാവയാണുതാനും. സര്‍വലോകഹിതൈഷിണിയായ ശ്രുതി, സൗമ്യമായി ഭക്തന്റെ കൈപിടിച്ച് പരമാര്‍ത്ഥത്തിലെത്താന്‍ വേണ്ടുന്ന ഘട്ടങ്ങളിലൂടെയെല്ലാം നടത്തുകയാണ്. പുരോഗതിയുറ്റതും ഉറഞ്ഞുപോയതുമായ മട്ടില്‍ മറ്റു മതങ്ങളെല്ലാം പ്രതിനിധാനം ചെയ്യുന്നത് ഈ ഘട്ടങ്ങളില്‍ ഒന്നിനെയല്ലെങ്കില്‍ മറ്റൊന്നിനെയാണ്. അതിനാല്‍, ലോകത്തിലുള്ള ഇതരമതങ്ങളെല്ലാം നാമവും സീമയുമറ്റ സനാതന വൈദികമതത്തില്‍ ഉള്‍പ്പെട്ടവതന്നെ... വേദമെന്നാല്‍ ഈശ്വരന്റെ ജ്ഞാനം (വിദ് അറിയുക) എന്നാണ് അര്‍ത്ഥം... സനാതന സത്യങ്ങളുടെ ആകെത്തുക എന്നാണ് വേദമെന്നതിന്നര്‍ത്ഥം... ഒന്നാം ഘട്ടത്തിലൂടെ നേടുന്ന അറിവ് ശബ്ദമാകുന്നുവെങ്കില്‍ രണ്ടാം ഘട്ടത്തില്‍ നേടുന്ന അറിവാകുന്നു വേദം...
വേദപ്രാമാണ്യം സകലകാലദേശ വ്യക്തികളിലേക്കും വ്യാപിക്കുന്നു. അതായത്, അവയുടെ പ്രയോഗം ഏതെങ്കിലും ദേശകാലവ്യക്തികളില്‍ പരിമിതമല്ല. വേദങ്ങളാണ് വിശ്വമതത്തിന്റെ ഏക വ്യാഖ്യാതാവ്.'
ആദിശങ്കരനും മഹര്‍ഷി ദയാനന്ദ സരസ്വതിയുമെല്ലാം ഉയര്‍ത്തിപ്പിടിച്ച വേദത്തിന്റെ പരമപ്രാമാണ്യത്തെ സ്വാമി വിവേകാനന്ദനും നിരന്തരം പോഷിപ്പിച്ചു. ആധികാരികമായ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു,
'വേദമേ നമുക്ക് പ്രമാണമായുള്ളൂ... സ്മൃതികള്‍, പുരാണങ്ങള്‍, തന്ത്രങ്ങള്‍ ഇവയെല്ലാം വേദങ്ങളോട് പൊരുത്തപ്പെടുന്നിടത്തോളമേ സ്വീകരിക്കാവൂ. വേദങ്ങള്‍ക്ക് വിരുദ്ധമായി പറയുന്നിടത്തെല്ലാം, അവിശ്വാസമെന്ന നിലയില്‍ അവ വര്‍ജ്യങ്ങളാണ്. പക്ഷേ ഈയിടെ വേദങ്ങളേക്കാള്‍ ഉയര്‍ന്ന ഒരു പീഠത്തിലാണ് നാം പുരാണങ്ങളെ പ്രതിഷ്ഠിച്ചിട്ടുള്ളത്. വേദപഠനം ബംഗാളില്‍നിന്നു മിക്കവാറും തിരോഭവിച്ചിരിക്കുന്നു. ഓരോ വീട്ടിലും സാളഗ്രാമത്തോടും കുടുംബദൈവത്തോടുമൊപ്പം വേദങ്ങളെയും പൂജിക്കുന്ന ഒരു ദിവസം വന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു; അപ്പോള്‍ ചെറുപ്പക്കാരും പ്രായംചെന്നവരും സ്ത്രീകളും ചേര്‍ന്ന് വേദപൂജ ഉദ്ഘാടനം ചെയ്യുമല്ലോ.'
('നമ്മുടെ ജന്മസിദ്ധമായ മതം', വിവേകാനന്ദ സാഹിത്യസര്‍വസ്വം, മൂന്നാം ഭാഗം)
സ്വാമിജിയുടെ ജീവിതാഭിലാഷമായിരുന്ന ആ വേദപൂജയുടെ ദിനങ്ങള്‍ ഇന്ന് കേരളത്തിലും ആഗതമായിരിക്കുകയാണ്. ജാതിലിംഗവിവേചനങ്ങളുടെയും നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ആലസ്യത്തിന്റെയും മറകള്‍ നീക്കി, സനാതനധര്‍മത്തിന്റെ ആത്മാവായ ആ വേദവെളിച്ചം ജനസാമാന്യത്തില്‍ ഒളിവീശാന്‍ ആരംഭിച്ചിരിക്കുകയാണ്. അലസരായി ഇരിക്കാതെ നമുക്കും വിവേകമാര്‍ഗത്തെ പിന്തുടരാം. വിവേകാനന്ദനെ പിന്തുടരാം...

No comments: