Friday, January 03, 2020

കര്‍മവും കര്‍മഫലങ്ങളും സത്വ,രജസ്, തമസ് എന്നീ പ്രകാരമുണ്ട്. ഞാനാണ് ഈ കര്‍മങ്ങള്‍ ചെയ്യുന്നതെന്ന ഭാവമില്ലാതെ മനസ്, വാക്, ശരീരം കൊണ്ടെല്ലാം ചെയ്യുന്ന കര്‍മങ്ങള്‍ സാത്വികവും ത്യാഗപൂര്‍ണവുമായിരിക്കണം.  കര്‍മം, അതു ചെയ്യുന്നവാനുള്ള അറിവ്, അഭിവാഞ്ഛ, കര്‍മം ചെയ്യുന്ന രീതി, കര്‍ത്താവ്, ഇതെല്ലാം സാത്വികമായി നിലനില്‍ക്കുമ്പോള്‍ അത് സാത്വിക സംന്യാസമായിത്തീരുന്നു. അവയെല്ലാം രാജസികവും താമസികവുമായി തീരുമ്പോള്‍ ആ സംന്യാസം ചൈതന്യഹീനമായി തീരുന്നു. അതിഗഹനമായ വിധത്തില്‍ കര്‍മം, കര്‍ത്താവ്, ക്രിയ, കര്‍മഫലത്യാഗം അതിന്റെ ഗുണദോഷങ്ങള്‍ എന്നിവയെല്ലാം ശ്രീകൃഷ്ണന്‍ ഈ അധ്യായത്തില്‍ പദാനുപദം വിവരിക്കുന്നു.
സാത്വിക, രാജസിക, താമസികമായ അറിവ് കര്‍മം, കര്‍ത്താവ്, ബുദ്ധി, തീരുമാനം, വിവേകം, നിശ്ചയദാര്‍ഢ്യം, ധൃതി, സന്തോഷം, പ്രകൃതി, മനസ്സ്, ഔദ്യോഗിക ദൗത്യം എന്നിവ വിവരിക്കുന്നു. അതായത് മേല്‍വിവരിച്ചതോരോന്നും സാത്വികമായും രാജസികമായും താമസികമായും അതാതു ഗുണങ്ങളുള്ള വ്യക്തികളില്‍ പ്രകടമാകുന്നു എന്നതാണ് വിവരണത്തിന്റെ കാതലായ സന്ദേശം. മേല്‍വിവരിച്ചതെല്ലാം സാത്വികഭാവത്തിലേക്ക് ഉയര്‍ത്തിയാല്‍ കൃഷ്ണനിലേക്കുള്ള പ്രയാണം വളരെ എളുപ്പമായി തീരുന്നു. അവയ്ക്ക് കൃഷ്ണന്റെ പൂര്‍ണാനുഗ്രഹവുമുണ്ടായിരിക്കും. ഹേ, അര്‍ജുനാ, നീയും ക്ഷത്രിയ ധര്‍മം അനുഷ്ഠിച്ച്, ഈ രാഷ്ട്രത്തില്‍ ധര്‍മം സ്ഥാപിക്കേണ്ട ചുമതല, ഏറ്റെടുക്കേണ്ടതാണ്. സ്വയം അതു ചെയ്തില്ലെങ്കില്‍ ചുറ്റുപാടുകള്‍ നിന്നെക്കൊണ്ടത് ചെയ്യിപ്പിക്കുമെന്നറിയുക. സ്വധര്‍മത്തില്‍ നിന്ന് നിനക്ക് ഒളിച്ചോടാനാവില്ല. ഈ യുദ്ധം പോലും ഈശ്വരാരാധനയായിട്ട് അനുഷ്ഠിക്കുക. ഈശ്വരന്‍ നിന്റെ ഹൃദയത്തിലാണ് ഉള്ളതെന്നറിഞ്ഞ് കര്‍മനിരതനാകുക. ഇപ്പോള്‍ മറ്റെല്ലാ ചിന്തകളും ഉപേക്ഷിക്കുക. ഞാന്‍ നിര്‍ദേശിക്കുന്നതു പോലെ നിന്റെ ധര്‍മം കുരുക്ഷേത്രഭൂമിയില്‍ അനുഷ്ഠിക്കുക. നിനക്ക് പാപഭാരം ഏല്‍ക്കേണ്ടി വരില്ല. നിന്നെ പാപമേല്‍ക്കാത്ത വിധത്തില്‍ നയിച്ചു കൊള്ളാമെന്ന് ഞാന്‍ സത്യം ചെയ്യുന്നു. (ഭഗവദ്ഗീത ശ്രദ്ധയോടെ പഠിച്ച് നമ്മള്‍ നമ്മുടെ കര്‍മമണ്ഡലത്തില്‍ പ്രായോഗികമാക്കണം. ശ്രീകൃഷ്ണന്റെ ശക്തവും യുക്തിസഹജവും ധര്‍മാധിഷ്ഠവും ഭക്തി, ജ്ഞാന, കര്‍മ മാര്‍ഗങ്ങളടങ്ങിയതുമായ നിര്‍ദേശങ്ങള്‍ അണുവിട മാറാതെ സ്വീകരിച്ച് ധീരതയോടെ അര്‍ജുനനന്‍ കര്‍മധര്‍മക്ഷേത്രമായ കുരുക്ഷേത്രത്തിലിറങ്ങി എന്ന്  സഞ്ജയന്‍ ധൃതരാഷ്ട്രരോട് അത്ഭുതത്തോടെ വിവരിച്ചിരിക്കുന്നു. ) janmabhumi

No comments: