Wednesday, January 22, 2020

മാണ്ഡൂക്യകാരികാസംഗ്രഹം

Wednesday 22 January 2020 6:29 am IST
ജനിക്കാത്ത ഒന്നിനെ ജനിച്ചതായി കാണുന്നതിന്റെ പൊരുള്‍ ഉല്‍പത്തിയില്ലായ്മയാണ്. ഉല്‍പത്തിയില്ലായ്മ സ്വഭാവമായ ഒന്നിന് അതിന്റെ സ്വഭാവത്തെ മാറ്റാന്‍ കഴിയുകയില്ലല്ലോ. എല്ലാറ്റിനും ഉല്‍പത്തിയും വിനാശവും ഉണ്ടെന്നതിനാല്‍ അവ മിഥ്യകളാണ്. മായാ (മാജിക്)നിര്‍മിതമായ ആനയെ (മായാഹസ്തി) പോലെയാണ് വസ്തുക്കളുടെയെല്ലാം ഉണ്മ ((existence)). കാണപ്പെടുന്ന നിമിഷത്തില്‍ മാത്രമാണ് അതിന്റെ ഉണ്മ. അത് അനുഭവവുമായി ബന്ധപ്പെട്ടുമിരിക്കുന്നു. ഇത്തരത്തിലാണ് സൃഷ്ടി, ചലനം, വസ്തു എന്നിവയുടെ പ്രതീതികള്‍. പക്ഷേ ആ ഒരേ ഒരു അറിവ് (വിജ്ഞാനം) ആകട്ടെ അജ unborn)) വും അചല(unmoved) വും അവസ്തു (unthingness)) വും ശാന്ത (cessation) വുമാണ്. അലാതം (burning charcoal, തീക്കനല്‍, തീക്കൊള്ളി പൊള്ളിപ്പോകുമെന്നു ഭയപ്പെട്ട് ഇതിനെ ജനങ്ങള്‍ എടുക്കുന്നില്ല എന്ന് അമരകോശം പാരമേശ്വരീ വ്യാഖ്യാനം) സ്പന്ദിക്കുന്നതു നോക്കിയാല്‍ അതില്‍ നേരെയും വളഞ്ഞും മറ്റും ആയുള്ള ചലനം തോന്നുന്നതു പോലെ ജ്ഞാനചലനം (വിജ്ഞാനസ്പന്ദിതം) ആണ് ഗ്രാഹ്യഗ്രാഹകപ്രതീതി (ജ്ഞാതാവ്, ജ്ഞേയം) ഉളവാക്കുന്നത്. അലാതത്തില്‍ കാണപ്പെടുന്ന നേരെയും വളഞ്ഞുമെല്ലാമുള്ള ചലനങ്ങള്‍ അതില്‍ സത്യത്തിലുള്ളതല്ല ആരോപിക്കപ്പെട്ടതാണ്. അതുപോലെ ബോധത്തില്‍ പ്രതീതികള്‍ ആരോപിക്കപ്പെടുകയാണ്. ബോധവും പ്രതീതിയും തമ്മില്‍ കാര്യകാരണബന്ധം സൂചിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ അത് അചിന്ത്യമാണ് എന്നു പറയുന്നു. ഒരു വസ്തു (ദ്രവ്യം) മറ്റൊരു വസ്തുവിന്റെ കാരണമാണ്. അപ്പോള്‍ദ്രവ്യമല്ലാത്ത ഒന്ന് അദ്രവ്യമായ മറ്റൊന്നിന്റെ കാരണമാകാം. അതായത് ഈ എല്ലാ ധര്‍മ്മ (മുുലമൃമിരല) ങ്ങളും ചിത്തത്തില്‍ നിന്നുണ്ടായവയല്ല.
ചിത്തമാകട്ടെ ധര്‍മ്മത്തില്‍ നിന്നുണ്ടായതുമല്ല. കാര്യകാരണബന്ധത്തെ ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരുവന്‍ സംസാരചക്രത്തില്‍ പെട്ടുഴലുന്നു. എപ്പോഴാണോ ഈ തോന്നലില്ലാതെയാകുന്നത് അപ്പോള്‍ സംസാരവുമില്ല. ആപേക്ഷികമായ കാഴ്ചപ്പാടിലൂടെ (സംവൃത്തി) നോക്കുമ്പോഴാണ് വസ്തുക്കള്‍ ഉല്‍ഭൂതങ്ങളാണെന്ന തോന്നലുണ്ടാകുന്നത്. തന്മൂലം ഒന്നും ശാശ്വതമല്ല. ഉള്ള വസ്തുക്കളൊന്നും തന്നെ ഉണ്ടായവയല്ല. അതിനാല്‍ നാശ (ഉച്ഛേദം) വുമില്ല. ധര്‍മ്മ (മുുലമൃമിരല, പ്രതീതി) ങ്ങള്‍ ഉണ്ടാകുന്നത് ഭാവനയിലാണ്. യഥാര്‍ത്ഥാനുഭവത്തിലല്ല. അവയ്ക്കു ഉണ്മ തോന്നിപ്പിക്കുന്നത് മായയാണ്. ഈ മായയ്ക്കും ഉണ്മയില്ല. ഇന്ദ്രജാല മാജിക്) ത്തില്‍ ഇല്ലാത്ത വിത്തില്‍ നിന്നും അങ്കുരമുണ്ടാകുന്നതായി തോന്നുന്നതു പോലെ ഈ ധര്‍മ്മങ്ങള്‍ ഒന്നും തന്നെ നിത്യങ്ങളുമല്ല, അവിനാശികളുമല്ല. സ്വപ്‌നത്തിലോ ഇന്ദ്രജാലത്തിലോ പോലെ മനുഷ്യര്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. എല്ലാ ധര്‍മ്മങ്ങളും ഇങ്ങിനെ തന്നെ. സാങ്കല്പികമായ കാഴ്ചപ്പാടില്‍ (കല്‍പിതസംവൃത്തി) ഉള്ളതായി കാണപ്പെടുന്നവ പരമാര്‍ത്ഥദൃഷ്ടിയില്‍ ഇല്ലാത്തവയാണ്. മറ്റൊന്നിനെ ആശ്രയിച്ചുകൊണ്ടുള്ള ഒന്നിന്റെ നിലനില്‍പ്പ് ആപേക്ഷിക നിലനില്‍പാണ്; അത് യഥാര്‍ത്ഥത്തില്‍ ഉള്ള നിലനില്‍പല്ല. വസ്തുക്കള്‍ക്ക് ഉണ്മയുണ്ടോ ഇല്ലയോ, അവയ്ക്കു നിലനില്‍പ്പുണ്ടോ ഇല്ലയോ, അവ സ്ഥിരമാണോ ഇളകുന്നവയാണോ, അതോ ഇതൊന്നുമല്ലയോ എന്നീ ചിന്തകളില്‍ മൂഢന്മാര്‍ മുങ്ങിപ്പോകുന്നു. ഗൗഡപാദരുടെ കാരികകളില്‍ കാണുന്ന മേല്‍പ്പറഞ്ഞ ആശയങ്ങളെല്ലാം തന്നെ ആചാര്യനാഗാര്‍ജുനന്റെ മാധ്യമികകാരിക, ലങ്കാവതാരസൂത്രം മുതലായ ബൗദ്ധമാധ്യമിക, വിജ്ഞാനവാദഗ്രന്ഥങ്ങളില്‍ വിസ്തരിച്ചിട്ടുള്ളവയാണെന്നു താരതമ്യപഠനത്തിലൂടെ വ്യക്തമാണ് എന്നു ദാസ്ഗുപ്ത സമര്‍ത്ഥിക്കുന്നു.

No comments: