വാക്കും അര്‍ത്ഥവും തമ്മിലുള്ള ബന്ധം പാര്‍വ്വതീപരമേശ്വര•ാരെപ്പോലെയാണെന്ന കാളിദാസവചനം എത്രയോ അന്വര്‍ത്ഥം! വാക്കിന് അതിന്റെ സ്ഫുടമായ അര്‍ത്ഥം നഷ്ടമാകുമ്പോള്‍ ആ വാക്കിനു മാത്രമല്ല, അതിനെ ഉള്‍ക്കൊള്ളുന്ന സംസ്ക്കാരത്തിന്റെയും ഭാഷയുടെയും സര്‍വ്വോപരി സമൂഹത്തിന്റെയും മൂല്യശോഷണമാണ് നമുക്ക് ദര്‍ശിക്കാന്‍ കഴിയുക. ഭാരതീയ സാംസ്ക്കാരിക ചരിത്രത്തില്‍ കാണുന്ന അത്തരമൊരു വാക്കാണ് 'ഭക്തി'. ഈ ലോകത്തെ മംഗളകരമാക്കുന്ന വാക്കാണ്് 'ഭക്തി' എന്നാല്‍ കാലാന്തരത്തില്‍ പൂന്താനകവിയുടെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ 'മത്തനെപ്പോലെ നൃത്തം കുതിക്കുവാന്‍' കെല്‍പേകുന്ന മനോവികാരമായി അതു മാറി. ഇവിടെ തകര്‍ന്നടിഞ്ഞത് ഭൌതികമൂല്യങ്ങള്‍ മാത്രമല്ല, നൈതികമൂല്യങ്ങള്‍ കൂടിയാണ്. യുക്തിചിന്തകളും വൈദിക പാരമ്പര്യവും പോയ് മറഞ്ഞപ്പോള്‍ 'ഭക്തി' അശ്ളീല ചിന്താസരണിയായി മാറി.
ധര്‍മ്മനാശം വരുമ്പോള്‍ അധര്‍മ്മഹാനിക്കായി ബ്രഹ്മലോകത്തില്‍നിന്ന് മുക്താത്മാക്കള്‍ ഇറങ്ങിവരുമെന്ന് ഉപനിഷത്തുക്കള്‍ ഉദ്ഘോഷിക്കുന്നു. യോഗേശ്വര കൃഷ്ണന്‍ അവരിലൊരാള്‍ മാത്രം. ഭക്തിയൊന്നുകൊണ്ടുമാത്രം ആ വ്യക്തിപ്രഭാവമാകുന്ന മൃച്ഛസന്നിഭത്തില്‍ ഭക്ത•ാര്‍ ചെളിവാരിയെറിഞ്ഞ ചരിത്രം വിചിത്രസത്യം മാത്രമാണ്. പുരോഹിതരുടെ സ്വാര്‍ത്ഥതാത്പര്യം കൊണ്ടുണ്ടായ വിരോധാഭാസങ്ങള്‍ ശ്രീകൃഷ്ണവ്യക്തിത്വത്തില്‍ അടിച്ചേല്‍പ്പിക്കുവാന്‍ അവര്‍ പരിശ്രമിച്ചു. അവര്‍ അദ്ദേഹത്തെ ഭോഗവിലാസിയും കള്ളനും കൊള്ളരുതാത്തവനും പതിനാറായിരത്തെട്ട് ഭാര്യമാരുടെ ഭര്‍ത്താവുമാക്കി.
അതും പോരാഞ്ഞ് കുളിക്കടവില്‍ സ്ത്രീകളുടെ ഉടുതുണി മോഷ്ടിച്ച് അരയാല്‍കൊമ്പിലൊളിച്ചിരുന്ന് സൌന്ദര്യമാസ്വദിച്ചുവെന്ന് എഴുതിക്കളഞ്ഞു! ഭക്തിയുടെ പേരില്‍ അവര്‍ ശ്രീകൃഷ്ണനെ 'വിടന്‍' പോലും ആക്കിത്തീര്‍ത്തു. രാജ്യതന്ത്രജ്ഞനും ഏകപത്നീവ്രതക്കാരനുമായ ശ്രീകൃഷ്ണന്റെ അഭൌമമായ ആത്മസത്തയെക്കുറിച്ച് എത്ര പേര്‍ക്കറിയാം? അദ്ദേഹത്തിലെ യോഗിയെ, ധര്‍മ്മാത്മാവിനെ ശരിയായ തലത്തിലുള്‍ക്കൊള്ളാതെ ഈശ്വരനാക്കി പൂജിച്ചപ്പോള്‍ ശ്രീകൃഷ്ണഹൃദയം നമുക്ക് കാണാന്‍ കഴിയാതെ പോയി. അദ്ദേഹത്തെ ഈശ്വരനാക്കി പൂജിക്കുന്നവരുടെ കഥ പറയാനുമില്ല.
ഭക്തിയുടെ ഒറ്റപ്പേരില്‍ ആജീവനാന്തം ഏകപത്നീവ്രതമനുഷ്ഠിച്ച അദ്ദേഹത്തെ രാധയുടേയും കുബ്ജയുടെയും ഗോപികമാരുടേയും വല്ലഭനാക്കി രാസലീലയും കാമകേളിയുമാടിച്ചില്ലെ? മഹാഭാരതത്തിലെ ശ്രീകൃഷ്ണചരിതം മനസ്സിലാക്കിയ ഏതൊരാളെയും വൃഥിതഹൃദയനാക്കുന്ന ചിത്രമാണിത്. 'രാധ' എന്താണെന്നോ രാസ എന്താണെന്നോ മനസ്സിലാക്കാനുള്ള നിഷ്പത്തിജ്ഞാനമില്ലാത്തവര്‍ അവയ്ക്കെല്ലാം മജ്ജയും മാംസവും നല്‍കി സാകാരമാക്കി.
യോഗേശ്വരനായ ശ്രീകൃഷ്ണന്റെ സ്വഭാവഹത്യ ആരംഭിച്ചത് പുരാണങ്ങളുടെ ആഗമനത്തോടെയാണ്. അജ്ഞത കൊണ്ട് അവര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ക്ക് അതിരില്ല. ആര്‍ഷസംസ്കാരത്തിലെ പ്രഥമ സിദ്ധാന്തച്യുതി ശ്രീകൃഷ്ണനെ ഈശ്വരനാക്കിയപ്പോഴേ തുടങ്ങി. ഇത് മൌലികമായ ആദ്യ തെറ്റായിരുന്നു ശ്രീകൃഷ്ണന്‍ ഈശ്വരാവതാരമാണോ എന്ന് ചോദിക്കുന്നതിനേക്കാള്‍ യുക്തം ഈശ്വരന്‍ അവതരിക്കുമോ എന്ന് ചോദിക്കുന്നതാണ്. ഈശ്വരനെ 'അകായം' ശരീരമില്ലാത്തവന്‍ എന്ന് ചതുര്‍വേദം വിവരിക്കുന്നു. പതഞ്ജലി യോഗദര്‍ശനത്തില്‍ ഈശ്വരസ്വരൂപം നിര്‍വചിക്കാന്‍ ശ്രമിക്കുന്നു. ക്ളേശം, കര്‍മ്മം, കര്‍മ്മഫലം, ചിത്തവൃത്തി എന്നിവയൊന്നുമുണ്ടാകാത്ത പുരുഷവിശേഷമാണ് ഈശ്വരന്‍ എന്നാണ് ആ വര്‍ണ്ണന.
അവിദ്യാദിക്ളേശകര്‍മ്മാദികള്‍ ബാധിക്കാത്ത ഈശ്വരന് അതുമൂലമുണ്ടാകാനിടയുള്ള ജ•വും സംഭവിക്കുന്നില്ലെന്ന് വൈദികദര്‍ശനം പറയുന്നു. സര്‍വവ്യാപിയായ ഈശ്വരന് ഏകദേശിയാകാന്‍ കഴിയില്ലെന്ന വൈദികദര്‍ശനത്തിന് കടകവിരുദ്ധമാണ് അവതാരവാദം. ശ്രീകൃഷ്ണന്‍ യോഗേശ്വരനായ മുക്താത്മാവാണ്. ഈശ്വരസ്വരൂപം ശ്രീകൃഷ്ണന്‍ തന്നെ വര്‍ണ്ണിക്കുന്നത് നമുക്ക് കാണാം. അന്തര്യാമിയായ ഈശ്വരന്‍ അകത്തും പുറത്തും ഒരുപോലെ വര്‍ത്തിക്കുന്നു. 'സൂക്ഷ്മത്വം നിമിത്തം തിരിച്ചറിയാനാകാത്ത അത് പുറത്തുമകത്തും' ദൂരെയുമടുത്തും വര്‍ത്തിക്കുന്നുവെന്നു (ഗീത 13-15) വ്യക്തമാക്കുന്നു. 'തദന്തരസ്യസര്‍വസ്യതദുസര്‍വ്വസ്യാസ്യ ബാഹ്യതഃ' എല്ലാറ്റിന്റേയും അകത്തുള്ള അതു തന്നെയാണ് എല്ലാറ്റിന്റേയും പുറത്തും എന്ന യജുര്‍വേദ മന്ത്രത്തിന്റെ പാഠഭേദം മാത്രമല്ലേ ഈ സത്യമെന്ന് ആര്‍ക്കും സംശയം തോന്നിപ്പോകും. കര്‍മ്മം ചെയ്തുകൊണ്ടേ ജീവിക്കണമെന്ന ഈശാവാസ്യ വചനത്തിന്റെ വ്യാഖ്യാനമാണ് ഗീത. സര്‍വ്വ ഭൂതഹിതത്തിനുവേണ്ടി ധര്‍മ്മമനുഷ്ഠിക്കണമെന്ന് അത് പഠിപ്പിക്കുന്നു. സര്‍വചരാചരഹിതകാരിയായ ഈ കര്‍മ്മം നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുവാനാണ് ശ്രീകൃഷ്ണന്‍ ആഹ്വാനം ചെയ്യുന്നത്. ശ്രീകൃഷ്ണന്‍ തന്റെ ജീവിതത്തിലൂടെ അതു തുറന്നു കാട്ടുന്നു.
ഭക്തിമാര്‍ഗമെന്നതിന്റെ ശരിയായ നിര്‍വചനം ശൂദ്രത്വം വെടിയുക എന്നത്രെ. ഈശ്വരന്‍ ശൂദ്രനല്ലല്ലൊ. ഈശ്വരനോടൊപ്പം ചേരുക, താദാത്മ്യം പ്രാപിക്കുക എന്നതാണ് ഭക്തന്റെ അഭീഷ്ടമെങ്കില്‍ മനുഷ്യനോടു തോന്നുന്ന ദാസഭാവമേ ഇല്ലാതാക്കേണ്ടതുണ്ട്. ദാസഭാവം അകലുമ്പോള്‍ ശൂദ്രത്വവും പോയ്മറയുന്നു. ദാസനാകില്ലെന്ന് മാത്രമല്ല ഭക്തദാസനാകും ഈശ്വരന്‍. കൂട്ടുകാരന്റെ സേവനത്തിനായി ഇറങ്ങുന്ന മിത്രം ദാസനല്ല.
ശൂദ്രത വിട്ടൊഴിയുമ്പോള്‍ ബ്രാഹ്മണത്വമോ, ക്ഷത്രിയത്വമോ വൈശ്യത്വമോ നാം വരിക്കേണ്ടിവരുന്നു. ബ്രാഹ്മണത്വം ജ്ഞാനത്താല്‍ അജ്ഞാനത്തെ നശിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ക്ഷത്രിയത്വം അന്യായത്തെ ന്യായം കൊണ്ട് എതിരിടുന്നു. വൈശ്യത്വമാകട്ടെ ധനധാന്യം വഴി ദാരിദ്യ്രത്തെ നശിപ്പിക്കുന്നു. ഇവയിലേതെങ്കിലുമൊന്നിനെ ഹൃദയത്തില്‍ ധാരണം ചെയ്യുന്നതാണ് യഥാതഥമായ ഭക്തിമാര്‍ഗം. ഈ മൂന്നിനേയും ധാരണം ചെയ്യാന്‍ കഴിയാത്തവന്‍ ശൂദ്രത്വത്തെ പ്രാപിക്കുന്നു.
ഒരാള്‍ക്ക് സര്‍വ്വവ്രതങ്ങളേയും ഒരുമിച്ച് പാലിക്കാന്‍ കഴിയുന്നില്ല. തന്റെ സ്വഭാവത്തിനനുകൂലമായ ഈ മൂന്നില്‍ ഒന്നിനെ വേണം തെരഞ്ഞെടുക്കാന്‍. ഇതൊരു സ്വയം തെരഞ്ഞെടുപ്പാണ്. ഈ സ്വകര്‍മ്മമത്രേ സാധനയായ ഈശ്വരഭക്തി. ഈ ചാതുര്‍വര്‍ണ്ണ്യം ഏറെ വിവാദമായി. ശ്രീകൃഷ്ണനെ ജാതിക്കുശുമ്പനാക്കി. ഈ ഒരൊറ്റ കാരണം കൊണ്ട് ജാതിഭേദം ചാതുര്‍വര്‍ണ്ണ്യമാണെന്നും ശ്രീകൃഷ്ണന്‍ ബ്രാഹ്മണ്യത്തിന്റെ പ്രവാചകനാണെന്നും ചില പ്രതിലോമശക്തികള്‍ ആരോപിച്ചു കാണാറുണ്ട്. വാക്കുകളുടെ അര്‍ത്ഥം ഒരിക്കല്‍ക്കൂടി നഷ്ടമാകുന്നതിന്റെ ഉദാഹരണമാണിത്. സംസ്കൃത പദങ്ങളുടെ അര്‍ത്ഥമറിയാന്‍ നിഘണ്ടുവോ നിരുക്തമോ ആശ്രയിക്കേണ്ടിവരും. വരിക്കുന്നതാണ് വര്‍ണ്ണം; വര്‍ണോവൃണുതേ (1 2-14 നിരുക്തം) എന്ന് യാസ്കന്‍ വര്‍ണ്ണത്വം വിവരിക്കുന്നു. ഇടയവര്‍ഗത്തില്‍ ജനിച്ച ശ്രീകൃഷ്ണന്‍ ബ്രാഹ്മണനായതിന്റെ ചരിത്രവും മറ്റൊന്നല്ല. സ്വകര്‍മ്മത്താല്‍ ഈശ്വരനെ നേരിട്ടറിഞ്ഞ് മനുഷ്യന്‍ സിദ്ധി നേടുന്നുവെന്ന് ഗീത. മനുഷ്യന്‍ സ്വയം അറിയാന്‍ ശ്രമിക്കണം. അതറിഞ്ഞ് സ്വഭാവത്തിന് അനുയോജ്യമായ കര്‍മ്മം അഭ്യസിക്കുകയും സ്വവര്‍ണ്ണം സ്വീകരിക്കുകയും വേണം. ഭഗവദ് ഗീതയിലെ ഏറ്റവും വിമര്‍ശന വിധേയമായ ഒരു ശ്ളോകം ഉദ്ധരിക്കാം.
'ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം ഗുണകര്‍മ്മഃ വിഭാഗശഃ തസ്യ കര്‍ത്താരമപി മാംവിദ്ധ്യ കര്‍ദത്താരമവ്യയം'' ഗീത 4/13
'ഈ യുഗത്തില്‍ ഗുണകര്‍മ്മാനുസൃതമായ ചാതുര്‍വര്‍ണ്ണ്യം നഷ്ടപ്പെട്ടുപോയി. ഞാനത് ഈ യുഗത്തില്‍ സൃഷ്ടിച്ചു. എന്നാല്‍ വര്‍ണ്ണവ്യവസ്ഥയുടെ അവ്യയ (ആഭ്യന്തരരഹിതമായ) ശാശ്വതകര്‍ത്താവ് ഈശ്വരനാണ്. പുരുഷസൂക്ത വര്‍ണ്ണിതമായ ഈശ്വരന്‍. അതിനാല്‍ എന്നെ ഇതിന്റെ ശാശ്വത കര്‍ത്താവായി ധരിക്കരുത്.'' ഗുണകര്‍മ്മാനുസൃതമാണ് വര്‍ണ്ണമെന്ന് തെളിയുന്നു. മഹര്‍ഷി അരവിന്ദഘോഷ് ഗീതയിലെ വര്‍ണ്ണ വ്യവസ്ഥയെക്കുറിച്ച് പ്രതിവചിക്കുന്നതിങ്ങനെ: 'ഇന്നത്തെ ജാതിസമ്പ്രദായത്തിന് ഗീതയില്‍ പറയുന്ന ചാതുര്‍വര്‍ണ്ണ്യവുമായി അശേഷം ബന്ധമില്ല. കാരണം അത് പ്രാചീനമായ ചാതുര്‍വര്‍ണ്ണ്യത്തെ സാമൂഹ്യ ആദര്‍ശത്തില്‍നിന്നും തുലോം വിഭിന്നമാക്കുന്നു. സംശുദ്ധവും പ്രസ്പഷ്ടവുമായ ആദര്‍ശം ആര്യജനതതിയുടെ ജീവിതക്രമമായിരുന്നു. ഗീതയില്‍ വര്‍ണ്ണിച്ച ജാതിക്ക് ഈ ജീവിതക്രമവുമായി യാതൊരു ചേര്‍ച്ചയുമില്ല.
അപ്പോള്‍ പിന്നെ സ്വയത്നം കൊണ്ടു സര്‍വ്വഭൂതഹിതത്തിന്നായി പ്രവൃത്തികളിലേര്‍പ്പെടണം, ഈ സ്വകര്‍മ്മത്തിനും പരമഗതിക്കും മനനശീലരായ അപൂര്‍വ്വം വ്യക്തികളേ പരിശ്രമിക്കൂ. ആ ആയിരത്തിലൊരാള്‍ യത്നിച്ചാലായി. ഈ യത്നിക്കുന്നതിലും അപൂര്‍വ്വം ചിലര്‍ക്കേ അത് ലഭിക്കൂ. ഇത് അഭ്യാസം കൊണ്ടത്രേ നേടേണ്ടത്. അഭ്യാസമെങ്ങനെയെന്ന് കൃഷ്ണന്‍ പറയുന്നു. സ്വകര്‍മ്മാചരണത്തിന് വിപരീതമായ വിരക്തിയും അനുകൂലഭാവങ്ങളുടെ നിരന്തര അഭ്യാസവും വേണമതിന്. എത്ര നാളിങ്ങനെ അഭ്യസിക്കണമെന്നാണ് ചോദ്യമെങ്കില്‍ 'രാപ്പകല്‍ അഭ്യാസത്തില്‍ മുഴുകി കഴിയുന്നവരുടെ യോഗക്ഷേമം ഞാന്‍ വഹിക്കുന്നു'' വെന്ന് ഗീത. ഇത് 'അനേകജ• സംസിദ്ധതോയാതി പരാംഗതിമ്'' ജ•ജ•ാന്തരങ്ങളോളം സാധന ചെയ്തു സാധകന്‍ പരമഗതിയെ പ്രാപിക്കുന്നുവെന്ന് ശ്രീകൃഷ്ണന്‍ ഉച്ചസ്വരത്തില്‍ പ്രഖ്യാപിക്കുന്നു.
എന്നാല്‍ വിധിവൈപരീത്യമെന്ന് പറയട്ടെ ശ്രീമദ് ഭാഗവതമെന്ന പുരാണം ഈ സര്‍വ്വസിദ്ധാന്തങ്ങളേയും ഒന്നടങ്കം നിഷേധിക്കുന്നു. സാധനയുടെയും മുക്തിയുടെയും മാര്‍ഗം ജ•ജ•ാന്തരങ്ങളോളമുള്ള സാധനയാണെന്ന ശ്രീകൃഷ്ണ ഉപദേശത്തെ തത്ത്വത്തില്‍ കാറ്റില്‍ പറത്തി ഭാഗവതം അജാമിളോപാഖ്യാനത്തില്‍ പുത്രന്റെ പേര് നാരായണനെന്ന് ഇട്ടു. മരിക്കാന്‍ നേരം പുത്രനെ വിളിച്ചപ്പോള്‍ 'മോക്ഷം' ഉടനടി ലഭിച്ചുവത്രെ. കര്‍മ്മമയമായ ഭക്തി അകലങ്ങളിലേക്ക് പോകുന്നു. കര്‍മ്മനാശം വരുത്തുന്ന ഭക്തി വന്നണയുന്നു. ഈശ്വരഭക്തനായ ശ്രീകൃഷ്ണന്‍ പോലും സന്ധ്യയെ വന്ദിക്കുന്നുവെന്നറിയണമെങ്കില്‍ മഹാഭാരതം രുചിച്ചു നോക്കണം. വ്യാസവിരചിതമാണ് മഹാഭാരതം. അതിന്നെതിരായ ആഖ്യാനങ്ങളെഴുതുവാന്‍ വ്യാസനു കഴിയുകയില്ല. ശ്രീമദ് ഭാഗവതം വ്യാസവിരചിതവുമല്ല. ഗീതാഗോവിന്ദത്തിന്റെ കര്‍ത്താവായ ജയദേവന്റെ സഹോദരന്‍ ബോബദേവനാണ് ഭാഗവതം രചിച്ചത്. ഇതിന് ധാരാളം തെളിവുകള്‍ ഉണ്ട്. ബോബദേവനും ഇതു സമ്മതിച്ചിട്ടുണ്ട്. ഭക്തിപ്രസ്ഥാനകാലത്തിന് തൊട്ടുമുന്‍പായിരിക്കണം ഭാഗവതം രചിച്ചത്. ഇതിലുള്ളതെല്ലാം മറ്റെല്ലായിടത്തും കാണാം. എന്നാലിതിലില്ലാത്തത് ഒരിടത്തും ദര്‍ശിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച വ്യാസന്‍ എന്തിന് ഭാഗവതം രചിക്കണം?
ശ്രീകൃഷ്ണന്റെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് രസാവഹം തന്നെ. ശ്രീകൃഷ്ണന്‍ ക്ഷത്രിയകുലജാതനായിരുന്നു. ജനിച്ചത് ജയിലില്‍. ബാല്യം യാതനാനിര്‍ഭരം. സ്വഭാവമനുസരിച്ച് ക്ഷത്രിയത്വത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു.
അക്കാലത്ത് കംസന്റെ രാജഭരണമായിരുന്നുവല്ലോ. നരബലി, ഗോഹത്യ തുടങ്ങിയവ വിനോദമാക്കിയ രാജാവിന്റെ ദുര്‍ഭരണം കംസന്റെ മന്ത്രിയുടെ പ്രഖ്യാപനം ആ രാജ്യത്തെ ഭരണവ്യവസ്ഥ നമ്മോട് പറഞ്ഞുതരുന്നു.
'തസ്മാത്സര്‍വ്വാത്മനാ രാജന്‍, ബ്രാഹ്മണാന്‍ സത്യവദിനം തപസ്വിനോജ്ഞശീലാന്‍ ഗാശ്ചഹന്മോഹവിര്ദുധാ''
'അല്ലയോ രാജന്‍, ദേവ•ാര്‍ യജ്ഞത്തിന്റെ തണലില്‍ പുലരുന്നു. യജ്ഞം ഗോവിന്റെയും ബ്രാഹ്മണരുടെയും തണലിലാണ് പുലരുന്നത്. അതിനാല്‍ നമുക്ക് എങ്ങനെയെങ്കിലും സത്യവാദികളായ ബ്രാഹ്മണരേയും ഗോക്കളേയും ഹിംസിച്ചുകളയണം.'' ഗോപാലകുലത്തെ മാത്രമല്ല, മാനവജനതയെ ഒന്നാകെ ബാധിക്കുന്ന ഇത്തരം ക്ഷുദ്രപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ 'രായാണന്‍' എന്നൊരു വിജിഗീഷു കംസരാജഭരണത്തിനെതിരെ വിപ്ളവമണ്ഡലം രൂപീകരിച്ചു. കംസന്റെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ രായാണന്‍ ഉണ്ടാക്കിയ കലാപക്കളമാണ് 'രാധ'. 'രാധ'യെന്ന രഹസ്യമണ്ഡലത്തില്‍പ്പെട്ടവര്‍ പ്രത്യക്ഷത്തില്‍ നൃത്തം ചെയ്ത് പാട്ടുപാടി ഈശ്വരഭജനം ചെയ്തതോടൊപ്പം കംസനെതിരെ ആളുകളെ ഒരുക്കുകയും ചെയ്തു. ശ്രീകൃഷ്ണന്റെ പ്രതിഭ കണ്ട രായണന്‍ 'രാധ'യുടെ നേതൃത്വം കൃഷ്ണനെ ഏല്‍പിച്ചു; ഈ സുന്ദരമായ ഭാവശില്പമാണ് ഭാഗവതത്തില്‍ തികച്ചും അശ്ളീലമായി വ്യാഖ്യാനിക്കുന്നത്. ഈ മണ്ഡലക്കാരുടെ ശിരസ്സിനു മയില്‍പീലി അലങ്കാരമായി ഓടക്കുഴല്‍ വാര്‍ത്താമാധ്യമവും ആയി-ഗോപാലഗോപികമാര്‍ സമ്മേളിച്ചു. പുരുഷനായി കൃഷ്ണനും ജേതാവായി രാധയും മാറി. രാജ്യമൊട്ടാകെ വിപ്ളവം വന്നു നിറഞ്ഞു. ഇവിടെയാണ് കുപ്രസിദ്ധമായ 'രാസലീല' നടന്നത്. എന്താണ് 'രാസ'? രസശബ്ദേ എന്ന ദ്വാദിഗമ ധാതുവില്‍ നിന്നുണ്ടായതാണ് ഈ പദം. ആവേശം വര്‍ദ്ധിക്കുമ്പോള്‍ ഉറക്കെ ശബ്ദമുണ്ടാക്കുന്നു. രാജ്യമൊന്നാകെ ഈ രാധാമണ്ഡലത്തിന്റെ ശബ്ദം മുഴങ്ങിക്കേട്ടു. അവസാനം ഗുസ്തിപ്രിയനായ കംസന്റെ അന്ത്യം കൃഷ്ണനാല്‍ത്തന്നെ സംഭവിച്ചു. കംസവധത്തിന് ശേഷം മഥുരയുടെ ചെങ്കോല്‍ കൃഷ്ണനാല്‍ സംഭവിച്ചു. അദ്ദേഹം ഗുരുകുലവാസിയായി വേദപഠനം നടത്തി.
പിന്നീട് മഹാഭാരതം ധര്‍മ്മയുക്തമാക്കുന്നതിന് കൃഷ്ണന്‍ ആവതു പരിശ്രമിച്ചു-തനിക്കു വേണ്ടിയല്ല; മറിച്ച് ധര്‍മ്മം പുനഃസ്ഥാപിക്കുന്നതിന് യുധിഷ്ഠിരനെ പിന്നീട് ചക്രവര്‍ത്തിയാക്കിയപ്പോള്‍ ദുരഭിമാനിയായ ശിശുപാലന്റെ വാക്കുകള്‍ കേള്‍ക്കുമ്പോഴേ ശ്രീകൃഷ്ണന്റെ നിസ്വാര്‍ത്ഥ ധര്‍മ്മബുദ്ധി വെളിവാകൂ.
'ഞങ്ങള്‍ ഈ യുധിഷ്ഠിരനെ ചക്രവര്‍ത്തിയാക്കുന്നത് ഭയംകൊണ്ടോ ലാഭം കൊണ്ടോ സന്തോഷം കൊണ്ടോ അല്ല. മറിച്ച് ഭൂമിയില്‍ ഏക ഛത്രാധിപതിയാകാന്‍ ഇയാള്‍ യോഗ്യനായതുകൊണ്ടു മാത്രമാണ്. അത്ര കേമമായി ഇയാള്‍ പ്രജാപാലനം ചെയ്തു. ധാര്‍മ്മികവൃത്തിയില്‍ സര്‍വ്വശ്രേഷ്ഠനെന്ന് കണ്ട് ഞങ്ങളുടെ ഇഷ്ടപ്രകാരം ഞങ്ങളുടേയും രാജാവാക്കുകയാണ്' എന്നത്രെ പറഞ്ഞത്.
ഗുരുകുലവിദ്യാഭ്യാസശേഷം ശ്രീകൃഷ്ണന്‍ 12 വര്‍ഷം രുക്മിണിയോടൊപ്പം നൈഷ്ഠിക ബ്രഹ്മചാരിയായി ജീവിച്ചു. ബദരിഫലം മാത്രം ഭക്ഷിച്ചു. ആ സ്ഥലമാണ് ഇന്നത്തെ ബദരിനാഥഗ്രാമം. ഈ പ്രതിഭയെയാണ് കൃഷ്ണഭക്തര്‍ വിടനായും ലോഭിയായും കള്ളനായും ചിത്രീകരിച്ചതെന്ന് ഓര്‍ക്കണം. കൃഷ്ണനെന്ന വ്യക്തിയുടെ മനോഭൂമിക അതിമനോജ്ഞമാണ്. അചഞ്ചലമായ ശ്രദ്ധയും സ്ഥിരപ്രജ്ഞയും ധര്‍മ്മവുമാണ് നാം ദര്‍ശിക്കുക. ഗോവര്‍ദ്ധനോദ്ധാരണം മുതല്‍ മഹാഭാരതയുദ്ധം വരെ പ്രതിഫലിക്കുന്ന അദ്ദേഹത്തിന്റെ സാമൂഹ്യപരിഷ്കരണം വിസ്മരിക്കുക അസാദ്ധ്യമാണ്. കൌരവരെ രക്ഷിക്കാന്‍ സ്വയം ദൂതന്റെ വേഷമണിഞ്ഞ് പരിഹാസ്യനായിത്തീര്‍ന്നു. യുദ്ധം അനിവാര്യമാണെന്ന് കണ്ട് ഏറെ ദുഃഖിച്ചതും അദ്ദേഹം തന്നെ.
അക്കാലത്ത് ശൂദ്രനെന്നു മുദ്ര കുത്തപ്പെട്ട വിദുരരുടെ ആതിഥ്യം സ്വീകരിച്ച കൃഷ്ണന്‍ തന്റെ ഭക്തനാരാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. ഇവിടെ യോഗേശ്വര കൃഷ്ണന്റെ നിഗൂഢ ഹൃദയം നമുക്ക് ദര്‍ശിക്കാം. 'മദ്ഭക്ത ഏതദളവിജ്ഞായ മദ് ഭാവയോപപദ്യതേ, എന്റെ ഭക്തനാകണമെങ്കില്‍ എന്നെ പോലെയാകണം. എന്റെ ഭാവങ്ങളെ, ആശയങ്ങളെ ഉള്‍ക്കൊള്ളണം. തന്റെ നയകുശലതയും ധര്‍മ്മപ്രേമവും സ്ഥൈര്യവും ശക്തിയും നമ്മിലേക്ക് സന്നിവേശിപ്പിക്കണമെന്നാണ് കൃഷ്ണന്‍ ഉപദേശിക്കുന്നത്. ഇതാണ് ശ്രീകൃഷ്ണഭക്തി. ഈ ഭക്തി സൃഷ്ടിപരമാണ്. വിനാശകരമല്ല.
facebook
No comments:
Post a Comment