Saturday, January 04, 2020

അമ്മ: ശ്രീകൃഷ്ണപരമാത്മാവിനെ ശരിയായി ഉള്‍ക്കൊണ്ട ഒരു വ്യക്തിക്കു് അദ്ദേഹത്തിന്റെ പ്രവൃത്തികളെക്കുറിച്ചു യാതൊരു സംശയവും തോന്നുകയില്ല. അവിടുത്തെ ജീവിതം ഇതുവരെയുള്ള കാലങ്ങളില്‍ മാത്രമല്ല, ഇനി വരാന്‍ പോകുന്ന കാലങ്ങളിലും ജനങ്ങള്‍ക്കു മാതൃകയായിരിക്കും. സര്‍വ്വതിനും മീതെ കുടപിടിച്ചു നില്ക്കുന്നതാണു് അവിടുത്തെ ജീവിതം. ഏതു തുറയിലുള്ള വ്യക്തിക്കും ജീവിതത്തില്‍ ആവേശവും ആനന്ദവും ആര്‍ജ്ജിക്കുവാന്‍ തക്കവണ്ണമുള്ളതാണു് അവിടുത്തെ ചരിത്രം.
ഒരു ഹോട്ടലില്‍ ഒരേതരം ഭക്ഷണം മാത്രമേയുള്ളൂ എങ്കില്‍, അതുമാത്രം ഇഷ്ടപ്പെടുന്നവരെ മാത്രമേ അവിടേക്കു് ആകര്‍ഷിക്കുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പലതരം വിഭവങ്ങള്‍ ഉണ്ടെങ്കില്‍, എല്ലാ തരത്തില്‍പ്പെട്ടവര്‍ക്കും അവിടം ഇഷ്ടമാകും. ഓരോരുത്തര്‍ക്കും വേണ്ടതു് അവിടെയുണ്ടു്. ഇതുപോലെ ഭഗവാന്‍ എല്ലാ സംസ്‌കാരത്തില്‍പ്പെട്ടവരെയും ഉദ്ധരിക്കുവാന്‍വേണ്ടി വന്ന ആളാണു്. ഓരോരുത്തര്‍ക്കും വേണ്ട മാര്‍ഗ്ഗമാണു് അവിടുന്നു നല്കിയിട്ടുള്ളതു്. ഏതെങ്കിലും ഒരു വിഭാഗത്തിനുവേണ്ടി മാത്രം വന്ന ആളല്ല ഭഗവാന്‍. കൊലപാതകികള്‍ക്കും വേശ്യയ്ക്കും കൊള്ളക്കാര്‍ക്കും എന്നുവേണ്ട, സര്‍വ്വര്‍ക്കും ആത്മതലത്തിലേക്കു് ഉയരുവാന്‍ വേണ്ട മാര്‍ഗ്ഗം അവിടുന്നു കാട്ടിത്തന്നിട്ടിണ്ടു്. സ്വന്തം ധര്‍മ്മം അനുഷ്ഠിക്കുവാനുള്ള പ്രേരണയാണു ഭഗവാനില്‍നിന്നു ലഭിക്കുന്നതു്. എന്നാല്‍, ഇതു തെറ്റു ചെയ്യുവാനോ തെറ്റു് ആവര്‍ത്തിക്കുവാനോ ഉള്ള ആഹ്വാനമല്ല. തന്റെ ശരിയായ ധര്‍മ്മം ഏതെന്നറിഞ്ഞു്, അതില്‍ ഉറച്ചുനിന്നു്, ജീവിതത്തില്‍ മുന്നേറി, ലക്ഷ്യത്തിലെത്തുവാനാണു് അവിടുന്നു പറയുന്നതു്. തെറ്റു ചെയ്തുപോയിട്ടുണ്ടെങ്കില്‍ അതിനെ ഓര്‍ത്തിരുന്നു വിലപിച്ചു സമയം നഷ്ടമാക്കുക എന്നതു് അവിടുത്തെ മാര്‍ഗ്ഗമല്ല. തെറ്റുതിരുത്തി മുന്നേറുകയാണു വേണ്ടതു്. പശ്ചാത്താപത്തില്‍നിന്നും ഊറിവരുന്ന കണ്ണുനീരിനു് കഴുകി കളയുവാനാവാത്ത പാപങ്ങളില്ല. എന്നാല്‍ ശരിയേതെന്നറിഞ്ഞു കഴിഞ്ഞു്, തെറ്റാവര്‍ത്തിക്കുവാന്‍ പാടില്ല. ശരിയായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാന്‍ വേണ്ട ശക്തി മനസ്സിനു പകരണം. അതിനുള്ള മാര്‍ഗ്ഗമാണു് അവിടുന്നു് ഉപദേശിക്കുന്നതു്.
ഓരോരുത്തരും ഏതു തലത്തില്‍ നില്ക്കുന്നുവോ, അവിടെനിന്നും കൈപിടിച്ചു് ഉയര്‍ത്തുന്നതിനുവേണ്ടി, ഓരോരുത്തര്‍ക്കും ചേര്‍ന്ന വിധത്തിലുള്ള മാര്‍ഗ്ഗമാണു് അവിടുന്നു നല്കിയിട്ടുള്ളതു്. ഒരാളുടെ മാര്‍ഗ്ഗം മറ്റൊരാള്‍ക്കു് അനുയോജ്യമായെന്നു വരില്ല. അയാള്‍ക്കു് അതു് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. അതു ഭഗവാന്റെയോ അവിടുത്തെ ഉപദേശങ്ങളുടെയോ കുറ്റമല്ല. അവരവര്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെ വ്യത്യാസമാണു്.
ശ്രീകൃഷ്ണപരമാത്മാവു സര്‍വ്വരെയും ഉദ്ധരിക്കാന്‍വേണ്ടി വന്ന ആളാണു്. അവിടുത്തെ ശരിയായി മനസ്സിലാക്കാന്‍ ശ്രമിക്കാത്തതാണു് അവിടുത്തെ പ്രവൃത്തികളില്‍ സംശയം ജനിക്കുവാന്‍ കാരണം. താഴത്തുനിന്നു ചുറ്റും നോക്കിയാല്‍ കുന്നും, കുഴിയും, കാടും, നാടും മറ്റും കാണേണ്ടി വരും. എന്നാല്‍ വളരെ ഉയരത്തില്‍നിന്നു താഴേക്കു നോക്കുകയാണെങ്കില്‍ എല്ലാം വെറും പച്ചയായി, ഏകത്വമായി മാത്രമേ കാണുവാന്‍ സാധിക്കൂ. അപ്പോള്‍ നമ്മള്‍ എവിടെനിന്നു നോക്കുന്നു എന്നതാണു പ്രശ്‌നം. ശരിയായ കാഴ്ചപ്പാടോടെ നോക്കിയാല്‍ അവിടുത്തെ ഓരോ പ്രവൃത്തിയും നമ്മെ ആത്മതലത്തിലേക്കുയര്‍ത്തുവാന്‍വേണ്ടി ആയിരുന്നു എന്നു കാണുവാന്‍ പ്രയാസമില്ല. മറിച്ചു്, സംശയത്തിന്റെ കറപുരണ്ട കണ്ണുമായാണു നോക്കുന്നതെങ്കില്‍ എല്ലാം തെറ്റായേ തോന്നുകയുള്ളൂ. അങ്ങനെയുള്ളവര്‍ക്കു് ആരിലും നന്മ കാണുവാന്‍ കഴിയില്ല. അതു് ഈശ്വരന്റെ കുറ്റമല്ല. നമ്മള്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെ കുറവാണു്. എന്നാല്‍, അങ്ങനെയുള്ളവരെയും ഉദ്ധരിക്കുവാനുള്ള മാര്‍ഗ്ഗം അവിടുന്നു നല്കിയിട്ടുണ്ടു്. ശ്രീകൃഷ്ണനെ ശരിയായി നമ്മള്‍ ഉള്‍ക്കൊള്ളാതിരുന്നതാണു്, നമ്മുടെ രാജ്യം ഇത്രയും അധഃപതിക്കുവാന്‍ കാരണം.
ഒരു കുട്ടിക്കു ജന്മദിനത്തിനു് ഒരു സമ്മാനം കിട്ടി. വളരെ മനോഹരമായ, കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണപേപ്പറുകളില്‍ ആണു് അതു പൊതിഞ്ഞിരിക്കുന്നതു്. ആ പൊതിയില്‍ ഭ്രമിച്ചു്, കുട്ടി അതൊന്നു് അഴിക്കുവാന്‍കൂടി തയ്യാറായില്ല. അതുകാരണം ഉള്ളിലെ വിലകൂടിയ സമ്മാനം അവനു നഷ്ടമാവുകയാണു ചെയ്യുന്നതു്.
ശ്രീകൃഷ്ണന്റെ കാര്യത്തിലും നമുക്കിതുതന്നെയാണു സംഭവിച്ചിരിക്കുന്നതു്. ഒരു കൂട്ടര്‍ അദ്ദേഹം കാട്ടിയ അദ്ഭുതകൃത്യങ്ങളില്‍ മയങ്ങി. മറ്റു ചിലര്‍ അവിടുത്തെ പ്രവൃത്തികളില്‍ തെറ്റുമാത്രം ദര്‍ശിച്ചു. അവയെ വിമര്‍ശിക്കുവാന്‍ സമയം കണ്ടെത്തി. ഇരുകൂട്ടരും തത്ത്വം ഗ്രഹിച്ചില്ല. ഇതുമൂലം യഥാര്‍ത്ഥത്തില്‍, ഭഗവാനെത്തന്നെയാണു് അവര്‍ക്കു നഷ്ടമായതു്. രണ്ടുകൂട്ടരും പഴം വെടിഞ്ഞു്, അതിന്റെ തൊലിക്കുവേണ്ടി മത്സരിച്ചു. അവര്‍ അവിടുന്നു നല്കിയ ജീവിതസന്ദേശം ഉള്‍ക്കൊള്ളുവാന്‍ തയ്യാറായതുമില്ല. മഹാത്മാക്കളെ പുകഴ്ത്തുകയും വിമര്‍ശിക്കുകയുമല്ല, പിന്നെയോ ആ ധന്യ ജീവിതത്തിന്റെ പിന്നിലെ സന്ദേശം ഉള്‍ക്കൊണ്ടു്, സമാധാനമായി, സന്തോഷത്തോടെ ജീവിച്ചു ലോകത്തിനു മാതൃകയായിത്തീരുകയാണു വേണ്ടതു്.

No comments: