Monday, January 06, 2020

ശതാബ്ദി പിന്നിട്ട ഹിമാലയപ്പൊക്കം

പി. ചിത്രന്‍ നമ്പൂതിരിപ്പാട്

''ഇനിയും ഹിമാലയ യാത്ര പോകണമെന്നാഗ്രഹം. ആരോഗ്യം അനുവദിച്ചാല്‍ വീണ്ടും പോകണമെന്നുണ്ട്. ഓരോ തവണയും ഹിമാലയം ഇറങ്ങിയാല്‍ വീണ്ടും കയറണമെന്നാണ് ആഗ്രഹം. അതിനാല്‍ സാധിക്കുമെങ്കില്‍ ഇനിയും പോകും.'' പറയുന്നത് 100-ാം വയസ്സില്‍ യൗവനത്തിന്റെ ചുറുചുറുക്കോടെ ഹിമാലയത്തിലേക്ക് യാത്ര നടത്തിയ തൃശൂരിന്റെ സ്വന്തം പി. ചിത്രന്‍ നമ്പൂതിരിപ്പാട്. ഹിമാലയ യാത്രയോടുള്ള അടങ്ങാത്ത ആഗ്രഹം നിറഞ്ഞ വാക്കുകളില്‍ പ്രതിഫലിക്കുന്നത് തികഞ്ഞ ആത്മവിശ്വാസം. 72-ാം വയസ്സിലെ ആദ്യ യാത്ര മുതല്‍ കഴിഞ്ഞ 28 വര്‍ഷത്തിനിടെ നമ്പൂതിരിപ്പാട് ഹിമാലയം കയറിയത് 30 തവണ. 
വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പകരാവൂര്‍ മനയ്ക്കല്‍ ചിത്രഭാനു നമ്പൂതിരിപ്പാട് എന്ന പി. ചിത്രന്‍ നമ്പൂതിരിപ്പാട് 101-ാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്. പഴയ മലബാറിലെ പൊന്നാനി താലൂക്കിന്റെ തെക്കു-കിഴക്ക് അതിര്‍ത്തിയിലുള്ള മൂക്കോല ഗ്രാമത്തില്‍ ജനിച്ച് ഹിമാലയം വരെ യാത്ര ചെയ്ത മഹാഗുരുവിന് നാളെയാണ് 101-ാം പിറന്നാള്‍. കേരളത്തെ സമൂലം മാറ്റിയ സാമൂഹിക-സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ മാറ്റങ്ങളുടെ നേര്‍സാക്ഷിയും പങ്കാളിയും. അറിവിന്റെയും തെളിവിന്റെയും തലപ്പൊക്കം. സ്വാതന്ത്ര്യ സമരകാലം തൊട്ടുള്ള  കാലദൈര്‍ഘ്യത്തിന്റെ ഓര്‍മച്ചിത്രങ്ങള്‍ നിറഞ്ഞ മനസ്സ്. 30 തവണ ഹിമാലയം കയറിയതിന്റെ ഔന്നത്യവും ആര്‍ജവവും. 
 വിദ്യാഭ്യാസ വിചക്ഷണന്‍
ജീവിതയാത്രയില്‍ ചിത്രന്‍ നമ്പൂതിരിപ്പാട് നാടിനു നല്‍കിയത് നിരവധി സംഭാവനകള്‍. കേരള കലാമണ്ഡലത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റി. പെന്‍ഷന്‍കാരുടെ സംഘടന കെട്ടിപ്പടുത്തു. കഴിഞ്ഞവര്‍ഷം തൃശൂരില്‍ നടന്ന 100-ാം പിറന്നാള്‍ ആഘോഷത്തിന് അന്നത്തെ ഗവര്‍ണര്‍ പി. സദാശിവമെത്തി. ചിത്രന്‍ നമ്പൂതിരിപ്പാടിന് ആയുരാരോഗ്യ സൗഖ്യം നേര്‍ന്നാണ് ഗവര്‍ണറും മറ്റു വിശിഷ്ട വ്യക്തികളും മടങ്ങിയത്. 100-ാം വയസ്സിലും പരസഹായമില്ലാതെ ഊര്‍ജ്ജസ്വലനായി നടക്കുകയും, സുവ്യക്തമായ വാക്കുകളില്‍ പ്രസംഗിക്കുകയും ചെയ്ത നമ്പൂതിരിപ്പാടിനെ കണ്ട് ഗവര്‍ണര്‍ അത്ഭുതം കൂറുകയും, ആശംസാ പ്രസംഗത്തില്‍ അദ്ദേഹം ഇക്കാര്യം എടുത്തുപറയുകയും ചെയ്തു. 
തൃശൂര്‍ സെ. തോമസ് കോളേജിലായിരുന്നു ഉപരിപഠനം. 1940-ല്‍ ചെന്നൈ പഞ്ചയപ്പ കോളേജില്‍ നിന്ന് എംഎ പാസായി. അധ്യാപകന്‍, പ്രധാനാധ്യാപകന്‍, വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ച ചിത്രന്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറായാണ് വിരമിച്ചത്. കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര-സ്റ്റേറ്റ് വിദ്യാഭ്യാസ സമിതി അംഗം, തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍  തുടങ്ങി വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് അടിത്തറയിട്ട നമ്പൂതിരിപ്പാടിന് മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 
 ഹിമാലയത്തോട്  അനുരാഗം
പ്രായമെന്നല്ല, ഒന്നുംതന്നെ ജീവിതത്തില്‍ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചിത്രന്‍ നമ്പൂതിരിപ്പാട്. യുവാക്കള്‍ പോലും മടിച്ച് നില്‍ക്കുന്ന ഹിമാലയ യാത്രയാണ് 100-ാം വയസ്സില്‍ ഈ തൃശൂര്‍കാരന്‍ നടത്തിയത്.  100 വയസ്സ് തികയാന്‍ നാല് മാസമുള്ളപ്പോഴായിരുന്നു തുടര്‍ച്ചയായി 30-ാം തവണ ചിത്രന്റെ ഹിമാലയ യാത്ര. ഹിമാലയത്തില്‍ പോകുന്നത്. ജീവിതശൈലീ രോഗങ്ങളുള്‍പ്പെടെ നിലവില്‍ യാതൊരുവിധ അസുഖങ്ങളുമില്ല. ഇപ്പോഴും പൂര്‍ണ ആരോഗ്യവാന്‍. നടക്കാന്‍ ഉള്‍പ്പെടെ സ്വന്തം കാര്യങ്ങള്‍ക്കൊന്നും ആരുടെയും സഹായം ആവശ്യമില്ല. പുലര്‍ച്ചെ അഞ്ച് മുതല്‍ രാത്രി വൈകും വരെയും തളര്‍ച്ചയില്ലാതെ വായിക്കാനും യാത്ര ചെയ്യാനും കഴിയും ഇപ്പോഴും. കേരളീയ സമൂഹത്തില്‍ വിവിധ മണ്ഡലങ്ങളില്‍ പതിറ്റാണ്ടുകളായി കര്‍മനിരതനായ ചിത്രന്‍ നമ്പൂതിരിപ്പാട് 101-ാം വയസ്സിലും പൊതുപരിപാടികളില്‍ സജീവമാണ്. 
 ആദ്യയാത്ര 72-ാം വയസ്സില്‍
കന്യാകുമാരിയിലെ അംബികാനന്ദ സ്വാമിയോടൊപ്പം 1992-ലായിരുന്നു ചിത്രന്‍നമ്പൂതിരിപ്പാടിന്റെ കന്നി ഹിമാലയ യാത്ര. ഓരോ യാത്രയിലും ചിത്രന്‍ നമ്പൂതിരിപ്പാടിന് ഗുരുനാഥന്റെ സ്ഥാനമാണ്. ഒരുവര്‍ഷം രണ്ടു തവണ പോകുകയും ചെയ്തു. 30-ാം യാത്ര അതികഠിനമായിരുന്നുവെന്ന് നമ്പൂതിരിപ്പാട്. കനത്ത മഞ്ഞുവീഴ്ച ഒരു ദിവസത്തെ യാത്രയ്ക്ക് തടസ്സമായത് ഏറെ വലച്ചു. ഗംഗോത്രിയിലേക്കുള്ള യാത്രയില്‍ എട്ടു മണിക്കൂറോളം കുതിരപ്പുറത്തു പോകേണ്ടി വന്നു. അതുവരെ നടക്കുകയായിരുന്നു. കനത്ത മഞ്ഞ് വീഴ്ചയായതിനാല്‍ കുട പിടിച്ച് കുതിരപ്പുറത്ത് ഇരിക്കാനാകില്ല. അതുകൊണ്ടു തിരിച്ചുനടന്നിറങ്ങി. 136 പേരടങ്ങിയ സംഘത്തോടൊപ്പമായിരുന്നു യാത്ര. 2018 സെപ്തംബര്‍ 27ന് തുടങ്ങിയ യാത്ര ഒക്‌ടോബര്‍ 25ന് പൂര്‍ത്തിയാക്കി. തിരുവനന്തപുരം നാഗര്‍കോവില്‍ ആശ്രമമാണ് ഹിമാലയ യാത്രയുടെ സംഘാടകര്‍. 
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരുള്‍പ്പെട്ട സംഘത്തില്‍ പകുതി പേര്‍ സ്ത്രീകളായിരുന്നു. വഴിയില്‍ മഞ്ഞു പെയ്തതോടെ ഏറെ പ്രയാസപ്പെട്ടെങ്കിലും യാത്ര പൂര്‍ത്തിയാക്കിയതില്‍ സന്തോഷമുണ്ടെന്ന് നമ്പൂതിരിപ്പാട്. നൂറിന്റെ നിറവില്‍ ഒരിക്കല്‍കൂടി ഹിമാലയം കയറി ഹരിദ്വാറില്‍ തിരിച്ചെത്തിയ അദ്ദേഹം ഉത്തരേന്ത്യന്‍ തീര്‍ത്ഥയാത്രയും നടത്തി. ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുന്ന ചാര്‍ധാം യാത്ര 16 കി.മീ. കുതിരപ്പുറത്തും നാല് കി.മീ. നടന്നുമാണ് പൂര്‍ത്തിയാക്കേണ്ടത്. രണ്ട് യാത്രകള്‍ ദുര്‍ഘട പാതകളിലൂടെയാണ്. ചാര്‍ധാമിലേക്കു തുടര്‍ച്ചയായി നടത്തിയ 30-ാമത്തെ യാത്രയും ഏറെ സന്തോഷം നല്‍കിയെന്ന് ചിത്രന്‍ നമ്പൂതിരിപ്പാട്. ഹിമാലയ യാത്രയില്‍ കുതിരപ്പുറത്തുള്ള യാത്ര കഴിയുമ്പോള്‍ ക്ഷീണവും വേദനയുമുണ്ടാകുമെന്നതു മാത്രമാണ് ഇദ്ദേഹം നേരിടുന്ന ഏക പ്രശ്‌നം. യാത്ര ചെയ്യുന്ന എല്ലായിടത്തും അദ്ദേഹത്തിനു വിപുലമായ സൗഹൃദ വലയവുമുണ്ട്. മുന്‍പ് ചാര്‍ധാം കഴിഞ്ഞാല്‍ 20 ദിവസത്തോളം മറ്റു പലയിടത്തായി യാത്ര ചെയ്യുന്നത് പതിവായിരുന്നുവെങ്കില്‍ കഴിഞ്ഞ തവണ അതൊഴിവാക്കി.
 സ്വന്തം സ്‌കൂള്‍ സര്‍ക്കാരിന്
സ്വന്തം സ്ഥലത്ത് സ്വയം ആരംഭിച്ച ഹൈസ്‌കൂള്‍ സര്‍ക്കാരിന് സൗജന്യമായി സമര്‍പ്പിക്കുക എന്ന അസാധാരണ ദൗത്യം നിര്‍വഹിച്ച വ്യക്തിയാണ് ചിത്രന്‍ നമ്പൂതിരിപ്പാട്. 37-ാം വയസ്സിലാണ് (1957ല്‍) അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗുരുനാഥന്‍ കൂടിയായ ജോസഫ് മുണ്ടശ്ശേരിയുടെ മുന്നില്‍ അദ്ദേഹം ഈ ഗുരുദക്ഷിണാര്‍പ്പണം നടത്തിയത്. ജന്മനാട്ടില്‍ തന്റെ ഉടമസ്ഥതയിലുള്ള മൂക്കുതല സ്‌കൂള്‍ സര്‍ക്കാരിന് കൈമാറിയതോടെ അദ്ദേഹം നാടിന്റെ അഭിമാനമായി. നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂള്‍ സര്‍ക്കാരിന് നല്‍കുമ്പോള്‍ പ്രതിഫലമായി വാങ്ങിയത് വെറും ഒറ്റ രൂപ നാണയം. മൂക്കുതലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് തന്റെ കുടുംബസ്വത്ത് ഉപയോഗിച്ച് 1946 ജൂണ്‍ ഏഴിന് ദി ഹൈസ്‌കൂള്‍ മൂക്കുതല എന്ന പേരിലാണ് സ്‌കൂളിന് അദ്ദേഹം തുടക്കമിട്ടത്. 2017ല്‍ മൂക്കുതല ഗ്രാമത്തില്‍ സര്‍ക്കാര്‍ ആശുപത്രി സ്ഥാപിക്കുന്നതിന് സ്വന്തം വസ്തു സൗജന്യമായി നല്‍കി അദ്ദേഹം വീണ്ടും മാതൃകയായി. 
''മൂക്കുതലയില്‍ ചെന്നാല്‍ അവിടെയുള്ളവര്‍ പറയും മാഷ് ഞങ്ങളുടെ സ്വന്തമാണെന്ന്. മാഷെ ഞങ്ങള്‍ തൃശൂര്‍കാര്‍ക്ക് വിട്ടു കൊടുക്കില്ലെന്ന് അവര്‍ പറയാറുണ്ട്.'' പുഞ്ചിരിയോടെ നമ്പൂതിരിപ്പാടിന്റെ വാക്കുകള്‍. 'മുക്തിസ്ഥലം' എന്ന സംസ്‌കൃത പദത്തിന്റെ മലയാളരൂപമായ മൂക്കുതലയുമായുള്ള ബന്ധത്തിന്റെ വേരുകള്‍ അറുത്തുമാറ്റാന്‍ താത്പര്യമില്ലാത്ത അദ്ദേഹം തൃശൂര്‍ ചെമ്പൂക്കാവില്‍ പണിയിച്ച വീടിന് 'മുക്തി' എന്നാണ് പേരിട്ടത്. ഭാര്യയുടെ സ്മരണാര്‍ത്ഥം നല്‍കുന്ന അവാര്‍ഡിന് 'മുക്തിസ്ഥലേശ്വരി' എന്നും പേരിട്ടു. ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ ജന്മനാടായ മൂക്കുതലയില്‍ കഴിഞ്ഞ ഡിസം. 29ന് ജന്മശതാബ്ദി ആഘോഷം സംഘടിപ്പിച്ചിരുന്നു. മൂക്കുതല പിസിഎന്‍ജിഎച്ച്എസ്എസ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-കലാ-സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര, പിറന്നാള്‍ സദ്യ, സാംസ്‌കാരിക സമ്മേളനം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, കലാപരിപാടികള്‍ എന്നിവയുമുണ്ടായി.
 1970 മുതല്‍ തൃശൂര്‍ക്കാരന്‍
പതിനാലാം വയസ്സില്‍ തൃശൂര്‍ പൂരം കാണാന്‍ വന്ന് പൂരപ്പറമ്പില്‍ അലഞ്ഞ് നടന്നപ്പോള്‍ ആരംഭിച്ചതാണ് നമ്പൂതിരിപ്പാടിന് തൃശൂരിനോടുള്ള കമ്പം. 1970-ല്‍ ചെമ്പൂക്കാവില്‍ വീട് വച്ച് സ്ഥിരതാമസമായതോടെയാണ് നമ്പൂതിരിപ്പാട് തൃശൂര്‍ക്കാരനായത്. ജോലിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ ആയെങ്കിലും ഭാര്യയും മക്കളും തൃശൂരില്‍ തന്നെയായിരുന്നു താമസം. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച് കേരള കലാമണ്ഡലം സെക്രട്ടറിയായപ്പോഴാണ് പൂര്‍ണമായും തൃശൂര്‍ക്കാരനായത്. തുടര്‍ന്ന് ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ വിരല്‍മുദ്ര പതിയാത്ത ഒരു സംഭവവും തൃശൂരിലെ സാംസ്‌കാരികരംഗത്ത് ഉണ്ടായിട്ടില്ല. എണ്ണിത്തീര്‍ക്കാനാവാത്തവിധമാണ് ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ തൃശൂരിലെ കര്‍മരംഗങ്ങള്‍. 
കഥകളിയടക്കമുള്ള ക്ലാസിക്കല്‍ കലകളോടും ക്രിക്കറ്റിനോടും ഒരുപോലെ ആഭിമുഖ്യമുള്ള അസാധാരണ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. യാത്രാനുഭവങ്ങള്‍ വിവരിക്കുന്ന  'പുണ്യഹിമാലയം' എന്ന കൃതിയുടെ നിരവധി പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. മാസികകള്‍ക്കും മറ്റുമായി ഇപ്പോഴും ലേഖനങ്ങള്‍ എഴുതാറുണ്ട്. എഴുതാന്‍ കുറച്ച് പ്രയാസമുള്ളതിനാല്‍ മക്കളെക്കൊണ്ടോ,  ശിഷ്യരെക്കൊണ്ടോ എഴുതിക്കും. നല്ലൊരു പുസ്തക ശേഖരമുണ്ട് വീട്ടില്‍. നിരവധി പേരുടെ പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതി കൊടുക്കാറുണ്ട്. താന്‍ സഞ്ചരിച്ച നാട്ടിന്‍പുറങ്ങളുടെയും നഗരങ്ങളുടെയും പച്ചപ്പു നിറഞ്ഞു നില്‍ക്കുന്ന ആത്മകഥയും നമ്പൂതിരിപ്പാട് രചിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ ചരിത്രരേഖയാണ് ആത്മകഥയായ 'സ്മരണകളുടെ പൂമുഖം'.
 ആരോഗ്യ രഹസ്യം സസ്യഭക്ഷണം
കാഴ്ചയ്ക്കും കേള്‍വിക്കും നേരിയ കുറവുള്ളതൊഴിച്ചാല്‍ 101-ാം വയസ്സിലും ചിത്രന്‍ നമ്പൂതിരിപ്പാട് ആരോഗ്യവാനാണ്. വായനയ്ക്കും ടിവി കാണലിനും മുടക്കമില്ല. ഇപ്പോഴും ദിവസവും രാവിലെ 5.30ന് എഴുന്നേല്‍ക്കും. പ്രഷറോ, ഷുഗറോ മറ്റ് അസുഖങ്ങളോഒന്നുമില്ല. വടിയുടെ സഹായമില്ലാതെയാണ് നടത്തം. രാവിലെ കുളി കഴിഞ്ഞാലും വൈകീട്ട് നാലിനും മധുരം ചേര്‍ത്ത കാപ്പി നിര്‍ബന്ധം. സസ്യഭുക്കായതാണ് ഈ വയസ്സിലും തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നും, ഇപ്പോഴും മധുരം നന്നായി കഴിക്കുമെന്നും പുഞ്ചിരിയോടെ നമ്പൂതിരിപ്പാട്. ദിനചര്യകളില്‍ ഇപ്പോഴും അണുവിട മാറ്റമില്ല. ദിവസവും രാവിലെ 20 മിനിറ്റ് യോഗ ചെയ്യും. വൈകീട്ട് അര മണിക്കൂര്‍ നടത്തം. മുടങ്ങാതെയുള്ള യോഗാഭ്യാസവും നടത്തവും ഒരു കാരണവശാലും ഒഴിവാക്കാറില്ല. ഇപ്പോഴും പഴവര്‍ഗങ്ങളും പച്ചക്കറികളും ധാരാളം കഴിക്കും. രാവിലെ എണീറ്റയുടന്‍ പല്ല് തേപ്പ്. 6ന് കുളിക്കും. കുളിക്കുന്നത് പച്ചവെള്ളത്തില്‍. കുളി കഴിഞ്ഞാല്‍ ചായ. പിന്നീട് പ്രാര്‍ത്ഥന. വിഷ്ണു സഹസ്രനാമം ഇപ്പോഴും മനഃപാഠം. 
പ്രാതലിന് മൂന്ന് ഇഡലിയോ, ദോശയോ കഴിക്കും. തുടര്‍ന്ന് അര മണിക്കൂര്‍ പത്രവായന. വിശേഷാല്‍ ദിവസങ്ങളില്‍ തട്ടകത്തെ ക്ഷേത്രത്തില്‍ പോകും. ഇല്ലെങ്കില്‍ പിന്നീട് വിശ്രമം. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഊണ്. മോരു കറിയോ, സാമ്പാറോ കൂട്ടി ഉച്ചയ്ക്ക് ഊണ്. കായ വറവോ, ചക്ക വറവോ  ഊണിന് നിര്‍ബന്ധമാണ്. പിന്നീട് വൈകീട്ട് 4 വരെ ടിവി കണ്ടിരിക്കും. തുടര്‍ന്ന് സായാഹ്ന നടത്തം. നടക്കാന്‍ പോകുന്നതിന് മുമ്പ് നാമം ജപിക്കും. നടത്തം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ 6 മണിക്കുള്ള ടിവി ന്യൂസ് നിര്‍ബന്ധമായും കാണും. രാത്രി 8.30ന് അത്താഴം. ഏതെങ്കിലും ഉപ്പേരിയും കൂട്ടി കഞ്ഞികുടിക്കും. പിന്നീട് ടിവി കണ്ട് ഇരിക്കും. 10.30ന് ഉറക്കം. മക്കളോടും പേരക്കുട്ടികളോടുമൊപ്പം  101-ാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലും പതിവു ചിട്ടവട്ടങ്ങളില്‍ നമ്പൂതിരിപ്പാടിന് മാറ്റമില്ല. 1920 ജനുവരി 20നാണ് ജനനമെങ്കിലും നാള്‍ പ്രകാരം ധനു മാസത്തിലെ ഭരണി നക്ഷത്രത്തിലാണ് പിറന്നാള്‍ ആഘോഷം. ചെമ്പൂക്കാവ് മ്യൂസിയം റോഡില്‍ 'മുക്തി'യില്‍ മൂത്ത മകന്‍ കൃഷ്ണനോടൊപ്പമാണ് ചിത്രന്‍ നമ്പൂതിരിപ്പാട് താമസം. 
 മനസ്സില്‍ ഹിമാലയ ലഹരി 
ഹിമവാന് ചിത്രന്‍ നമ്പൂതിരിപ്പാടിനെയാണോ, അതോ നമ്പൂതിരിപ്പാടിന് ഹിമവാനോടാണോ അനുരാഗം. ചോദ്യത്തിന് അറിയില്ലെന്ന് ചിരിയോടെ നമ്പൂതിരിപ്പാടിന്റെ മറുപടി. കൂടെ നടന്നവര്‍ പലരും അനന്തതയിലേക്ക് മടങ്ങി. ആറ് വര്‍ഷം മുന്‍പ് സഹധര്‍മ്മിണിയും വിടപറഞ്ഞു. സഹോദരങ്ങളും കൂടെ ജോലി ചെയ്തവരുമൊക്കെ നിത്യതയില്‍ ലയിച്ചു. അനിവാര്യതയാണ് ഇതെന്ന് സ്വയം ബോധ്യപ്പെടുത്തുമ്പോഴും തന്റെ ജീവിതയാത്രയില്‍ ചിത്രന്‍ നമ്പൂതിരിപ്പാടെന്ന വിദ്യാഭ്യാസ പണ്ഡിതന് ഒട്ടും നിരാശയില്ല. പറയാനുള്ളത് ഇത്രമാത്രം. ''വലിയ മോഹങ്ങളൊന്നും ഇനിയില്ല. രോഗങ്ങളൊന്നുമില്ലാതെ ഇത്രയും കാലം ജീവിക്കാനായത് തന്നെ വലിയ ഭാഗ്യം. അതിന് ഭഗവാനോട് നന്ദി പറയുന്നു. രോഗിയായി ജീവിച്ചിട്ട് കാര്യമില്ല.'' നാലാം തലമുറയോടൊപ്പം 101-ാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ധന്യതയിലും ഭക്തിയും വിനയവും നിറഞ്ഞ് തുളുമ്പുകയാണ് നമ്പൂതിരിപ്പാടിന്റെ വാക്കുകളില്‍. 
തന്റെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയ മകള്‍ ഗൗരിയുടെ മകന്‍ അവിനാശിന്റെ മകള്‍ നാലു വയസ്സുകാരി അവനിയുടെയൊപ്പം 101-ാം പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ മുതുമുത്തച്ഛന്‍. ഹിമാലയ യാത്രയെ കുറിച്ച് ചോദിച്ചാല്‍ ഇദ്ദേഹത്തിന് പറയാന്‍ ഇപ്പോഴും നൂറു നാവ്. ഹിമാലയ യാത്ര മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വളരെ പ്രയാസമേറിയതായിരുന്നു. കനത്ത മഞ്ഞുവീഴ്ച യാത്രയ്ക്ക് തടസ്സമായി. ഏറെ പ്രയാസപ്പെട്ടെങ്കിലും യാത്ര പൂര്‍ത്തിയാക്കിയതില്‍ വളരെ സന്തോഷമുണ്ട്. ഓരോ പ്രാവശ്യവും ഹിമാലയ യാത്ര കഴിഞ്ഞു വരുമ്പോള്‍ വീണ്ടും വീണ്ടും പോകണമെന്ന് തോന്നും. അതിനാല്‍ പോകേണ്ടെന്ന് ഇതുവരെയും തീരുമാനിച്ചിട്ടില്ല. ഈശ്വരാനുഗ്രഹത്താല്‍ ആരോഗ്യം അനുവദിച്ചാല്‍ വീണ്ടും ഹിമാലയം കയറും. ജന്മശതാബ്ദിയുടെ നിറവിലും നമ്പൂതിരിപ്പാടിന്റെ വാക്കുകള്‍ക്ക് 72-ാം വയസ്സില്‍ നടത്തിയ കന്നി ഹിമാലയ യാത്രയുടെ അതേ ആവേശവും കരുത്തും. പരസ്പരം കണ്ടു കൊതി തീരാത്ത അനുരാഗികള്‍ തമ്മിലുള്ള പ്രണയ തീവ്രത നിറഞ്ഞ വാക്കുകള്‍.

No comments: