Monday, January 06, 2020

ശതരുദ്രീയം
------------------------
( തുടർച്ച)
അഥ ദ്വിതീയോ/നുവാക:
------------------------------------------
പ്രഥമാനുവാകത്തിലുള്ള പതിനഞ്ച് മന്ത്രങ്ങൾ ഈശ്വരന്റെ ഉഗ്രരൂപം സ്വധർമ്മാനുഷ്ഠാന പ്രതിജ്ഞ കൊണ്ടു ശാന്ത രൂപമായതായി പറഞ്ഞു
ഇനി രണ്ടും ,മൂന്നും ,നാലും അനുവാകങ്ങൾ ഈശ്വരന്റെ സർവ്വാധിപതിത്വത്തെ അനുസന്ധാനം ചെയ്തു അവനിൽ സർവ്വസ്വം സമർപ്പിക്കുന്നതായിപ്പറയുന്നു
പ്രാണികളുടെ അദൃഷ്ടo കൊണ്ടു് പ്രേരിതനായ പരമാത്മാവ് സങ്കൽപ്പം മാത്രം കൊണ്ട്‌ സ്ഥാവരജംഗമങ്ങളെ സൃഷ്ടിച്ച് അവയുടെ ആധിപത്യം വഹിച്ചുകൊണ്ടിരിക്കുന്നു.ഇങ്ങനെ ഈശ്വരന്റെ ആധിപത്യത്തെ അനുസന്ധാനം ചെയ്യുന്നത് കൊണ്ട്‌ ജഗത്തിലുള്ള തങ്ങളുടെ ആധിപത്യ ഭ്രാന്തി സ്വയം നീങ്ങുന്നു. ഭ്രാന്തി നീങ്ങിയാൽ സർവ്വാധിപത്യം ഈശ്വരനിൽ മാത്രമേയുള്ളൂവെന്ന നിശ്ചയം ദൃഢമാകുന്നു. ആ നിശ്ചയം താങ്ങളുടേതാണിതെന്ന നിശ്ചയത്തെ പാടെ നശിപ്പിച്ച് ,കാണുന്നതും കേൾക്കുന്നതും എല്ലാം ഈശ്വരന്റെ യാണന്ന ഉറപ്പോടെ അവനിൽ സമർപ്പിക്കുന്നു. ശ്രുതി സ്മൃതികളാകുന്ന അവന്റെ ആജ്ഞകളെ അനുസരിച്ച് പ്രവർത്തിക്കേണ്ട കടമ മാത്രമാണ് നമുക്കുള്ളത്.സർവ്വജ്ഞനും സർവ്വ ശക്തിയുമായ ഈശ്വരനോട് ഫലത്തെ പ്രാർത്ഥിക്കുന്നത് ഉചിതമല്ല. പ്രയോജനകരവുമല്ല. അധികാരമില്ലാത്തവൻ ആശിച്ചു ചോദിച്ചാൽ അതിരുകവിഞ്ഞു ഈശ്വരൻ അത് കൊടുക്കുകയില്ല. അധികാരത്തിനനുസരിച്ച് ഫലം കൊടുക്കാതിരിക്കുകയുമില്ല. ഇങ്ങനെ ഈ ലോകത്തിലുള്ള മമത വിട്ട് ആ സാധകൻ കർത്തവ്യകർമ്മത്തിൽ അതിനിരതനായിത്തീരുന്നു. ഈ നില യഥാർത്ഥ ലോക സേവകനിലുള്ളതാകുന്ന.ഇത് സമ്പാദിക്കാനുള്ള ഉപായത്തെ രണ്ടും ,മൂന്നും ,നാലും അനുവാകങ്ങൾ ഉപേശിക്കുന്നു.
ശ്ലോകം - 1 -
നമോ ഹിരണ്യ ബാഹവേ സേനാന്യേ
ദിശാം ച പതേയ നമ:
സ്വർണ്ണ നിർമ്മിതങ്ങളായ അലങ്കാരങ്ങൾ ധരിച്ച കൈകളോടുകൂടിയവനും ദേവ-മനുഷ്യാദി പ്രാണി സംഘങ്ങളുടെ നേതാവുമായ രുദ്രനുനമസ്ക്കാരം .ദിക്കുകളുടെ എല്ലാം അധിപതിയായ രുദ്രന് നമസ്ക്കാരം .
വിവരണം:-
ഹിരണ്യ ബാഹവേ ' എന്ന പദത്തിലുള്ള " ബാഹു, ''ശബ്ദം എല്ലാ അവയവങ്ങളൂടേയും ഉപലഷണമാണ്. അതു കൊണ്ട് സ്വർണ്ണം കൊണ്ടുള്ള വിവിധാലങ്കാരങ്ങൾ ധരിച്ച അവയവങ്ങളോട് കൂടിയവൻ എന്ന അർത്ഥമാണ്. അഥവാ ഹിരണ്യ ശബ്ദത്തിന് ഹിതവും രമണീയവും എന്നർത്ഥം. അതു കൊണ്ട് അഭീഷ്ടത്തെ കൊടുത്തു ഭക്തന്മാരെ സന്തോഷിപ്പിക്കുന്നതും ധാരണാധ്യാനമംഗളവുമായ അംഗ പ്രത്യംഗങ്ങളോടുകൂടിയവൻ എന്ന അർത്ഥം.
സേനാന്യേ - എന്ന പദത്തിലുള്ള സേനാ പദത്തിന് ദേവാസുരയക്ഷരാക്ഷസസപിതൃ മനുഷ്യാദിസമസ്ത ജീവരാശികളും പൃഥിവ്യാദിസകലഭോഗ്യ പദാർത്ഥങ്ങളും എന്നർത്ഥം. അതു കൊണ്ട് പ്രാണികളുടെ കർമ്മത്തിനനുസരിച്ച് അവയെ പ്രവർത്തിപ്പിക്കുവാൻ എന്നർത്ഥം ലഭിക്കുന്നു.
ദിശാം പതയേ - എന്നതിന് ഇന്ദ്രാദി ദിക്ക്പാലകന്മാരായ ദേവതകളുടെ രൂപത്തിൽ ലോകത്തെ രക്ഷിക്കുന്നവൻ ,അഥവാ ആദിത്യ രൂപേണ ലോകത്തെ രക്ഷിക്കുന്നവൻ എന്ന അർത്ഥം.
(തുടരും)
പി.എം.എൻ.നമ്പൂതിരി.

No comments: