Monday, January 20, 2020


ദാനം നല്‍കാം ഉദാത്ത ഭാവത്തോടെ

Sunday 11 March 2018 2:45 am IST
അമ്മയെ ദേവതയായി ഉപാസിക്കണം. അച്ഛനെ ദേവനെപ്പോലെ ഉപാസിക്കണം. ആചാര്യനെ ദേവനായി കണ്ട് ഉപാസിക്കണം. അതിഥികളെ ദേവന്മാരെപ്പോലെ ഉപാസിക്കണം. നല്ല ആളുകള്‍ ആചരിക്കുന്നതായ നിര്‍ദ്ദോഷങ്ങളായ കര്‍മ്മങ്ങളെ അനുഷ്ഠിക്കണം. നല്ലവര്‍ ചെയ്യുന്നതായാല്‍ കൂടിയും ദോഷമുള്ള കര്‍മ്മങ്ങള്‍ ചെയ്യരുത്. ആചാര്യന്മാരുടെ സുചരിതങ്ങളെ ഉപാസിക്കണം. മറ്റുള്ള വിപരീതങ്ങളായവയെ അനുഷ്ഠിക്കാന്‍ പാടില്ല. ആചാര്യന്മാര്‍ ചെയ്യുന്ന ശ്രുതി സ്മൃതി അനുസരിച്ചുള്ള കര്‍മ്മങ്ങളെയാണ് ശിഷ്യര്‍ അനുഷ്ഠിക്കേണ്ടത്. ഇവയ്ക്ക് വിരുദ്ധമായവ ആചാര്യന്മാര്‍ ചെയ്താല്‍പോലും അവയെ പിന്തുടരരുത്.
"undefined"
തൈത്തിരീയോപനിഷത്ത്-14
ഗുരുകുലത്തിലെ പഠനം കഴിഞ്ഞ ശിഷ്യനുള്ള ആചാര്യന്റെ അനുശാസനം തുടരുന്നു-
മാതൃ ദേവോ ഭവ പിതൃദേവോ 
ഭവ ആചാര്യദേവോ ഭവ
അതിഥി ദേവോ ഭവ 
യാന്യനവദ്യാനികര്‍മ്മാണി താനി
സേവിതവ്യാനി നോ ഇതരാണി 
യാന്യസ്മാകം സുചരിതാനി
താനിത്വയോപാസ്യാനി നോ ഇതരാണി.
അമ്മയെ ദേവതയായി ഉപാസിക്കണം. അച്ഛനെ ദേവനെപ്പോലെ ഉപാസിക്കണം. ആചാര്യനെ ദേവനായി കണ്ട് ഉപാസിക്കണം. അതിഥികളെ ദേവന്മാരെപ്പോലെ ഉപാസിക്കണം. നല്ല ആളുകള്‍ ആചരിക്കുന്നതായ നിര്‍ദ്ദോഷങ്ങളായ കര്‍മ്മങ്ങളെ അനുഷ്ഠിക്കണം. നല്ലവര്‍ ചെയ്യുന്നതായാല്‍ കൂടിയും ദോഷമുള്ള കര്‍മ്മങ്ങള്‍ ചെയ്യരുത്. ആചാര്യന്മാരുടെ സുചരിതങ്ങളെ  ഉപാസിക്കണം. മറ്റുള്ള വിപരീതങ്ങളായവയെ അനുഷ്ഠിക്കാന്‍ പാടില്ല. ആചാര്യന്മാര്‍ ചെയ്യുന്ന ശ്രുതി സ്മൃതി അനുസരിച്ചുള്ള കര്‍മ്മങ്ങളെയാണ് ശിഷ്യര്‍ അനുഷ്ഠിക്കേണ്ടത്. ഇവയ്ക്ക് വിരുദ്ധമായവ ആചാര്യന്മാര്‍ ചെയ്താല്‍പോലും അവയെ പിന്തുടരരുത്.
അമ്മയും അച്ഛനും ഗുരുവുമാണ് നമ്മുടെ കാണപ്പെട്ട ദേവതകള്‍. ഒപ്പം അതിഥിയും അങ്ങനെ തന്നെ. ഇവരെ ദേവതാ ഭാവത്തില്‍ നാം പൂജിച്ച് ആദരിക്കണം. ഇക്കാലത്ത് ഒരുപക്ഷേ കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ട ഒരു ഉപദേശമാണിത്. ഇവരെല്ലാം ഈശ്വരതുല്യം ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നത് നമ്മുടെ സംസ്‌കാരത്തിലെ പ്രത്യേകതയാണ്. ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ഈ സംസ്‌കാരം വളര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്.
ഒട്ടും ദോഷമില്ലാത്ത കര്‍മ്മങ്ങള്‍ ചെയ്യണം. ദോഷമുള്ളവ പാടില്ല. ശ്രേഷ്ഠരായ ആചാര്യന്മാര്‍ ചെയ്യുന്ന നല്ല പ്രവൃത്തികളെ മാത്രമേ അനുകരിക്കാവൂ. അവരുടെ ഭാഗത്ത് നിന്ന് മോശമായ കര്‍മ്മങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഒരിക്കലും മാതൃകയാക്കരുത്. മഹാത്മാക്കളെ സേവിക്കണം, ആദരവും ഭക്തിയും വേണം. എന്നാല്‍ ശ്രുതി സ്മൃതിയ്ക്കും വിപരീതമായി അവര്‍ അനുഷ്ഠിക്കുന്നതിനെ പകര്‍ത്തേണ്ടതില്ല.
യേ കേ ചാസ്മ ച്ഛേത്രരേയോം സോ 
ബ്രാഹ്മണാഃ തേഷാംത്വയാ സനേന 
പ്രശ്വസിതവ്യം
ആചാര്യന്മാരായ ഞങ്ങളെക്കാള്‍ അധികം ശ്രേഷ്ഠരായ ബ്രാഹ്മണര്‍ മുതലായവര്‍ക്ക് ഇരിപ്പിടം നല്‍കി ആശ്വാസം നല്‍കേണ്ടതാണ്. അല്ലെങ്കില്‍ അവര്‍ ഇരിക്കുന്ന സഭയില്‍ ഉറക്കെ ശ്വാസംപോലും വിടാതെ ഇരിക്കണം. അവര്‍ പറയുന്നതിനെ വേണ്ടപോലെ മനസ്സിലാക്കി വളരെ വിനയത്തോടെയിരിക്കേണ്ടതാണ് എന്നും പറയാം. വിശിഷ്ടനായ വ്യക്തിക്ക് ഏറ്റവും ഉത്തമമായ സ്ഥലത്ത് ഇരിപ്പിടം നല്‍കുക എന്നത് ആദരവിന്റെയും ഭക്തിയുടെയും ലക്ഷണമാണ്. അത്തരത്തിലുള്ള ഗുരുക്കന്മാരെ സേവിക്കാന്‍ ശിഷ്യര്‍ക്ക് കഴിയണം.
ശ്രദ്ധയാ ദേയം അശ്രദ്ധാളദേയം 
ശ്രിയാദേയം ഹ്രിയാ ദേയം ഭിയാദേയം 
സംവിദാദേയം
ശ്രദ്ധയോടെ ദാനം ചെയ്യണം. അശ്രദ്ധയോടെ ദാനം അരുത്. സമ്പത്തിനനുസരിച്ച് ദാനം നല്‍കണം. ലജ്ജയോടെയോ വിനയത്തോടെയോ  ദാനം കൊടുക്കണം. ഭയത്തോടെ ദാനം ചെയ്യണം. സ്‌നേഹിതന്മാരുടെയും മറ്റും കാര്യങ്ങള്‍ അറിഞ്ഞ് ദാനം നല്‍കണം.
ദാനം നല്‍കേണ്ടത് നിറഞ്ഞ മനസ്സോടെയാകണം. ആസ്തിക്യബുദ്ധിയോടെ ദാനം നല്‍കണമെന്നാണ്. ദേശവും കാലവും പാത്രവും അറിഞ്ഞുവേണം ദാനം ചെയ്യാന്‍ എന്നാണ്. പശുക്കള്‍, ഭൂമി, സ്വര്‍ണ്ണം, കഴിക്കാനും കുടിക്കാനുമുള്ളവ എന്നിവയെല്ലാം ആവശ്യക്കാര്‍ക്ക് വേണ്ടപോലെ കൊടുക്കണം. നമ്മുടെ സമ്പത്തിനനുസരിച്ച് വലുതും ചെറുതുമായ ദാനങ്ങള്‍ നടത്താം. ഇത് ഞാന്‍ ദാനം നല്‍കുന്നു എന്ന ഭാവത്തില്‍ ഒരിക്കലും പാടില്ല.  ഇതെന്റെ മുതലാണ് എന്ന അഹംഭാവത്തോടെ ദാനം നല്‍കരുത്. ഈശ്വരന്‍ നമുക്ക് നല്‍കിയതിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാനുള്ള ഒരു ഇടനിലക്കാരനോ ഉപകരണമോ ആണ് ഞാന്‍ എന്ന് ഓര്‍മ്മിക്കണം. എന്റെതായി എന്താണുള്ളത് കൊടുക്കാന്‍. ഇതാലോചിച്ചാല്‍ വിനയം താനെ വരും. ദാനം കൊടുക്കുക എന്നത് നമുക്ക് കിട്ടിയ ഭാഗ്യമാണ്. എന്തെങ്കിലുമൊക്കെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ച് ദാനമരുത്. എനിക്ക് ഇത്രമാത്രമല്ലേ കൊടുക്കാനുള്ളൂ എന്ന് ആലോചിക്കുമ്പോല്‍ ലജ്ജ തോന്നും. കൊടുക്കുന്നത് മതിയാകുമോ കൊടുക്കുന്നതില്‍ പിഴവ് വന്നിട്ടുണ്ടോ എന്ന് തോന്നിയാല്‍ ഭയവും ഉണ്ടാകും. ഇവ രണ്ടും ദാനത്തെ കൂടുതല്‍ മഹത്താക്കും. സ്‌നേഹിതന്മാരുടേയും മറ്റും കാര്യങ്ങളെ അറിഞ്ഞ് സ്‌നേഹത്തോടെ വേണ്ടതായ രീതിയില്‍ ദാനം ചെയ്യണം. ദാനം ചെയ്യുക എന്നതിലാണ്  കാര്യം. ഒപ്പം തന്നെ അത് നല്‍കുന്ന ഭാവവും രണ്ടും ഉദാത്തമാകണം. അര്‍ഹിക്കുന്നയാള്‍ക്ക് വേണ്ടകാലത്ത് വേണ്ടസ്ഥലത്ത് വേണ്ടപോലെ കൊടുക്കണം.
(തുടരും)
(തിരുവനന്തപുരം ചിന്മയ മിഷന്റെ
ആചാര്യനാണ് ലേഖകന്‍ 
ഫോണ്‍ 9495746977)

No comments: