Thursday, January 23, 2020

തിലകങ്ങളുടെ അനുഷ്ഠാന പ്രാധാന്യം

Thursday 23 January 2020 4:25 am IST
ദോഷങ്ങളകറ്റി, ഭഗവത്പ്രീതി നേടാന്‍ തിലകധാരണം നല്ലതാണ്. തിലകങ്ങള്‍ക്കെല്ലാം തന്നെ അനുഷ്ഠാനപരമായ പ്രാധാന്യവുമുണ്ട്.
കുങ്കുമം ദേവീതത്വത്തിന്റെ പ്രതീകമാണ്. കുങ്കുമം കൊണ്ട്  നെറ്റിയില്‍ പൊട്ടുകുത്താറാണ് പതിവ്. ചൊവ്വ, ശുക്രന്‍, കേതു എന്നീ ഗ്രഹങ്ങളുടെ  ദശാകാലങ്ങളില്‍ ഗ്രഹാധിദേവതകളുടെ മന്ത്രങ്ങള്‍ ചൊല്ലി, വേണം കുങ്കുമതിലകം ചാര്‍ത്താന്‍.
കേതുദശയുള്ളവര്‍ പതിവായി, ഗണപതി ഹോമത്തിന്റെ കരിപ്രസാദം  നെറ്റിയിലണിയുന്നത് ഉത്തമമാണ്. രാഹുദശയുള്ളപ്പോള്‍ ദോഷങ്ങള്‍ മാറാന്‍ നാഗങ്ങള്‍ക്ക് ആടിക്കുന്ന മഞ്ഞള്‍ പ്രസാദവും നിത്യേനധരിക്കണം. ഭദ്രകാളീ ക്ഷേത്രങ്ങളിലെ ചാന്താട്ടത്തിന് ഉപയോഗിക്കുന്ന ചാന്ത്  കുജ, ചന്ദ്രദശാകാലത്ത് തെറ്റിയില്‍ ചാര്‍ത്തണം. നെറ്റിയിലണിയുന്ന കളഭക്കൂട്ടും ദോഷശാന്തിക്ക് ശ്രേഷ്ഠമാണ്. മാഞ്ചി, രാമച്ചം, ഇരുവേലി, കൊട്ടം, അകില്‍ ചന്ദനം, ഗുല്‍ഗുലു, കുങ്കുമം എന്നിവ ചേര്‍ത്താണ് കളഭക്കൂട്ട് ഉണ്ടാക്കുന്നത്.
മഞ്ഞള്‍ നേര്‍മയായ പൊടിച്ചെടുത്തതില്‍ നാരങ്ങാനീരുകൂട്ടിച്ചേര്‍ത്ത് ഉണക്കിയെടുക്കുന്നതാണ്  സിന്ദൂരം. ഇവകൂടാതെ കസ്തൂരി മൃഗത്തില്‍ നിന്ന് ലഭിക്കുന്ന കസ്തൂരി, പശുവിന്റെ പിത്തനീരിന്റെ ഉപോത്പന്നമായ ഗോരോചനം, പച്ചരിയും ചൗവരിയും കരിച്ച് അത് ചെമ്പരത്തിപ്പൂനീരിലിട്ട്  തിളപ്പിച്ച് കുറുക്കിയെടുക്കുന്ന ചാന്ത്, ഇവയെല്ലാം സ്ത്രീകള്‍ നെറ്റിയിലണിയാന്‍ ഉപയോഗിക്കാറുണ്ട്. അനുഷ്ഠാനപരമായ സവിശേഷത അവയ്ക്ക് ഓരോന്നിനുമുണ്ട്. മന്ത്രമുപയോഗിച്ചുള്ള വശകീകരണപ്രക്രിയകളില്‍ തിലകധാരണം കാര്യസാധ്യത്തിനായി ഉപയോഗിക്കുന്നു.

No comments: