Tuesday, April 07, 2020

ആത്മോപദേശശതകം - 12
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

സുപ്രഭാതം പാടേണ്ടത് ഓരോരുത്തരുടെയും ഉള്ളിലുള്ള അന്തർയാമിയ്ക്കാണ്.

ജയ! ജയ!

ഭാഗവതത്തില് ശ്രുതിഗീത അതാണ്.

ജയ ജയ ജഹി അജാം അജിത ദോഷ ഗൃഭീതഗുണാം.

ഈ കൃപയെ ഉണർത്തലാണ് ശ്രുതി ഗീത ഭാഗവതത്തിൽ. നമ്മള് സാധന ചെയ്യണതിന് പകരം… രാമകൃഷ്ണദേവൻ വിവേകാനന്ദനെ കണ്ട ഉടനെ ആദ്യം ചെയ്തത് എന്താന്ന് വച്ചാൽ.. നീ സാക്ഷാൽ നാരായണനാണ് പരമേശ്വരനാണെന്ന് പറഞ്ഞ് പുഷ്പം ശിരസ്സിലർപ്പിയ്ക്കയും ദീപാരാധന കാണിയ്ക്കയും നമസ്കരിയ്ക്കയും ഒക്കെ ചെയ്തു. വിവേകാനന്ദസ്വാമി അന്ന് വിചാരിച്ചു ഇദ്ദേഹം എന്നെ പൂജിയ്ക്കയാണ് ഇദ്ദേഹത്തിന് ഭ്രാന്താണ് ഞാൻ നരേന്ദ്രനാഥദത്തയല്ലേ എന്ന് പറഞ്ഞു.

രാമകൃഷ്ണദേവൻ ഈ നരേന്ദ്രനാഥദത്തയെ അല്ലാ പൂജിച്ചത് ആ കുട്ടിയുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ചിത്ശക്തിയെ ഉണർത്തി വിട്ടതാണ്.

എഴുന്നേൽക്കൂ..
എഴുന്നേൽക്കൂ അമ്മാ! 🥰🙏

‘ജാഗോ ജാഗോ മാ’❣️

അദ്ദേഹത്തിന് ഇഷ്ടമുള്ളൊരു പാട്ടാണത്.

‘ജാഗോ ജാഗോ മാ’❣️

അമ്മ എഴുന്നേൽക്കൂ!
അമ്മ എഴുന്നേൽക്കൂ!

തട്ടിയുണർത്തുകയാണ്.

അതുപോലെ എല്ലാവരുടേയും ഉള്ളില് ആ ശക്തി ഉണ്ട്. അതിനെ ഉണർത്തുകയാണ് ഭാഗവതത്തില്.

‘ജയ ജയ ജഹി അജാം’
നമ്മൾടെ മനസ്സിനെ നിയന്ത്രണം ചെയ്യൂ.. സാധന ചെയ്യൂ എന്നല്ലാ. ഉള്ളിലുള്ള അന്തർയാമിയായ ഭഗവാനോട് പറയുകയാണ് ; ഭഗവാനേ! അങ്ങ് ഉണർന്ന് ജയിച്ച് ഈ മായയെ, അജ്ഞാനത്തിനെ നീക്കി സ്വയം പ്രകാശിയ്ക്കുക.

നിങ്ങളുടെ തലയില് ചുമതലയേ ഇല്ലാ.
നിങ്ങളുടെ ഉള്ളിലുള്ള ശക്തിയെ ഉണർത്തുകയാണ്. ഉണരട്ടെ അത്. ഉണർന്നാൽ എല്ലാം നടക്കും. നിങ്ങള് പൂര്‍ണ്ണരാണ്. നിങ്ങളുടെ ഓരോരുത്തരുടേയും പൂര്‍ണ്ണത നേടിയെടുക്കേണ്ടതല്ലാ സിദ്ധമായിട്ടുള്ളതാണ്.

നേടിയെടുക്കേണ്ടതാണെങ്കിൽ അത് നഷ്ടപ്പെട്ട് പോവും.

നേടിയെടുക്കാനുള്ളതല്ലാ, സിദ്ധമാണ്. ഇപ്പൊ തന്നെ കിട്ടിയിട്ടുള്ളതാണ്. അജ്ഞാനം കൊണ്ട്, ‘ഉരുമറവാൽ അറിവീല.’ ഒരു മറ! ഒരു ആവരണം ഉള്ളതോണ്ട് സത്ത നമ്മുടെ സ്ഥിതി നമുക്ക് അറിയണില്ലാ. ആ ആവരണം അങ്ങട് നീങ്ങിയാൽ കാണാം അത് വസ്തുസ്ഥിതി പ്രകാശിയ്ക്കണത്.

ഇതിനെയാണോ ഇത്രനാളും നമ്മള് കാണാത്തത് എന്ന് തോന്നും. ഇത്രയും അപരോക്ഷമായിട്ടുള്ളതിനെ എന്തുകൊണ്ട് ഇത്ര നാളും കണ്ടില്ലാ? ഇത്രയും അപരോക്ഷമായി സിദ്ധമായിട്ടുള്ളതിനെ നമ്മള് എങ്ങനെ നഷ്ടപ്പെടുത്തി എന്ന് നമുക്ക് തന്നെ ആശ്ചര്യം.. വിസ്മയം തോന്നും. അത്തരത്തിൽ ആണ് ആ ദൃഷ്ടി.

ആ ദൃഷ്ടിയെ നമ്മളിൽ ഉണർത്തലാണ് ആത്മോപദേശശതകം.

ഇപ്പൊ ആകെ മൊത്തം ഒന്ന് നോക്കി വന്നു. ആദ്യം മുതൽ അവസാനം അവിടവിടെയായി തൊട്ടു വന്നു.
ഇനി ചില പദ്യങ്ങൾ പ്രത്യേകമായെടുത്ത് പറയാം. അതൊക്കെ തന്നെ നമ്മൾടെ അനുഭവത്തിന് ഉതകുന്ന വിധത്തില് മാത്രം. അല്ലാതെ സാമൂഹികമായിട്ടോ, പ്രാപഞ്ചികമായിട്ടോ, ശാസ്ത്രപരമായിട്ടോ, സിദ്ധാന്തപരമായിട്ടോ ഒന്നും അല്ലാ. അതൊക്കെ വേറെ വിഷയം. ബഹിരംഗപരീക്ഷണമാണ്. നമുക്ക് അതൊന്നും ഇവിടെ മുഖ്യമല്ലാ. നമുക്കിവിടെ സത്സംഗമാണ്. ബാക്കിയൊക്കെ, അതൊക്കെ സമൂഹത്തിലും ലോകത്തിലും ആവശ്യമുള്ള കാര്യമാണ്. അതൊക്കെ വേറെ ഫീല്‍ഡ് ആണ്. നമുക്കിവിടെ ഈ അന്വേഷണം ചെയ്യാം. അതിന് ഗുരുദേവന്റെ കൃപ.. ((കൃപയാണ് ഉള്ളത്)) നമ്മളതിന് കുറുകെ നിക്കാതെ ഇരുന്നാൽ മാത്രം മതി.

ആ കൃപയാണ് സത്സംഗത്തില്.
നമ്മളാ കൃപയ്ക്ക് ശരണാഗതി ചെയ്ത് കേൾക്കണം. എന്നാൽ ആ കൃപ ഇവിടെ പ്രവർത്തിച്ചോളും. നമുക്ക് കിട്ടേണ്ടത് കിട്ടിക്കോളും.”


                  ((നൊച്ചൂർ ജി 🥰🙏))

No comments: