Sunday, April 12, 2020

S.  Narayanan Bhattathiry.
എന്‍െറ വഴി പാടുകള്‍,വെളിപാടുകള്‍

ജന്മനാ ജായതേ ശൂദ്രഃ എന്നാണല്ലോ നമ്മള്‍പറഞ്ഞു പഠിച്ചിരിക്കുന്നത്.ഇപ്പോള്‍ ജന്മനാ ജായതെ ജന്തുഃ എന്നൊരു പാഠഭേദവും കേള്‍ക്കുന്നുണ്ട്.അതെന്തായാലും ''ജന്മനാ ജായതേ നരഃ'' എന്നു വിശ്വസിക്കാനാണെനിക്കഷ്ടം.മഹാബ്രാഹ്മണനായ പൂന്താനംപോലും 'നരനായിങ്ങനെ ജനിച്ചുഭൂമിയില്‍ 'എന്നാണ് പാടിയത്.പണ്ഡിതനല്ലെങ്കിലും ഈശ്വരോന്മുഖമായ ഉള്‍വിളികളെക്കൊണ്ട് ശ്രേഷ്ഠത്വംകൈവരിച്ച ആ മഹാജ്ഞാനിയെ സ്മരിച്ച് 'കര്‍മ്മണാ ജായതേ വരഃ'എന്നകൂടി പറയാന്‍ ആഗ്രഹം തോന്നന്നു.
                    ഈഫോട്ടോയില്‍ അച്ഛനൊപ്പം നില്ക്കുന്ന ആളെ പരിചയപ്പെടുത്താനാണിത്രയൊക്കെ പറഞ്ഞുവന്നത്.എന്‍െറ മുത്തച്ഛന്‍െറ സഹോദരീ പുത്രനെങ്കിലും ചെറ്യച്ഛന്‍െറ സ്ഥാനത്താണ് ഞങ്ങള്‍ക്കദ്ദേഹം. അപ്ഫന്‍ എന്ന് വിളിക്കും.അച്ഛനെ കുറിച്ചു പറയാന്‍ ആയിരത്തിലധികം പേജുള്ള ഒരു നോട്ടുബുക്കിന്‍െറ ആദ്യപേജില്‍' എന്‍െറ അച്ഛന്‍' എന്ന് ടൈറ്റില്‍ കൊടുത്ത് എഴുതിത്തുടങ്ങിയാല്‍ മിക്കവാറും  ആ ബുക്ക് തികയാതെ വരും.അപ്ഫനെ കുറിച്ചായാല്‍ ഇന്ന് പ്രചാരത്തിലേറെ മുന്‍പിലുള്ള മഹാഭാഗവതം എടുത്ത് കാണിച്ചാല്‍ മതിയാകും.'പ്രത്യക്ഷഃകൃഷ്ണയേവഹി'എന്നല്ലേ ഭാഗവതത്തേ കുറിച്ച് പറയാറ്.ചെറ്യച്ഛന്‍െറ പേര് മഹേശ്വരന്‍ എന്നായതുകൊണ്ട് 'പ്രത്യക്ഷഃ ശിവയേവഹി എന്ന് തിരുത്തേണ്ടി വരുമെന്നുമാത്രം.
 അച്ഛന് അപ്ഫനേക്കാള്‍ കേവലം മാസമൂപ്പ് മാത്രമേയുള്ളു.പക്ഷേ കൊച്ചുചേട്ടാ എന്നേ അപ്ഫന്‍ വിളിച്ച് കേട്ടിട്ടുള്ളു.  രണ്ടുപേരില്‍ ആര്‍ക്കൊരു വിഷയമുണ്ടായാലും തമ്മില്‍ കൂടിയാലോചിച്ചേ ഒരു തീരുമാനമെടുക്കൂ.എനിക്കു തോന്നിയത് പറയട്ടേ...അവര്‍ പരസ്പരപൂരകങ്ങളായിരുന്ന,പുരാണത്തിലെ ബലരാമകൃഷ്ണന്മാര്‍ തമ്മിലുള്ള ഒരു കെമിസ്ട്രിപോലെ.
                       അപ്ഫനെ കുറിച്ചുള്ള എന്‍െറ ഓര്‍മ്മ തുടങ്ങുന്നത് അദ്ദേഹത്തിന്‍െറ തന്നെ മുളവന ഇല്ലത്തുവെച്ചാണ്. ഞാനന്ന് അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം. വായനാപ്രിയനാണ് അപ്ഫന്‍.അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചരിത്രം പഠിക്കാന്‍ ബുദ്ധിമുട്ടായിട്ട് അതു മുഴുവന്‍ സംസ്കൃതവൃത്തത്തില്‍ സ്വയം എഴുതി കാണാതെ പഠിച്ച ആളാണ്. അദ്ദേഹത്തിന് ഭാഗവത പാരായണത്തില്‍ ഉപദേശം സ്വീകരിക്കണം.ഉപദേശം കൊടുക്കാന്‍ മള്ളിയൂരദ്ദേഹം എത്തിയിട്ടുണ്ട്.രാവിലെ  മുളവന ഇല്ലത്തെത്തുമ്പോള്‍ മള്ളിയൂരദ്ദേഹം സൂര്യനമസ്ക്കാരം ചെയ്യുന്നതാണ് കണ്ടത്.സൂര്യനുദിച്ചാല്‍ കിഴക്കോട്ടു തിരിഞ്ഞു നിന്ന് 108സൂര്യനമസ്ക്കാരം,അതദ്ദേഹത്തിന്‍െറ പതിവാണ്.മുഹൂര്‍ത്തമൊക്കെ നിശ്ചയിച്ചാണ് ഉപദേശം കൊടുക്കല്‍.അത്കഴിഞ്ഞ് അപ്ഫനും മള്ളിയൂരദ്ദേഹവുമൊക്ക ഭാഗവതം വായിച്ചു കേട്ടതോര്‍മ്മയുണ്ട്.ഭാഗവതം എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നതും ആ പുസ്തകം കാണുന്നതും അന്നാണ്.പക്ഷെഎന്‍െറ പ്രായത്തിനും അവസ്ഥയ്ക്കും അന്നതൊന്നുമായിരുന്നില്ല പ്രധാനം.കുറച്ചധികം ബന്ധുക്കളൊക്കെ കൂടിയിട്ടുള്ള അവിടെ അന്ന് സദ്യയുണ്ടായിരുന്നു.പായസമൊന്നും വേണ്ട വയറു നിറച്ചുചോറും ഒരുകൂട്ടാനും അധികമുണ്ടായാല്‍ അന്ന് അതെനിക്ക് സദ്യയാകുമായിരുന്നു.
                           പ്രാക്കുളം ഭാസി തിരിവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റായിരിക്കുന്ന(75_80 കാലമെന്നാണോര്‍മ്മ)സമയം.അബ്രാഹ്മണരെ പൂജ പഠിപ്പിക്കാന്‍ തിരുവല്ലയില്‍ ഒരു പൂജാക്ലാസ് തുടങ്ങാന്‍ തീരുമാനമായി.പക്ഷെ ഒരുപാട് അന്വേഷിച്ചിട്ടും പഠിപ്പിക്കാന്‍ തയ്യാറായി ബ്രാഹ്മണരാരും മുന്‍പോട്ടു വന്നില്ല.ആരു് പറഞ്ഞിട്ടെന്നറിയില്ല,അച്ഛന് വിളി വന്നു.അച്ഛനന്ന് ദേവസ്വംബോര്‍ഡിനു കീഴില്‍ പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരുന്നു.അച്ഛന്‍ സമ്മതിച്ചു.അദ്ദേഹം ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റോ സാമൂഹികപരിഷ്ക്കര്‍ത്താവോ ഒന്നുമായിട്ടല്ല. മറിച്ച് മേല്‍ശാന്തിജോലിയില്‍ കിട്ടുന്ന 45 രൂപാ ശമ്പളംകൊണ്ട് ആറുപേരുടെ ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അച്ഛനന്ന് നന്നേ പാടുപെടുന്നുണ്ടായിരുന്നു.അക്കാലത്ത് 225 രൂപാ എന്ന മോഹസംഖ്യ കേട്ട് ഭവിഷ്യത്തുകളോര്‍ക്കാതെ ചാടിവീണതായിരുന്നു അച്ഛന്‍.
                          പൂജയ്ക്കൊപ്പം സംസ്കൃതം പഠിപ്പിക്കാനും ഒരാളെ കണ്ടുപിടിക്കാന്‍ ബോര്‍ഡ് അച്ഛനെ ചുമതലപ്പെടുത്തി.പൂജ പഠിപ്പിക്കാന്‍ അച്ഛനെ സപ്പോര്‍ട്ട് ചെയ്ത ഒരേയോരാള്‍ ചെറ്യച്ഛനായിരുന്നു അതുകൊണ്ടുതന്നെ സംസ്കൃതം പഠിപ്പിക്കാനുള്ള ചുമതല അച്ഛന്‍ അപ്ഫനെ ഏല്പിച്ചു.
                           അപ്ഫന്‍െറ രൂപം എന്‍െറ മനസ്സില്‍ പതിഞ്ഞു തുടങ്ങുന്നത് ഇവിടം മുതലാണ്.
                         തിരുവല്ലാ തുകലശ്ശേരിയിലുള്ള ശ്രീരാമകൃഷ്ണ ആശ്രമത്തില്‍ വെച്ചായിരുന്നു ക്ലാസുകള്‍.ശരിക്കും ഗുരുകുലസമ്പ്രദായ ചിട്ടയില്‍.10പേരായിരുന്നു ആദ്യ ബാച്ചിലുണ്ടായിരുന്നത്.എല്ലാവരുടേയും താമസം ആശ്രമത്തില്‍ത്തന്നെ.അച്ഛനും അപ്ഫനുമൊപ്പം ഞാന്‍പലപ്പോഴും രാവിലെ ആശ്രമത്തില്‍ പോയിട്ടുണ്ട്.അപ്പോള്‍ അന്നവിടുന്നാകും രാവിലത്തെ കാപ്പികുടി.യാദൃശ്ചികമായി തുടങ്ങിയ ഈ കാപ്പികുടി കണക്കാക്കി അച്ഛന്‍ പോകാത്ത ചില ദിവസങ്ങളിലും ഞാന്‍ ചെല്ലാന്‍ തുടങ്ങിയപ്പോള്‍ ഊറി ചിരിച്ചുകൊണ്ടാണെങ്കിലും അവിടെയുള്ളവരെന്നെ ഒപ്പമിരുത്തും.കുട്ടികളുടേതായ ഒരു നാണം എനിക്കുണ്ടെങ്കിലും രാവിലെ വയറുനിറച്ചുള്ള ഒരു കാപ്പികുടി അക്കാലത്ത് ''എത്ര മനോഹരമായ നടക്കാത്ത സ്വപ്ന''മായിരുന്നു.
                           കേരളത്തിലെ ആദ്യത്തെ ദളിത് ശാന്തിക്കാരന്‍ ശ്രീ പരമു ശര്‍മ്മ തിരുവല്ലയില്‍  അച്ഛന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥിയായിരുന്നു എന്നത് ഞാന്‍  സ്നേഹത്തോടെ സ്മരിക്കുന്നു.               ബ്രാഹ്മണര്‍ക്കിടയില്‍ പ്രത്യേകിച്ച് ബന്ധുജനങ്ങള്‍ക്കിടയില്‍ ഇതോടുകൂടി അച്ഛനൊരു ചീത്തപ്പേരായി.ഫോണ്‍ ഒന്നും അന്ന് പ്രചാരത്തിലില്ലാത്തതുകൊണ്ട് ഊമക്കത്തുകള്‍ വഴി അച്ഛനെ പുലഭ്യം പറയുന്ന കത്തുകള്‍ ഞാനും കാണുകയുണ്ടായിട്ടുണ്ട്.എന്‍െറ ചേച്ചിയെ ഉദ്ദേശിച്ച് ''നിന്‍െറ മോളെ കെട്ടാന്‍ ഇനി ഏതെങ്കിലുമൊരധകൃതന്‍ വരും''എന്നുവരെ കേള്‍ക്കുകയുണ്ടായിട്ടുണ്ട്.പക്ഷെ അച്ഛന്‍ ഒന്നും കാര്യമായെടുത്തില്ല,ആരോടും പിണങ്ങിയതുമില്ല.കാരണം പലരും പലജോലിയും ചെയ്യുന്നത് ആ ജോലിയോട് ഇഷ്ടം കൂടിയതുകൊണ്ട് മാത്രമല്ല നിവൃത്തികേട്കൊണ്ട് കൂടിയാണ്.പക്ഷെ അതിലൊക്കെ പ്രധാനം ചെറ്യച്ഛന്‍െറ സപ്പോര്‍ട്ടായിരുന്നു അങ്ങനെയൊരാള്‍ കൂടെ ഇല്ലായിരുന്നുവെങ്കില്‍ അച്ഛന്‍ ചിലപ്പോള്‍  വീണുപോയേനെ.ഇന്നിപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെന്നപോലെ ശാന്തി ജോലിക്കും ഹിന്ദുക്കളായ ഏതു മതക്കാരനും അര്‍ഹതയുണ്ടെന്ന നിയമം വന്നതോടെ അച്ഛന് ദീര്‍ഘദൃഷ്ടിയുണ്ടിയിരുന്നോ എന്ന് സംശയിച്ച് ചിലപ്പോഴെങ്കിലും ഞാന്‍ ഊറ്റംകൊള്ളാറുണ്ട്.
                       അപ്ഫന്‍ എന്‍െറ ജീവിതത്തില്‍ നിര്‍ണ്ണായകമായത് ഞാന്‍ കവിത  എഴുതിത്തുടങ്ങിയ കോളേജ് പഠന കാലത്താണ്.അന്ന് ഞാനെഴുതുന്ന കവിതകളുടെ ആദ്യ പരിശോധകന്‍ മിക്കവാറും അപ്ഫനായിരിക്കും.ഭംഗങ്ങളും ഭംഗികളും വേര്‍തിരിച്ചു തന്നിരുന്ന അക്കാലത്ത് ഞങ്ങള്‍ തിരുവനന്തപുരത്താണ് താമസം.മകളൊക്കെ ഇവിടെയായതുകൊണ്ട് അപ്ഫന്‍ തിരുവല്ലയില്‍ നിന്ന് ഇടയ്ക്കിടെ  ഇവിടെ  വരും.ചിലപ്പോള്‍ രണ്ടുനാള്‍ ഞങ്ങള്‍ക്കൊപ്പം വാടകവീട്ടില്‍ തങ്ങും അച്ഛനൊപ്പമുള്ള സംസാരങ്ങളില്‍ അന്നൊക്കെ ഞാനും കേള്‍വിക്കാരനാകും.ലൗകികവും കാലികവും ആദ്ധ്യാത്മികവുമായ എന്തും അവരുടെ  സംസാരങ്ങളില്‍ വിഷയമാകും.ഇന്നീ എഴുതുന്നതില്‍ പോലും അന്നാ ശ്രോതാവായതിന്‍െറ ഗുണമുണ്ടെന്നാണെന്‍െറ വിശ്വാസം.ഏറ്റവുമൊടുവില്‍ അപ്ഫന് പരിശോധനയ്ക്കായ് ഞാനൊരു കവിത  കൈമാറിയത് ബി എ പഠിക്കുമ്പോളായിരുന്നു.അന്നാ കവിത  വായിച്ചു് കഴിഞ്ഞ പ്പോള്‍ അപ്ഫന്‍ ചോദിച്ചു,എന്താ നിന്‍െറ കവിതകളിലൊക്കെ ഒരു സ്പിരിച്വല്‍ ടച്ച്.ഞാന്‍ മുന്‍പേ ചോദിക്കണമെന്ന് വിചാരിച്ചതാണ്,നിന്‍െറ പ്രേമകവിതകളില്‍ പോലുമുണ്ട് ഒരു ആദ്ധ്യാത്മികത.അത് ചീത്തയായിട്ടല്ല പക്ഷെ പ്രായത്തിന് ചേരാത്തതാണ്.എന്തായാലും ആ ചിന്ത കളയേണ്ട,നന്നാകും.അപ്ഫനതു പറയുമ്പോള്‍ ഞാന്‍ മനസ്സിലോര്‍ത്തു,മക്കളേയും ഞങ്ങളേയും മൃഗങ്ങളേയുമെല്ലാം ഒരേ കണ്ണില്‍  നോക്കിക്കാണുന്ന പ രമഭാഗവതനായ അപ്ഫനെ നോക്കി ഞാനതല്ലാതെന്ത് പഠിക്കാന്‍...!
                     ഞങ്ങളുടെ വീട്ടില്‍  പണ്ടേയുള്ള ഭാഗവതം സംസ്കൃതം മൂലഗ്രന്ഥമാണ്,അത് അച്ഛന്‍ അവശേഷിപ്പിച്ചു പോയതാണ് ഞാന്‍ വാങ്ങിയതല്ല.ഈ അടുത്ത കാലത്ത് സപ്താഹം  നടത്തുമ്പോഴാണ് അതാദ്യമായി പുറത്തെടുക്കുന്നത്. അത് കണ്ടപ്പോള്‍ ഒരു മുന്‍പരിചയുള്ളതുപോലെ തോന്നി.മുളവന ഇല്ലത്ത് ചെല്ലുമ്പോള്‍ പലപ്പോഴും അപ്ഫനിരുന്ന് വിയിക്കുന്നത് കണ്ടത് ഈ പുസ്തകം തന്നെയല്ലേ.അതെ അച്ഛനുമായുള്ള അടുപ്പംവെച്ചു നോക്കുമ്പോള്‍ ആ പുസ്തകം അപ്ഫന്‍ കൊടുത്തതാകാനാണ് വഴി. ഒരുപക്ഷേ ഭാവിയില്‍ എന്‍െറ കൈയ്യില്‍ എത്തട്ടെ എന്നു കരുതി മുന്‍കൂട്ടിയൊരനുഗ്രഹം തന്നതാകും.അതെന്തുമാകട്ടെ,ആ പുസ്തകം അപ്ഫന്‍െറ സാന്നിദ്ധ്യമായി 'പ്രത്യക്ഷഃ ശിവയേവഹി'എന്ന ഭവ്യതയോടെ ഇന്നുമെന്നും സൂക്ഷിക്കുവാനെനിക്കിടയാകട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

1 comment:

DKM said...

ഹൃദയ സ്പർശിയായ ഓർമ്മകൾക്കുമുമ്പിൽ പ്രണാമം! ഒരു സംശയം -- ഏഴാം ഖണ്ഡികയിൽ യാദൃച്ഛികം എന്നതല്ലേ ശരിയായ സ്പെല്ലിങ് ? പലരും താങ്കളെഴുതിയ പോലെയാണ്, എഴുതാറ് . ഭാഗവതമാഹാത്മ്യസ്മരണകൾക്കു വീണ്ടും നന്ദി.