Tuesday, June 12, 2018

(17-7)
ശ്രദ്ധയുടെ സാത്വികഭേദംകൊണ്ടും ശാസ്ത്രീയവും അശാസ്ത്രീയവുമായ യജ്ഞാദികര്‍മ്മാനുഷ്ഠാനങ്ങള്‍കൊണ്ടും സാത്വികന്മാരെയും രാജസനാമസന്മാരേയും അറിയണമെന്ന് കഴിഞ്ഞ ശ്ലോകത്തില്‍ നിര്‍ദ്ദേശിച്ചു. ആഹാരം യജ്ഞം തപസ്സ്, ദാനം എന്നീ ലൗകികവും വൈദികവുമായ കര്‍മ്മങ്ങളിലൂടെ പ്രത്യക്ഷമായി തന്നെ അവയെ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിയുെമന്ന് ഭഗവാന്‍ പ്രതിപാദിക്കുന്നു.
മൂന്നു വിധം ശ്രദ്ധകളും- സാത്വികിയും രാജസിയും താമസിയും- മനുഷ്യന്റെ മനസ്സില്‍നിന്നാണ് ജനിക്കുന്നത്. മനസ്സ് സത്വഗുണപൂര്‍ണമായാല്‍ അതില്‍നിന്ന് സാത്വികമായ ശ്രദ്ധയേ ഉണ്ടാവുകയുള്ളൂ. മനസ്സ് സാത്ത്വികഗുണപൂര്‍ണമായി തീരാന്‍ എന്താണ് ചെയ്യേണ്ടത്? വേദങ്ങള്‍ പറയുന്നു-
''അന്നമയം ഹി സൗമ്യ മനഃ
ആഹാരശുദ്ധൗ ഖലുസത്വശുദ്ധിഃ''
(മനസ്സിലെ വിചാരവികാരങ്ങളെ രൂപപ്പെടുത്തുന്നത് അന്നമാണ്; ആഹാരവസ്തുവാണ്. സാഞ്ചികമായ ആഹാരം മാത്രം കഴിച്ച് ശീലിച്ചാല്‍ നമ്മുടെ മനസ്സ് ശുദ്ധമായിത്തീരും.
ഭഗവത് പദപ്രാപ്തി ആഗ്രഹിക്കുന്നവര്‍. ചിത്തം ശുദ്ധമാവാന്‍ വേണ്ടി സാത്വികമായ ആഹാരങ്ങള്‍ സ്വീകരിക്കുകയും, രാജസതാമസാഹാരങ്ങളെ ഉപേക്ഷിക്കുകയും വേണം. ആഹാരം മാത്രമല്ല, വൈദികകര്‍മ്മങ്ങളായ യജ്ഞം, തപസ്സ്, ദാനം ഇവയ്ക്കും സാത്ത്വിക-രാജസ-താമസഭേദങ്ങളുണ്ട്. അവയുടെ ഭേദങ്ങള്‍ വിവരിക്കാം; കേള്‍ക്കൂ! ഒരു കാര്യംകൂടി പറയാം- യജ്ഞം എന്നത് ''യജ്ഞം വ്യാഖ്യാസ്യാമഃ- ദ്രവ്യം ദേവതാ ത്യാഗഃ'' എന്നത് കല്‍പസൂത്രപ്രകാരം ദേവതയെ ഉദ്ദേശിച്ചുകൊണ്ട് ദ്രവം അഗ്‌നിയില്‍ ഹോമിക്കുക എന്നതാണ്. തപസ്സ് എന്നത് ദേഹത്തെയും ഇന്ദ്രിയങ്ങളെയും ശോഷിപ്പിക്കുക എന്നതാണ്. തന്റെ അധീനതയിലുള്ള പദാര്‍ത്ഥങ്ങളെ മമതാഭാവം-എന്റേത് എന്ന ഭാവം- ഉപേക്ഷിച്ച് മറ്റൊരു വ്യക്തിയുടെ അധീനതയില്‍ എത്തിക്കുക എന്നതാണ്.
സാത്വികസ്വഭാവികളുടെ ആഹാരങ്ങള്‍
(17-8)
സാത്വികമായ ആഹാരങ്ങളുടെ ലക്ഷണം:
1. രസ്യാഃ- സ്വതവേ മധുരരസമുള്ള വാഴപ്പഴം മുതലായതും, ശര്‍ക്കര മുതലായവ ചേര്‍ത്ത് മധുരരസമുള്ളതായ പായസം മുതലായവയും.
2.  സ്‌നിഗ്ധാ: സ്വതവേ എണ്ണ കിനിയുന്ന തൈര്, കൊപ്പര മുതലായവയും നെയ്യില്‍ നിര്‍മ്മിക്കുന്ന നെയ്യപ്പം മുതലായവയും.
3.സ്ഥിരാ- കുറച്ചു സമയം സ്ഥിരമായി നില്‍ക്കുന്ന ഇഡ്ഡലി മുതലായവ.
4. ഹൃദ്യാ- ഹൃദയത്തിന് ഇഷ്ടം തോന്നുന്നവയും (കൊതിതോന്നുന്നുവ) ദുര്‍ഗന്ധസുഖം മറ്റും ഇല്ലാത്തവയുമായവ.
സാത്വികാഹാരം കഴിച്ചാലുണ്ടാവുന്ന ഫലം (17-8)
1. ആയുസ്സിനെ വര്‍ധിപ്പിക്കും. (ആയു: വിവര്‍ധനാ) (ഇതില്‍ വായനക്കാര്‍ക്ക് സംശയം വരാം. ഒരു കുട്ടി ജനിക്കുമ്പോള്‍ തന്നെ പൂര്‍
വ്വജന്മത്തിലെ കര്‍മ്മഫലമായി ആയുസ്സിന്റെ കാലം നിര്‍ണയിച്ചുകഴിഞ്ഞു. സാത്വികാഹാരം ശീലിച്ചതുകൊണ്ട് ആയുസ്സിന് നീളം കൂടുമോ? ഇല്ല. ദൈവദത്തമായ ആയുസ്സ് മുഴുവന്‍ രോഗശയ്യയില്‍ ജീവിക്കേണ്ടിവരില്ല എന്ന് ധരിച്ചാല്‍ മതി.) അവസ്ഥയില്ലാതാവും. 
2. സത്വം വര്‍ധിപ്പിക്കും. (സത്വ- വിവര്‍ധനഃ) സത്വം എന്നാല്‍ അന്തഃകരണം. മനസ്സ് എന്ന അര്‍ത്ഥം. അതിന്റെ ഗുണങ്ങളായ ധൈര്യം, ഉത്‌സാഹം, തീരുമാനമെടുക്കാനുള്ള കഴിവ്, ജ്ഞാനം ഇവയെ വര്‍ധിപ്പിക്കും.
3. ബലം വര്‍ധിപ്പിക്കും (ബല-വിവര്‍ധനാഃ)
ശരീരത്തിന് ധര്‍മ്മാനുഷ്ഠാനം ചെയ്യാനുള്ള കഴിവ് വര്‍ധിപ്പിക്കും.
4. ആരോഗ്യം വര്‍ധിപ്പിക്കും (ആരോഗ്യ വിവര്‍ധനാഃ)
രോഗം വരികയേ ഇല്ല എന്ന അവസ്ഥ നീണ്ടുകിട്ടും.
5. സുഖം വര്‍ധിപ്പിക്കും (സുഖാ-വിവര്‍ധനാഃ)
ഭോജനത്തിനു ശേഷം ഉണ്ടാവുന്ന ആഹ്‌ളാദം മാത്രമല്ല, ഒരിക്കല്‍ ഭക്ഷിച്ചാല്‍ പോലും കുറേക്കാലം നീണ്ടുനില്‍ക്കുന്ന സുഖവുംപെടും.
6. പ്രീതിയും വര്‍ധിപ്പിക്കും (പ്രീതി-വിവര്‍ധനാഃ)
ഇന്ദ്രിയങ്ങളുടെ- കണ്ണ്, ചെവി, തൊലി, നാവ്, മൂക്ക് എന്നിവയുടെ ശക്തി വര്‍ധിപ്പിക്കുകയാല്‍ എപ്പോഴും അവ പ്രസന്നങ്ങളായിരിക്കും.
janmabhumi

No comments: