Friday, June 01, 2018

അടുത്ത അഞ്ചു മന്ത്രങ്ങളെക്കൊണ്ട് ആദ്യത്തെ നാല് ചോദ്യങ്ങള്‍ക്കും ക്രമത്തില്‍ മറുപടി പറയുന്നു.
യദ് വാചാനഭ്യുദിതം യേന വാഗഭ്യുദ്യതേ
തദേവ ബ്രഹ്മത്വം വിദ്ധി നേഭം യദിദമുപാസതേ
വാക്കിനാല്‍ പ്രകാശിപ്പിക്കാനാവാത്തതും (വാക്കുകൊണ്ട് പറയാനാകാത്തത്) എന്നാല്‍ വാക്കിനെ പ്രവര്‍ത്തിപ്പിക്കുന്നതുമാണ് ബ്രഹ്മം. ‘ഇത്’ എന്ന ഉപാധിഭേദത്തോടെ തന്നില്‍നിന്ന് അന്യമായി ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല.
ബ്രഹ്മത്തെ വാക്കുകൊണ്ട് പറഞ്ഞ് വിവരിക്കാന്‍ സാധ്യമല്ല. പക്ഷേ ആ വാക്കിനെ പറയാന്‍ സാധിപ്പിക്കുന്നത് ബ്രഹ്മമാണ്. സഗുണ സാകാരഭാവത്തില്‍ (ഗുണത്തോടും രൂപത്തോടും) സാധാരണയായി നാം ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല. ചൈതന്യസ്വരൂപമായ ആത്മാവ് മാത്രമാണ് ബ്രഹ്മം. ലോകത്ത് എച്ചിലാകാത്തത് ഒന്നേയുള്ളൂ അതാണ് ബ്രഹ്മം എന്ന് ശ്രീരാമകൃഷ്ണദേവന്‍. വായ കൊണ്ട് ഇതുവതെ അതിനെപ്പറ്റി പറയാന്‍ കഴിഞ്ഞിട്ടില്ല എന്ന് താല്‍പര്യം.
അടുത്ത നാല് മന്ത്രങ്ങളിലും ആദ്യത്തെ വരിയില്‍ മാത്രമേ മാറ്റമുള്ളൂ. രണ്ടാംവരി ഈ മന്ത്രത്തില്‍ കാണുംപോലെയാണ്.
യന്മനസാ ന മനതേ യേനാ ഹുര്‍മനോ മതം…..
യച്ചക്ഷുഷാ ന പശ്യന്തി യേന ചക്ഷൂംഷി പശ്യതി…..
യച്ഛോത്രേണ ന ശൃണോതിയേന ശ്രോത്രമിദം ശ്രുതം….
യത് പ്രാണേന ന പ്രാണിതിയേന പ്രാണ പ്രണീയതേ….
മനസ്സിന് അറിയാന്‍ കഴിയാത്തതും മനസിന് അറിയാനുള്ള (ചിന്തിക്കാനുള്ള) കഴിവിനെ നല്‍കുന്നതുമാണ് ബ്രഹ്മം. അതുപോലെ കണ്ണിന് കാണാന്‍ കഴിയാത്തതും കണ്ണിനെ കാണിപ്പിക്കുന്നതും കാതിന് കേള്‍ക്കാനാകാത്തതും കാതിനെ കേള്‍പ്പിക്കുന്നതും പ്രാണനാല്‍ ചലിപ്പിക്കാനാകാത്തതും പ്രാണനെ പ്രവര്‍ത്തിപ്പിക്കുന്നതും ആ ബ്രഹ്മം തന്നെ. തന്നില്‍നിന്ന് അന്യമായി ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല. ആത്മസ്വരൂപനായി ചൈതന്യമായി ബോധമായി നാം തന്നെയായി ഇരിക്കുന്നതുതന്നെയാണ് ബ്രഹ്മം, മറ്റൊന്നല്ല.
ജ്ഞാനേന്ദ്രിയങ്ങള്‍ക്കും കര്‍മ്മേന്ദ്രിയങ്ങള്‍ക്കും പ്രാണനും മനസ്സിനും ബ്രഹ്മത്തെ അറിയാനാകില്ല. അതിനടുത്ത് എത്താന്‍ പോലുമാകില്ല. എന്നാല്‍ ഇവയെയൊക്കെ പ്രവര്‍ത്തിപ്പിക്കുന്നത് ആ ബ്രഹ്മത്തിന്റെ ചൈതന്യ വിശേഷമാണ്. മനസ്സ് എന്നതിന് അന്തഃകരണം എന്ന് അര്‍ത്ഥം കരുതണം. പ്രാണന്‍ എന്നതിന് പ്രാണവായു എന്നും അര്‍ത്ഥം പറയാറുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ ആത്മസാന്നിദ്ധ്യമോ പ്രചോദനമോ വേണം. ആത്മാവില്‍നിന്ന് അന്യമായ വിഷയങ്ങളെ അറിയാന്‍ മാത്രമേ ഇന്ദ്രിയങ്ങള്‍ക്ക് ശേഷിയുള്ളൂ; അതും ആത്മസാന്നിദ്ധ്യത്തില്‍.
ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും എത്ര വികസിച്ചാലും ആത്മതത്ത്വം അറിയാന്‍ കഴിയില്ല. ഇന്ദ്രിയവൃത്തികളും അന്തഃകരണവൃത്തികളും അടക്കി ഉള്ളിലേക്ക് തിരിയുമ്പോള്‍ ആത്മസ്വരൂപം തെളിഞ്ഞുവരും. അന്തര്‍മുഖത്വം ബ്രഹ്മബോധത്തേയും ബഹിര്‍മുഖത്വം പ്രപഞ്ചബോധത്തേയുമാണ് നല്‍കുക. അതുകൊണ്ട് പുറത്തേക്ക് തിരിയണോ ഉള്ളിലേക്ക് തിരിയണോ എന്ന് നാം ചിന്തിക്കേണ്ടതാണ്. ഇന്ദ്രിയമനോബുദ്ധികളുടെ വൃത്തികളെ ലയിപ്പിച്ച് അവയ്ക്ക് മുഴുവന്‍ സാക്ഷിയും പ്രചോദകനുമായ ആത്മാവിനെ അറിയാന്‍ കഴിയണം. തത്വവിചാരം, തീവ്ര വൈരാഗ്യം സത്‌സംഗം തുടങ്ങിയവയിലൂടെ ബാഹ്യപ്രപഞ്ചത്തില്‍നിന്നു നമ്മുടെ കരണങ്ങളെ പിന്‍വലിച്ച് ആത്മോന്‍മുഖങ്ങളാക്കണം. ഇങ്ങനെ ആത്മാനുസന്ധാനം നിരന്തരം ചെയ്യണമെന്നാണ് ഉപനിഷത്ത് നിഷ്‌കര്‍ഷിക്കുന്നത്.
ഇതോടെ ഒന്നാം ഖണ്ഡം കഴിഞ്ഞു.

No comments: