Tuesday, June 19, 2018

ശിവപാദാദികേശാന്തസ്ത്രോത്തിലൂടെ ഭഗവാന്റെ അടി മുതല്‍ മുടിവരെയുള്ള ശരീരത്തെ വര്‍ണ്ണിക്കുന്നു. എന്നാല്‍ ഭഗവാന്റെ ജടമണ്ഡലം, ശിരോലങ്കാരമാകുന്ന ചന്ദ്രക്കല, ഗംഗ, നേത്രയത്രയങ്ങള്‍ മുതലായവ അലങ്കാരങ്ങളുടെ വൈശിഷ്യത്തേയും മഹത്വത്തേയുമാണ്‌ പ്രത്യേകമായി ചിത്രീകരിക്കുന്നത്‌. ആദ്യമായി ഭഗവാന്റെ ആവാസ സ്ഥലമായ കൈലാസത്തെ വര്‍ണ്ണിക്കുന്നു. മഞ്ഞുമലയിലെ ആദ്യത്തെ ദൃശ്യം ഭഗവാന്റെ അപദാനങ്ങളെ വാഴ്ത്തുന്ന അപ്സരസ്ത്രീകളാണ്‌. ചിന്നം വിളിച്ച്‌ നില്‍ക്കുന്ന ഗണപതി ഭഗവാനും അതുകേട്ട്‌ കേകാരവം പുറപ്പെടുവിക്കുന്ന ഷണ്മുഖവാഹനനായ മയിലും മറ്റൊരു സുന്ദരദൃശ്യമാണ്‌.
രണ്ടാമത്തെ ശ്ലോകത്തില്‍ ഭഗവാന്റെ പിനാകമെന്ന വില്ലിനെയാണ്‌ വര്‍ണ്ണിക്കുന്നത്‌. പിനാകത്തില്‍ സകല ദേവന്മാരുടെയും ശക്തി കുടികൊള്ളുന്നു. ലോകരക്ഷകനായ മഹാവിഷ്ണുവിനെ ശ്രേഷ്ഠമായ അസ്ത്രമായും സര്‍പ്പരാജാവായ വാസുകിയെ പിനാകത്തിന്റെ ഞാണായും വര്‍ണ്ണിക്കുന്നു. ഭഗവാന്റെ മറ്റൊരു ആയുധമായ വെണ്മഴുവിന്റെ ശക്തിയെക്കുറിച്ചാണ്‌ മൂന്നാം ശ്ലോകത്തില്‍ പറയുന്നത്‌. നാലാം ശ്ലോകത്തിലൂടെ അഗ്നിജ്വാലയോടുകൂടിയ ത്രിശൂലത്തിന്റെ കാഠിന്യത്തെ വിസ്തരിക്കുന്നു.
ഭഗവാന്റെ തൃക്കരത്തില്‍ ഇരിക്കുന്ന ഭംഗിയുള്ള മാന്‍, മടിയിലിരിക്കുന്ന ശ്രീപാര്‍വ്വതിയുടെ കടാക്ഷത്തെ അനുകരിക്കുന്നതിനായി അഞ്ചാംശ്ലോകത്തില്‍ ഉപമിച്ചിരിക്കുന്നു. ആറാം ശ്ലോകത്തില്‍ സ്വര്‍ണ്ണവര്‍ണ്ണമായ വലിയ മണി അത്യുച്ചത്തിലുള്ള കണ്ഠനാദം എന്നിവയാല്‍ ലോകത്തിന്റെ ചക്രവാളത്തെ മുഴക്കുന്നതും വലിയ കൊമ്പുകളും പുറത്തെക്കെട്ടുംകൊണ്ട്‌ അത്യുന്നതവും ഭയങ്കരവുമായ രൂപത്തെ ധരിച്ച ഭഗവാന്റെ വാഹനമായ ഋഷഭത്തെ, നന്ദിയെ ചിത്രീകരിക്കുന്നു. പാര്‍വ്വതീപരമേശ്വരന്മാരുടെ ഓമനപ്പുത്രനായ - വിഘ്നേശ്വരനായ ഗണപതി ഭഗവാനെ ഏഴാം ശ്ലോകത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നു. കപോലത്തില്‍ നിന്ന്‌ ഒഴുകുന്ന മദജലത്തോടുകൂടിയവനും അതിന്റെ പരിമളത്താല്‍ ആകര്‍ഷിക്കപ്പെട്ട വണ്ടിന്‍കൂട്ടത്തിന്റെ ഝങ്കാരത്തോടുകൂടിയവനുമായ വിഘ്നേശ്വരനെ ധ്യാനിക്കുന്നു. എട്ടാം ശ്ലോകത്തില്‍ പാര്‍വതീപരമേശ്വരപുത്രനും ദേവസൈന്യാധിപനുമായ ശ്രീ സുബ്രഹ്മണ്യനെ കീര്‍ത്തിക്കുന്നു. കാറ്റിനെപ്പോലും തോല്‍പിക്കുന്ന വേഗതയോടുകൂടിയ കുതിരപ്പുറത്ത്‌ സഞ്ചരിക്കുന്ന ഭൂതനാഥനായ ശാസ്താവിനെ വന്ദിക്കുന്നു.
ഉപമാനവിശേഷങ്ങളായ ചന്ദ്രബിംബം, രണ്ടുതാമരപ്പൂക്കള്‍, വാഴകള്‍, രഥചക്രം എന്നീ പദങ്ങള്‍ ഉപയോഗിച്ച്‌ രൂപകാതിശയോക്തിരൂപത്തില്‍ ദേവിയായ ശ്രീപീര്‍വ്വതിയെ പ്രകീര്‍ത്തിക്കുന്നതാണ്‌ ശ്ലോകത്തിലെ പ്രതിപാദ്യവിഷയം. അടുത്ത ശ്ലോകത്തിലും ശ്രീപാര്‍വ്വതിയുടെ മനോഹരങ്ങളായ ഉദ്യാനങ്ങളാകട്ടെ ശ്രീപാര്‍വ്വതിയുടെ പരിജനങ്ങളാല്‍ ചുറ്റപ്പെട്ടതായും കാണുന്നു. അനന്തരം ഇന്ദ്രനീലക്കല്ലുകള്‍ പതിച്ച തൂണുകള്‍, മനോഹരങ്ങളായ സോപാനങ്ങള്‍ മുതലായവയോടുകൂടിയ പ്രവേശനദ്വാരത്തെ വര്‍ണ്ണിക്കുന്നു. ശിവാലയത്തിന്റെ അഗ്രഭാഗമാകട്ടെ പൊന്‍താഴികക്കുടങ്ങള്‍ കൊണ്ട്‌ അലങ്കരിച്ചിട്ടുണ്ട്‌.
പതിനഞ്ചാം ശ്ലോകത്തില്‍ സഭാമദ്ധ്യത്തില്‍ സ്വര്‍ണ്ണം പതിച്ച നാലു കാലുകളോടുകൂടിയ ഭഗവാന്റെ പീഠത്തെ വര്‍ണ്ണിക്കുന്നു. പീഠത്തില്‍ ഇരിക്കുവാന്‍ യോഗ്യരായ ലോകത്തിന്റെ തന്നെ മാതാപിതാക്കന്മാരായ പാര്‍വ്വതീ പരമേശ്വരന്മാരുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഭഗവാന്റെ ആവാസ സ്ഥാനമായ കൈലാസത്തിന്റെ വര്‍ണ്ണനയ്ക്കുശേഷം ആചാര്യസ്വാമികള്‍ പതിനാറാം ശ്ലോകം മുതല്‍ അക്ഷരാര്‍ത്ഥത്തില്‍ ഭഗവാന്റെ പാദാദി കേശ വര്‍ണ്ണനയെ നിര്‍വ്വഹിക്കുന്നു. താമരവളയം പോലെ മൃദുലവും മനോഹരവും, നമസ്കരിക്കുന്ന ദേവന്മാരുടെ കിരീടന്റെ ശോഭകൊണ്ട്‌ തിളങ്ങുന്നതും ത്രൈലോക്യദേവനായ ഭഗവാന്റെ പാദദ്വയം രക്ഷിക്കട്ടെ എന്ന്‌ ആദ്യമായി പ്രാര്‍ത്ഥിക്കുന്നു. ഭഗവാന്റെ പാദത്തില്‍ ധരിച്ചിരിക്കുന്ന ചിലമ്പിന്റെ മാഹാത്മ്യത്തെക്കുറിച്ച്‌ അനന്തരം വര്‍ണ്ണിക്കുന്നു. ആവനാഴിപോലുള്ള ഭഗവാന്റെ രണ്ടു കണങ്കാലുകളെ സ്തുതിയ്ക്കുന്നു. കാമദേവന്റെ ചെപ്പുപോലെയുള്ള കാല്‍മുട്ടുകള്‍, തങ്കത്തൂണ്‌, തുമ്പിക്കൈ എന്നിവയ്ക്ക്‌ തുല്യമായ തുടകള്‍, അരഞ്ഞാണുകൊണ്ട്‌ ശോഭിക്കുന്ന ഭംഗിയുള്ള നിതംബം, അസ്തമയസൂര്യന്റെ പ്രഭയോടുകൂടിയതും രക്തവര്‍ണ്ണവുമായ ഉദരബന്ധത്താല്‍ ശോഭിക്കുന്ന മദ്ധ്യപ്രദേശം എന്നിവയെ വര്‍ണ്ണിക്കുന്നു.
മഹാദേവന്റെ പൊക്കിള്‍ മുതല്‍ മാറിടം വരെയുള്ള മനോഹരമായ രോമാവലിയുടെ വര്‍ണ്ണനയാണ്‌ ഇരുപത്തിരണ്ടാം ശ്ലോകത്തിലെ വിഷയം. ശ്രീപാര്‍വ്വതിയുടെ സ്തനസ്പര്‍ശത്താല്‍ കുങ്കുമാങ്കിതമായതിനാല്‍ ഉദയസൂര്യന്‍ പ്രഭയുള്ളതും രത്നങ്ങളാല്‍ തിളങ്ങുന്നതുമായ ദക്ഷാരിയായ ഭഗവാന്റെ നാലു തൃക്കരങ്ങളെ സ്തുതിക്കുന്നു. തന്റെ വാമഭാഗത്ത്‌ താമരപ്പൂവ്‌ ധരിച്ച്‌ ഇരിക്കുന്ന പാര്‍വ്വതീദേവിയുടെ സ്തനാഗ്രത്തില്‍ ഒരു കൈ വച്ചിരിക്കുന്നു. മറുകയ്യില്‍ ഭക്തജനങ്ങള്‍ക്ക്‌ വരത്തെ കൊടുക്കുന്ന വരമുദ്രയായും പിടിച്ചിരിക്കുന്നു. മുകളിലെ വലത്തുകയ്യില്‍ മഴുവും ഇടത്തുകൈയില്‍ മാനും ധരിച്ചിട്ടുണ്ട്‌. പാലാഴിമഥനത്തില്‍ ഉയര്‍ന്നുവന്ന ഹാലാഹലവിഷം പാനം ചെയ്ത സമയത്തിലുള്ള ശ്രീപാര്‍വ്വതിയുടെ സംഭ്രമത്തോടുകൂടിയ വിലക്കും ലോകരക്ഷകനായ മഹാവിഷ്ണുവിന്റെ പ്രേരണയും കൊണ്ട്‌ ധര്‍മ്മസങ്കടത്തിലായ മഹാദേവന്‍ ഹാലാഹലത്തെ കണ്ഠത്തില്‍ നിക്ഷേപിച്ചതിനാല്‍ നീലകണ്ഠനായിത്തീര്‍ന്ന ഭഗവാനെ വര്‍ണ്ണിക്കുന്നു. ശ്രീപാര്‍വ്വതിയുടെ മൃദുലമായ ദന്തക്ഷതങ്ങളാലും പവിഴശോഭയാലും വിളങ്ങുന്ന ഭഗവാന്റെ അധരങ്ങള്‍ മുത്തുമണിയും മാണിക്യവും ചേര്‍ന്നാലെന്നപോലെ ശോഭിക്കുന്നതായി വര്‍ണ്ണിച്ചിരിക്കുന്നു. 
അടുത്ത ശ്ലോകത്തിലാവട്ടെ നാസികയെ പ്രകീര്‍ത്തിക്കുന്നു. ഉദയസൂര്യന്റെ ശോഭയെപ്പോലും തോല്‍പ്പിക്കുന്ന തരത്തില്‍ രത്നങ്ങള്‍ പതിച്ച ഭഗവാന്റെ കര്‍ണ്ണകുണ്ഡലങ്ങള്‍ ശ്രേയസ്സിനായി ഭവിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. അനന്തരം അഷ്ടമൂര്‍ത്തി സങ്കല്‍പത്തിലെ സൂര്യ-ചന്ദ്രന്മാരും അഗ്നിയുമാകുന്ന ഭഗവാന്റെ കണ്ണുകളെ ലോകര്‍ക്ക്‌ കാലവ്യവസ്ഥകളെ ഉണ്ടാക്കുന്നവയായും ദേവന്മാരുടെ മുഖമായും സങ്കല്‍പിച്ച്‌ ചിത്രീകരിക്കുന്നു. ഇടത്ത്‌ ഭാഗത്ത്‌ തന്റെ പ്രിയപത്നിയുടെ വദനാരവിന്ദത്തിലും വലത്തേ കണ്ണ്‌ ഭക്തനിലും മൂന്നാമത്തെ കണ്ണ്‌ കാമദേവനിലും പതിയുന്നു. ഭഗവാന്റെ മനോഹരമായ തൃക്കണ്ണുകളുടെ ചലനത്തെ പ്രകീര്‍ത്തിക്കുന്നതാണ്‌ മുപ്പതാംശ്ലോകത്തിലെ പ്രതിപാദ്യം. ഭഗവാന്റെ ഈ മൂന്നുനേത്രങ്ങളും ആദിദൈവികവും അദിഭൗതികവും ആദ്ധ്യാത്മികവുമായ താപത്രയത്തെ നശിപ്പിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു. അടുത്തശ്ലോകത്തില്‍ ഭഗവാന്റെ മനോഹരമായ നെറ്റിത്തടത്തെ വര്‍ണ്ണിച്ചിരിക്കുന്നു. കാളമേഘം പോലെ മനോഹരവും ഗംഗാദേവിയെ ധരിക്കുന്നവനും ത്രുപരാന്തകനുമായ മഹാദേവന്റെ തിരുമുടിയെ സ്തുതിക്കുന്നു. അനന്തരം മാണിക്യം മുതലായ നവരത്നങ്ങള്‍ പതിച്ചതും മേരുപര്‍വതത്തോളം ഉയരമുള്ളതുമായ ഭഗവാന്റെ കിരീടം ദുഃഖങ്ങളെ നശിപ്പിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. മുപ്പത്തിനാലാം ശ്ലോകത്തിലൂടെ ചന്ദ്രചൂഡനായ ഭഗവാന്റെ അമൃതരശ്മിയെ പ്രദാനം ചെയ്യുന്ന ചന്ദ്രക്കലയുടെ പ്രാധാന്യത്തെ പറയുന്നു. മല്ലികപ്പൂപോലെ വെളുത്തതും ലോകം മുഴുവന്‍ വ്യാപിച്ച്‌ കിടക്കുന്നതും ശീതളച്ഛായ തരുന്നതുമായ വെണ്‍കൊറ്റക്കുടയെ ശീതാംശുമാനായ ചന്ദ്രനോട്‌ ഉപമിച്ചിരിക്കുന്നു.
ശ്രീപാര്‍വ്വതിയുടെ സുന്ദരികളായ സഖിമാരാണ്‌ ചാമരം വീശിക്കൊണ്ടിരിക്കുന്നത്‌. ചാമരം വീശുന്ന സുന്ദരികളുടെ കൈകളില്‍ കിടക്കുന്ന വളകളുടെ നാദം ഭക്തന്മാരുടെ ദുഃഖത്തെ നശിപ്പിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. അനന്തരം ദേവസന്നിധിയില്‍ നൃത്തംവയ്ക്കുന്ന സ്വര്‍ഗ്ഗത്തിലെ അപ്സരസ്ത്രീകളുടെ ഭാവഹാവങ്ങളെ വര്‍ണ്ണിക്കുന്നു. ദേവസന്നിധിയില്‍ എത്തിയ നാരദമുനിയാകട്ടെ തന്റെ വീണയില്‍ ശ്രുതിമധുരങ്ങളായ സ്തോത്രങ്ങള്‍ വായിച്ച്‌ ദേവലോകത്തെ മുഴുവന്‍ ആനന്ദത്തിലാറാടിച്ചു. വീണാവാദനത്തോടൊപ്പം മനസ്സിന്‌ സന്തോഷമുണ്ടാക്കുന്നതും അതേസമയം ഗാംഭീര്യമുള്ളതുമായ 'മായൂരി' എന്ന മൃദംഗത്തിന്റെ ശബ്ദം അമംഗളത്തെ നശിപ്പിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. അനന്തരം ദേവസന്നിധിയായ കൈലാസത്തിനുള്ള മറ്റ്‌ ദേവന്മാര്‍, ദാനവന്മാര്‍, പിതൃക്കള്‍, മുനിമാര്‍, സിദ്ധന്മാര്‍, വിദ്യാധരന്മാര്‍ മുതലായവരേയും പക്ഷിമൃഗാദികളെയും കൃമികീടാദികളെയും വൃക്ഷലതാദികളേയും നമസ്കരിക്കുന്നു. ശിവധ്യാനത്തോടുകൂടി നിത്യവും പ്രഭാതത്തില്‍ ഈ കേശാദിപാദാന്തസ്തുതി ജപിക്കുന്നതായാല്‍ സര്‍വ്വവിധഐശ്വര്യാധികള്‍ക്കും പ്രാത്രീഭൂതരായി നൂറു സംവത്സരം ജീവിച്ച്‌ ശിവപാദത്തില്‍ സായൂജ്യമടുമെന്ന്‌ ആചാര്യസ്വാമികള്‍ ആശംസിക്കുന്നു. 

No comments: