Monday, June 04, 2018

വര്‍ഷത്തില്‍ പതിനൊന്നു മാസങ്ങളിലും ദേവഗണങ്ങള്‍ പൂജയ്‌ക്കെത്തുന്ന ഒരിടം. വര്‍ഷത്തില്‍ ഒരിക്കല്‍ ഇരുപതിയേഴുനാള്‍ മാത്രം കാനന മധ്യത്തിലെ ആ പുണ്യഭൂമി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നു.  പുഴയില്‍ മുങ്ങി ഈറന്‍ അണിഞ്ഞ് തടാക മധ്യത്തിലെ ഓലപ്പുരയില്‍ എത്തുന്ന ഭക്തര്‍ ഭഗവാനെ തൊട്ടും തലോടിയും മറുകരതാïുന്ന കേരളത്തിലെ അപൂര്‍വ്വ തീര്‍ത്ഥാടന കേന്ദ്രമാണ് കൊട്ടിയൂര്‍.
വയനാടന്‍ കുന്നുകള്‍ക്ക് താഴെ വാവലി പുഴയുടെ തീരത്തെ ഒരു പൂജസ്ഥാനമാണ് ഈ കാനനകൈലാസേശ്വരക്ഷേത്രം. കൊട്ടിയൂര്‍ കഥകളുടെ മാത്രമല്ല കാഴ്ചകളുടെയും മനോഹാരിത സമ്മാനിക്കും. പൂജ നടത്തുമ്പോള്‍ വിഘ്‌നം വരാതിരിക്കാനാണ് പതിനൊന്നു മാസം ക്ഷേത്രത്തില്‍ മറ്റാരും പ്രവേശിക്കാത്തത്. ബ്രാഹ്മണന്‍ മുതല്‍ കാട്ടിലെ പഴമക്കാരായ കാടന്‍ വരെയുള്ളവര്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ സ്ഥാനികരാണ്. ഹിന്ദു സമാജത്തിലെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും തുല്യപ്രാധാന്യം കല്‍പിച്ച്, ഓരോ ജാതീയവിഭാഗതിനും അവരവരുടെ ജീവിതവൃത്തിയുമായി ബന്ധപെട്ട് അവകാശങ്ങള്‍ നല്‍കിപ്പോരുന്ന ഒരു വ്യവസ്ഥിതി വൈശാഖോത്സവത്തെ വേറിട്ടതാക്കുന്നു. ത്രിശിലാചലം, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ പ്രാചീനകാലം മുതല്‍ നടത്തിവരുന്ന അയിത്തരഹിത ആചാരമാണ് കൊട്ടിയൂര്‍ വൈശാഖോത്സവം .
അതിപുരാതന കാലത്ത് ദക്ഷപ്രജാപതി യാഗം നടത്തിയ സ്ഥലമാണത്രെ കൊട്ടിയൂര്‍. യാഗവേദിയിലെത്തിയ സതീദേവി അപമാനിതയായി ദേഹത്യാഗം ചെയ്ത പുണ്യഭൂമി. തന്റെ പ്രാണേശ്വരി ആത്മത്യാഗം ചെയ്ത ഹോമകുണ്ഡത്തിനരികിലായി യാഗപര്യവസാനവേളയില്‍ സ്വയംഭൂവായി നിലകൊള്ളുന്ന ശിവചൈതന്യം ലോകരക്ഷയ്ക്കായി നടത്തിയ യാഗം ലക്ഷ്യത്തില്‍ എത്താതെ സര്‍വ്വവിനാശത്തിലേക്ക് പോകുന്നതുകണ്ട് ബ്രഹ്മാവ്, മഹാവിഷ്ണു, മഹേശ്വരന്‍ തുടങ്ങി മുപ്പത്തിമുക്കോടി ദേവകളും ഒത്തു ചേര്‍ന്ന സ്ഥലം 'കുടിയൂരായി'. ഇത് കാലക്രമേണ പരിണമിച്ച് 'കൊട്ടിയൂരായി മാറി. ശിവശിഷ്യരില്‍ പ്രധാനിയായ പരശുരാമന്‍ ഈ സഹ്യപര്‍വതസാനുവിലെത്തി തപസ്സുചെയ്തു. ദേവേന്ദ്രനിര്‍ദ്ദേശമനുസരിച്ച് തപസ്സു മുടക്കനായി കലി എത്തി. കലിയുടെ പ്രവൃത്തിയില്‍ കുപിതനായ ഭാര്‍ഗ്ഗവരാമന്‍ കലിയെ കൊലപ്പെടുത്താനുറച്ചപ്പോള്‍ മൂര്‍ത്തിത്രയം പ്രത്യക്ഷപ്പെട്ടുവത്രേ. കലി ഒരിക്കലും ഈ യാഗഭൂമിയില്‍ പ്രവേശിക്കയില്ലെന്നും, ഇവിടത്തെ ഭക്തര്‍ക്ക് ദോഷം ഉണ്ടാകില്ലെന്നും, ദേവഭൂമിയായ ഇവിടെ വര്‍ഷം തോറും വൈശാഖമഹോത്സവം നടത്തണമെന്നുള്ള ഉപാധിയില്‍ ഭാര്‍ഗ്ഗവരാമന്‍ കലിയെ വിട്ടയച്ചു.
മേടമാസത്തിലെ വിശാഖം മുതല്‍ മിഥുനമാസത്തിലെ ചോതി വരെ മൂന്നു മാസങ്ങളിലാണ് പരശുരാമകല്പിതമായ ഉത്സവച്ചടങ്ങുകള്‍ നടക്കുന്നത്. കാലാന്തരത്തില്‍ വൈശാഖമഹോത്സവം തടസ്സപ്പെടുകയും, ഈ പ്രദേശം കൊടുംകാട് മൂടുകയും ചെയ്തു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കുറിച്യ യുവാവ് നായാട്ടുവേളയില്‍ ശിവചൈതന്യം വഹിക്കുന്ന കല്‍വിളക്ക് കണ്ടെത്തുകയും  ഓലകൊണ്ട് ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.
വയനടാന്‍ കുന്നുകളുടെ മലനിരകളോട് ചേര്‍ന്ന് പ്രകൃതിയോടിണങ്ങിയ ഒരു ക്ഷേത്രാരാധനാസങ്കല്‍പ്പമാണ് കൊട്ടിയൂരിലുള്ളത്. ഒരു മഹാക്ഷേത്രത്തിന്റേതായ വാസ്തുവിദ്യകളോ, കൊടിമരമോ ചുറ്റമ്പലമോ ഇവിടെയില്ല. ബാവലീതീര്‍ത്ഥമൊഴുകിയെത്തുന്ന തിരുവഞ്ചിറ എന്ന നദിയുടെ മധ്യത്തിലാണ് കാട്ടുകല്ലില്‍ തീര്‍ത്ത ഈ പുണ്യ ക്ഷേത്രം. 'മണിത്തറ' എന്ന സ്വയംഭൂ ശിവസങ്കല്പസ്ഥാനം, സതീദേവി ജീവത്യാഗം ചെയ്ത 'അമ്മ മറഞ്ഞ തറ' എന്ന അമ്മാറക്കല്‍ തറ', തിരുവഞ്ചിറയ്ക്ക് ചുറ്റുമായി താമസിക്കാനുള്ള പര്‍ണശാലാസമാനമായ 'കയ്യാലകള്‍' എന്നിവയെല്ലാമാണ് ഇവിടെ ഉള്ളത്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നീരെഴുന്നള്ളത്തിനു ജലം കൊണ്ടുപോകുന്നത് കാട്ടുകൂവയുടെ ഇലയിലാണ്.
പ്രധാന പ്രസാദമായ ഓടപ്പൂവ് സഹ്യസാനുവിലെ മുളങ്കാടുകളിലെ ഓടത്തണ്ട് (ഈറ്റ) ചതച്ചെടുത്തു ചീകിയാണ് ഉണ്ടാക്കുന്നത്. തുമ്പയും, തുളസിയും, കൂവളത്തിലയുമാണ് മണിത്തറയിലുപയോഗിക്കുന്നത്. ഭക്തര്‍ക്ക് പ്രസാദവുംഭക്ഷണവും നല്‍കുന്നത് മരവാഴയുടെ ഇലയിലാണ്. പ്രകൃതിയും, മനുഷ്യനും ഒന്നാണെന്ന് ഉദ്‌ഘോഷിക്കുന്ന ഈ യാഗോത്സവം നല്‍കുന്ന പാരിസ്ഥിതിക ദര്‍ശനം നാംഉള്‍ക്കൊള്ളേïതുണ്ട്. വെടിക്കെട്ടും, ചമയങ്ങളും, ആഘോഷങ്ങളുമൊന്നുമില്ലാത്ത തികച്ചും ആഡംബരരഹിതമായാണ് ആരാധനാ ക്രമം. ഇതൊരു ക്ഷേത്രം എന്ന് കരുതാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ഒരു ആരാധനാ കേന്ദ്രം എന്ന് പറയുവാനാണ് എല്ലാവര്‍ക്കും ഇഷ്ടം വൈശാഖോത്സവം കഴിയുമ്പോള്‍ ഇവിടം പഴയ രീതിലാകുന്നു കാടും, മലയും,ഇരുപത്തിയേഴ് നാള്‍ മനുഷ്യര്‍ പൂജിച്ച ഒരു ദേവനും ഇവിടെ ഉണ്ടാകും. അടുത്ത വൈശാഖോത്സവവും കാത്ത്..
janmabhumi biju

No comments: